മരുഭൂവില്‍ മഞ്ഞു പെയ്യുമ്പോള്‍
1.
നിന്നോടൊപ്പമായിരിക്കുമ്പോള്‍ രാത്രി പകലാകുന്നു.
നീ അകലെയായിരിക്കുമ്പോള്‍ നിദ്ര എന്നെ കൈവെടിയുന്നു
രണ്ടു നിദ്രയില്ലായ്മകള്‍ക്കും,
അവ തമ്മിലുള്ള വ്യത്യാസത്തിനും ദൈവത്തിനു സ്തുതി.
2.
വായിച്ച പുസ്തകങ്ങളും, ഹൃദിസ്ഥമാക്കിയ വരികളുമൊന്നും
പ്രണയത്തെ വിവരിക്കാനെനിക്കു വാക്കുകള്‍ നല്‍കുന്നില്ല
വാക്കുകള്‍ സ്വപ്നച്ചിറകുകളിലേറി
മേഘത്തുണ്ടുകളിലൊളിഞ്ഞിരിക്കുന്നു.
നെഞ്ചകത്ത് ഒരു തൂവല്‍ പോലെ പാറിപ്പറക്കുന്നു.
പുറത്തെത്താന്‍ വെമ്പല്‍ കൊണ്ട്.
സ്വയം ത്രസിച്ചു കൊണ്ട്.
3
കാട്ടപൂക്കളെ സുന്ദരമാക്കുന്നത് നിന്‍റെ മുഖമാണോ?
പൂവിനു സുഗന്ധം പകരുന്നത്
നിന്‍റെ നറുഗന്ധമാണോ?
സ്നേഹത്തിന്‍റെ ഈ കാട്ടരുവി പുറപ്പെടുന്നത്
നിന്‍റെ ഹൃദയത്തില്‍ നിന്നാണോ?
ആത്മാവിന്‍റെ ആഴങ്ങളില്‍ നിന്നും വാക്കുകളായും
ചിന്തകളായും പൊട്ടിവീഴുന്നത്
സ്വപ്നത്തില്‍ നൃത്തം വെക്കുന്നത് നീയാണോ?
4
ഞാനാണ് പ്രണയം
ഈ മഴപ്പെരുക്കത്തില്‍ നിനക്കെന്നെ കേള്‍ക്കാനാവുന്നുവോ?
മഴഗന്ധത്തില്‍ എന്‍റെ സുഗന്ധം നിന്നെ പൊതിയുന്നുവോ
നനഞ്ഞുകുതിര്‍ന്ന ഇലത്തളിരുകള്‍ക്കിടയ്ക്ക്
പൂക്കള്‍ നാമ്പിടുന്നത് നീയറിയുന്നുവോ?
ഇളംകാറ്റില്‍ ചാറ്റമഴയത്ത്
ഒളിഞ്ഞു നോക്കുന്നത് ഞാനെന്ന് നീയറിഞ്ഞോ?
5
ആകാശത്തിനു സ്വപ്നം പോലും കാണാത്ത
ആ ചന്ദ്രന്‍ തിരികെയെത്തിയിരിക്കുന്നു.
ഹിമപാതത്തിനും കെടുത്താന്‍ സാധിക്കാത്ത
അഗ്നിയെരിച്ചുകൊണ്ട്
നിഴലിലെരിയുന്ന എന്‍റെ മുഖം നോക്കുക.
പ്രണയത്താല്‍ ത്രസിക്കുന്ന എന്‍റെ ആത്മാവ് വായിക്കുക.
പ്രണയം ഉന്മത്തനാക്കിയ എന്നെയും
സ്നേഹമൂട്ടി എന്നെ കീഴ്പെടുത്തിയ നിന്നെയും കാണുക.
ഇരുളിലും നിലാവിലും സ്വയമലിയുക
6
എന്‍റെ ഹൃദയം നിന്‍റെ രൂപം തെളിയുന്ന
നീലജലാശയമാണ്.
മനസ്സ് നിനക്ക് തണലേകുന്ന ചില്ലയും
നിനക്കായി മിടിക്കുന്ന,
എന്‍റെ ഹൃദയത്തില്‍ മുഖം ചേര്‍ക്കൂ,
നീ വിരല്‍ തൊടുമ്പോള്‍ പൂവണിയുന്നു
ചിരിയുടെ പൂമഴ പെയ്യുമ്പോള്‍
അപാരതയിലേക്കൊരുകിളിവാതില്‍ തുറക്കുന്നു.
മനസ്സെന്ന പക്ഷി നിന്നെ ചിറകിലേറ്റുന്നു
നക്ഷത്രങ്ങളെയും ചന്ദ്രനെയും താണ്ടി അനന്തതയിലേക്ക് പറക്കുന്നു
7
ഇതാണ് പ്രണയം. നിഗൂഡമായ ഒരു ആകാശത്തിലേക്കുള്ള മനോയാനം
ഓരോ നിമിഷത്തിലും ഒരായിരം മോഹത്തൂവലുകള്‍ പൊഴിയുന്ന സ്വപ്നസഞ്ചാരം
ജീവന്‍ പിടയ്ക്കുന്ന തുടിക്കുന്ന ഉന്മത്തനൃത്തം.
യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമിയില്‍ നിന്നും ചുവടുവെച്ചുയര്‍ന്ന്
ഈ ലോകത്തെ മറന്ന്
സ്വയം മറന്ന്........
8
ഹൃദയമേ...
പ്രണയത്തിന്‍റെ തീരത്തെ കാല്‍പ്പാടുകള്‍
സ്വയം തിരിച്ചറിയുന്നു.
നെഞ്ചകത്ത് ഒരു നീറ്റലായെരിഞ്ഞു നിറയുന്നു
9
സന്തോഷപ്പുലരിയില്‍
സ്നേഹത്തിന്‍റെ ഈ നിമിഷത്തിലേക്ക്
കണ്‍മിഴിക്കുന്നതിനായി നീ
എന്നെ ചുംബിച്ചുണര്‍ത്തി.
ഈ ജീവിതപ്പുലരിയിലേക്കുണരുന്നതിനു മുന്‍പ്
എന്‍റെ ഹൃദയം
രാവില്‍ കണ്ടസ്വപ്നങ്ങളോര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
രാവില്‍ കണ്ട സ്വപ്നങ്ങള്‍
കണ്ണില്‍തെളിഞ്ഞപ്പോള്‍
നിലാവു പെയ്തിറങ്ങി
ചാറ്റല്‍മഴയില്‍ നനഞ്ഞ്
എന്‍റെ ഹൃദയം ഒരുമൂളിപ്പാട്ടു പാടി
നിന്‍റെ വഴിത്താരയില്‍ പതിച്ചെങ്ങനെയെന്ന്
ഞാന്‍ കണ്ടു.
എന്‍റെ പ്രണയത്തിനും എന്‍റെ ഹൃദയത്തിനുമിടയ്ക്ക്
ഒരു കടലിരമ്പമുയര്‍ന്നു
പതിയെ, പതിയെ
എനിക്കെല്ലാമോര്‍മ്മ വന്നു.
എന്‍റെ ഹൃദയത്തിലൊളിഞ്ഞിരുന്നു
അദൃശ്യമായ നിന്‍റെ കരാംഗുലികളാല്‍
നീയെന്നെ ഉണര്‍ത്തി.
10
നിഴലും നിലാവും പ്രണയത്തിലിണചേരുമ്പോള്‍
മനസ്സ് തുടികൊട്ടി നിന്നെക്കുറിച്ചു പാടുന്നു.
നിന്നെകുറിച്ചു മാത്രം.
നിനക്കു മാത്രം കേള്‍ക്കാവുന്ന ഗാനം.
അനന്തതയില്‍ നിന്നുമൊഴുകി നീയായി തെളിയുന്ന
നീയായി വിടരുന്ന, നീയായ് നൃത്തം വെക്കുന്ന
ലോലസുന്ദരഗാനം.
അറിയാതെ പറയാതെ സംഭവിക്കുന്ന പ്രണയം
ദൈവത്തിന്‍റെ നിധികുംഭത്തില്‍
കാലം എനിക്കായി കാത്തുവെച്ച വരദാനം.
10
പ്രണയം എന്ന വാക്കാദ്യം കേട്ട നിമിഷം മുതല്‍
ഞാന്‍ നിന്നെ തേടുകയായിരുന്നു.
എന്നിലെവിടെയോ ഒളിച്ചിരുന്ന നിന്നെ
എവിടെയെന്നറിയാതെ തേടിയലയുകയായിരുന്നു.
പ്രണയികള്‍ എവിടെയെങ്കിലും തമ്മില്‍ കാണുകയല്ല.
നീ എന്നിലും ഞാന്‍ നിന്നിലും യുഗങ്ങളായി നിറഞ്ഞിരുന്നുവെന്ന്
സ്വയം മനസ്സിലാക്കുകയാണ്
--------
റൂമിയാണോന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍ അല്ലേ എന്നു ചോദിച്ചാല്‍ ആണ്. ചിലത് പരിഭാഷ, ചിലത് പ്രചോദനം




