മാർച്ച് 10, 2010

പ്രത്യാശയിലേക്കുള്ള ഒരു ചുവടുവെപ്പ്.

Buzz This

ട്വീറ്റില്‍ നിന്നും തുടങ്ങുന്നു. സസ്പെന്‍സ് ത്രില്ലറിനവസാനം അതു സംഭവിച്ചു. വനിതാ സംവരണം. ലിംഗവിവേചനം അവസാനിച്ചില്ലെങ്കിലും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൂടുതല്‍ സ്ത്രീകള്‍.  

വിവേചനം വര്‍ണ്ണമാണെങ്കിലും അവര്‍ണ്ണമാണെങ്കിലും പ്രതിലോമപരമാണ്. ലിംഗവിവേചനം അവകാശതുല്യതയുടെ പ്രശ്നവും. മറ്റെന്തും പോലെ വിവേചനം നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥയും  ഉരുത്തിരിയപ്പെടുന്നതാണ്. നല്ലതും ചീത്തയുമെല്ലാം രൂപപ്പെടുന്നത് ചരിത്രത്തിലൂടെയും സമൂഹത്തിലൂടെയും. ആദിപരാശക്തിയെന്ന സകലദൈവങ്ങളുടെയും അമ്മദൈവത്തെ ആരാധിച്ചിരുന്ന  ഭാരതത്തിന്‍റെ ചരിത്രത്തിലെ സ്ത്രീ ശക്തിയും ഭക്തിയും കാലാന്തരത്തില്‍ നഷ്ടപ്പെട്ട ഒന്നാണ്. ഭക്തിയുടെ പാരമ്പര്യത്തില്‍ സ്ത്രീശക്തി ഗണ്യമാണ്. ദുര്‍ഗ്ഗയായും ദേവിയായും സംഹാരമൂര്‍ത്തിയായും പുരാണങ്ങളിലും വിശ്വാസങ്ങളിലും തിളങ്ങി വിളങ്ങിയ സ്ത്രീ ശക്തിയുടെ ഭക്തിയുടെ പൊതുമനസ്സാണ് ഇങ്ങനെ ഇല്ലാതായത്.  മനോഭാവങ്ങളുടെ ഉരുത്തിരിയലും സാമൂഹിക ക്രമങ്ങളും കീഴ് വഴക്കങ്ങളും തമ്മിലുള്ള ബന്ധം അതിന്‍റെ ചരിത്രം  ഒരു ചെറുകുറിപ്പിലൊതുങ്ങാത്ത  വിപുലമായ വിഷയമാണ്. ചെറുകുറിപ്പുകള്‍ക്കുചിതം  സമകാലിക സോദാഹരണങ്ങളാണ്. 


ലിംഗവിവേചനത്തെ സംവരണമെന്ന ആനുകൂല്യത്തിന്‍റെ അവശതയില്ലാതെ അതിജീവിച്ച ചിലര്‍  ഇഷ്ടത്തിന്‍റെ പട്ടികയിലുണ്ട്. ജയലളിത. രാഷ്ട്രീയഗുരുവിന്‍റെ ശവഘോഷയാത്രയില്‍ മറ്റൊരു സ്ത്രീയാല്‍ പുറത്തെറിയപ്പെട്ട പഴയ റാങ്ക് ഹോള്‍ഡര്‍. രാഷ്ട്രീയക്കാരില്‍ പൊതുവെ അസുലഭമായ പരന്ന വായനയും ന്യൂട്രല്‍ അക്സന്‍റുമുള്ളവര്‍. അധികാരകേന്ദ്രീകരണമെന്ന പോരായ്മയിലും ഇന്ദിരാഗാന്ധിക്കു ശേഷം രാഷ്ട്രീയ ഇച്ഛാശക്തിയുടെ മകുടോദാഹരണം. മാധ്യമ ലജ്ജയിലൊളിച്ച വീട്ടമ്മയില്‍ നിന്നും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയും അധികാര കേന്ദ്രവുമായി മാറിയ സോണിയ ഗാന്ധി. വെണ്ണക്കല്‍ പ്രതിമകളെന്ന സിനിമാകമ്പോള സൌന്ദര്യത്തെ വെല്ലുവിളിച്ച് നിത്യഹരിത സുന്ദരിയായി തുടരുന്ന,  പറയുന്ന വാക്കുകളുടെ അര്‍ത്ഥമറിയുന്ന നടി രേഖ. പെപ്സിക്കോ എന്ന ബഹുരാഷ്ട്ര കുത്തകയെ സ്വന്തം വീട്ടിലെ അടുക്കള പോലെ ഫലപ്രദമായി മാനേജ് ചെയ്യുന്ന ഇന്ദ്ര. തൊട്ടു പിറകെ പുതിയ ഇഷ്ടം ചന്ദ്ര കൊച്ചാര്‍. സ്വകാര്യ മേഖലാ ബാങ്ക് മാനേജ്മെന്‍റെന്ന സ്ത്രൈണമല്ലാത്ത സ്വഭാവഗുണങ്ങളുള്ള മേഖലയില്‍ ഏറ്റവും വലിയ ബാങ്കുകളിലൊന്നിനെ നയിക്കുന്നവര്‍. ഏറ്റവും ബോള്‍ഡായ വിശകലനം നടത്തുന്ന അരുണ്ഡതീ റോയി, ഒരു ദേശത്തിന്‍റെ സമരവീര്യമായിരുന്ന മയിലമ്മ. ഒരു പാവം കുടുംബത്തെ സഹായിക്കാന്‍ സ്വന്തം വളയൂരി നല്‍കിയ സാധാരണ വനിതാ കോണ്‍സ്റ്റബിള്‍. പട്ടികയ്ക്ക് നീളവും കാരണങ്ങളുമേറെയാണ്. എന്നാലും ഇവര്‍ക്കെല്ലാം പൊതുവായ ഒന്നുണ്ട്. സ്ത്രീ എന്ന നിലയില്‍ നേരിടുന്ന ലിംഗവിവേചനം. ഒബ്ജക്ടിഫിക്കേഷന് എന്ന ക്രൂര സാമൂഹിക യാഥാര്‍ത്ഥ്യം. ചിലരതിനെ പിന്തുണകളോ ആനുകൂല്യങ്ങളോ ഇല്ലാതെ  തേടാതെ അതിജീവിക്കുന്നു. മറ്റു ചിലര്‍ക്ക് അതിജീവിക്കുന്നതിനു സാഹചര്യമോ പിന്തുണയോ ലഭിക്കാത്തതു കൊണ്ട് പിന്തള്ളപ്പെടുന്നു. വിനിയോഗിക്കപ്പെടാത്ത വിഭവശേഷി ക്രൂരമായി പാഴാക്കപ്പെടുന്നു.


സംവരണം എന്നത് സാമൂഹിക അവശതയും ലിംഗവിവേചന ആനുകൂല്യവുമാകുമ്പോഴും അത് മുഖ്യധാരയിലേക്കുള്ള വാതില്‍ തുറക്കുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു ഗ്രാമീണ വീട്ടമ്മയുണ്ട്. സംവരണസീറ്റിലൂടെ രാഷ്ട്രീയ പ്രവേശം ചെയ്തവര്‍. ജനസമ്മതിയെന്ന രാഷ്ട്രീയ വിശ്വാസം കൊണ്ട് പൊളിറ്റിക്കല്‍ ഗെയിമുകളല്ലാതെ സഹജമായ കോമണ്‍സെന്‍സു കൊണ്ട് വ്യവസ്ഥിതിയുടെ കെട്ടുപാടുകളിലും അല്‍പ്പമെന്തെങ്കിലും താന്‍ പ്രതിനിധീകരിക്കുന്നവര്‍ക്കു വേണ്ടി ചെയ്യാന്‍ ശ്രമിച്ചവര്‍. രാഷ്ട്രീയ വിശ്വാസ പരിമിതികളിലുപരിയായി ജനങ്ങളെ കാണുന്നതിനുള്ള മനസ്സ്. ജനപ്രതിനിധികളില്‍ വനിതാ സംവരണം സംഭവിച്ചില്ലായിരുന്നെങ്കില്‍ അകത്തളങ്ങളിലും അടുക്കളയിലും മാത്രമൊതുങ്ങി പാഴാകുമായിരുന്ന വിഭവശേഷി. ഇത് സംവരണം എന്ന രാഷ്ട്രീയ തീരുമാനത്തിന്‍റെ ഗുണഫലം.


വീണ്ടും തിരികെ സംവരണത്തിലേക്ക്. സംവരണം നടപ്പിലാകുമ്പോള്‍ എന്തു സംഭവിക്കുന്നു. സുസ്ഥാപിതമായ ഒരു വ്യവസ്ഥിതിയുടെ ചേരുവകളില്‍ മാറ്റം. പുതിയ സ്ത്രീ സംവരണമെടുത്താല്‍ സ്ത്രീ എന്ന ക്രൂരമായ സാമൂഹിക യാഥാര്‍ത്ഥ്യത്തില്‍ വിഭാഗീകരിക്കപ്പെടുകയും അകറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്നവര്‍ക്ക് മുഖ്യധാരയിലേക്കുള്ള പരവതാനി. കൂടുതല്‍ വ്യക്തികള്‍ പൊതുധാരയിലെത്തുന്നു. അധികാരവും സ്ഥാനമാനങ്ങളും സാമ്പത്തിക സുരക്ഷിതത്വവും വിവേചനത്തെ ഡയല്യൂട്ട് ചെയ്യുന്നു. എതിര്‍പ്പുകളെ ഇല്ലാതാക്കുന്നു. അഭിപ്രായങ്ങളുടെ മുഖവിലയും തീരുമാനങ്ങളുടെ സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നു.  അധികാരത്തിന്‍റെ ആടയാഭരണങ്ങളും സ്ഥാനമാന ചിഹ്നങ്ങളും നിറഞ്ഞ ലോകത്തേക്കാണ് സ്ത്രീസംവരണത്തിന്‍റെ വാതില്‍ തുറക്കുന്നത്. നയപരവും രാഷ്ട്രീയപരവുമായ തീരുമാനങ്ങളില്‍ അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളെ പ്രതിനിധികരിക്കാനും വിവേചന പീഡിതമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാദിക്കാനും പോരാടാനും മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരം. 

മനുഷ്യന്‍ എന്ന ലിംഗേതര യാഥാര്‍ത്ഥ്യത്തിന്‍റെ തുല്യതയിലേക്കുള്ള ചുവടുവെപ്പ്. മാറ്റങ്ങള്‍ സംവരണാനന്തര ദിവസത്തെ പത്രവാര്‍ത്തകളില്‍ സംഭവിക്കാത്തതൊന്നായതു കൊണ്ട് ഒരു തുടക്കം.ചെറിയ കാല്‍വെപ്പുകള്‍. നീണ്ട യാത്രകളും ആരംഭിക്കുന്നത് ചെറിയ തുടക്കങ്ങളില്‍ നിന്നാണ്. പക്ഷെ ഇത് ഗണ്യവും ഗുണപരവുമായ ഒന്ന്. പാഴായി പോകുന്ന, ക്രിമിനല്‍ വേസ്റ്റ് എന്നു തന്നെ പറയാവുന്ന സ്ത്രീശക്തിയുടെ ഉപയോഗ സാധ്യത.  ഒരു പക്ഷെ കൂടുതല്‍ ജീവയോഗ്യമായ ഒരു സമൂഹം ഭാവി തലമുറയെ കാത്തിരിക്കുന്നുണ്ടാകും. തഥേസ്തു.



ട്വീറ്റില്‍ തന്നെ അവസാനിപ്പിക്കുന്നു. സംവരണം ആവശ്യമായി വന്ന സാമൂഹിക വ്യവസ്ഥിതിയേക്കാള്‍ ലജ്ജാവഹമാണ് ഗുണപരമായ ഒരു മാറ്റത്തിനു നേരെ നടന്ന അക്രമോത്സുകമായ എതിര്‍പ്പുകളും വിലപേശലും


Share/Save/Bookmark

0 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP