നവംബർ 16, 2009

സ്ഫടികതുല്യമായ മനസ്സുള്ള ലേഡിനി

Buzz This

രംഗം 1 സ്ഫടികതുല്യമായ മനസ്സുള്ള ലേഡിനി.
വെടിപൊട്ടുന്നത് ഒരു സിഡി പ്രശ്നത്തിലാണ്. സിനിമകളെകുറിച്ച് ജഞാനമില്ലാത്തവന്‍ സാക്ഷരനാകാന്‍ തീരുമാനിച്ചപ്പോള്‍ തൊടുത്ത ഒരു വാചകത്തില്‍ നിന്നാണ് പ്രശ്നേപ്രശ്നോല്‍പ്പത്തി. മാഡം ലേഡിനി പുറത്തേക്കു പോകാനൊരുങ്ങുമ്പോള്‍..

ഡീ, രണ്ടു മൂന്നു സിനിമേഡെ സിഡി വാങ്ങിക്കൊണ്ടുവരണം. പിന്നെ കുറച്ചു ബുക്സും. ഫുള്‍ടൈം ബുജിയാകാന്‍ തീരുമാനിച്ചു.

ലേഡിനിയുടെ മുക്കു ചുവക്കുന്നു. കണ്ണില്‍ എന്തോ ഫ്ലാഷ്ബാക്ക് മേഘ സന്ദേശമല്ല. അവളുടെ മേഘ സന്ദേശം ഇങ്ങനല്ല. ഒരുങ്ങി സ്വയം തൃപ്തിയാകാതെ വന്നു ചുറ്റിത്തിരിഞ്ഞു. ഒന്നു രണ്ടു തവണ കുമാര്‍ജിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കുന്നു. മാഡത്തിന്‍റെ കണ്ണാടി കുമാര്‍ജിയുടെ മുഖമാണ്. തൃപ്തിയായി പോയതാണ്. ഇനിയെന്തായാലും മേഘസന്ദേശം വരില്ല. വന്നാലും പെര്‍ഫക്ഷനിസ്റ്റിനു സമയം കീപ്പ് ചെയ്യണം. അപ്പോള്‍ പിന്നെന്താരിക്കും ഭരദൈവങ്ങളേന്നു വിചാരിക്കുന്നതിനു മുന്‍പ് ആയുരാരോഗ്യസൌഖ്യത്തിനു വെടി പൊട്ടി. വലിയ വെടി ഒന്ന്.

യാത്രയും മെഡിറ്റേഷനിലിരുന്ന പെണ്ണും അവളുടെ മുഖവും അവള്‍ പറഞ്ഞു തന്ന ബുക്സും സിഡിയും അതു മതി..

ലേഡിനി പടക്കത്തിന്‍റെ മൂട്ടില്‍ തീ കൊളുത്തിയതേയുള്ളൂ. തൊട്ടു പിറകെ കുമാര്‍ജിയുടെ നല്ല നടപ്പിന്  ചെറിയ വെടി നാല്.

സ്ഫടികതുല്യമായ മനസ്സുള്ള അവളില്ലേ, അവള്‍ വാങ്ങിത്തന്നില്ലേ.. അതു മതി. അതു നോക്കി നിന്നില്ലേ..അത് പബ്ലിക്കായി എഴുതിയില്ലേ, അതോടെ തീര്‍ന്നു. ഇനി  സിഡീമില്ല ഒരു കുന്തോമില്ല.

ഒരു പേരു വിളിച്ചോട്ടെടീ?
എന്തോ പേര്? അവളുടെ പേരും ചോദിച്ചോ?
പൊട്ടിക്കാളീ..
സോപ്പിടണ്ട. എനിക്കറിയാം. നിങ്ങളെ അകംപുറമെനിക്കറിയാം. എനിക്കെത്രയായാലും എങ്ങനെ കണ്ടാലും തരക്കേടില്ല. ബട്ട് ദാറ്റ് അറ്റിട്യൂഡ് ടു റൈറ്റ് ആന്‍ഡ് സ്നാപ്പ്. വിച്ച് ഐ ക്യാന്‍റ് അസപ്റ്റ്....



രംഗം 2. കുറ്റവും ശിക്ഷയും.

പണിയെടുത്തു പണ്ടാരമടങ്ങുമ്പോള്‍ ഫോണ്‍ ആചാരവെടിയുടെ ശബ്ദമുണ്ടാക്കുന്നു. മറുതലയ്ക്കല്‍ ലേഡിനി.സിനിമയിലെ യുദ്ധസീന്‍ പോലെ ബോംബ് വീഴുന്നു.പൊട്ടിത്തെറിക്കുന്നു.

നിങ്ങള്‍ സ്ത്രീകളെ കളിയാക്കിയെഴുതും ഇല്ലേ?
ലേഡിനി സീരിയസ്സാണ്. ബഹുത് സീരിയസ്സ്.  കോപോത്തുംഗമായ രോഷാകുലയാണ്.

ഞാനന്നുറങ്ങീട്ടില്ല, ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. യൂ ഷുഡ് ഗോ ത്രൂ ഓള്‍ ദീസ് ടു അണ്ടര്‍സ്റ്റാന്‍ഡ്.
രാപകലില്ലാതെ പണിയെടുക്കുന്ന പ്രസ്ഥാനം ഉറങ്ങിയില്ലെന്നോ. അപ്പോള്‍ സംഭവം ഗുരുതരം. അതീവഗുരുതരം. പതിവു വായന, പാചകം, വാചകം എല്ലാം അഫക്ട‍ഡ്. കുക്കിനിയും കൂടിയായ ലേഡിനി ഇതു തന്നാരിക്കും രണ്ടു ദിവസം തലയിലിട്ടു കുക്കിക്കൊണ്ടിരുന്നത്.  പെര്‍ഫക്ഷനിസ്റ്റിന്‍റെ ഐഡിയലിസ്റ്റിക് വികാരം സത്യസന്ധം. വേട്ടക്കാരുടെ ലോകത്ത് ഇരയാകാതെ പൊരുതി ഒറ്റയ്ക്കു ജീവിച്ച ലേഡിനിയാണ്. പൊട്ടിത്തെറിക്കവസാനം ഫോണ്‍ ക്രാഡിലിലും പൊട്ടിത്തെറിക്കുന്നു. മൂക്കിന്‍ററ്റത്തു ശുണ്ഠിയുള്ള ലേഡിനിയുടെ മൂക്ക്. മൈ ഡിയര്‍ മൂക്ക്. ആ മൈ ഡിയര്‍ മൂക്കാണ് എഴുത്തു കാരണം പൊട്ടിത്തെറിക്കുന്നത്. ദിസ് ഷുഡ് ബീ സ്റ്റോപ്ഡ്.

ചാക്യാരു മുടിയഴിച്ചു.
എന്തോന്ന് എന്തോന്ന്? ആടെന്നു പറയുമ്പോ ആടലോടകമെന്നു പറയുന്ന നമ്പറു കൈയ്യിവെച്ചാ മതി. 
ഡീ ചാക്യാരു മുടിയഴിച്ചാല്‍ പിന്നെ കൂത്തില്ല.
എന്നു വെച്ചാ?

പേന താഴ്ത്തി. എഴുത്തു നിര്‍ത്തി.
സംഭാഷണം നിശബ്ദതയിലവസാനിക്കുന്നു. 


അല്‍പ്പസമയത്തിനു ശേഷം ഫോണ്‍ വീണ്ടും ആചാരവെടി മുഴക്കുന്നു. മറുതലയ്ക്കല്‍ സ്വന്തം ലേഡിനി.
ഐ ഡോണ്ട് ഹാവ് മോര്‍ ടു സേ.
വീണ്ടും നിശബ്ദത

കുറച്ചു കഴിഞ്ഞ് വീണ്ടും ആചാരവെടി.
ഐ ഹാവ് ഒണ്‍ലി ഒണ്‍ റിക്വസ്റ്റ് ടൂ മേക്ക്, ഡോണ്ട് ഡു ദാറ്റ്.

ഐ ഡോണ്‍ട് വാണ്ട് ടൂ മിസ്‍ലീഡ് സൊസൈറ്റി വിദ് ആന്‍റി സോഷ്യല്‍ റൈറ്റിങ്ങ്.
ചെവിയോര്‍ത്തു. ഫോണ്‍ പൊട്ടിത്തെറിക്കുന്നില്ല. മൈ ഡിയര്‍ മൂക്ക് വേവലാതിയിലായി. പാവം.

വീണ്ടും ഫോണ്‍.
അങ്ങനൊന്നുമില്ലാന്നേ..ഞാന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല. നിങ്ങളെ പോലുള്ളവരെഴുതുമ്പോ ക്രഡിബിലിറ്റി കൂടും. അതല്ലേ പറഞ്ഞേ

മാഡത്തിന്‍റെ മോട്ടീവ് സ്നേഹം മാത്രമാണ്. പൂവിന്‍റെ മണമുള്ളവളെ, ബേബിസോപ്പുപയോഗിച്ച് കുളിക്കുന്നവളെ  സത്യവും  മണക്കുന്നു. എക്സൈറ്റിങ്ങ്! കൂടെ കുറ്റബോധവും.

ഫോണടിക്കാത്ത മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും ലേഡിനി ലൈനില്‍
വിളിക്കാതിരുന്നതിനു നന്ദി!

ഗൌരവം വിടാതെ പറഞ്ഞു
വരവു വെച്ചിരിക്കുന്നു
ആത്മഗതമിങ്ങനേം.
ആന്നെടീ, വിളിക്കുമ്പോ ലോകത്തില്ലാത്ത തിരക്കും വിളിച്ചില്ലേല്‍ ഫോണിന്‍റെ ചുവട്ടില്‍ നിരാഹാരോം.നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്. എടീ ഇഡിയറ്റ് നിന്‍റെ ചിന്തയുടെ പാറ്റേണ്‍ ഇതാ നിന്‍റെ വാക്കില്‍

ദേഷ്യം പിടിച്ചിനി അതു വല്ലോം ചെയ്യുമോ.. ചൂടാവണ്ടാരുന്നു. അല്ലെലെനിക്കെന്താ.. ഞാന്‍ സത്യസന്ധമായും ആത്മാര്‍ത്ഥവുമായാണ് പറഞ്ഞത്. (ദാറ്റ് കോള്‍സ് എ കിസിഞ്ചര്‍ ലേഡി. ആ ഡയലോഗ്. സത്യസന്ധതയുടെ മൂക്കിന്‍ററ്റത്തു ശുണ്ഠിയുള്ള സുന്ദരമുഖം.)
കുറച്ചു കഴിഞ്ഞ് വീണ്ടും..
കാളീഭക്ത കൃഷ്ണഭക്തയും ശംഭുഭക്തയുമാകുന്നു. ചുണ്ടില്‍ നാമജപം.
സമയത്തെന്തേലും കഴിച്ചു കാണുമോ എന്തോ?
ഈ ദേഷ്യത്തിനിനി എന്തൊക്കെ കാണിച്ചുകൂട്ടും.
വീണ്ടും നാമജപം.

കോപോത്തുംഗത്തീന്നു ടെന്‍ഷനോത്തുംഗത്തില്‍ കയറിക്കാണും. പാവം മൂക്കിനി എന്തു ചെയ്യുവാണോ എന്തോ? കുറ്റമേറ്റു.  ഏത്തമിടണോ, ഇംപോസിഷനെഴുതണോന്നു ക്വറി  മേഘദ്വാരാ ചെന്നപ്പോള്‍ അടുത്ത നിമിഷം മഹിഷാസുരമര്‍ദ്ധിനി ലൈനില്‍.

വല്ലോം കഴിച്ചാരുന്നോ?
(ആത്മഗതന്‍.. ബാക്കിയെല്ലാം അപ്രസക്തം. അല്ലേടീ.. എയറു പിടിച്ചു നടക്കുന്ന ഇഡിയറ്റ്)
ഉം..
എന്താ കഴിച്ചേ..
മറുപടി.
വാരിവലിച്ചു തിന്നു തടികൂട്ടാനാണോ? ഈ മനുഷ്യന്‍ എത്ര പറഞ്ഞാലും കേള്‍ക്കില്ല. വാരിവലിച്ചു തിന്നോ എനിക്കെന്താ
ലേഡിനി വീണ്ടും കോപാകുലയാകുന്നു. വെടി പൊട്ടിക്കുന്നു..
ഫോണിന്‍റെ ഇങ്ങേത്തലയ്ക്കലും വെടിപൊട്ടുന്നു. പൊട്ടിച്ചിരിയുടെ വെടി.
എന്തിനാടീ നീ ഇത്രേം പഠിച്ചേ. മുന്‍പ് പറഞ്ഞ സ്ഫടികതുല്യമായ മനസ്സുള്ള പെണ്ണിനേ കാണണോ കണ്ണാടീടെ മുന്‍പില്‍ പോയി നോക്ക്.
സോപ്പ് കൈയ്യില്‍ വെച്ചാമതി.
വെച്ചു. എന്നിട്ട് ഏത്തമിടണോ അതോ ഇമ്പോസിഷനെഴുതിയാ മതിയോ?
ലേഡിനി ചിരിക്കുന്നു.
അതൊന്നും വേണ്ടാന്നേ, ഇന്നു ബോര്‍ഡ് വെച്ചു
എവിടെ?
വാതിലില്‍.
എന്തോ ബോര്‍ഡ്?
നോ എന്‍ട്രി. സ്ത്രീവിരോധി പുറത്തു കിടന്നാ മതി.
(നീയാടീ ഭാഷാപടു. വ്യംഗം പൂര്‍ണ്ണമാകണേല്‍ സായിപ്പിന്‍റെ ഭാഷയില്‍ എന്‍ട്രി എന്നു തന്നെ ഉപയോഗിക്കണം.മുത്തുഗവ് പോലും തരാത്ത ദുഷ്ടേ! )
ക്രൂരേ കശ്മലേ, കണ്ണീനില്‍ അനീമിയ ബാധിച്ചവളേ ഇതാന്നോടീ ശിക്ഷ. സസ്പെന്‍ഷന്‍? അപ്പീലുണ്ടോ? ബ്ലാങ്കെറ്റില്ലാതെ എങ്ങനെ ഉറങ്ങുമെടീ?
ഇല്ലാന്നേ, ഇടയ്ക്കു പുറത്തു കിടന്നില്ലേ,  നിങ്ങള്‍ക്കേ അഹങ്കാരം കൂടും...
ഒറ്റയ്ക്കു കിടന്നാല്‍ ദുസ്വപ്നം കാണും,
വേറാരുമല്ല, നിങ്ങള്‍.. വേല കൈയ്യിലിരിക്കട്ടെ.

രംഗം 3.
ഏകാന്തതയുടെ അപാരതീരത്തില്‍ ഖേദപൂര്‍വ്വം ഉറങ്ങാന്‍ പോയ കണവന്‍ രാവിലെ കണ്ണു തുറന്നു നോക്കിയപ്പോള്‍ കണിയായി കഴുത്തില്‍ കൈ ചുറ്റി നെഞ്ചില്‍ മുഖമമര്‍ത്തി സുഖമായുറങ്ങുന്ന ലേഡിനി.
കുലുക്കി വിളിച്ചു,
ഇതാണോടീ ശിക്ഷ?
ദുഷ്ടനാണേലും പാവമല്ലേന്നു വിചാരിച്ചാ, ശല്യപ്പെടുത്താതേ, കുറച്ചുനേരം കൂടെ കിടക്കട്ടെ.
പഴയ താറാക്കുഞ്ഞും കോഴിക്കുഞ്ഞും കഥയിലെ കോഴിക്കുഞ്ഞിനേ പോലെ പറഞ്ഞു.
എന്നാ ഞാനും -)

ലേഡീനി തവസുപ്രഭാതം ശുഭം.


Share/Save/Bookmark

നവംബർ 15, 2009

സഹസ്രദളസംശോഭിത

Buzz This

സഹസ്രദളമെന്താണെന്ന തിരച്ചില്‍ ചെന്നവസാനിച്ചത് ത്രിപുരസുന്ദരിയിലാണ്. ത്രിപുരസുന്ദരിയിലേക്ക് തിരികെ വരുകയോ വരാതിരിക്കുകയോ ചെയ്യുന്നതിനു മുന്‍പ് അല്‍പ്പം പശ്ചാത്തലം.  പ്രപഞ്ചവും മനുഷ്യനുമെന്ന മലയാളത്തിലെ മൌലിക ചിന്താധാരയുടെ പ്രതീകങ്ങളിലൊന്നായ കൃതി കുപിതയൌവ്വനാരംഭത്തിലെഴുതിയത് കെ.വേണുവാണ്.  പ്രത്യയശാസ്ത്രപനി ബാധിക്കുന്നതിനു മുന്‍പ്. വൈരുദ്ധ്യാധിഷ്ടിത ആത്മീയവാദമോ എന്തോ സഹസ്രദളവും ആരംഭിക്കുന്നത് പ്രപഞ്ചത്തിലും മനുഷ്യനിലുമാണ്. (എക്സ്)  സഖാവ് വേണു മാപ്പു തരട്ടെ. പക്ഷെ  ബ്രഹ്മാണ്ഡം എന്നു പറയപ്പെടുന്ന പ്രപഞ്ചവും പിണ്ഡാണ്ഡം എന്നു പറയപ്പെടുന്ന മനുഷ്യനും തമ്മില്‍ വേര്‍തിരിവില്ലെന്നതിലാണ് സഹസ്രദളപത്മത്തിലേക്കുള്ള താക്കോല്‍. ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും കോഴിയും മുട്ടയും പോലെയാണ്. അണ്ഡരൂപത്തിനു വേണമെങ്കില്‍ വിരിയാം. പൂര്‍ണ്ണതയിലെത്തി കോഴിയാകാം. പൂര്‍ണ്ണതയില്ലെത്തിയാലുമില്ലെങ്കിലും  വിരിഞ്ഞാലുമില്ലെങ്കിലും അനവധി അണ്ഡങ്ങള്‍ക്കു രൂപം നല്‍കാം. പക്ഷെ അതുതാനല്ലിയോ ഇതു എന്നു വര്‍ണ്ണ്യത്തിലാശങ്ക തെളിയുന്നത് വ്യക്തിനിഷ്ടമാണ്. സെലക്ട‍ഡ് ഫ്യൂവിനു മാത്രം.

ബ്രഹ്മാണ്ഡത്തിനും പിണ്ഡാണ്ഡത്തിനും പൊതുവായുള്ളത് പഞ്ചവിംശതിതത്വങ്ങളാകുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളും പിന്നെ പഞ്ചേന്ദ്രിയങ്ങളും അവയിലൂടെ അനുഭവിക്കുന്ന ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം തുടങ്ങിയവയും വാക്, പാണി, പാദം, വായു, ഉപസ്ഥം, മനസ്സ്, മായ, ശുദ്ധവിദ്യ, മഹേശ്വരന്‍, സദാശിവന്‍ എന്നിവയുമാണ് പഞ്ചവിംശതിതത്വങ്ങള്‍. പിണ്ഡാണ്ഡം അഥവാ മനുഷ്യജീവന്‍ കുടികൊള്ളുന്ന ശക്തിയെ കുണ്ഡലീനിയെന്നും സമഷ്ടിയുടെ ജീവന്‍റെ ശക്തിക്ക് ത്രിപുരസുന്ദരിയെന്നും പറയുന്നു. സഹസ്രദളപത്മത്തിലേക്ക് തിരികെ വരുന്നതിന് ത്രിപുരസുന്ദരിയുമായി പ്രപഞ്ചവീക്ഷണത്തിന്‍റെ പൂര്‍ണ്ണരൂപമായ  സമഷ്ടിയുമായി തല്‍ക്കാലം വിടചൊല്ലുന്നു. ദൈവം എന്ന എന്ന സമഷ്ടിയെ സാധാരണക്കാരന് ഉള്‍ക്കൊള്ളാനാകാത്തതു കൊണ്ടാണ് അവന്‍ രൂപങ്ങളിലേക്കും രൂപകങ്ങളിലേക്കും തിരിയുന്നതും അതിനെ ആശ്രയിക്കുന്നതും.  തിരികെ കുണ്ഡലീനിയിലേക്ക്. പരസ്യത്തിലും വെബ്സൈറ്റുകളിലും ഇക്കിളി ഉത്പന്നങ്ങളിലും ഉപയോഗവും ദുരുപയോഗവും ചെയ്യപ്പെട്ട വാക്കിന്‍റെ അര്‍ത്ഥത്തിലേക്ക്.


എന്താണ് കുണ്ഡലീനി? മനുഷ്യശരീരത്തിലെ എല്ലാ പ്രവര്‍ത്തിയുടെയും കാരണം കുണ്ഡലീനിയാണ്. പ്രാണനെ നിലനിര്‍ത്തുന്നതും ശ്വാസകോശം തുടിക്കുന്നതും ശരീരത്തിന്‍റെ അംഗോപാംഗങ്ങളില്‍ ജീവനായി തെളിയുന്നതും  കുണ്ഡലീനിയുടെ അംശമാണ്. സമഷ്ടിയുടെ അംശമാണ് പിണ്ഡാംഡത്തിലും തെളിയുന്നതും.  കുണ്ഡലീനി ശക്തി വിടവാങ്ങുമ്പോള്‍ പ്രാണന്‍ വെടിയുകയും ശരീരം നിശ്ചേതനമാകുകയും ചെയ്യുന്നു. അടുത്ത കീവേര്‍ഡ് ശരീരമാണ്. എന്താണ് ശരീരം? 72000 ഉപനാഡികള്‍,  ഒമ്പത് നാഡികള്‍, ഷഡാധാരം അഥവാ നാഡീപടലം എന്ന കോഓര്‍ഡിനേഷന്‍ സംവിധാനം,  മസ്കിഷം എന്നിവയാണ് ശരീരം എന്നു വിവക്ഷിക്കപ്പെടുന്നത്. ശരീരത്തിന്‍റെ ശക്തിസ്ത്രോതസ്സ്  മൂന്നായി തിരിച്ചിരിക്കുന്നു. മൂന്നിനും ആധാരം കുണ്ഡലീനിയാണ്.  ഇച്ഛ, ജ്ഞാനം, ക്രിയ. ഭക്ഷണം എന്ന ഇന്‍പുട്ട് ഊര്‍ജ്ജം എന്ന ഔട്ട് പുട്ടാക്കുന്നതും രക്തം, മാസം, വിസര്‍ജ്ജ്യം എന്നിവയാക്കുന്നതും ക്രിയയും, ജ്‍ഞാനേന്ദ്രിയങ്ങളിലൂടെ സ്വായത്തമാക്കുന്നത് ജ്ഞാനവും, കര്‍മ്മത്തെയും ലൌകിക ജീവിതത്തെയും ബന്ധിപ്പിക്കുന്നത് പ്രപഞ്ചജ്ഞാനവും, ദേഹത്തെയും പ്രപഞ്ചത്തെയും ബന്ധിപ്പിക്കുന്നത് ദേഹപ്രപഞ്ചശക്തിയുമാകുന്നു. ദേഹപ്രപഞ്ചശക്തിയുടെ ഉദാഹരണമൊന്ന് ബൈബിളിലുണ്ട്. അലയാഴിയുടെ മുകളിലൂടെ മറുകര കടന്ന യേശു.

മൂലാധാരമായ വ മുതല്‍ സ വരെയുള്ള നാല് അക്ഷരങ്ങള്‍ ഗുദലിംഗമദ്ധ്യവും സ്വാധിഷ്ഠാനമായ ബ മുതല്‍ ല വരെ ആറക്ഷരങ്ങള്‍ ലിംഗസ്ഥാനവും മണിപൂരമായവ ഡ മുതല്‍ ഫ വരെ പത്തക്ഷരങ്ങള്‍ നാഭിയും, അനാഹതമായ ക മുതല്‍ ഠ വരെ പന്ത്രണ്ടക്ഷരങ്ങള്‍ ഹൃദയവും,   അ മുതല്‍ അഃ വരെയുള്ള സ്വരങ്ങളടങ്ങിയ വിശുദ്ധിയായ പതിനാറുദളങ്ങളും,   ഹ, ക്ഷ എന്നീ രണ്ടക്ഷരങ്ങള്‍  സ്ഥിതി ചെയ്യുന്ന ആജ്ഞയെന്ന ദളവും ചേര്‍ന്നതാണ് ഷഡാധാരപത്മം.ഷഡാധാരം സംയോജിക്കപ്പെട്ടിരിക്കുന്നത് സുക്ഷുമ്നയിലാണ്. നട്ടെല്ലിനു ഇടതും വലതുമുള്ള ഇഡ, പിംഗല എന്നീ നാഡികളടക്കം  മൂലാധാരം മുതല്‍ ബ്രഹ്മരന്ധ്രം വ്യാപിച്ചുകിടക്കുന്നതാണ് സുക്ഷുമ്ന. സുക്ഷുമ്ന അവസാനിക്കുന്ന ഭാഗത്താണ്, ഗുഹ്യസിരാഗ്രന്ഥിയുടെ അഗ്രത്തിലുള്ള ,  സര്‍പ്പാകാരമായ മൂന്നു ചുറ്റായി കിടക്കുന്ന കുണ്ഡലീനി സ്ഥിതി ചെയ്യുന്ന ത്രികോണരൂപമായ  മൂലാധാരം. ധ്യാനവും പ്രാര്‍ത്ഥനയും അനുഷ്ടാനങ്ങളും ഉണര്‍ത്തുന്നത് ഈ ശക്തിയേയാണ്. പരിണാമത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ നഷ്ടപ്പെട്ടുപോയ വാലിന്‍റെ അഗ്രഭാഗം.  ആധുനിക വൈദ്യശാസ്ത്രം ഏറ്റവും സെന്‍സിറ്റീവായി കാണുന്ന ക്ഷതങ്ങളേതും അനുവദനീയമല്ലാത്ത സ്ഥാനമാണിത്. മെഡുല ഒബ്ലാംഗേറ്റ പോലെ ചെറിയൊരു ക്ഷതം പോലും വലിയ പരിണതഫലങ്ങള്‍ക്കു കാരണമാകുന്ന സ്ഥലം.


ഇതിനെല്ലാം ഉപരിയായി ശിരസ്സില്‍ സ്ഥിതി ചെയ്യുന്നതാണ് സഹസ്രദളകമലം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ആയിരം ദളങ്ങളുള്ള സര്‍വ്വാക്ഷരസമ്പന്നമായ സഹസ്രദളകമലം അഥവാ മസ്കിഷം. മെഡുല ഒബ്ലാംഗേറ്റയാവണം ഇത്. മൂര്‍ദ്ധാവിന്‍റെ പിന്‍ഭാഗമെന്നു വിവക്ഷിക്കപ്പെടുന്നത് മറ്റൊന്നാവാന്‍ തരമില്ല.ഇന്ദിയങ്ങളില്‍ നിന്നുള്ള നാഡികളുടെ സംയോജനസ്ഥാനം. ചിന്തകളുടെയും പ്രവര്‍ത്തികളുടെയും വിഭവകേന്ദ്രം. ഇതു തന്നെയാണ് പിണ്ഡാണം എന്ന മനുഷ്യന്‍ എന്ന വ്യക്തിഗത ഏകകത്തിന്‍റെ ആധാരം. സഹസ്രദളകമലം. സഹസ്രദളപദ്മത്തിന്‍റെ മദ്ധ്യകേന്ദ്രം ബിന്ദുസ്ഥാനം. ‍സെല്‍ഫ് സെന്‍ട്രിക്കായതും വ്യക്തിനിഷ്ടവുമായ ചിന്തകളുടെ ഉദ്ഭവകേന്ദ്രം. എന്തോ ഏതോ സഹസ്രദളത്തിനു ചുവടുപറ്റിയുള്ള യാത്ര ചെന്നവസാനിച്ചത് മറ്റൊരു വാചകത്തിലാണ്.  



മനസ്സ്, അഞ്ചു ജ്ഞാനേന്ദ്രിയങ്ങളുടെയും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളുടെയും ഉപലക്ഷണമാകുന്നു.


ആലോചിച്ചാല്‍ ഒരന്തവും ആലോചിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ലാത്ത ജ്ഞാനസമൃദ്ധിയാണ് പൌരാണികമായ അറിവുകള്‍. തലയ്ക്കു വ്യായാമം കൊടുക്കാന്‍ പറ്റിയ വിഭവം. വ്യായാമത്തിനൊടുവില്‍ ബൌദ്ധികമായ മസില്‍ വളര്‍ന്നെന്നു സ്വയം സന്തോഷിക്കുമ്പോഴും ശാശ്വതമായ സത്യം, മാസത്തിന്‍റെ ആദ്യദിവസങ്ങളില്‍ മീറ്റു ചെയ്യേണ്ട ബില്ലുകളും ദിവസാവസാനത്തെ നീക്കിയിരിപ്പുമാണ്.  സോ, ബാക് ടു റിയല്‍ ലൈഫ്. അതിലേക്ക് വരുന്നതിനു മുന്‍പ് ഒരു വാക്കിന്‍റെ പൊരുള്‍ തേടിയെന്ന സന്തോഷം.


---
അവലംബം- സൌന്ദര്യലഹരി ഭാഷാഭാക്‍ഷ്യം


---------------------
ജ്ഞാനപ്രകടനമല്ല. ആധികാരിക ലേഖനവും. മറിച്ച് പഠന ശ്രമം. ഒരു പഠന ക്കുറിപ്പുകള്‍. എഴുതിപ്പഠിക്കുന്ന എളുപ്പവഴിയിലെ ക്രിയ.  ഒരുപാടു തെറ്റുകള്‍ കാണാം. വിഷയം  എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. ക്ഷമിക്കുക. അറിവുള്ളവര്‍ വസ്തുതാപരമായ  തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക, തിരുത്തുക.


Share/Save/Bookmark

നവംബർ 13, 2009

ജാലകക്കാഴ്ചകള്‍

Buzz This

അടഞ്ഞ ജനലിലൂടെ പുറത്ത് മഴയുടെ ശബ്ദം. തുറന്നപ്പോള്‍ പാറിവീഴുന്ന ഈറന്‍ തുള്ളികള്‍. ജനലഴികളിലും നനവ്. ഓരോ ജാലകവും തുറക്കുന്നത് ഓരോ കാഴ്ചകളിലേക്കാണ്. അടയുന്നത് ഏകാന്തതയിലേക്കും. ഏതു വ്യക്തിജീവിതത്തിലും ഈ ജനലുണ്ടാകും. പുറം ലോകത്തേക്കു തുറക്കുന്നതോ അവനവനിലേക്ക് അടയുന്നതോ ആയ ഒരു ജനല്‍. ബാല്യത്തിലും കൊമാരത്തിലും യൌവ്വനത്തിലുമെല്ലാം. വെയിലിലേക്കും മഴയിലേക്കും പ്രഭാതത്തിലേക്കും പ്രദോഷത്തിലേക്കുമെല്ലാം തുറക്കുന്ന ജനല്‍. ശുഭവാര്‍ത്തകളിലേക്കും അശുഭവാര്‍ത്തകളിലേക്കും തുറക്കുന്ന ഒന്ന്. പോസ്റ്റുമാന്‍റെയും സന്ദര്‍ശകന്‍റെയും പിരിവുകാരന്‍റെയും മുഖം ആദ്യം തെളിയുന്നത് ഈ ജാലകത്തിലാണ്.

ജനലും മഴയും തമ്മിലുള്ള ബന്ധമെന്താണ്? ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ കുറെ ചിത്രകഥകള്‍ക്കും ക്രയോണുകള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമിടയ്ക്ക് ഉമ്മറത്തെ ഇരുമ്പഴിയിലൂടെ മഴയും വെയിലും രാത്രിയും പകലും കണ്ടതോര്‍മ്മയുണ്ട്. മഴയില്‍ ചുവന്ന ഞണ്ടുകള്‍ പുറകോട്ട് നൃത്തം വെച്ച് പോകുന്നതും. ആ ജനല്‍ പുറംലോകത്തേക്കു തുറന്നതായിരുന്നോ അതോ ബാല്യം എന്ന തടവുശിക്ഷയായിരുന്നോ, അറിയില്ല. ബാല്യത്തിന്‍റെ ശിഷ്ടപാദത്തിലെ ജനലുകള്‍ ഒരു പെയിന്‍റിങ്ങില്‍ കണ്ട പോലെ നരച്ച കെട്ടിടങ്ങളിലേക്കു തുറക്കുന്നതായിരുന്നു. ജനലിനപ്പുറം വിരസമായി പെയ്തു വീഴുന്ന വെയില്‍. ഏകാകിയുടെ തേങ്ങല്‍ പോലെ മഴ.  നാട്ടിലെ പച്ചപ്പിലേക്കുള്ള ട്രയിന്‍ യാത്രയില്‍ പിന്നോക്കം ഓടി മറയുന്ന കാഴ്ചകള്‍ നിറഞ്ഞ ജനല്‍. അപരിചിതമായ ദേശങ്ങള്‍, ആളുകള്‍, കാഴ്ചകള്‍. പഴയ കുടുംബ  വീടിന്‍റെ മര അഴികളിലൂടെ  മണ്ണ് കുത്തിയൊലിച്ചൊഴുകുന്ന മഴവെള്ളം, കാഴ്ചയില്‍ പച്ചപ്പിന്‍റെ തണുപ്പ്. ദേഹത്തു നിന്നും വെള്ളം കുടഞ്ഞു കളയുന്ന കോഴികളും വളര്‍ത്തുനായും. നോക്കെത്താ ദൂരത്ത് പാടത്തിനു മുകളില്‍ പെയ്തു നിറയുന്ന മഴ. ജനലിനു പുറത്ത് ഉദിച്ചുയരുകയും അസ്തമിക്കുകയും ചെയ്യുന്ന പകലിരവും ജീവിതങ്ങളും. ജാലകത്തിനു പുറത്ത് ലൌബേര്‍ഡ്സ് കൂടുകൂട്ടിയ ബോഗന്‍വില്ലച്ചെടികള്‍. ജനലിലൂടെ എത്തിനോക്കുന്ന, പല ശബ്ദങ്ങളുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്ന  ഡോഗുഡു എന്ന ശുനകന്‍.മറ്റൊരോര്‍മ്മയില്‍ ജനലിലൂടെ കാണുന്ന മഴ പ്രണയമായിരുന്നു. വേദനകളില്‍ നിന്നു രക്ഷപെടാനുള്ള സ്വപ്നാടനം. പുഴയില്‍ പെയ്തു നിറയുന്ന മഴ. മഴത്തുള്ളികള്‍ രചിക്കുന്ന വൃത്ത ചിത്രങ്ങള്‍. ജനലില്‍ കൂടി പാതിരായ്ക്കു നീണ്ടു വന്ന് ശരീരത്തിന്‍റെ നിമ്നോന്നതങ്ങളില്‍ പരതിയ ഒരു കൈ ഭീതിദമായ ഓര്‍മ്മയും.

അടമഴയത്ത് ടാര്‍പോളിന്‍ പാറിപ്പറക്കുന്ന ബസ്സിന്‍റെ ജനല്‍. നനവ് കുമിളിച്ചു നില്‍ക്കുന്ന ടാര്‍പ്പോളിന്‍. സ്കൂള്‍ ജനലിലൂടെ പെയ്യുന്ന മഴയും. സന്തോഷത്തിന്‍റെ മേമ്പോടി വിതറി ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യങ്ങളും. ക്ലാസ്സ് മുറികള്‍ ശത്രുലിസ്റ്റില്‍ പെട്ടതുകൊണ്ടാവും കോളേജിലെ ജനലുകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതേയില്ല. വല്ലപ്പോഴും എടുത്തു ചാടുന്നതിനും കൂവിവിളിക്കുന്നതിനും തല അകത്തേക്കിട്ടു നോക്കുന്നതിനും മാത്രമുള്ള ജനലുകള്‍. കാമുകന്‍മാരും കാമുകിമാരും ജനലിനു പുറത്ത് നോക്കെത്തുന്നതും മണിയടിക്കുന്നതും കാത്ത് കാവല്‍ നിന്നിരുന്നു.

തൊഴില്‍ ജീവിതത്തിലെ ആദ്യപാദങ്ങളില്‍ ലോഡ്ജിലെ ജനലിനു പുറത്ത് താഴെയുള്ള ഹോട്ടലില്‍ നിന്നുയരുന്ന പുക. സിഗരറ്റു പായ്ക്കറ്റും തുണ്ടുകടലാസുകളും നിറഞ്ഞു കിടക്കുന്ന മേല്‍ക്കൂര. മേല്‍ക്കൂരയുടെ അതിരിനപ്പുറം റോഡിലൂടെ പോകുന്നവരുടെ തലകള്‍. ജനലുകളില്ലാത്ത ലോഡ്ജ് മുറികള്‍  പിന്നെ താഴ്ന്ന മേല്‍ക്കൂരയുള്ള തെരുവിന്‍റെ ബഹളങ്ങളിലേക്കു തുറക്കുന്ന ജനല്‍. ജനലിനു പുറത്ത് സമ്പത്തിലും ദാരിദ്യത്തിലും സന്താപത്തിലും സന്തോഷത്തിലും തുടിക്കുന്ന ജീവിതങ്ങള്‍. ഇണചേരുന്ന നിഴലുകളിലേക്കു തുറക്കുന്ന ജനലുകള്‍.  ബര്‍സാത്തിയുടെ വിശാലമായ ടെറസ്സിലെ വെയില്‍. തീ പോലെ ചൂടും ഐസ് പോലെ തണുപ്പും പൊടിക്കാറ്റും അകത്തേക്കു നെയ്തുവീഴുന്ന, വെട്ടുകിളിപ്പറ്റം പോലെ കൊതുകുകള്‍ പറന്നുകയറുന്ന ജനലുകള്‍. സമാന്തരമായി മറ്റൊരു ജീവിതം  മാറിമാറിപ്പാര്‍ത്ത ഹോസ്റ്റല്‍ മുറികളിലും ജനലുകളുണ്ടായിരിക്കണം. ഏകാന്തതയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ജനലുകള്‍. ഒരു സ്വപ്നം ഒളിച്ചു നോക്കുന്ന നിദ്രയുടെ ജനലുകള്‍. ജാലകങ്ങളില്‍ കൂടെ കാണുന്ന പ്രണയം, പാരവശ്യം.

ജനലുകള്‍ എന്നും ജീവിത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പണത്തിനും പദവിക്കും തൊഴിലിനുമനുസരിച്ച് ജാലകക്കാഴ്ചകള്‍ മാത്രം മാറുന്നു. തെരുവിലെ ബഹളങ്ങളിലേക്കും പൊടിപടലങ്ങളിലേക്കും തുറന്ന ജനലുകള്‍ സമൃദ്ധിയിലേക്കും പച്ചപ്പുല്‍ത്തകിടികളിലേക്കും തുറക്കുന്നു. ആറു ശുനകന്‍മാരിലേക്കും ആറു കാറുകളിലേക്കും രണ്ടു ഭാര്യമാരുടെ നിഴല്‍ യുദ്ധങ്ങളിലേക്കും തുറക്കുന്നു. അല്ലെങ്കില്‍ ഇസ്തിരിയിട്ട പോലെ തേച്ച് ചന്തം വരുത്തിയ പതിഞ്ഞ ഭാഷയില്‍ സംസാരിക്കുന്ന ജീവിതങ്ങളിലേക്ക്. ജനലുകളുടെ നിര്‍വചനം മാറി വിന്‍ഡ്ഷീല്‍ഡുകളാകുന്നു. മഴത്തുള്ളികളും പുറംലോകവും തത്തിക്കളിക്കുന്ന വിന്‍ഡ്ഷീല്‍ഡുകള്‍. പുറംലോകത്തില്‍ നിന്നുള്ള ചെറുത്തു നില്‍പ്പ്.  എസിമുറികളിലെ കര്‍ട്ടനുകള്‍ക്കു പുറകില്‍ ഒളിഞ്ഞിരിക്കുന്ന ജനലുകളാകുന്നു. പുറംകാഴ്ചകള്‍ തരാത്ത ട്രയിന്‍ബോഗികളിലെ ജനലും.ആകാശനീലിമയും വെള്ളിമേഘങ്ങളും മാത്രം തെളിയുന്ന ആകാശവീക്ഷണം തരുന്ന ചെറുജനലുകള്‍. കടലിലേക്കും കടല്‍നീലിമ (പച്ച?)യിലേക്കും തുറക്കുന്ന ക്യാബിന്‍ ജനലുകള്‍. ജീവിതത്തോടൊപ്പം ജനലുകളും വളരുകയും തളരുകയും ചെയ്യുന്നു.

ജനലുകള്‍ ചാറ്റ് റൂമുകളിലേക്കും ഐഎം വിന്‍ഡോകളിലേക്കും വളരുന്നു. മറ്റൊരു ജീവിതം അവിടെ തുടിക്കുന്നു. സ്പന്ദിക്കുന്നു. ടിവി മറ്റൊരു ലോകജാലകമായി സ്വീകരണമുറിയിലും കിടപ്പു മുറിയിലും സ്ഥാനം പിടിച്ചിരിക്കുന്നു. അടുക്കള ജനല്‍ പുക പുറത്തുപോകാനുള്ള ഉപാധി മാത്രമായിരിക്കുന്നു. അടുക്കളത്തോട്ടങ്ങളിലേക്കും കരയുന്ന പൈക്കിടാങ്ങളിലേക്കും കിണറുകളിലേക്കും തുറക്കാത്ത അടുക്കള ജനലുകള്‍. പകരം ഉയരങ്ങളിലേക്കു തുറക്കുന്നു.

കണ്ടതും കാണാനിരിക്കുന്നതുമായ ജാലകക്കാഴ്ചകള്‍ക്ക് വിരാമമിടുന്നതിനു മുന്‍പ്, ഒരു ഭിത്തിയുടെ അകലത്തില്‍ മറ്റൊരു ജാലകക്കാഴ്ച.
പുറത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ കിണുങ്ങുന്ന നാലു വയസ്സുകാരി.
അമ്മാ ഇറ്റ്സ് റെയിനിങ്ങ് ഔട്സൈഡ്. കം കം.
കര്‍ട്ടണ്‍ വകഞ്ഞു മാറ്റി ജനലിലൂടെ ആകാംക്ഷയോടെ മഴ കാണുന്ന അമ്മയും കുഞ്ഞും.
മഴ കാണുമ്പോള്‍ അമ്മയുടെ ആത്മഗതം.
വെന്‍ അമ്മ വാസ് യംഗ്...ഐ വാസ് ഇന്‍ കേരള, നമ്മുടെ നാട്.........
.................
അല്‍പ്പസമയത്തിനു ശേഷം വീണ്ടും കുഞ്ഞു ശബ്ദം.
വില്‍ യൂ ടേക് മീ ദേര്‍...
നിശബ്ദതയ്ക്കു ശേഷം
യെസ് ബേബി. ഐ വില്‍ ടേക് യൂ ദേര്‍ ഒണ്‍സ്

ആ അമ്മയും ജാലകക്കാഴ്ചകള്‍ കൊതിച്ചിരിക്കുമോ?


Share/Save/Bookmark

നവംബർ 11, 2009

പ്രതികരണത്തിന്‍റെ തീവ്രവാദം

Buzz This

വാലന്‍റൈന്‍ ദിനത്തിനെതിരെയുള്ള പ്രതിഷേധം തീവ്രവാദമാണ്. പബ്ബില്‍ പോകുന്ന സ്ത്രീകള്‍ക്കെതിരെയുള്ളതും.  മതമൌലിക തീവ്രവാദം. തീവ്രവാദി സ്വന്തം വിശ്വാസപ്രമാണങ്ങള്‍ മാത്രം ശരിയെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പ്രസക്തിയില്ലെന്നും ശഠിക്കുന്ന, സ്വന്തം വിശ്വാസത്തിന്‍റെ മഞ്ഞക്കണ്ണടയില്‍ കൂടെ കാര്യങ്ങള്‍ കാണുന്ന വ്യക്തിയാണ്. അവിടെ മറ്റുള്ളവര്‍ക്ക് പ്രസക്തിയില്ല. വ്യക്തി സ്വാതന്ത്ര്യമില്ല. വീക്ഷണങ്ങളില്ല. അനുഭവങ്ങളില്ല. നിരീക്ഷണമില്ല, ഹാസ്യം പോലും പാടില്ല. അതുണ്ടാകാനും പാടില്ല. ശാന്തം പാപം. അത്തരമൊരു ചിന്തസരണിയില്‍ അടിവസ്ത്രം പുറത്തു കാണുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പൈപ്പും ട്യൂബും പാടില്ല. തൈ ലെംങ്തും ലോ വേസ്റ്റും പാടില്ല. പരിചയമുള്ള ജീവിതരീതിയോ ഇഷ്ടപ്പെടുന്ന ജീവിതരീതിയോ പാടില്ല. നൂറ്റാണ്ടുകളായുള്ള ചിട്ടവട്ടങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും തന്നെ പാടില്ല. താലിബാന്‍റെ ആര്‍ഷഭാരത പതിപ്പ്. ചാട്ടവാറടിയും കല്ലെറിഞ്ഞു കൊല്ലലും ഇല്ലെന്ന വ്യത്യാസം മാത്രം. പകരം അപമാനം. വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള പുറത്തു പറയാന്‍ മടിക്കുന്ന അപമാനം. സഹജീവികളും നേരിടാന്‍ മടിക്കുന്ന യാഥാര്‍ത്ഥ്യം. സമൂഹവും സഹജീവികളും കാരണം അടിച്ചമര്‍ത്തപ്പെടുന്ന ഇരകളുടെ വികാരവും പ്രതിഷേധവും. പകരം തിരികൊളുത്തപ്പെടുന്നത് ബാഹ്യപ്രതിഷേധങ്ങള്‍ക്കാണ്. അടിസ്ഥാനപരമായി പ്രതികരണം എന്ന വിഭാഗത്തില്‍ പെടുന്നവയ്ക്ക്.

പ്രതികരണങ്ങളും പലവിധം. തലച്ചോറിലെ കോശങ്ങളിലേക്ക് ഇന്‍പുട്ടു വരുമ്പോള്‍ ഉണ്ടാകുന്ന ഒന്നാണ് റിഫ്ലക്സ് ആക്ഷന്‍.പ്രതികരണവും ഒരു റിഫ്ലക്സ് ആക്ഷനാണ്. ഇസ്തിരിയിടുമ്പോള്‍ തീ പൊള്ളിയാല്‍ ചേരിയില്‍ താമസിക്കുന്നവന്‍റെ പ്രതികരണം അസഭ്യനിബിഡമായിരിക്കും. അവനുച്ചരിക്കുന്ന വാക്കുകളും. അതു തന്നെ ജന്മസിദ്ധവും ആര്‍ജ്ജിതവുമായ സംസ്കാരമുള്ളവനു സംഭവിച്ചാല്‍ പ്രതികരണം വ്യത്യസ്തമായിരിക്കും. സമാന സാഹചര്യത്തില്‍ കൊച്ചുകുട്ടിയുടെ പ്രതികരണവും മുതിര്‍ന്നയാളുടെ പ്രതികരണവും വ്യത്യസ്തമായിരിക്കും. നിരാഹാരം സമരമുറയാകുന്നതും ഉപ്പു സത്യാഗ്രഹം നിരാസമാകുന്നതും ബ്രാ ബഹിഷ്കരണം പ്രതിഷേധമാകുന്നതും ഒരു പോലെ സ്വാഭാവികമാണ്. അതിന്‍റെ ഉപജ്ഞാതാക്കള്‍ക്ക്. കണ്ടു നില്‍ക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും സ്വന്തം മാനസിക സംസ്കാരത്തിനനുസരിച്ച് സ്വായത്തമാക്കാവുന്നതോ നിരസിക്കാവുന്നതോ തിരസ്കരിക്കാവുന്നതോ ആയ ഒന്ന്. നിരാഹാരം ഗാന്ധിക്കു മാത്രം വിഭാവനം ചെയ്യാവുന്ന ഒന്നും ബസ്സിനു കല്ലെറിയുന്നത് ഏത് അക്രമാസക്ത ആള്‍ക്കൂട്ടത്തിനും ചെയ്യാവുന്ന ഒന്നുമാകുമ്പോള്‍ പ്രതിഷേധവും അതിന്‍റെ വഴികളും ആത്മപ്രകടനമാണ്. വസ്തുനിഷ്ഠമായും വ്യക്തിനിഷ്ടം.

പ്രതിഷേധത്തിനു അക്രമത്തിന്‍റെ രൂപം വരുമ്പോള്‍ അതിന്‍റെ ധാര്‍മ്മികത നഷ്ടപ്പെടുന്നു. അടിസ്ഥാന കാരണത്തിനു മൂല്യച്യുതി സംഭവിക്കുന്നു. കാരണത്തിന്‍റെ ധാര്‍മ്മികാടിത്തറയുടെ വിലയിടിയുന്നു, മൂല്യശോഷണം സംഭവിക്കുന്നു. അത്തരം മൂല്യശോഷണത്തെച്ചൊല്ലി സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഗാന്ധിയുടെ ഖേദപ്രകടനങ്ങളുണ്ട്. ആദര്‍ശനിരത മോബിന്‍റെ മനഃശാസ്ത്രത്തിനു വഴിമാറുമ്പോള്‍ പ്രതിഷേധത്തോടും പ്രതിഷേധങ്ങളുയരുന്നു. ബാലവേലയും ഡിക്ടേറ്റര്‍ഷിപ്പും എക്സ്ട്രീമുകളും കാരണം അപ്രസക്തമായ ഒന്നാണ് ലങ്കയിലെ തമിഴ് ദേശീയത. അടിസ്ഥാനകാരണത്തില്‍ നിന്നും അപക്വമായതും എടുത്തു ചാടിയുള്ളതുമായ പ്രതികരണങ്ങളിലൂടെ വഴിതിരിഞ്ഞതുകൊണ്ടു ചരിത്രത്താളുകളില്‍ അസ്തമിച്ച മൂല്യങ്ങള്‍. ഒരു ദേശീയതയുടെ അന്ത്യത്തില്‍ അവസാനിച്ച പ്രതികരണങ്ങള്‍. ജനശ്രദ്ധയുടെ വെള്ളിവെളിച്ചത്തില്‍ തെളിഞ്ഞുനിന്നസ്തമിച്ച ഒന്ന്. തിരികെ വലന്‍റൈന്‍ ദിനത്തിലേക്കും പബ്ബിലേക്കും.

പ്രതിഷേധം അപക്വമാകുമ്പോള്‍ സംഭവിക്കുന്നതെന്താണ്? അപക്വ പ്രതികരണവും ആദ്യ ഖണ്ഡികയിലെ തീവ്രവാദമാണ്. മറ്റുള്ളവര്‍ക്ക്, അവരുടെ വീഷണങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും അനുഭവത്തിനും  പ്രസക്തിയില്ലാത്ത തീവ്രവാദം. അക്രമത്തിന്‍റെയും അപമാനത്തിന്‍റെയും ശരീരത്തിലേക്കുള്ള കടന്നു കയറ്റത്തിന്‍റെയും രൂപമില്ലെന്നു മാത്രം. പകരം അത് ഒരു മനോനിലയെ നിര്‍വചിക്കുന്നു, വ്യാപിപ്പിക്കുന്നു. ഏതു തീവ്രവിശ്വാസത്തിന്‍റെയും മനോനിലകള്‍ ആവേശത്താലും യുക്തിരാഹിത്യത്താലും നിര്‍വചിക്കപ്പെട്ടതാണ്. ആ യുക്തിരാഹിത്യത്തെ പ്രകോപിപ്പിക്കുന്നു.എരിതീയില്‍ എണ്ണയൊഴിക്കുന്നു.വിദുരത്തിരിക്കുന്നവരുടെ അപക്വപ്രതിഷേധത്തിനു സമീപസ്ഥരായവര്‍ വിലകൊടുക്കുന്നു. ഡെല്‍ഹിയിലെയും ബോംബെയിലേയും മാലുകളില്‍ തിരക്കേറുന്നു. കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യപ്പെടുന്നു. തീവ്രവാദം എന്ന തെറ്റായ മനോനിലയിലെ യുക്തിരാഹിത്യവും ആവേശവും കൂടുതല്‍ ആളിക്കത്തിക്കുന്നതിനു മാത്രം. പ്രതിഷേധക്കാരെ പോലെ തന്നെ അക്രമികളും ലൈംലൈറ്റിഷ്ടപ്പെടുന്നതു കൊണ്ട് അത് കൂടുതലാളുകളിലേക്ക് കാട്ടുതീ പോലെ പകരുന്നു. അക്രമത്തിന്‍റെ പക്ഷത്ത് ആളുകൂടുന്നു. അപക്വപ്രതിഷേധങ്ങളുടെ അസംബന്ധജഡിലമായ ആവേശവും അപമാനസ്വഭാവവും മറുപുറത്തും അസംബന്ധജഡിലമായ ആവേശവും പകയും സൃഷ്ടിക്കുന്നു. അത്തരം പ്രതിഷേധങ്ങള്‍ കൊണ്ട് ആകെയുണ്ടാകുന്ന ഗുണം അക്രമികളുടെ എണ്ണത്തിലും ഇരകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുവെന്നത് മാത്രം. ദൂരങ്ങളിലിരുന്നു പ്രതികരിച്ചവര്‍ അടുത്തുള്ളവരുടെ വിലാപത്തിനു കാരണമാകുന്നു. കണ്ണീരിനും.


Share/Save/Bookmark

നവംബർ 10, 2009

ചതിയും വഞ്ചനയും നിറഞ്ഞ ലോകം

Buzz This

കഥയുണ്ടോന്നു ചോദിച്ചാല്‍ ഇല്ലെങ്കിലും സംഭവം കഥാപാത്രമായിരുന്നു. പല കഥകളും ആ പേരില്‍ പലരാല്‍ രചിക്കപ്പെട്ടിട്ടുണ്ട്. കാതലന്‍ ഇറങ്ങിയ സമയത്ത് പ്രഭുദേവയെ അനുകരിച്ച് ഇടതുകാലില്‍ കറുപ്പും വലതുകാലില്‍ വെളുപ്പും നിറമുള്ള പാന്‍റിട്ടു നടന്നവനാണ്. രണ്ടു ദിവസം ജിമ്മില്‍ പോയി മൂന്നാം ദിവസം കക്ഷത്തു കമ്പുകുത്തി നടന്നവനും. പ്രസ്ഥാനങ്ങളുടെ ജീവിതത്തിലെ ഉത്തമസാധാരണ ഘടകങ്ങളെല്ലാം ആ ജീവിതത്തിലും യഥേഷ്ടം.  ലൈം ലൈറ്റില്‍ നിന്നേ തീരൂവെന്ന പിടിവാശി കഥാപാത്രത്തിന്‍റെ കൂടപ്പിറപ്പായിരുന്നു. ഒരു സാംക്രമിക രോഗം പോലെ ഏതു ക്യാമറ ഫോക്കസ്സിലും ഏതു സദസ്സിലും കഥാപാത്രമുണ്ടാകുമായിരുന്നു. രണ്ടു പേരു കൂടിനിന്നു സംസാരിക്കുന്നതു കണ്ടാല്‍ ഉടന്‍ അവിടെ തലയിട്ട് രണ്ടഭിപ്രായം പറഞ്ഞില്ലെങ്കില്‍ കഥാപാത്രത്തിനു വീര്‍പ്പുമുട്ടും. നാലൂപേരു കൂടി നില്‍ക്കുന്നിടത്ത് നാലു വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ വിറയല്‍ വരും. 

ഏതു സദസ്സിലും എവിടെയും മധ്യസ്ഥനായിരിക്കുന്നവന്‍ പണം ചിലവാക്കേണ്ടി വന്നാല്‍ പിന്നോക്കം മറിയും. ബധിരനും മൂകനുമാകും. കൊടുക്കേണ്ടി വന്നാല്‍ ബധിരവിലാപം പോലും രചിക്കും. കുഷ്ടരോഗിയുടെ കൈയ്യിലെ വെണ്ണ പോലെ സ്വന്തം പണം തനിക്കുമാത്രം തിന്നാനും മറ്റുള്ളവരുടെ പണം തനിക്കു തിന്നാനും എന്ന സ്ഥിരം ലൈന്‍. ഓസ് ഒരു സുകുമാര കലയായി വളര്‍ത്തിയെടുത്തവന്‍. ലോകത്തുള്ളതും ഇല്ലാത്തതുമെല്ലാം ഓര്‍ത്തുവെക്കുന്ന കഥാപാത്രത്തിന് ഹോട്ടലില്‍ കയറിയാല്‍ പേഴ്സെടുക്കാന്‍ മറക്കും. ബസ്സില്‍ കയറിയാല്‍ ചില്ലറയെടുക്കാനും. സംഭാവന ടിക്കറ്റെഴുതിയാല്‍ അടുത്താരെങ്കിലുമുണ്ടെങ്കില്‍ വലിയ തുകയേ എഴുതു,  കൊടുക്കാന്‍ നേരം ചങ്കിടിയുമെന്നു മാത്രം. ആദ്യമൊക്കെ ഒഴിഞ്ഞുമാറല്‍ ഒരു കലാരൂപമായി വളര്‍ത്തിയെടുത്തപ്പോള്‍ കടം വാങ്ങിയതും സംഭാവന നല്‍കാമെന്നു പറഞ്ഞതും കിട്ടാനുള്ള ജനം കഥാപാത്രം മരച്ചോലകളില്‍ ആരാധികമാരോടൊപ്പം പൂത്തു തളിര്‍ത്തു നില്‍ക്കുമ്പോള്‍ ചോദിക്കാനാരംഭിച്ചു. ടൈം ടേബിളു വെച്ച് അതേ സമയം തന്നെ ഫോളോ ചെയ്യാനും. രണ്ടു മൂന്നു ദിവസം ഇതാവര്‍ത്തിച്ചപ്പോള്‍ പണം കൊടുക്കേണ്ടി വന്നപ്പോള്‍ പിന്നെ കഥാപാത്രത്തിനു ക്ഷീണമായിരുന്നു. ഈ ലോകജീവിതമെന്തു ദുഖമെന്ന ലൈന്‍. ദുഖം അധികകാലം തുടര്‍ന്നില്ല.  നയപടു അവിടെയും വഴി കണ്ടെത്തി.
നമുക്ക് വൈകിട്ടു സംസാരിക്കാം.

പിശുക്കില്‍ സമൃദ്ധമായ ആ ജീവിതം  അസ്തമിക്കാതെ നിരന്തരം പുലര്‍ന്നു കൊണ്ടിരുന്നപ്പോഴാണ് അത് സംഭവിച്ചത്. ചാക്യാരു മുടിയഴിക്കുന്ന സംഭവം. കൂത്തിന്‍റെ പര്യവസാനം. ആദ്യം  ആ ജൈത്രയാത്രക്ക് അര്‍ദ്ധവിരാമം വീണു. തലതെറിച്ചവനൊരുവന്‍ അവനെ തേടി വീട്ടില്‍ ചെല്ലുന്നു. മുറ്റത്തൊരു മൈന എന്നതിന്‍റെ വ്യംഗ്യം പോലെ അവന്‍ മുറ്റത്തു തന്നെ നില്‍ക്കുന്നു. ക്ലാ ക്ലാ ക്ലൂ ക്ലീ ശബ്ദത്തില്‍ അവന്‍ പ്രതികരിച്ചു.

എന്തര്?
ഒരു ബന്ധുവിന് ടിക്കറ്റെടുക്കാന്‍ നീചന്‍ തലതെറിച്ചവനെ പണസഹിതം ഏല്‍പ്പിച്ചിരുന്നു. അത് വന്നിട്ടുണ്ട് പോലും. പത്തു ജോര്‍ജ്ജു കുട്ടി തടയുന്ന കേസായതോണ്ട് നീചന്‍ തെളിഞ്ഞു. വിരിഞ്ഞു. വിജൃംഭിച്ചു. വാചാലനായി. പോകുമ്പോള്‍ പതിവു പോലെ ഹോട്ടലു കണ്ടപ്പോള്‍ നീചനു വിശന്നു.

വീട്ടുകാരില്ലാത്തതു കൊണ്ട് ഒന്നും കഴിച്ചില്ല. കാശെടുക്കാനും മറന്നു.

നീചന്‍മാര്‍ക്കു അന്നദാനം ചെയ്താല്‍ നരകത്തില്‍ ഇളവ് കിട്ടുന്നതു കൊണ്ടായിരിക്കാം തലതെറിച്ചവന്‍ വിശാലമനസ്കനായി.

കുറ്റം പറയരുത് അന്നദാതാവിനെക്കുറിച്ചുള്ള അപദാനങ്ങളാല്‍ നിബിഡമാണ് ഓരോ ഓസ് ഭക്ഷണാക്രമണവും. അതാണ് പതിവ്.  വാക്കുകള്‍ പൂപോലെ വിരിഞ്ഞിറങ്ങുകയും ബില്ലു കൊടുക്കുന്നതു വരെ ദാതാവിനെ മത്തനാക്കുകയും ചെയ്യും. അതു തന്നെ ഇവിടെയും സംഭവിച്ചു. തലതെറിച്ചവന്‍ പ്രംശസോത്തുംഗത്തില്‍ വിരാജിതനായി. കോള്‍മയിര്‍ കൊണ്ടു. അവന്‍ ബില്ലുകൊടുക്കുമ്പോള്‍ നീചന്‍റെ മുഖത്ത് ഒരാളെക്കൂടി ഓസിയ, വലയിലാക്കിയ സംതൃപ്തി. ചതിച്ച സംതൃപ്തി. പ്രാക്ടീസില്‍ പെര്‍ഫക്ഷന്‍ വരേണ്ട  കലയായ ഓസില്‍ വിദഗ്ദനായതില്‍ നീചന്‍ സ്വയം അനുമോദിച്ചു. പുറത്തിറങ്ങിയപ്പോഴാണ് ആകാശമിരുണ്ടത്. വചനം കേട്ടപ്പോഴാണ് നീചന്‍റെ കാലിന്‍റടിയിലെ മണ്ണൊലിച്ചു പോയത്.

ടിക്കറ്റും അവശേഷിച്ച പണത്തില്‍ ഹോട്ടല്‍ ബില്ലു കഴിഞ്ഞ തുകയും കൈമാറി തലതെറിച്ചവന്‍ ഉവാച.
താംങ്കൂസ്.

അന്നുമുതല്‍ നീചന്‍ തളത്തില്‍ ദിനേശനായിരുന്നു. കടുത്ത സംശയരോഗി. ഉടുതുണിയെ പോലും വിശ്വാസമില്ലാത്ത സ്ഥിതി. ലോകം മുഴുവന്‍ ചതിയും വഞ്ചനയും നിറഞ്ഞതാണെന്ന ആത്മരോദനം. തലതെറിച്ചവന്‍റെ ചതിയേയും സംസ്കാരമില്ലായ്മയെയും കുറിച്ചു നാടൊട്ടുക്കു നടന്നു പറഞ്ഞു. ഇന്‍കമിങ്ങ് കോളുകളില്‍ കരഞ്ഞു. പോസ്റ്റ് കാര്‍ഡിനു കാശു മുടക്കണ്ടാരുന്നേല്‍ പത്രാധിപര്‍ക്കും കത്തെഴുതുമാരുന്നു.  അവന്‍ തെണ്ടിക്കുത്തുപാളയെടുക്കാന്‍ മലനടയില്‍ ഗുരുതി നേര്‍ന്നു. ആ ലൈനില്‍ കൂടുതല്‍ ചിന്തിക്കുന്നതിനെ സ്വയം വിലക്കി. അതും ആരേലും ഓസണം. ലോകം ചതിയും വഞ്ചനുയും നിറഞ്ഞതാണെന്ന പരിദേവനം നാട്ടില്‍ നിറഞ്ഞു. കഥ ഗുളിക പോലെ ഭക്ഷണത്തിനു മുന്‍പും പിന്‍പും ഉറങ്ങുന്നതിനു മുന്‍പും കേട്ടപ്പോള്‍ ജനം സഹികെട്ടു.

ഓസെന്ന സുകുമാരകലയില്‍ ഫില്‍റ്ററേഷന്‍ അപ്ലൈ ചെയ്തു തുടങ്ങിയെങ്കിലും അതിനായി അവതരിച്ചതു കൊണ്ട് അതു വിട്ടൊരുജീവിതമില്ലേലും മാനദണ്ഡങ്ങള്‍ വന്നു. അനുഭവസമ്പത്തും യോഗ്യതയും ചെക്കു ചെയ്തു തുടങ്ങി. പ്രധാന ഇര ഗള്‍ഫുകാരനായി. അവനുമായി പരിചയം സ്ഥാപിച്ച ഒരുത്തന്‍ വന്നപ്പോള്‍ കഴുത്തിലെ മാല പൊക്കിളു വരെ നീളമുള്ളതായിരുന്നു. നീചന്‍ എഴുന്നള്ളിക്കാന്‍ തുടങ്ങിയതോടെ അതു നീളം കുറഞ്ഞു കുറഞ്ഞു വന്നു. അവസാനം ഒരു ദിവസം അവനില്ലാതെ നീചനെക്കണ്ടപ്പോള്‍, നീചനില്ലാതെ അവനെ കാല്‍നടയായി കണ്ടപ്പോള്‍ സംഭവം വ്യക്തം. മാല അപ്രത്യക്ഷമായി ഫോറെവര്‍.  ഗള്‍ഫുചാകര എന്നും സംഭവിക്കാത്തതുകൊണ്ട്   സ്വന്തം നിഴലിനെ പോലും വിശ്വസിക്കാതെയാണെങ്കിലും  വീണ്ടും നാട്ടുകാര്‍ തന്നെ ശരണം. വീണ്ടും ‍ഡൊമസ്റ്റിക് ഓസു തുടങ്ങിയപ്പോഴാണ് അടുത്ത ദുരന്തം. നോട്ടത്തില്‍ മാന്യനെന്നു തോന്നിക്കുന്ന ഒരിരയേയും കൊണ്ട് ബാറില്‍ കയറിയതായിരുന്നു.


പതിവു കല ഓസ് ആരംഭിച്ചപ്പോള്‍ തിളച്ച വെള്ളത്തില്‍ വീണ പൂച്ചയായതു കൊണ്ടും ഇനിയൊരു പറ്റു സംഭവിക്കരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടും പ്രശംസാപുഷ്പങ്ങള്‍ക്കു പകരം വിലാപമായിരുന്നു. ചതിയും വഞ്ചനയും നിറഞ്ഞ ലോകത്തെക്കുറിച്ചുള്ള വിലാപം. സംസ്കാരമില്ലായ്മയെക്കുറിച്ചുള്ള ഖേദം. സങ്കടത്തിനാശ്വാസം ലഭിക്കാന്‍ മടമടാന്നു വീശുന്നുണ്ടായിരുന്നു. ആറാമത് പെഗ്ഗില്‍ നിശ്വസിച്ചു നിറഞ്ഞിരുന്നു നീചന്‍ ഉവാച.

എന്തൊരു ചതിയും വഞ്ചനയും നിറഞ്ഞ ലോകമാണിത്. ഈ നേരും നെറിയുമില്ലാത്ത ലോകത്തെങ്ങനെ ജീവിക്കും?

ശ്രോതാവ് കടല കൊറിച്ചോണ്ട് ശരിവെച്ചു.

സത്യമാണ്. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റില്ല. അത്രയും ചതിയും വഞ്ചനുയും നിറഞ്ഞ ലോകമാണ്.

ആ പ്രസ്താവന പൂര്‍ത്തിയാകുന്നതിനു മുന്‍പ് ശ്രോതാവിന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു, സിഗ്നല്‍ പൂസ്സായതു കോണ്ട് വാക്കുകള്‍ വിഴുങ്ങുകയും മുരളുകയും പൊട്ടിത്തെറിക്കുകയും ചെയ്തതു കൊണ്ട് ശ്രോതാവ് എണീറ്റു പുറത്ത് പോയി. നീചന്‍ ഒരുത്തന്‍റെ നാലക്കമെങ്കിലും വെള്ളത്തിലാക്കണമെന്ന വാശിയില്‍ അടുത്ത ഭക്‍ഷ്യപേയങ്ങള്‍ക്കു പറഞ്ഞു. ചതിയും വഞ്ചനയും നിറഞ്ഞ ലോകത്തെക്കുറിച്ച് തൊടുക്കേണ്ട വാക്കുകള്‍ക്കു മനസ്സില്‍ രൂപം നല്‍കി  ശ്രോതാവ് വരാനായി കാത്തു.

ഭക്ഷണവും ദ്രാവകവും വന്നു. ബെയറന്‍ വന്നു. ബില്ലു വന്നു. ശ്രോതാവ് മാത്രം വന്നില്ല. നിമിഷങ്ങള്‍ നീങ്ങുംതോറും നീചന് നെറ്റിവിയര്‍ത്തു. മുട്ടിടിച്ചു. ബെയറന്‍റെ തുറിച്ചുനോട്ടത്തില്‍ ബോധക്ഷയം വരുമെന്നായപ്പോള്‍ അവന്‍ ഔട്ഗോയിങ്ങിനു കാശു ചിലവാകുന്നതിനെ സ്വയം ശപിച്ചുകൊണ്ട് മൊബൈലെടുത്തു. ശ്രോതാവിനെ വിളിച്ചു വേവലാതിയും ആശങ്കയും ഒറ്റയ്ക്കിരിക്കുന്നതിലെ വിരസതയും അറിയിച്ചു. ഔപചാരികതയ്ക്കായി മനസ്സില്‍ ശേഖരിച്ച ചതിയെയും വഞ്ചനേയും കുറിച്ചുള്ള അടുത്ത വചനം തൊടുത്തു.  മറുതലയ്ക്കല്‍ പൊട്ടിച്ചിരി.  ശ്രോതാവ് അവനെ അവനെതിരായി ഉദ്ധരിക്കുന്നു.

എന്തൊരു ചതിയും വഞ്ചനയും നിറഞ്ഞ ലോകമാണിത്. ഈ നേരും നെറിയുമില്ലാത്ത ലോകത്തെങ്ങനെ ജീവിക്കും?

പശ്ചാത്തലത്തില്‍ സ്പീക്കര്‍ ഫോണില്‍ സ്ഥലത്തെ പ്രധാന നീചന്‍മാരുടെ പൊട്ടിച്ചിരിയുടെ സമൂഹഗാനം. ബോധം മറഞ്ഞു പുറകിലേക്കു മലക്കുന്നതിനൊപ്പം ഒരു നീചനും അസ്തമിച്ചു. ബോധം വന്നപ്പോള്‍ അവന്‍ ജീവിതം വെറുത്തു. ഓസ് അതിനേക്കാളും വെറുത്തു.  ഇത്തവണ ഓസിനു അര്‍ദ്ധവിരാമമല്ല. പൂര്‍ണ്ണവിരാമം.ചാക്യാരു മുടിയഴിച്ചതു പോലെ!


Share/Save/Bookmark

നവംബർ 09, 2009

നിഴലും നിലാവും നിറഞ്ഞ ഒരു രാഷ്ടീയ ജീവിതം.

Buzz This

ചരിത്രം കാലാവസ്ഥ പോലെയാണ്. ചിലപ്പോള്‍ പ്രക്ഷുബ്ദം, മറ്റു ചിലപ്പോള്‍ പ്രചണ്ഡം. കുളിര്‍കാറ്റും പേമാരിയും വരള്‍ച്ചയുമെല്ലാം നിറഞ്ഞ ഒരു കാലപ്രവാഹം. അനുഭവങ്ങളും ദൃക്സാക്ഷി വിവരങ്ങളും ഓര്‍മ്മകളും ലിഖിതങ്ങളും ചിലപ്പോള്‍ ഈഗോസ്ഖലിതങ്ങളും ചരിത്രമാകുന്നു. നീഷേ പറഞ്ഞതു പോലെ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്തോ? ദൈവത്തിന്‍റെ മരണം പോലെ മറ്റൊരു നിഷേധമല്ലേ സരാതുഷ്ട്രക്കാരന്‍റെ വചനം. ഇന്ദിരാഗാന്ധിയുടെ ജീവിതവും മരണവും തീര്‍ച്ചയായും ആവര്‍ത്തിക്കപ്പെടാന്‍ സാധിക്കാത്ത വിധം മൌലികമാണ്. നിഴലും നിലാവും നിറഞ്ഞ രാഷ്ട്രീയ സപര്യയും ജീവിതവും. ആഗോളവത്കരണത്തിന്‍റെയും തുറന്ന സമ്പദ് വ്യവസ്ഥയുടെയും മാറിമറിഞ്ഞ അന്തര്‍ദ്ദേശീയ ശാക്തീകരണത്തിന്‍റെയും ചേരിതിരിവുകളുടെയും കാലത്ത് നിന്ന് ഇന്ദിരാഗാന്ധിയെ സമീപിക്കുമ്പോള്‍ ഏകകങ്ങള്‍ അനുയോജ്യമല്ലാതാകുന്നു.

ബാങ്കുകളുടെ ദേശാസാത്കരണത്തിന്‍റെ പിറകിലെ രാഷ്ട്രീയ പശ്ചാത്തലങ്ങളും കുതിരകളികളുമെന്തുമാവട്ടെ, സിന്‍ഡിക്കേറ്റ് രാഷ്ട്രീയക്കളികളുടെ ദുര്‍ഗന്ധം തങ്ങിനില്‍ക്കുമ്പോഴും  പൊതുഉടമസ്ഥതയെന്ന സോഷ്യലിസ്റ്റ് സങ്കല്‍പ്പവും സ്റ്റേറ്റിന്‍റെ ഉടമസ്ഥതയെന്ന മാര്‍ക്സിയന്‍ വീക്ഷണകോണും നടപ്പില്‍ വരുത്തിയത് ഈ തികഞ്ഞ വലതു പക്ഷക്കാരിയാണ്. കുറഞ്ഞ പക്ഷം അതിനു ശ്രമിക്കുകയെങ്കിലും ചെയ്തത്. അറ്റ് ദ എന്‍ഡ് ഓഫ് ദി ഡേ റിസള്‍ട്ട് കൌണ്ട്സ് എന്ന മുതലാളിത്ത ലൈനില്‍ ചിന്തിച്ചാലും തീര്‍ച്ചായും ഫലം തന്ന ഒരു തീരുമാനമായിരുന്നു അത്. ഫലം എന്നതിനേക്കാളധികമായി സാമ്പത്തികമാന്ദ്യകാലത്ത് രക്ഷാമന്ത്രമായി മാറിയ ദശകങ്ങള്‍ പഴക്കമുള്ള രാഷ്ട്രീയ തന്ത്രം. സ്വകാര്യ ഉടമസ്ഥതയില്‍ ബാങ്കുകള്‍ ഉടമകളുടെ വ്യാവസായിക താല്‍പ്പര്യത്തിന്‍റെ മാത്രം പിണിയാളുകളായിരുന്നെങ്കില്‍ മാന്ദ്യസുനാമി ആഞ്ഞടിച്ചപ്പോള്‍ വ്യവസായങ്ങളോടൊപ്പം ബാങ്കുകളും തകര്‍ന്നടിയുമായിരുന്നു. ലോട്ടറി വില്‍ക്കുന്നവനും വീട്ടുജോലിക്കാരിയും കഷ്ടപ്പെട്ടു സ്വരൂപിച്ച് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം തിരമാലകളിലൊലിച്ചു പോകുമായിരുന്നു. നിക്ഷേപം ഗാംബ്ലിങ്ങ് അല്ലാത്ത മഹാഭൂരിപക്ഷത്തിന്‍റെ സമ്പാദ്യം മാന്ദ്യനന്തരകാലത്തും സുരക്ഷിതമായി തുടരുന്നതില്‍  ദേശസാത്കരണത്തിനു കാതലായ പങ്കുണ്ട്. രാഷ്ട്രീയതന്ത്രങ്ങളുടെ ചെപ്പടിവിദ്യയില്‍ സ്വന്തം സ്ഥാനം സുരക്ഷിതമാക്കുന്നതിനു കരുക്കള്‍ നീക്കിയ ഒരു രാഷ്ട്രീയക്കാരിക്കും ഭരണകര്‍ത്താവിനും അതിലുള്ള പങ്ക് നിഷേധിക്കാനാവാത്തതാണ്.

സ്വാതന്ത്ര്യാനന്തരം ബാലാരിഷ്ടത മാറാതിരുന്ന ഒരു ഭരണകൂടത്തെയും സൈന്യത്തെയും ഉപയോഗിച്ചാണ് എല്ലാ രാജ്യങ്ങളിലെയും എല്ലാ സൈനിക അക്കാഡമികളിലെയും അദ്ധ്യയന വിഷയമായി എന്നും എല്ലാക്കാലത്തും തുടരുന്ന ലോകത്തെ ഏറ്റവും വലിയ സൈനിക കീഴടങ്ങലിനു കാരണമായ തന്ത്രനിബിഡമായ യുദ്ധവിജയം കൊണ്ടു ഒരു ദരിദ്രരാജ്യത്തിന്‍റെ അന്തസ്സ് ഒരു ശക്തികള്‍ക്കും മുന്‍പില്‍ കീഴടങ്ങാനുള്ളതല്ലെന്ന് ലോകത്തിന്‍റെ നെറുകയില്‍ കയറി നിന്ന് വിളിച്ചു പറഞ്ഞത്. ഭരണകൂടം ഫലപ്രദമാകണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തി പ്രസക്തമാണെന്നതിന്‍റെ ക്ലാസ്സിക് ഉദാഹരണം. മഹാത്മാഗാന്ധി കഴിഞ്ഞാല്‍ ആഗോളവ്യാപകമായി തികച്ചും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഏറ്റവും വിലമതിക്കപ്പെടുന്ന ഇന്ത്യന്‍ വ്യക്തിത്വത്തിന് സ്വന്തം നാട്ടില്‍ നിഴലിന്‍റെയും നിലാവിന്‍റെയും പരിവേഷം മാറിമാറിത്തെളിയുന്നതിന് കാരണങ്ങളേറെയാണ്.

എന്തുകാരണം കൊണ്ടാണെങ്കിലും അടിയന്തരാവസ്ഥയെന്ന ദുര്‍ഭൂതത്തെ കുടത്തില്‍ നിന്നും തുറന്നുവിട്ടതില്‍ ഇന്ദിരാഗാന്ധി ഖേദിച്ചാലും ഇല്ലെങ്കിലും ബംഗാളിലും കേരളത്തിലും പ്രതിഭാശാലികളായ യുവതരുണന്‍മാരുടെ ഒരു തലമുറയെങ്കിലും മതിലില്‍ തലതല്ലി അസ്തമിച്ചു. മഹേശ്വതാദേവിയുടെ അമ്മ അടിയന്തരാവസ്ഥയുടെ പ്രത്യക്ഷമാണ്. ഭയം ഒരു മൂടല്‍ മഞ്ഞുപോലെ ജീവിതങ്ങളെയും മാധ്യമങ്ങളെയും മൂടിയിരുന്നു. അധികാരവിനിയോഗങ്ങളുടെ അന്തസ്സ് ദുര്‍വിനിയോഗങ്ങള്‍ കെടുത്തിയിരുന്നു. മധ്യവര്‍ത്തി സമൂഹം ചിട്ടയായും ഒഴുക്കോടെയും നീങ്ങുന്ന ജീവിതത്തിലും ഭരണത്തിലും ആശ്വാസം കണ്ടെത്തിയിരുന്നുവെങ്കിലും മാനവികമൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും തകര്‍ച്ച ഒരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. മധ്യവര്‍ഗ്ഗ ബോധധാര പാപക്കറ പോലെ ചിന്തകളില്‍ അവശേഷിക്കുന്നതു കൊണ്ടു മാത്രമാണ് ചിലരെങ്കിലും  ഇന്നും ന്യായീകരണങ്ങള്‍ അച്ചുനിരത്തുന്നത്.

വ്യക്തിയുടെ ഏകാകിത ഓര്‍മ്മകളുടെ ഗ്രന്ഥവരികളില്‍ കാണാന്‍ സാധിക്കുമ്പോഴും രാഷ്ട്രീയപരവും ഭരണപരവുമായ ഇച്ഛാശക്തിയില്‍ അത് സ്വാധീനം ചെലുത്തിയതായി വിമര്‍ശകര്‍ക്കു പോലും പറയാന്‍ സാധിക്കാത്ത ഭരണാധികാരിയായിരുന്നു ഇന്ദിര. ഫിറോസ് ഗാന്ധിയെ ഉദ്ധരിച്ച് ഏതോ വാരികയില്‍ വായിച്ചതു പോലെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും സാധിക്കാത്ത ഒരു വ്യക്തിത്വം. സ്വന്തം മന്ത്രിസഭയിലെ ഒരേ ഒരു പുരുഷന്‍ എന്ന ഹാസ്യോക്തിയില്‍ മറഞ്ഞു പോയ ഒന്നുണ്ട്. ഭാരതീയ സമൂഹത്തിന്‍റെ മുഖ്യധാരയിലെ ഏറ്റവും ശക്തമായ സ്ത്രീസാന്നിധ്യത്തെ പുരുഷവത്കരിക്കുന്നതിലെ അപ്രസക്തി. രാഷ്ട്രീയവും ഭരണവും പുരാണങ്ങളിലും  പ്രാചീന, മധ്യകാല ഭാരതീയ ചരിത്രത്തിലും സ്ത്രീഭരണാധികാരികളുടെ ചെങ്കോലേന്തിയതാണെങ്കിലും സ്ത്രീശുഷ്കമെന്നു വേണമെങ്കില്‍ പറയാവുന്ന ആധുനിക ഭാരതീയ ചരിത്രത്തില്‍  സ്ത്രീശാക്തീകരണത്തിന്‍റെ മറ്റൊരു ജാജ്വല മാതൃക കണ്ടെത്താന്‍ സാധിക്കില്ല. സമീപഭുതകാലം സ്ത്രീ ഭരണകര്‍ത്താക്കളുടെ തിരിച്ചുവരവിനു സാക്ഷിയാകുന്നുണ്ടെങ്കിലും  ഇന്ദിരാഗാന്ധി തനതായ ഔന്നത്യത്തോടെ വേറിട്ടു നില്‍ക്കുന്നു.

വീണ്ടും ചരിത്രത്തിലേക്ക് വിചിത്രവും വിലാപഭരിതവുമായ ചരിത്രത്തിലേക്ക്.  മികച്ച ഒരു ഭരണാധികാരിയുടെ ചിതയെരിയുമ്പോള്‍ ഭരണകൂടസാന്നിധ്യത്തിന്‍റെ നിഴല്‍ പോലുമില്ലാത്ത വിധം ഡെല്‍ഹിയിലും വടക്കേ ഇന്ത്യയിലും സിക്കുകാര്‍ വംശഹത്യയില്‍ ജീവനുള്ള പന്തം പോലെ എരിഞ്ഞോടുങ്ങുകയായിരുന്നു. കൊള്ളയും കൊലയും ബലാല്‍സംഗവും നിറഞ്ഞ തെരുവുകള്‍ കലാപഭരിതമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സിഖ്കാരന്, ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് പാര്‍ലമെന്‍റില്‍ ഖേദഭരിതമായ വാക്കുകളില്‍ വേദനയോടെ മാപ്പു പറയേണ്ടി വന്ന മഹാപാതകം. ചില ജീവിതങ്ങളെ നിഴലുകള്‍ മരണാനന്തരവും വേട്ടയാടുന്നു. കളങ്കഭരിതമാക്കുന്നു.
 


Share/Save/Bookmark

നവംബർ 04, 2009

ശബ്ദാതിസാരം

Buzz This

വിരല്‍ത്തുമ്പിലെ സൂര്യന്‍, റിമോട്ട് കണ്‍ട്രോള്‍. പ്രേക്ഷകന്‍റെ പരമാധികാരത്തിന്‍റെ പ്ലാസ്റ്റിക് രൂപം. പ്ലാസ്റ്റിക് സോവറീന്‍ റിപ്പബ്ലിക് ഓഫ് വ്യൂവര്‍. അവനിഷ്ടമുള്ളിടത്ത് സംബന്ധമാവാം അതിലുമിഷ്ടപ്പെട്ടാല്‍ ബാന്ധവവും.  മര്‍ഡോക്കാണെങ്കിലും മതമാണെങ്കിലും ചാനലുകാരുടെയല്ലാം പേടി സ്വപ്നം.  ഇതിലെ ബട്ടണുകളിലമരുന്ന കൈയ്യാണ് സീസോ പോലെ റേറ്റിങ്ങ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. പണമഴ പെയ്യിക്കുകയും പണശുഷ്കമരുഭൂമികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത്. 

ഹോസ്റ്റലിലെ ഭക്ഷണം പോലെ വിരസമായി ദൂരദര്‍ശനില്‍ മാത്രം പ്രോഗ്രാം വിളമ്പിക്കൊണ്ടിരുന്ന  കാലത്തും ഇവനുണ്ടാരുന്നു. (തീര്‍ത്തും കുറ്റം പറയാന്‍ പറ്റില്ല. പല സമാന്തര സിനിമകളും ഡോക്യുമെന്‍ററികളും കാണണമെങ്കില്‍ അന്നും ഇന്നും എപ്പോഴും ദൂരദര്‍ശന്‍ തന്നെ ശരണം. എന്നു വരും എപ്പോള്‍ വരുമെന്നൊന്നും പറയാനൊക്കില്ലെങ്കിലും.). റിമോട്ട് ബട്ടണുകള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് പരസ്യങ്ങളിലാണ്. ചില പരസ്യങ്ങളെങ്കിലും ചില പ്രോഗ്രാമുകളെക്കാള്‍ നല്ലതാണെന്നതു മറ്റൊരു യാഥാര്‍ത്ഥ്യം.

ഉറക്കം വരാനും ചില പ്രോഗ്രാമുകള്‍ കൊള്ളാം. അങ്ങനെയൊരു പ്രോഗ്രാമില്‍ സിയസ്റ്റ ട്യൂണ്‍ ചെയ്യുമ്പോള്‍, പഴയ വാല്‍വ് റേഡിയോ പോലെ മയക്കം പതിയെ തെളിഞ്ഞു വരുമ്പോള്‍ പെട്ടന്ന് ദിംഗമ്പനം, പ്രകമ്പനം.  ഞെട്ടിക്കണ്ണുതുറന്നപ്പോള്‍ ഒരു പരസ്യം. പരസ്യക്കാരുടെ സ്ഥിരം പരിപാടി. സൌണ്ട് ട്രാക്കിലെ തിരിമറി. പ്രതികരണമായി സുഭാഷിതം പിറുപിറുത്തപ്പോള്‍ ബാക്കി മയക്കം വായുവായി എയറിലായി. ഉച്ചമയക്കം എന്ന പരിപാടിയില്‍ തടസ്സം നേരിട്ടു.

കയ്യിലിരിക്കുന്ന അല്ലേല്‍ ബെഡ്ഡില്‍ കിടക്കുന്ന റിമോട്ട് മാത്രമല്ല. പ്രേക്ഷകനും ഒരു പരമാധികാര റിപ്പബ്ലിക്കാണ്. ടിവി കാണണോ വേണ്ടയോ, ഏതു ചാനല്‍ കാണണം, എപ്പോള്‍ കാണണം, എതു ശബ്ദത്തില്‍ കാണണം ഇതെല്ലാം പ്രേക്ഷകന്‍റെ സ്വന്തം സ്വാതന്ത്ര്യം. വീട്ടിനകത്ത് ഏതു ശബ്ദം വേണമെന്നത് വീട്ടുടമയുടെ ഇഷ്ടം. ആ ഇഷ്ടത്തെയാണ് ഈ സൌണ്ട് ട്രാക്ക് അഭ്യാസം അട്ടിമറിക്കുന്നത്. ആ വ്യക്തിസ്വാതന്ത്ര്യത്തിലാണ് അതിക്രമിച്ചു കയറുന്നത്. ഞെട്ടിക്കുന്നത്. വാച്യാര്‍ത്ഥത്തില്‍ തന്നെ ഉറക്കവും മയക്കവും കെടുത്തുന്നത്.

തിരക്കുപിടിച്ച ദിവസങ്ങളിലെ പരിപാടികള്‍ കാണുന്നതു പലപ്പോഴും വിരല്‍ വ്യായാമമാണ്. മടുക്കുമ്പോള്‍ അധരവ്യായാമവും.  ഓരോ പരസ്യത്തിനും ക്രമീകരിച്ചിരിക്കുന്ന സൌണ്ട് ട്രാക്കിനനുസരിച്ച് ശബ്ദം മുകളിലേക്കും താഴേയും  നീക്കാനും നിരക്കാനുമായി വിരലുകള്‍ മിനക്കെടുത്തുന്ന പരിപാടി. ദൈവം സഹായിച്ചിപ്പോള്‍ മലയാളത്തില്‍ അത്തരം അനുഭവം കുറവാണ്. പക്ഷെ ഹിന്ദി, ഇംഗ്ലീഷ് ചാനലുകളില്‍ വെടിക്കെട്ടും കമ്പമേളവും അട്ടഹാസവുമാണ്. പരസ്യം അല്‍പ്പം പൊതുസ്ഥലം കാണിക്കുന്നെണ്ടെങ്കില്‍ പ്രത്യേകിച്ചും. അരേ എന്നലറുമ്പോള്‍ ആരായാലും ഭാഷയറിയാത്തവനായാലും ഞെട്ടും.

ഉച്ചഭാഷണികള്‍ക്കു നിരോധനം വന്ന പോലെ പൊതുസ്ഥലത്ത് മൈക്കുപയോഗിക്കാന്‍ അനുമതി വേണ്ട പോലെ ചെവിക്കല്ലു പറിക്കുന്ന ഈ ഡെസിബല്‍ അഭ്യാസത്തിനും നിയന്ത്രണം വേണ്ടതല്ലേ? രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പരസ്യം ഒഴുകുമ്പോള്‍ പ്രത്യേകിച്ചും? താന്‍ കേള്‍ക്കേണ്ട ശബ്ദം എത്രയാണെന്ന് പ്രേക്ഷകന്‍ തന്നെ തിരഞ്ഞെടുക്കണ്ടേ? അടിച്ചേല്‍പ്പിക്കപ്പെടുന്ന അധികശബ്ദത്തിനും ശബ്ദാതിസാരത്തിനും  ആരു സമാധാനം പറയും?


Share/Save/Bookmark

നവംബർ 03, 2009

ഐ ഹേറ്റ് യൂവിന്‍റെ അര്‍ത്ഥം!

Buzz This

കാളീഭക്ത ദുര്‍ഗ്ഗയായി, രക്തദുര്‍ഗ്ഗയായി, മഹിഷന്‍ വടിയാവുന്ന സ്ഥിതിയായി. സംഭവം ലളിതം കുമാര്‍ജിയുടെ ഭൂതകാലം ലേഡീനിബിഡം. അത് സൈലന്‍റ് വാലി പോലെ നിത്യഹരിതമാണെന്നും മെഗാപരമ്പരയായി തുടര്‍ന്നു പോകുമെന്നും  വിശ്വസിക്കുന്നതു കൊണ്ട് ലേഡി എ.കെ 47 പോലെ വാക്കുകള്‍ തൊടുക്കുന്നു. റികോയിലില്‍ വിറയ്ക്കുന്നു. മുഖകമലം ചുവക്കുന്നു. ഫോണടിക്കുമ്പോള്‍ ദുര്‍ഗ കോപോത്തുംഗകൊടുമുടിയിലാകും. ഇവളെവള്‍? ഐ ഹേറ്റ് യൂ.

പിന്നെ സ്ഥിരം വാചകം.
നിങ്ങടെ കൈയ്യിലിരിപ്പു ശരിയല്ല. മെയിലും ഫോണുമെല്ലാം ഇനി ഞാന്‍ നോക്കും.
കുമാര്‍ജി മനസ്സില്‍ ചോദിച്ചു.
ശ്വാസം വിടാമോടീ പെണ്ണുമ്പിള്ളേ?
മൂന്നാം കണ്ണും നാലാം കണ്ണുമുള്ളതുകൊണ്ട് അതും കേട്ടു. മനസ്സില്‍ പോലും ഒന്നും പറയാന്‍ പറ്റാത്ത സ്ഥിതി. ഇവളെന്തോന്ന് ഹിപ്നോട്ടിക് കശ്മലയോ?

ശ്വാസം വിടാമോന്നു ഞാന്‍ കാണിച്ചു തരാം.

ഈ രോഷാകുലയായി അഭിനയിക്കുമ്പോഴോ? കുമാര്‍ജി പുളകിതനായി, പ്രണയപരവശനും.
ഡീ ഇഡിയറ്റ്, ദേഷ്യം വരുമ്പോള്‍ നീ ബഹുത് സുന്ദര്‍ ഹേ.


കാലങ്ങളായി ആണുങ്ങള്‍ പെണ്ണുങ്ങള്‍ടടുത്തെടുക്കുന്ന സ്ഥിരം നമ്പര്‍ അത് കൈയ്യില്‍ വെച്ചാ മതി.നിങ്ങളു കോളേജി പഠിക്കുമ്പോ ഇതെത്ര പേരോട് പറഞ്ഞിട്ടുണ്ട്. എനിക്കു മാത്രമായി ഇതു വരെ ഒരു വാചകം തികച്ചു പറഞ്ഞിട്ടുണ്ടോ? വാക്യത്തിലും വ്യംഗത്തിലും കസര്‍ത്തു കാണിക്കുന്നവനല്ലേ. ഐ ഹേറ്റ് യൂ.

പ്രകോപിപ്പിക്കാതെടീ, ആ  യൂ ഒന്നു കൂടെ പറഞ്ഞാല്‍ യൂ വോണ്ട് ടോക് എഗൈന്‍ ഫോര്‍ സംടൈം.

അയ്യടാ. വല്ലവളുമാര്‍ക്കും കൊടുത്തതിന്‍റെ ബാക്കിയല്ലേ. കൈയ്യി വെച്ചാ മതി.


വിശക്കുന്നെടീ, തിന്നാനെന്തുവാ?

ലേഡി തിരക്കു പിടിച്ചിരുന്നു വായിക്കുന്നു. നീയെന്തോന്ന് പത്താംക്ലാസ്സിലെ പരീക്ഷയ്ക്കു പഠിക്കുന്നോ. ബധിരകര്‍ണ്ണം. ആ നമ്പറും ചീറ്റി. പാചകത്തെ പറ്റി നല്ല നാലു വാചകം പറയാനും കനകദുര്‍ഗ്ഗയുടെ മുഖത്തെ ലോഡ് ഷെഡ്ഡിങ്ങ് അവസാനിപ്പിക്കാനുമുള്ള അവസരമാരുന്നു. നൊട്ടിനുണഞ്ഞു കഴിക്കുന്നതു കാണുമ്പോള്‍ പാചകേശ്വരി സിംഹിയുടെ  മുഖത്ത് ഉത്രാടവെയിലാണ് പതിവ്. പാത്രമെടുത്തോണ്ടു പോകുമ്പോള്‍ പുഞ്ചിരിയും.  വാചകം കേട്ടിലെന്ന മട്ടിലിരുന്നാലും അതു വന്നില്ലെങ്കില്‍ വെയിലുമാറി കാര്‍മേഘം നിറയും, അതിനും ഗ്യാപ്പില്ല.  അതും ഗോവിന്ദ. പുതിയ നമ്പറുകള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.



ഡാ ആ ബുക്സ് വാങ്ങിയാരുന്നോ? വായിച്ചിട്ടെങ്ങനുണ്ട്?
ഞാനെങ്ങും വാങ്ങീല്ല, വായിക്കാതെങ്ങനാ പറയുന്നേ? ഐ ഡോണ്ട് ഹാവ് ടൈം ഫോര്‍ ഓള്‍ ദാറ്റ്.
പിന്നെ നീ അങ്കമാലീലെ പ്രധാനമന്ത്രിയല്ലേ.. അവിടേം രക്ഷയില്ല. മൂക്ക് രണ്ടിഞ്ചു ലംബമായി മുകളിലേക്കുയരുന്നു.  പലവിധത്തില്‍ അര്‍ത്ഥം പറയാവുന്ന ഒന്നാണ്.


ഇന്നലെ സ്റ്റാര്‍ സിംഗറു കണ്ടാരുന്നോ?
എന്തിനാ വൃത്തോം ത്രികോണോം ചതുരോമല്ലാമുള്ള  പെമ്പിള്ളേരേം വായിനോക്കി ഇരിക്കാനല്ലേ? അല്ലാതെ പിന്നെന്തിനാ ബുജികളൊക്കെ സ്റ്റാര്‍ സിംഗര്‍ കാണുന്നത്? ഐ ഹേറ്റ് യൂ.



ഒരു പാരഡി ചമച്ചു പാടി.
പെണ്ണുങ്ങളില്‍ സുന്ദരി പെണ്ണുമ്പിള്ള.. പെണ്ണുമ്പിള്ള. അതു തന്നെ കണ്ടു തീര്‍ന്നില്ല. ഇവിടെ വാടീ.


ഒന്നു മിണ്ടാതിരിക്കാമോ? പഴയ പടത്തിനകത്തൊക്കെ പെമ്പിള്ളേരു തുണിയില്ലാതെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സത്യം പറ ആ സാരിയുടുത്ത്ചടഞ്ഞിരിക്കുന്നവള്‍ ആര്? അവളുമായി നിങ്ങള്‍ക്കെന്താണു ബന്ധം ഹേ. ഐ ഹേറ്റ് യൂ.



നീ ഇപ്പോഴും ഭൂതക്കണ്ണാടീം കൊണ്ടു ഭൂതകാലത്തില്‍ തന്നെ നില്‍ക്കുവാണോ മൈ ഡിയര്‍ ഭൂതം?
ഉത്തരം മുട്ടുമ്പോ കൊഞ്ചാന്‍ വരണ്ട. നിങ്ങളെ എനിക്ക് ഇന്‍ ആന്‍ഡ് ഔട്ട് അറിയാം. എന്നോടാ കളി. കാണിച്ചു തരാം. ഐ ഹേറ്റ് യൂ. ഐ ഹേറ്റ് യൂ. ഐ ഹേറ്റ് യൂ.


ലേഡിനി അക്രമം ആവശ്യപ്പെടുകയാണ്. അടുത്തു ചെന്നു. കുനിഞ്ഞു മുഖത്തേക്കു നോക്കിയപ്പോള്‍ ചുണ്ട്  യൂവില്‍ സ്റ്റില്ലായി നില്‍ക്കുന്നു. ലേഡിനി കള്ളപ്പരിഭവത്തില്‍ ചിരിക്കാതിരിക്കാന്‍ മസിലുപിടിക്കുന്നു. കണ്ണില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍മാഡം അലിയുന്നു.

ഐ ടോള്‍ഡ് യൂ ബിച്ച്. ഇഫ് യൂ അട്ടര്‍ ദാറ്റ് യൂ എഗന്‍,.. ചുണ്ടു താടീ..
ഇല്ല..
ആഹാ എന്നാ കണ്ടിട്ടേയുള്ളൂ.
ഒന്നാം അധരയുദ്ധം. രണ്ടാം അധരയുദ്ധം, മൂന്നാം അധരയുദ്ധം കഴിഞ്ഞു ശ്വാസം പിടിക്കാന്‍ നേരം കണ്ണു തുറന്നു നോക്കിയപ്പോള്‍ മാഡം പൂത്തുലഞ്ഞു നില്‍ക്കുന്നു. ലേഡിനിക്കു പൂന്തളിരിന്‍റെ മണം. സ്നേഹത്തിന്‍റെ ചൂട്. പരാതിയുടെ പരിഭവത്തിന്‍റെ വിറയല്‍.  ആ തണുപ്പുള്ള കൈകള്‍ കൊണ്ടു വരിഞ്ഞു മുറുക്കുമ്പോള്‍ മാഡം ഉവാച.
ഞാനാര്‍ക്കും കൊടുക്കില്ല. എന്‍റെയാണ്, എന്‍റെ മാത്രം. ഐ ഹേറ്റ് യൂ സോ സോ മച്ച്.
യൂ ആര്‍ മൈ ലൈഫ് ഇഡിയറ്റ്.
സ്റ്റില്‍ ഐ ഹേറ്റ് യൂ.

പൊട്ടിച്ചിരിയില്‍ കുളിച്ച് സുന്ദരിയക്ഷിയെ പാലമരത്തില്‍  തറയ്ക്കുന്നതിനു  കര്‍ട്ടണ്‍ വലിച്ചു വായനക്കാരനു മുന്‍പിലിടുന്ന തിരക്കില്‍ കുമാരന്‍ മൊഴിഞ്ഞു.
എന്നാ ഹേറ്റ് ചെയ്തോണ്ടൊരുമ്മ കൂടി താടീ ഭദ്രകാളി.


Share/Save/Bookmark
Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP