ഏപ്രിൽ 29, 2011

ആര്‍ത്തനാദത്തിന്‍റെ ഭാഷ

Buzz This

ആര്‍ത്തനാദത്തിന്‍റെ ഭാഷയേതാണ്? വേദന എഴുതപ്പെടുന്ന ലിപി ഏതാണ്? വിലാപത്തിന്‍റെ രാഗമേതാണ്? മനഃപീഢയുടെ ഭൂമികയെവിടെയാണ്?

എല്ലാ വികാരങ്ങളും തലച്ചോറിലെ സ്ഫുരണങ്ങളാണെന്നു ശാസ്ത്രം. പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് മനസ്സിലാണെന്ന് തത്വചിന്ത. ശാസ്ത്രമാണെങ്കിലും തത്വചിന്തയാണെങ്കിലും അറിവിന്‍റെ ഇന്‍പുട്ട് ഇന്ദ്രിയ ബദ്ധം. കാലത്തിനും ദേശത്തിനും പ്രായത്തിനും അനുസൃതം. മുതിര്‍ന്നവന്‍ പാമ്പിനെ കണ്ടു ഭയക്കുമ്പോള്‍  രണ്ടു വയസ്സുളള കുട്ടിക്ക് പാമ്പിനെ കാണുമ്പോള്‍  ഭയമുണരുന്നില്ല. നഗരവാസിക്ക് കാട്ടിലെ അട്ട പാമ്പിനോളം ഭീകരം, കാനനവാസിക്ക് പാമ്പും നിത്യസംഭവം. പിന്നെ ആപേക്ഷികത. ഉറുമ്പിനെ കൊല്ലുന്ന അടി ആനയ്ക്ക് എന്താകുമെന്നതു പോലെയുള്ള സത്യം. ചിന്തകള്‍ക്കും കിഴക്കും പടിഞ്ഞാറും വ്യത്യാസമുണ്ട്.  വ്യഥയായാലും വിലാപമാണെങ്കിലും പീഢയാണെങ്കിലും അനുഭവം സ്വപ്നം പോലെ ചിത്തത്തില്‍ പ്രതിബിംബിച്ചനുഭവിക്കുന്നെന്നു ഭാരതീയ തത്വചിന്ത. ക്യാമറ പോലെ അകത്തേക്കുളള പഴുതിലുടെ പതിയുന്ന വെളിച്ചത്തിന്‍റെ അളവും സമയവും ലെന്‍സിന്‍റെ ഗുണവും ഒക്കെ സ്വാധീനിക്കുന്ന ഒന്നാണ് ഈ ചിത്തപ്രതിബിംബം.  അത്തരമൊരു നിസ്സംഗതയോടടുത്തു നില്‍ക്കുന്ന സമീപനത്തില്‍ നഷ്ടപ്പെടുന്നത് വികാരങ്ങളുടെ ആഴങ്ങളും തീവ്രതയുമാണ്. അടിച്ചമര്‍ത്തപ്പെടുന്ന വികാരതീഷ്ണത. അത്തരം ചിന്തകളില്‍ മനുഷ്യസഹജമായ തീവ്രവേദനകള്‍ക്കും വിലാപങ്ങള്‍ക്കും അവിടെ സ്ഥാനം നഷ്ടപ്പെടുന്നു. പകരം ഉപരിപ്ലവമായ ഒരു നിസ്സംഗത അതിലേക്കു താഴുന്നു. ശമം ഒരേ സമയം രക്ഷമാര്‍ഗ്ഗവും കാപട്യവുമായി മാറുന്നു.

വ്യഥയെ, വികാരങ്ങളെ നിയന്ത്രിക്കുന്നതിനും തീവ്രമായ അനുഭവങ്ങളുടെ പാളങ്ങള്‍ മുറിച്ചു കടന്നു പോകുന്ന ജീവിതത്തെ താളത്തില്‍ നിര്‍ത്തുന്നതിനുമുള്ള രക്ഷാമാര്‍ഗ്ഗമായിരിക്കണം, വൈയക്തികമായ ആഴങ്ങളിലേക്കിറങ്ങുന്ന ഈ ഭാരതീയ നിസ്സംഗത.  ഏതൊരെഴുത്തുകാരന്‍റെയും ഏതൊരു വ്യക്തിയുടെയും ആത്മശിക്ഷണമായ ഒന്നുണ്ട്. ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബിന്‍റ പുസ്തകം.  ശമിക്കാത്ത വ്യഥയും അടങ്ങാത്ത വിലാപവും ദൈവത്തോട് നിലവിളിക്കുന്നതിന്‍റെ നേര്‍ക്കാഴ്ച. ഊസ് എന്ന ദേശത്തെ ഇയ്യോബ് എന്ന ഭക്തന്‍, സാത്വികന്‍ പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ച. ഭക്തനെ ദൈവം ഇതാ അവനുള്ളതൊക്കെയും നിന്‍റെ കൈയ്യിലിരിക്കുന്നു, അവന്‍റെ മേല്‍ മാത്രം കൈയ്യേറ്റം ചെയ്യരുതെന്നു കൈയ്യൊഴിഞ്ഞപ്പോള്‍ ഇയ്യോബിന്‍റെ ജീവിതത്തില്‍ ഗന്ധകം പെയ്തു.

ദൈവത്തിന്‍റെ തീ ആകാശത്തു നിന്നു വീണു കത്തി. ആടുകളു വേലക്കാരും അതിനിരയായി. വിവരം അറിയിക്കാന്‍ ഞാന്‍ മാത്രം വഴുതി പോന്നു. നിന്‍റെ പുത്രന്‍മാരും പുത്രിമാരും മൂത്ത ജേഷ്ഠന്‍റെ വീട്ടില്‍ തിന്നുകയും വീഞ്ഞുകുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടന്ന് മരുഭൂമിയില്‍ നിന്നും ഒരു കൊടുങ്കാറ്റു വന്ന് വീടിന്‍റെ നാലു മൂലയ്ക്കും അടിച്ചു. അതു യൌവ്വനക്കാരുടെ മുകളില്‍ വീണു, അവര്‍ മരിച്ചു പോയി.

അനന്തരം ഇയ്യോബ് ഇങ്ങനെ പറഞ്ഞു.  ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിപ്പിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചു പോകട്ടെ. ആ നാള്‍ ഇരുണ്ടു പോകട്ടെ.

കഥപറച്ചിലുകളുടെയും വീരേതിഹാസ വര്‍ണ്ണനകളുടെയും ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍  കഠിനമായ വ്യഥകളും നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങളും തുലോം കുറവ്. ഉള്ളവ തന്നെ അതിശയ പ്രവര്‍ത്തികളാലും വരദാനങ്ങളാലും ഡയല്യൂട്ട് ചെയ്യപ്പെട്ടവ. ആത്മാവ് നിലവിളിക്കുന്നതിന്‍റെ ചിത്രീകരണങ്ങള്‍ അത്യപൂര്‍വ്വം. പകരം സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും പാത തെളിയിക്കുന്ന ആത്മവിദ്യാനുറുങ്ങുകള്‍. ഭയത്തെ മറികടക്കുന്നതിനും മനസ്സാകുന്ന തമസ്സില്‍ അറിവിന്‍റെ വെളിച്ചം തെളിയിക്കുന്നതിനുമുള്ള ഗുരുവരുളുകള്‍. അര്‍ജ്ജുന വിഷാദയോഗം പീഢയുടെ വിലാപമല്ല. ദേഹമറിയാതെ ദേഹി മാത്രമറിയുന്ന വൃഥകളാണ്.  ആത്മീയ പ്രതിസന്ധികള്‍

മനുഷ്യന്‍റെ വിഷമങ്ങളുടെ ആധാരമെന്തെന്ന ചോദ്യത്തിനു യമനിങ്ങനെ പറഞ്ഞു.  മനുഷ്യന്‍റെ വിധി നിര്‍വചിക്കുന്നത് അവന്‍റെ പ്രവൃത്തികളാണ് . സ്വന്തം പ്രവൃത്തികളുടെ ഫലം മനുഷ്യന്‍ അനുഭവിച്ചേ മതിയാവൂ. വേദനകളില്‍ മുങ്ങിത്താഴുന്നതായി സ്വയം കണ്ടെത്തുന്ന മനുഷ്യന്‍ മുന്‍കാലങ്ങളിലെ പ്രവൃത്തികളുടെ ഫലങ്ങള്‍ വിളവെടുക്കുകയാണെന്നു സ്വയം തിരിച്ചറിയണം. സദ്പ്രവര്‍ത്തികള്‍ ചെയ്യുന്ന മനുഷ്യന് ആനന്ദം അനുഭവപ്പെടുകയും ദുര്‍വൃത്തന്‍ ദുഃഖങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.

ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഭാരതീയ വ്യഖ്യാനം ആത്മീയമായ സാങ്കേതിക സമീപനരൂപം കൈക്കൊള്ളുന്നു. ക്ലിനിക്കല്‍ ഡിസഷന്‍ പോലെ വികാരരഹിതം. വിശകലനത്തിലും സമീപനത്തിലും ചുംബനം അധോരോഷ്ട പേശികളുടെ ചലനവും ജിഹ്വാപ്രീളനവും  ഉമിനീരിന്‍റെ കൈമാറ്റവുമൊക്കെയാകുമ്പോള്‍  വൈകാരികത  ചോര്‍ന്ന് നിര്‍ജ്ജീവതയില്‍ വേറിട്ടു നില്‍ക്കുന്ന കാഴ്ചയാകുന്നു. പ്രവര്‍ത്തിയും.  ഇതാണ് ദുഃഖത്തോടുള്ള ഭാരതീയ തത്വചിന്തയെ വിവരണാത്മകം എന്ന സ്ഥൂലത്തില്‍ നിന്നും നിരാസം എന്ന സൂക്ഷ്മത്തിലെത്തിക്കുന്നത്. ഉള്ളുപൊള്ളിക്കുന്ന നരകാഗ്നിയില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള പിടിവള്ളിയായി നിരാസം എന്ന സൂക്ഷ്മം മാറുന്നത്.

കലി ബാധിച്ച നളന്‍റെ അല്ലെങ്കില്‍ ഹരിശ്ചന്ദ്രന്‍റെ  പീഡാനുഭവങ്ങള്‍ക്ക് ആത്മാവിഷ്കാരത്തിന്‍റെ അല്ലെങ്കില്‍  ബോധധാരയുടെ ഹൃദയത്തില്‍ നേരിട്ടു കുത്തിത്തറയ്ക്കുന്ന അനുഭവതീവ്രതയില്ല. ദൃക്സാക്ഷിയുടെ വിവരണം ഒരിക്കലും അനുഭവസ്ഥന്‍റെ സാക്ഷ്യമാകുന്നതുമില്ല. വേദനയുടെ,  ദുഃഖത്തിന്‍റെ ലഹരി  വായനക്കാരനില്‍ ഭൂതാവേശം നടത്തുന്നില്ല. അവനെ, അവന്‍റെ അന്തരാത്മാവിനെ സര്‍പ്പദംശനത്തിലെന്നതു പോലെ വിഷാലിംഗനം ചെയ്യുന്നില്ല.നരകത്തീയിലെന്നതു പോലെ ഒരാത്മാവിനെ ചുട്ടുപൊള്ളിച്ചു പഴുപ്പിക്കുന്നില്ല. വീണ്ടും തലക്കെട്ടിലേക്ക്.

ആര്‍ത്തനാദത്തിന്‍റെ ഭാഷയേതാണ്? വേദന എഴുതപ്പെടുന്ന ലിപി ഏതാണ്? വിലാപത്തിന്‍റെ രാഗമേതാണ്? മനഃപീഢയുടെ ഭൂമികയെവിടെയാണ്? 

 ആത്മാവില്‍ അനുഭവങ്ങളുടെ നാരായം കൊണ്ടെഴുതുന്ന ജീവിതം. പാപവും പാപബോധവും നിറഞ്ഞ ജീവിതം. അപഥസഞ്ചാരിയായൊരാത്മാവിന്‍ വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍. ആ നിഴലിന്‍റെ അമ്ലതീഷ്ണവും ലാവാസമൃദ്ധവുമായ ജീവിതം.   അതു മാത്രം.അടിക്കുറിപ്പില്‍ കുറിപ്പവസാനിപ്പിക്കുമ്പോള്‍ അഹങ്കാരം. ദിസ് ഈസ് നോട് ഫോര്‍ എവരിഒണ്‍. ഒണ്‍ലി ഫോര്‍ ദോസ് ക്വാളിഫൈഡ്. വേവ് ലെഗ്ത് പങ്കിടുന്നവര്‍ക്കു മാത്രം. ടു മൈ വെരി  സീരിയസ് റീഡേഴ്സ്.

ഇയ്യോബിലവസാനിപ്പിക്കുന്നു.

നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടുണ്ടോ?  ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്‍റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നവനാണെങ്കില്‍ പ്രസ്താവിക്കുക. വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴിയേത്? ഇരുളിന്‍റെ പാര്‍പ്പിടവും എവിടെ? നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടു പോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?


Share/Save/Bookmark

ഏപ്രിൽ 26, 2011

കെടുകാര്യസ്ഥതയുടെ ഇരട്ടത്താപ്പുകള്‍

Buzz This

രാവിലെ പത്രം തുറന്നപ്പോള്‍ കേരളത്തിലെ ഏറ്റവും ക്ഷുഭിതയൌവ്വനം പ്രായാധിക്യത്തിലും എന്‍ഡോസള്‍ഫാനെതിരെ നിരാഹാരമിരിക്കുന്ന ഫോട്ടോ. മലയാളി യൌവ്വനം വലതുമൂല്യങ്ങളുടെ മായക്കാഴ്ചകളില്‍ അഭിരമിക്കുമ്പോള്‍  എഴുപതുകളിലെ ബച്ചനെ പോലെ ഈ വൃദ്ധരൂപം മലയാളിയുടെ ക്ഷുഭിതയൌവ്വനത്തിന്‍റെ പ്രതിരൂപമാകുന്നു. സിനിമാതാരങ്ങളെ വെല്ലുന്ന ക്രൌഡ് പുള്ളറായി ഒരുകാല മുരടന്‍ കമ്യൂണിസ്റ്റ് മാറിയത് എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട വിഷയമല്ല. അതിനു രാഷ്ട്രീയ അര്‍ത്ഥതലങ്ങളേറെയുണ്ട്. ഒരു ഇലക്ഷന്‍ അവലോകനത്തില്‍ മാത്രം പ്രസക്തമാകുന്ന ഒന്ന്. വിഷയമതല്ല. പരസ്പരബന്ധമില്ലാത്ത മറ്റൊരു തലത്തില്‍  എന്‍ഡോസള്‍ഫാനും രാഷ്ട്രീയ അര്‍ത്ഥങ്ങളേറെ. ആ അര്‍ത്ഥങ്ങളുണ്ടാക്കുന്ന അനര്‍ത്ഥങ്ങളും.

കീടനാശിനി അവിടെ നില്‍ക്കട്ടെ. ഒരു സാധാരണ മരുന്നെടുക്കുക.  ക്ലിനിക്കല്‍ ട്രയലുകളെന്ന പരീക്ഷണങ്ങളില്‍ (പതിവു പോലെ രാഷ്ട്രീയാതിപ്രസരമുള്ള രാജ്യങ്ങളില്‍ അതും ഫിക്സ് ചെയ്യപ്പെടാറുണ്ടെന്നു കേള്‍വി, പക്ഷെ യൂറോപ്പിയന്‍ യൂണിയനിലും അമേരിക്കയിലും കാര്യങ്ങള്‍ സുതാര്യമാണ്) അഗ്നിശുദ്ധി വരുത്തിയിട്ടാണ് പ്രിസ്ക്രൈബ്ഡ് എന്ന കുറുപ്പടി വിഭാഗം മരുന്നുകള്‍ ചികിത്സയ്ക്കായി ലഭ്യമാകുന്നത്. ഔഷധം ഒരു രോഗാവസ്ഥയുടെ പ്രതിവിധിയാണ്. വിഷമല്ല. എങ്കില്‍ പോലും പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്യുമ്പോള്‍ സംശത്തിന്‍റെ ആനുകൂല്യം നല്‍കാതെ തന്നെ മരുന്ന് പൊതുവിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുന്നു. നിരോധനം എന്ന വാചകത്തിന്‍റെ അഭാവത്തിലും ഫലത്തില്‍ നിരോധനം.  രോഗരക്ഷയുടെ ഉപാധിയായ ഔഷധങ്ങളുടെ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളുടെ കാര്‍ക്കശ്യം കീടനാശിനികളുടെ അംഗീകാരത്തിനുണ്ടോയെന്നറിയില്ല. വിശ്വസനീയമായ നടപടിക്രമങ്ങളിലൂടെയാണോ അംഗീകാരം എന്ന കടമ്പ കടക്കുന്നതെന്നും. അത്തരമൊരു കടമ്പയുടെ അഭാവമോ പോരായ്മയോ ആയിരിക്കണം എന്‍ഡോസള്‍ഫാന്‍ പോലെയുളള ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്.

രോഗങ്ങള്‍ തോരാതെ പെയ്യുമ്പോള്‍ സ്വാഭാവികമായി സംഭവിക്കേണ്ടതെന്താണ്? മതിയായ തെളിവില്ലെന്നത്  ഇരയുടെ വേദനയെ വേട്ടക്കാരന്‍റെ യുക്തിയിലളക്കുന്ന ബൌദ്ധിക ആഭാസം മാത്രമാണ്. തെളിവു വരുന്നതു വേരെ രോഗങ്ങളെയും വേദനയേയും പെയ്യാന്‍ വിടുന്നത് നിന്ദ്യമായ കെടുകാര്യസ്ഥതയും. സ്വാഭാവിക നീതിന്യായ പ്രക്രിയയിലും  കുറ്റാരോപിതന്‍ കുറ്റവിമുക്തനാകുന്നത് നിരപരാധിയാണെന്നു തെളിയിക്കപ്പെടുമ്പോള്‍ മാത്രമാണ്. ഇവിടെ ഈ കേസില്‍ കുറ്റാരോപിതന്‍ ഒരു കീടനാശിനിയായതു കൊണ്ടു മാത്രം സ്വാഭാവിക നീതി അപ്രസക്തമാകുമോ?

നരഹത്യ പോലെയുള്ള ഒരു കുറ്റത്തില്‍ സാധാരണ സംഭവിക്കുന്നതെന്താണ്? കുറ്റാരോപിതനെ തടവിലിടുന്നു. ഇരകള്‍ക്കു വേണ്ടി സ്റ്റേറ്റ് കേസ് ഫയല്‍ ചെയ്യുന്നു. പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തുന്നു, വാദിക്കുന്നു. കുറ്റാരോപിതനു സ്വന്തം നിരപരധിത്വം തെളിയിക്കുന്നതിനുള്ള മറുവാദങ്ങള്‍ നിരത്തുന്നതിനുള്ള അവസരം. ശിക്ഷ വിധിക്കുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലെന്താണ് സംഭവിച്ചത്. കുറ്റാരോപിതനു വേണ്ടി മന്ത്രിമാര്‍  വാദിക്കുന്നു. തെളിവുകള്‍ അല്ലെങ്കില്‍ തെളിവുകളുടെ അഭാവം നിരത്തുന്നു.  ഇരകള്‍ക്കു വേണ്ടിയോ? മരണം, രോഗം എല്ലാം അവ്യക്തമോ സാധുതയില്ലാത്തതോ ആയ തെളിവുകളാകുന്നു. സംശയകരമായ സാധ്യത പോലുമല്ലാതെയാകുന്നു. എന്‍ഡോസള്‍ഫാന്‍ കുറ്റവിമുക്തനാണെന്ന് വിചാരണയ്ക്കു മുന്‍പേ വിധി പ്രസ്താവിക്കുന്നു.  ഒരു ജീവന്‍രക്ഷാ ഔഷധത്തിനുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളുടെ ഫലമായി സംഭവിക്കുന്ന പിന്‍വലിക്കലും ഉപയോഗത്തില്‍ നിന്നുള്ള അകറ്റിനിര്‍ത്തലോ പോലും ഒരു കീടനാശിനിയുടെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല.

പക്ഷം എന്ന കെടുകാര്യസ്ഥത ഇവിടെയാണ് പ്രസക്തമാകുന്നത്. രോഗദുരിതം വിതച്ച കീടനാശിനിയുടെ പക്ഷത്ത് (മറിച്ചു തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍) നില്‍ക്കുന്നതാരൊക്കെയാണ്? കീടനാശിനിക്കു വേണ്ടി വാദിക്കുന്നതാരാണ്?  ജനതയോ കീടനാശിനിയോ വലുത് എന്നതു മാത്രമാണ് പ്രസക്തമെന്നിടത്താണ് കെടുകാര്യസ്ഥതയുടെ ഇരട്ടത്താപ്പുകള്‍ ജനതയുടെ ശാപമായി മാറുന്നത്. അവര്‍ കൂടി പ്രതിനിധീകരിക്കുന്ന ജനത്തിനു ഒരു കീടനാശിനിയുടെ ലേബലിന്‍റെ വിലപോലുമില്ലാതാകുന്നത്. 

കെടുകാര്യസ്ഥതയുടെ ഇരട്ടത്താപ്പുകളുടെ  വില പാവങ്ങളുടെ കണ്ണീരും ബാധിതപ്രദേശങ്ങളില്‍ രോഗപ്രശ്ചന്നവേഷനൃത്തമാടുന്ന മരണവുമാണ്. ഓരോ നിലവിളികളും ഞരക്കവും വിലാപവും  വിളിച്ചു ചോദിക്കുന്നത്, കേഴുന്നത് കേട്ടില്ലെന്നു എത്രകാലം നടിക്കാന്‍ സാധിക്കും?



Share/Save/Bookmark
Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP