മാർച്ച് 03, 2010

ചില നേരങ്ങളില്‍ ചില മാനേജര്‍മാര്‍.

Buzz This

മിക്കവാറും എപ്പോഴും മുന്‍ജന്മത്തില്‍ ശത്രുക്കളായിരുന്നവരാണ് ഈ ജന്മത്തില്‍ മേലുദ്യോഗസ്ഥനായി വാഴുന്നത്. ഏതോഫീസെടുത്താലും ഏതു സ്ഥാപനമെടുത്താലും മേലുദ്യോഗസ്ഥനും  കീഴുദ്യോഗസ്ഥരും എപ്പോഴും മുന്നാളായിരിക്കും. സായിപ്പിന്‍റെ ഭാഷയില്‍ പെയ്ന്‍ ഇന്‍ ആസ്സും മലയാളത്തില്‍ മൂലക്കുരുവുമായി അവര്‍ നീണാള്‍ വാഴുന്നു.  ദുഷ്ടന്‍മാര്‍ക്കും നീചന്‍മാര്‍ക്കും പതിച്ചു കൊടുത്തേക്കുന്ന സ്ഥിരം തസ്തിക.

മുന്‍പൊരു പടുമാരണം മാനേജറായുണ്ടായിരുന്നു. ചില സിനിമകളിലെ ടിപ്പിക്കല്‍ ഫിലോമിന കഥാപാത്രം.  അമ്മായി അമ്മ കഥാപാത്രങ്ങളുടെ സ്വഭാവം. സഹിച്ചു.  ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും പിടിച്ചു നിന്നപ്പോള്‍ അങ്ങേരതെടുത്ത് പത്തായമുണ്ടാക്കാന്‍ മില്ലില്‍ അറക്കാന്‍ കൊടുക്കുമെന്ന സ്ഥിതിയായി. ഡു ഒര്‍ ഡൈ സിറ്റുവേഷന്‍. ഒരു ദിവസം സ്നേഹത്തോടെ വിളിച്ചടുത്ത ബാറില്‍ കൊണ്ടു പോയി സല്‍ക്കരിച്ചു. രണ്ടെണ്ണം വിട്ടപ്പോള്‍ മാനേജര്‍ പാമ്പായി. അതു കഴുത്തില്‍ ചുറ്റിയവന്‍ ശിവനും. പുലി ഒരു ആശ്രിതനേക്കൂടിക്കിട്ടിയെന്നു കരുതി ഞെളിഞ്ഞു. ജീവചരിത്രവും വീരകൃത്യങ്ങളുമെല്ലാം സഹിച്ചു ഗുഡ്നൈറ്റില്‍ പിരിയാന്‍ നേരം കാഷ്വലായി ചോദിച്ചു.

സാറിനു ലീവ് ഇഷ്ടം പോലെ ഉണ്ടോ?
എന്താ എന്തു പറ്റി.
പൈതൃക ധാരാളിത്തത്തെക്കുറിച്ചുള്ള സംസ്കൃത ഉപമയ്ക്കും ഉത്പ്രേക്ഷയ്ക്കും ശേഷം മലയാളത്തില്‍ കാര്യം പറഞ്ഞു. മള്‍ട്ടിപ്പിള്‍ ഫ്രാക്ചറിനു കയ്യിലും കാലിലും ബാന്‍ഡേജിടുന്നത് എടുക്കാന്‍ കുറഞ്ഞത് 45 ദിവസം വേണം.

ഓന്തു നിറം മാറുന്നതു പോലെ ബ്രദര്‍ നിമിഷം കൊണ്ടു നിറംമാറി. ക്ഷുദ്രത ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞു  വേര്‍പിരിയുന്നതു വരെ  ബ്രദറും സുഹൃത്തും അഭ്യുദയാകാംക്ഷിയുമായി. സ്നേഹം, വിനയം തുടങ്ങിയവയുടെ നിറകുടവും. ഇത്തരം പുലിവാലുകളല്ലാത്തവരുമുണ്ട്. ശുദ്ധഹൃദയന്‍മാര്‍. അല്‍പ്പം ആത്മരതിയുടെ അസ്കിത. സഹായതല്‍പ്പരര്‍.


ഏതോ ഒരു നിസ്സാര പ്രശ്നത്തിന് ജയനും രഞ്ജി പണിക്കറും ഭൂതാവേശിച്ച്  ഹയറാര്‍ക്കിശൃംഗത്തിലെ ദൈവത്തിന്‍റെ ലെറ്റര്‍പാഡ് വലിച്ചുകീറിയെടുത്ത് രാജിക്കത്തെഴുതി മുഖത്തെറിഞ്ഞ് ഇറങ്ങിയ ദിവസം വൈകുന്നേരം ആദ്യജോലിയിലെ മേലുദ്യോഗസ്ഥന്‍ കം ഗുരു ഒരു ബാറിലെ പാതിയിരുട്ടില്‍  അല്‍പ്പം ഖേദത്തോടെയും സ്നേഹം നല്‍കിയ സ്വാതന്ത്ര്യത്തോടെയും  മൊഴിഞ്ഞു.

സക്സസ്സ് ഹാവ് സം കോമ്പിനേഷന്‍സ്. ടു റീടെയ്ന്‍ ദാറ്റ് യൂ ഹാവ് ടു ബീ പേഷ്യന്‍റ് ‍, ഐസ് കൂള്‍. ലേണ്‍ ടു ഒബ്സര്‍വ് ദാന്‍ റിയാക്ട്. ഓഫീസ് റിലേഷന്‍ഷിപ്പുകളില്‍ ഒഴുകരുത്. ജസ്റ്റ് ഫ്ലോട്ട്.

സംഭവം സത്യം. അങ്ങേരു ചെയ്തോണ്ടിരുന്നതതാണ്. അവസാനം മാനേജ്മെന്‍റിനു സ്ഥാപനം വെള്ളപ്പൊക്കബാധിത പ്രദേശമാണെന്നു തോന്നിക്കാണണം. ദെ സാക്ഡ് ഹിം. വെള്ളപ്പൊക്ക ദുരിതാശ്വാസമായി പുറത്തു പഠിച്ചു വന്ന സ്വന്തക്കാരനൊരുത്തനെ സ്ഥാപിക്കുകയും ചെയ്തു. മധ്യവയസ്സു താണ്ടിയ വാര്‍ദ്ധക്യത്തോടടുക്കുന്ന  ഗുരു, ബോംബെ തെരുവില്‍ പ്ലാസ്റ്റിക് ബക്കറ്റ് ഒട്ടിക്കുന്നവനെ നിരീക്ഷിച്ച് ബക്കറ്റിന്‍റെ ബാച്ച് പ്രൊഡക്ഷനില്‍ ചൂടുകൊണ്ടുണ്ടാകുന്ന ഭീമമായ  ഉത്പാദന നഷ്ടം നികത്താന്‍ വാട്ടര്‍ കൂളിങ്ങ് ഉപയോഗിക്കാമെന്നു കണ്ടു പിടിച്ചതു പോലെ (ഒള്ളതാണോ എന്തോ? സംഭവം അപരിചിത മേഖലയാണ്) പ്രായോഗിക ബുദ്ധി ഉപയോഗിക്കണമെന്നു പഠിപ്പിച്ച ഗുരു ക്ഷമയുടെ മൂര്‍ത്തിമദ്ഭാവമായി ഇപ്പോള്‍ വീടിനടുത്ത് സൂപ്പര്‍മാര്‍ക്കറ്റ് പലചരക്കുകട നടത്തുന്നു. വൈകുന്നേരം ലാര്‍ജ്ജിനു പിറകെ ലാര്‍ജ്ജില്‍ ഫ്ലോട്ടാവുന്നു.

മറ്റൊരു കഥാപാത്രമുണ്ടായിരുന്നു. പുലികളില്‍ പുലി. ഉടക്കുണ്ടാക്കുന്നതില്‍ ബിരുദാനന്തരബിരുദവും. അപ്പനാരാന്നു ചോദിച്ചാലും അതിലും കാണും നാലുടക്കും മൂന്നു കൊളുത്തും. ഉടക്കുണ്ടാക്കുന്നതിനുള്ള കമ്പനിനിയമങ്ങള്‍ മനപാഠം. അല്ലാത്തതിനു അംനേഷ്യ. കടുത്ത ഫെമിനിസ്റ്റ്. സ്ത്രീകഥാപാത്രങ്ങള്‍ എന്തു ചോദിച്ചാലും ഉടക്കുമില്ല, മുള്ളുമില്ല. ദാനശീലത്തില്‍ കര്‍ണ്ണന്‍റെ അമ്മായിയപ്പനാവും, സ്വന്തം കൈയ്യില്‍ കാശില്ലേല്‍ കടം വാങ്ങിയോ മറിച്ചോ കൊടുക്കും.  ലീവാണേലും അഡ്വാന്‍സാണേലും  വാരിക്കോരി കൊടുക്കും. കവചോം കുണ്ഡലോമടക്കം. അല്‍പ്പം ലവിനു വേണ്ടി ദാഹിക്കുന്ന ദുര്‍ബലമനസ്കനായതോണ്ടാരിക്കും.  മീറ്റിങ്ങുകളിലെ പുലി ക്യാബിനിലെത്തുമ്പോള്‍ വെണ്ണകണ്ണനാകും. ഐബ്രോ പെന്‍സിലടക്കം മേക്കപ്പ് സാധനങ്ങള്‍ വേറെ. ക്യാബിനില്‍ പോയി സംസാരിക്കാന്‍ കാത്തിരിക്കുന്നവരും പുലിയുടെ കോളുവരുമ്പോള്‍ ചെകുത്താനെ കണ്ടപോലെ പരവേശപ്പെടുന്നവരും.  മനേജര്‍ ചരിത്രം അജ്ഞാതവും അവര്‍ണ്ണനീയവുമല്ലെങ്കിലും അനന്തമാണ്.

കലഹം പലവിധമുലകില്‍ സുലഭമെന്ന പോലാണ് മാനേജര്‍മാരും. ശിവപ്പെരുമാളെ പോലെ അനാദിയും സ്വയംഭൂവും.  പല കാലങ്ങളില്‍ പല രൂപങ്ങളില്‍ ഇവരവതരിക്കുന്നു. മര്‍ഫീസ് ലോ നടപ്പില്‍ വരുത്തുന്ന പ്രത്യക്ഷദൈവങ്ങള്‍. തെറ്റുകള്‍ വരുത്താത്ത ദൈവപുരുഷന്‍മാര്‍. വന്നാലോ ഉളി വളഞ്ഞതുകൊണ്ടു വന്നതാണെന്ന് പ്രസ്താവനയും. വായില്ലാക്കുന്നിലപ്പന്‍മാരുണ്ട്. സംശയം വാസുമാരും. ഒന്നും ചെയ്യാന്‍ സമ്മതിക്കാത്തവരും ഒന്നും ചെയ്യാത്തവരും വേറെ. മേശപ്പുറത്തെ മൊട്ടുസൂചിയെടുക്കാന്‍ വരെ പരാന്നഭോജികളാകുന്നവരും.   നിത്യജീവിതം പോലാണ് മാനേജര്‍മാരും. ദൈവത്തിനും ഭക്തനുമിടയ്ക്ക് പൂജാരിയെ പോലെ ഇവരവതരിക്കുന്നു. ദൈവം പ്രസാദിക്കണമെങ്കില്‍ പൂജാരി പ്രസാദിക്കണമെന്ന ലൈനില്‍ ബാരിക്കേഡ് കെട്ടി അവതരിക്കുന്നു. ചിലപ്പോള്‍ പ്രസാദവുമായി കനിയുന്നു. മറ്റു ചിലപ്പോള്‍... മാനേജര്‍മാരുടെ ചരിത്രം ബ്ലോഗന്‍റെ മാത്രം കഥയല്ല,  ജീവിത്തിന്‍റെ ഈടുവഴികളിലെ തുടര്‍ക്കഥയാണ്, സീരിയല്‍ കഥാപാത്രമാണ്. ലോകാരംഭം മുതല്‍ അവസാനം വരെ തുടരുന്ന മെഗാസീരിയല്‍.


Share/Save/Bookmark

11 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

kichu / കിച്ചു 2010, മാർച്ച് 3 4:30 PM  

"ചില നേരങ്ങളില്‍ ചില മാനേജര്‍മാര്‍."അതു കൊള്ളാം...

ഈ പുലി, മാനേജരായാല്‍ എങ്ങനിരിക്കും അതു കൂടി ഒന്നു കോറിയിട് മാഷേ.. :)

നിരഞ്ജന്‍.ടി.ജി 2010, മാർച്ച് 3 5:08 PM  

'Those who know How gets a job and those who know Why becomes their boss'എന്നൊരു സായിപ്പുവചനം കേട്ടിട്ടുണ്ട്. മാനേജര്‍മാരുമായുള്ള സംഘര്‍ഷം ഒരു ‘ടോം ആന്‍ഡ് ജെറി ഷോ’ പോലെ തുടരനായി തുടരട്ടെ. ചില നേരങ്കളില്‍ ചില മനിതര്‍കള്‍...
പി.ലീല പാടിത്തന്ന ജ്ഞാനപ്പാനയില്‍ ടോം ആന്‍ഡ് ജെറി ഷോ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
നമോവാകം

namath 2010, മാർച്ച് 3 5:34 PM  

കിച്ചു -)
അക്രമാസക്തനാരുന്നെന്നാരുന്നു ചരിത്രം. പ്ലാസ്റ്റിക് കസേരകള്‍ പറക്കും തളികകളൊക്കെയാക്കുന്ന ഹോബി, സംസ്കൃതവചനപ്രഘോഷണവും.

ടോം ആന്‍ഡ് ജെറി ഷോ -)))) നമോവാകം നിരഞ്ജന്‍. സായിപ്പു പറഞ്ഞതു തന്നെ ചതുരവടിവില്‍ വിഷ്ണുശര്‍മ്മകൃതം.നാളത്തേക്കൊരു വിഷയമിട്ടു തന്നതിനു നന്ദി!

ആരുഷിയുടെ ലോകം 2010, മാർച്ച് 3 6:07 PM  

സ്ത്രീ ബോസുകളെ അതും നമ്മളെക്കാള്‍ പ്റായം കുറഞ്ഞവരെ എങ്ങിനെ മെരുക്കാം എന്നൊരു ക്ളാസ്‌ തരുമോ? അവിടെ ഭീഷണി ഒന്നും പറ്റില്ലല്ലോ

namath 2010, മാർച്ച് 3 6:11 PM  

ഈ ചോദ്യം ചോദിക്കേണ്ടി വന്ന പാര്‍ട്ടിക്ക് ക്ലാസ്സെടുത്തിട്ടെന്തോ കാര്യം ആരുഷീ!!

namath 2010, മാർച്ച് 3 6:59 PM  

ഇത്രേം അറിയാരുന്നേ ഞാനാരാണ് അരുഷീ

തഥാഗതന്‍ 2010, മാർച്ച് 3 7:04 PM  

What is the difference between Boss and God?

Boss always says he is the god,but the god never say he is the Boss

namath 2010, മാർച്ച് 3 7:16 PM  

Boss is always left-)

തഥാഗതന്‍ 2010, മാർച്ച് 3 8:51 PM  

ഹഹഹഹ ഞാ‍ൻ ലെഫ്റ്റ് ആണെന്ന് കരുതി എല്ലാവരും അങ്ങനെ ആകണമെന്നില്ല. ചിലരെങ്കിലും റൈറ്റ് ആണ്

തഥാഗതന്‍ 2010, മാർച്ച് 3 8:52 PM  

അതുപോലെ പിതാവിനേയും ബോസ്സിനേയും നമുക്ക് തീരുമാനിക്കാനാവില്ല എന്നും ഉണ്ട്

namath 2010, മാർച്ച് 3 8:55 PM  

ഹഹ. ചിലരല്ല മൃഗീയ ഭൂരിപക്ഷം -))ബോസ്സ് ഈസ് ഓള്‍വേയ്സ് റൈറ്റെന്നത്, കാശുമുടക്കുന്നവന്‍റെ ദണ്ഡമാണ്.-)

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP