ഒക്ടോബർ 13, 2010

എളിമയോടെ നില്‍ക്കുന്നു

Buzz This

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8060235&programId=1073753769&BV_ID=@@@

മുകളിലെ ലിങ്കെങ്ങനെ പ്രദര്‍ശിപ്പിക്കണമെന്നറിയില്ല. സംഭവം മനോരമ പത്രത്തിലെയും തദ്വരാ ഓണ്‍ലൈനിലെയും ഒരു ഫോട്ടോയാണ്.  കേരളത്തിലെ ഒരു നാട്ടിന്‍പുറത്തെ രണ്ടു സാധാരണക്കാര്‍. മുഖത്ത് പുഞ്ചിരി. ക്യാമറക്കണ്ണുകളെ അഭിമുഖീകരിക്കുമ്പോഴുള്ള അങ്കലാപ്പ്. എല്ലാത്തിലുമുപരിയായി അഭിമാനം. ഇത് ഇന്നലെ വരെ മാധ്യമങ്ങളില്‍ അധികമൊന്നും കാണാതിരുന്ന, ഇന്നെല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന സിനിജോസിന്‍റെ അച്ഛനും അമ്മയുമാണ്. ആവേശഭരിതമായ വായ്ത്താരികളും വര്‍ണ്ണനകളും മകളെ പൊതിയുമ്പോള്‍ അല്‍പ്പം അങ്കലാപ്പില്‍ സന്തോഷിക്കുന്ന ആ അച്ഛനും അമ്മയും. എല്ലാം ദൈവത്തിനു സമര്‍പ്പിക്കുന്ന ആ നിഷ്കളങ്ക സന്തോഷം ഒരുപാടു കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ഒരുപാടു യാഥാര്‍ത്ഥ്യങ്ങളിലേക്ക് മിഴി തുറക്കുന്നു.

ഈ അത്‍ലറ്റിക്സ്  നേട്ടത്തിന്‍റെ മാറ്ററിയണമെങ്കില്‍ ഏഷ്യാഡ് നേട്ടങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്ക് പോകണം. എന്താണ് ഏഷ്യാഡ്? നേട്ടങ്ങളുടെ കാലത്ത് പങ്കെടുത്തിരുന്ന രാജ്യങ്ങള്‍ ഏതൊക്കെ? ചൈനയും ഇരുകൊറിയകളും ജപ്പാനും ഇന്ത്യുയും പിന്നെ ശ്രീലങ്കയും ഗള്‍ഫ് രാജ്യങ്ങളുമടങ്ങുന്ന അന്തക്കാലത്തെ  അവികസിത ലോകം.  വികസിതരാജ്യമായി ജപ്പാന്‍  ഒന്നുമാത്രം. അന്ന് കമ്യൂണിസ്റ്റ് ചൈന കായികരംഗത്തെ ആസുത്രണം ആരംഭിച്ചിരുന്നതേയുള്ളൂ. ദശകങ്ങള്‍ക്കു മുന്‍പേ വികസിത  രാജ്യങ്ങളില്‍ അത്യാധുനികമായിരുന്ന കായിക സംവിധാനങ്ങള്‍ സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത രാജ്യങ്ങള്‍.  നവീനവും ആധുനികവുമായ സൌകര്യങ്ങളില്ലാതാകുമ്പോള്‍ പ്രതിഭ എന്ന അസംസ്കൃത വസ്തു മാത്രം മാറ്റുരയ്ക്കുന്നു. ചില പ്രതിഭകള്‍ പരിമിതികളെ മറികടക്കുന്നു. ഉഷയും സമകാലികയായ ശ്രീലങ്കന്‍ താരവും അവരില്‍ ചിലരു മാത്രമാണ്. ആ നേട്ടങ്ങള്‍ ഒളിമങ്ങാതെ നില്‍ക്കുമ്പോഴും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. വികസിത രാജ്യങ്ങളിലെ അത്യാധുനിക സൌകര്യങ്ങളില്‍ മൂത്തുപഴുത്ത പ്രതിഭകള്‍ ഏഷ്യാഡില്‍ മാറ്റുരച്ചിരുന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അപാരമായ കായിക ശേഷി ഏഷ്യാഡിന്‍റെ ഏഴയലത്തു പോലും വന്നിരുന്നില്ല. അതിനൊരവസരം ലഭിച്ചിരുന്നത് ഇംഗ്ലണ്ടും ആസ്ട്രേലിയയുമടക്കമുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും അമേരിക്കയും റഷ്യയും ജര്‍മ്മനിയുമടക്കമുള്ള ആഗോള ഭീമന്‍മാര്‍ മാറ്റുരയ്ക്കുന്ന ഒളിമ്പിക്സിലും മാത്രമായിരുന്നു. ഇവിടെയുള്ള നേട്ടമില്ലായ്മയുടെ പ്രത്യക്ഷ സാക്‍ഷ്യത്തിലാണ് ഏഷ്യാഡ് പ്രകടനങ്ങള്‍ അപ്രസക്തമാകുന്നത്   അവിടെയാണ് ഈ സ്വര്‍ണ്ണത്തിനു പത്തരമാറ്റുണ്ടാകുന്നത്. തനിത്തങ്കമാകുന്നത്. ഗണ്യമായ വ്യത്യാസത്തില്‍ സ്വര്‍ണ്ണം നേടുമ്പോള്‍ പ്രത്യേകിച്ചും. യൂറോപ്യന്‍ രാജ്യങ്ങളിലെ പരിശീലന മികവിനോടും ആഫ്രിക്കന്‍ രാജ്യങ്ങളിലെ കായികശേഷിയോടും മല്ലിട്ടു വാങ്ങിയ മെഡല്‍ ഇന്ത്യന്‍ കായികമരത്തിലും സ്വര്‍ണ്ണം കായ്ക്കുമെന്നതിന്‍റെ തെളിവാണ്. ഇച്ഛാശക്തിയുടെയും ഒത്തൊരുമയുടെയും വിജയമാണ്.

 സ്വര്‍ണ്ണത്തില്‍ ചരിത്രമെഴുതിയ കുട്ടിക്ക് ക്യാമറക്കണ്ണിനു മുന്‍പില്‍ ലാളിത്യം. വിനയം. ഒരു പക്ഷെ സെലിബ്രിറ്റികളുടെ നിര്‍മ്മിതികളുടെ ബാലപാഠങ്ങള്‍ നാട്ടിന്‍പുറത്തുകാരിക്ക് അന്യമായതുകൊണ്ടാകാം. അമിതവികാരപ്രകടനമോ ആവേശമോ ഇല്ലാത്ത നിറഞ്ഞ സന്തോഷം. കൂട്ടുകാരിക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നതിലുള്ള വിഷമം. ഉത്തുംഗോത്തുംഗ ശൃംഗമേറിയതിന്‍റെ ജാഡയോ സഹനത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ഗ്ലോറിഫിക്കേഷനോ ഇല്ലാത്ത സത്യസന്ധത. അതിനു സമാന്തരമായി മുകളിലെ ഫോട്ടോയിലെ നാടന്‍ നിഷ്കളങ്കത, ദൈവത്തിലുള്ള ആത്മസമര്‍പ്പണത്തിന്‍റെ ലാളിത്യം.

കുറെ കാലമായി മാഡം ആരെയെങ്കിലും എഴുന്നേറ്റു നിന്നൊന്നു ബഹുമാനിച്ചിട്ട്. ഇന്ത്യന്‍ കായികരംഗത്തിനു മുന്‍പില്‍ ചരിത്രമായ ആ നേട്ടത്തിനു മുന്‍പില്‍, അതിനു പിറകിലുള്ള ആത്മസമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനും മുന്‍പില്‍, വിജയപീഠമേറിയിട്ടും കൈമോശം വരാത്ത ലാളിത്യത്തിനും സത്യസന്ധതയ്ക്കും മുന്‍പില്‍ അറിയാതെ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു പോകുന്നു.  സ്വര്‍ണ്ണപ്പതക്കമണിയുമ്പോള്‍ കേട്ട ദേശീയഗാനം തന്ന ആത്മപ്രഹര്‍ഷത്തിന്‍റെ കുളിര് പുതച്ചുകൊണ്ട്  എളിമയോടെ നില്‍ക്കുന്നു. എല്ലാ ഭാവുകങ്ങളും. നന്ദി.



----
ലിങ്കിനു കടപ്പാട്- മനോരമ ഓണ്‍ലൈന്‍


Share/Save/Bookmark

2 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

shajiqatar 2010, ഒക്ടോബർ 13 9:35 PM  

സത്യം.ശരിക്കും ഇതാണ് സ്വര്‍ണം.അവേശമുണ്ടാക്കുന്നു സന്തോഷമുണ്ടാക്കുന്നു.അഭിനന്ദനങ്ങള്‍.

Namath | നമത് 2010, ഒക്ടോബർ 14 7:53 AM  

അപ്ഡേറ്റ് - മില്‍ഖാ സിങ്ങിനു 52 വര്‍ഷം മുന്‍പ് സ്വര്‍ണ്ണം ലഭിച്ചിട്ടുണ്ടെന്ന് പി.ടി ഉഷ.

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP