അപരിചിത ലിപികളിലെഴുതിയത്
രാവിലെ പത്രത്തില്‍ കാവാലം സാറിന്‍റെ പ്രസംഗം. മലയാളഭാഷയിലെ 80 ശതമാനം വാക്കുകളും സംസ്കൃതത്തിലുള്ളതാണ്.പെട്ടന്നോര്‍മ്മ വന്നത് വാഴേപ്പിള്ളി ശാസനമാണ്. മലയാള ഭാഷയിലെ ലഭ്യമായ ഏറ്റവും പഴയ രേഖ.
വാഴപ്പള്ളി ശാസനത്തില്‍ നിന്നാണ് ലിഖിതമലയാളത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്...
"നമശ്ശിവായഃ ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരത രാജശേഖര ദേവര്‍ക്കുചെല്ലാനിന്‍റെ യാണ്ടു പന്നിരണ്ട്. അവ്വാണ്ടു തിരുവാറ്റുവായ് പതിനെട്ടുനാട്ടാരും വാഴൈപ്പളളി ഊരാരുംകുടി രാജശേഖരദേവര്‍ തൃക്കൈക്കീഴ് വൈത്തു ചെയ്ത കച്ചം. തിരുവാറ്റ് വായ് മുട്ടാപ്പലി വിലക്കുവാര്‍ പെരുമാനടികട്കു നൂറു തീനാരം തണ്ടപ്പടുവതു. മാതൃപരിഗ്രഹമും ചെയ്തതാരാവതു"
എഡി. 832 ല്‍ എഴുതിയ ഈ മലയാളം പുതിയ ലോകത്തിനു അപരിചിത ലിപിയായതു കൊണ്ട് സാമാന്യവിവര്‍ത്തനം.
നമശ്ശിവായ. ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവര്‍ ഭരണം ഏറ്റെടുത്തതിന്‍റെ പന്ത്രണ്ടാം വര്‍ഷമാണിത്. ഈ വര്‍ഷം തിരുവാറ്റുവായ് എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പിള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവര്‍ ചേരമാന്‍പെരുമാള്‍ക്ക് നൂറ് ദീനാരം പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ തൈപ്പൂയം നാളില്‍ ഉച്ചപൂജയ്ക്കു മുന്‍പ് കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ഇരട്ടി കൊടുക്കേണ്ടി വരും.
ഭാഷയുടെ ചരിത്രം ദേശത്തിന്‍റെ ചരിത്രമാണ്. ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവും. വാഴപ്പിള്ളി ശാസനത്തിനും രണ്ടു നൂറ്റാണ്ടു മുന്‍പായിരിക്കണം കേരളത്തില്‍ ബ്രാഹ്മണ അധിനിവേശമാരംഭിച്ചതെന്നാണ് ശ്രീധരമേനോന്‍ അടക്കമുള്ള ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. സംസ്കൃതം എന്ന ദേവഭാഷ കേരളത്തില്‍ ആദ്യമെത്തിച്ചത് ബ്രാഹ്മണരാണോ എന്നതു നിശ്ചയമില്ല. പക്ഷെ അതിനു മുന്‍പുള്ള ജൈന ബുദ്ധ കാലഘട്ടങ്ങളിലും സംസ്കൃതം നിലവിലുണ്ടായിരിക്കണം. അതുകൊണ്ടായിരിക്കണം മൂലദ്രാവിഡ ഭാഷയെന്ന പ്രാകൃതത്തില്‍ സംസ്കൃത പദങ്ങള്‍ വരുന്നത്. കാടരെന്നു ആധുനികരെന്നു സ്വയം നടിക്കുന്നവര്‍ വിശേഷിപ്പിക്കുന്നവരുടെ നെഗ്രിറ്റ വംശജരുടെ ഊരുകളിലെ വായ്മൊഴി പഴക്കത്തിനു ഇപ്പോഴും വാഴപ്പിള്ളി ശാസനത്തിലെ ഭാഷയുമായി സാമ്യമുണ്ടോയെന്നത് ചിന്തനീയം. പഞ്ചാക്ഷരിയിലാരംഭിക്കുന്ന ശാസനം വ്യക്തമാക്കുന്ന ഒരു കാര്യം ഹിന്ദുമതത്തിന്‍റെയും സംസ്കൃതത്തിന്‍റെയും ഭരണസ്വാധീനമാണ്. പ്രജകളില്‍ അല്ലെങ്കില്‍ നാട്ടു വായ്മൊഴിയിലതെന്തായിരിക്കുമെന്നത് ലിഖിതരൂപത്തിലുള്ള തെളിവുകളില്ലാത്തതു കൊണ്ട് അവ്യക്തം.
സിന്ധൂനദീതടത്തിലെ ദ്രാവിഡപ്പഴമയുടെ കുടിയേറ്റമാണോ ആര്യ അധിനിവേശത്തിനു മുന്‍പ് ഭാരത്തിന്‍റെ തെക്കന്‍ മുനമ്പിലേക്കു നടന്നത്? അതോ ദ്രാവിഡ സംസ്കാരം ഭാരതഖണ്ഡത്തില്‍ വ്യാപൃതമായിരുന്ന ഒന്നായിരുന്നോ? ആദിദ്രാവിഡമായ പഴന്തമിഴില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു ഭാഷയില്‍ ഇന്ന് എണ്‍പത് ശതമാനവും സംസ്കൃതം ഇടകലര്‍ന്നുവെന്നത് ഭാഷയുടെ മാത്രമല്ല സംസ്കാരത്തിന്‍റെയും ഉരുത്തിരിയലാണ്. ദേശചരിത്രമാണ്. ദേശനാമം ഭാഷയായി മാറുന്നത് തനതു ഭാഷ നിലനില്‍ക്കന്ന ദേശങ്ങളില്‍ സ്വാഭാവികമായ ഒന്നാണ്. മലയാളം എന്ന ദേശനാമം പിന്നിടെപ്പോഴോ ഭാഷ മാത്രമായി ചുരുങ്ങി. മറാത്ത, മലയാളം, തമിഴകം എന്നിങ്ങനെ സ്വന്തം ഭാഷയും ലിപിയുമുള്ള ദേശങ്ങള്‍ ആ പേരില്‍ തന്നെ അറിയപ്പെടുമ്പോള്‍ പൊതുഭാഷയും ലിപികളുമുള്ള ദേശങ്ങള്‍ ദിക്കുകളുടെ പേരിലറിയപ്പെടുന്നു. കാലാവസ്ഥ പോലെ സഹ്യാദ്രിക്കപ്പുറവും ഇപ്പുറവും പഴന്തമിഴില്‍ നിന്നുരുത്തിരിഞ്ഞ ഭാഷ പോലും ദേശാനുസൃത വ്യതിയാനങ്ങള്‍ക്കു വിധേയമായിരുന്നു. ഭാഷ മൊഴികളുടെ സംസ്കാരങ്ങളുടെ സങ്കരമാണ്. ചരിത്ര സംയുക്തവും. മലയാളഭാഷയുടെ ചരിത്രം പലപ്പോഴും നിശബ്ദതയില്‍ എഡിറ്റ് ചെയ്യപ്പെടുന്നു.
മലയാള ഭാഷയിലെ ആദ്യവ്യാകരണ ഗ്രന്ഥങ്ങളിലൊന്നിന്‍റെ ആമുഖം പുതിയ കാലജീവികള്‍ക്ക് അമ്പരപ്പുളവാക്കുന്നു. വൈക്കത്തു പാച്ചുമൂത്തതിന്‍റെ ഗ്രന്ഥത്തിന്‍റെ ആമുഖം.
ഗദ്യം എന്ന വരമൊഴിക്കു വേണ്ടിയുള്ള വാമൊഴികളുടെ ചിട്ടപ്പെടുത്തലാണ് വ്യാകരണം രൂപപ്പെടുമ്പോള്‍ സംഭവിക്കുന്നത്. വൈയ്യാകരണന്‍റെ ഭാഷ നടപ്പുഭാഷയുമായി സമാനതകളുള്ളതാണെങ്കിലും ശൈലിയില്‍ വേറിട്ടു നില്‍ക്കുന്നു. സംസ്കൃതത്തെ ഉപജീവിച്ച് സൃഷ്ടിക്കപ്പെടുന്ന വ്യാകരണത്തില്‍ കാവാലം പറഞ്ഞതു പോലെ സംസ്കൃതപദങ്ങളേറും. മുണ്ടുടുത്തു നടന്ന മലയാളി വൈദേശിക അധിനിവേശത്തിനു ശേഷം കളസ്സമിട്ടു തുടങ്ങിയതുപോലെയും അതിനകത്ത് ജീവിക്കുന്നതു പോലെയും ഒരു സ്വാഭാവിക പ്രക്രിയ.
വ്യാകരണം രൂപപ്പെട്ട ഭാഷ ആഡ്യമായി. കുലീനവും. വായ്മൊഴിയുടെ ഗ്രഹനിലയില്‍ നീചന്‍ നിന്നപ്പോള്‍ സംസ്കൃത വ്യാകരണബദ്ധമായ വരമൊഴിക്കു ശുക്രനുദിച്ചു. അധികാരത്തിന്‍റെ ഭാഷയുടെ പൊലിമയേറി. ധര്‍മ്മരാജയില്‍ നിന്നും.
ആകാശവീഥിയില്‍ ആദിത്യഭഗവാന്‍ അത്യുഗ്രദീപ്തിയോടു വിളങ്ങി തന്‍റെ അഗ്നിമയമായ കിരണങ്ങളെ ആ ശ്യാമളാംബികാവേദിയില്‍ പ്രസന്നപൂജാര്‍പ്പണം ചെയ്യുന്നു.
മലയാളത്തിലെ മറ്റു ദേശങ്ങളിലുള്ളവരില്‍ ഇപ്പോഴും അമ്പരപ്പുളവാക്കുന്ന സ്ലാംഗ് അല്ലെങ്കില്‍ സംസാരഭാഷ നിലനിന്നിരുന്ന തിരുവനന്തപുരത്തു താമസിച്ചിരുന്ന സിവിയുടെ ലിഖിതഭാഷയാണിത്. മലയാള സാഹിത്യത്തിലെ വരമൊഴി ചരിത്രത്തിലെ തങ്കത്തിളക്കം. ഇപ്പോഴും തനിത്തിരുവനന്തപുരത്തുകാര്‍ സംസാരിക്കുന്ന ഭാഷ തമിഴ് കലര്‍ന്ന നാട്ടുമൊഴിയാണെന്നിടത്താണ് കാവാലം സാറിന്‍റെ പ്രസ്താവനയുടെ കാതല്‍. ലിഖിത ഗദ്യത്തിന്‍റെ വ്യാകരണം സംസ്കൃതാനുകരണമായതു കൊണ്ട് ലിഖിതഭാഷ സംസ്കൃതാനുകരണമായി. അച്ചുകൂടം വന്നപ്പോള്‍ ഓല മാറി പത്രം വന്നപ്പോള്‍ വ്യാകരണബദ്ധമായ അച്ചടിഭാഷ പ്രചരിച്ചു. വായ്മൊഴികള്‍ അപ്രസക്തമാകാനാരംഭിച്ചു. സിവി സംസാരിച്ചിരുന്ന ഭാഷ അസ്തമിക്കാനാരംഭിക്കുകയും എഴുതിയ ഭാഷ പ്രചരിക്കുകയും ചെയ്തു. വാമൊഴിപ്പെരുമയെ പദാവലികള്‍ കീഴടക്കി. സ്വന്തം വാമൊഴികള്‍ മറന്ന് സംസ്കൃതസമ്പന്നമായ ഭാഷ സംസാരിക്കാനാരംഭിച്ച നമ്മള്‍ സംസ്കാരസമ്പന്നരായോ എന്നത് മറ്റൊരു കാര്യം. ആധുനികലോകത്തിന്‍റെ സ്വഭാവമായ വിപണി മറ്റെന്തിനേയുമെന്ന പോലെ ഭാഷയേയും കീഴടക്കിയപ്പോള്‍ വാമൊഴിയില്‍ തനതു സ്ലാംഗിനു പകരം വള്ളുവനാടന്‍ സ്ലാംഗു വന്നു. മാപ്പിളപ്പാട്ടുകളും നാടന്‍ പാട്ടുകളും വീണ്ടും സജീവമായി. പക്ഷെ ഉരുത്തിരിയുന്നത് വിപണിയാണ്. ഭാഷയല്ല.
---------
അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കൈക്കുറ്റപ്പാടിന് ഭാഷാ ചരിത്രപഠന ശ്രമത്തിനു ക്ഷമാപണം.



1 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:
നമത്,
ഭാഷയുടെ അതിജീവനം എന്ന ഗൌരവമുള്ള വിഷയത്തിലേക്ക് വഴി തുറന്നിട്ടതിനു നന്ദി.ദിനോസറുകളെപ്പോലെ വിലസിയിരുന്ന ഭീമാകാരങ്ങളായ പല ഭാഷകളും കാലികമായ ആവശ്യങ്ങള്‍ക്കൊത്ത് ചിറകുവെയ്ക്കുകയോ നീന്താന്‍ പഠിക്കുകയോ ചെയ്യാന്‍ കഴിയാതെ മരിച്ചുമണ്ണടിഞ്ഞ് ഫോസിലുകളായിത്തീര്‍ന്നതില്‍ നിന്ന് മലയാളം എന്ന താരതമ്യേന പ്രായം കുറഞ്ഞ ഭാഷയ്ക്ക് ഒരുപാട് പഠിക്കാനുണ്ട്.എന്തായാലും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ചന്തുമേനോന്റെ ഇന്ദുലേഖയായി ‘ചിറിച്ചും കൊണ്ട്’ നിന്നിരുന്ന മലയാളഭാഷ ഇന്നും നവംബര്‍ ഒന്നാം തീയതിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെപ്പോലെ വേഷ്ടിയും മുണ്ടുമുടുത്ത് ‘ചിരിച്ചുകൊണ്ട്’ നില്പുണ്ട് എന്ന വസ്തുത ആശ്വാസകരം തന്നെ. സീവിയെഴുതിയ ഭാഷയെക്കുറിച്ച് നമതിന് ബ്ലോഗിലെഴുതാന്‍ കഴിയുന്നു എന്നത് ഒരു നല്ല സൂചനയാണ്.അഭിനന്ദനങ്ങള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ