ജൂലൈ 31, 2009

എഴുത്തുകാരന്‍ ഒളിവിലാണ്

Buzz This

മലയാളം വാരികയില്‍ എന്‍.ഇ സുധീറിന്‍റെ ലോകക്കാഴ്ചകളാണ് സാലിഞ്ജറെ പരിചയപ്പെടുത്തുന്നത്. ലേഖനവും ഉപജീവിച്ച വിക്കിപീഡിയ സാലിഞ്ജറെക്കുറിച്ചു നല്‍കുന്ന വിവരങ്ങള്‍ സമഗ്രമാണോയെന്നുറപ്പില്ലങ്കിലും രസാവഹമാണ്. വിവരങ്ങള്‍ ദാ ഇവിടെ. http://en.wikipedia.org/wiki/J._D._Salinger

സാലിജ്ഞറുടെ പ്രസക്തി സ്വകാര്യതയുടെ പ്രസക്തിയാണ്. വ്യക്തി സ്വകാര്യതയും എഴുത്തുകാരന്‍റെ സ്വകാര്യതയും. മലയാളത്തിലും ഒരു എം.സുകുമാരന്‍ എഴുത്തില്‍ നിന്നും അവധിയെടുത്ത് ഒളിവില്‍ പോയിരുന്നു. ബൂലോകത്ത് രംഗം വിചിത്രമാണ്. സ്വന്തം പേരും ജാതിയും കുലവും പദവിയും വെളിപ്പെടുത്തുന്നവരു മാത്രമേ എഴുത്തുകാരാകുന്നുള്ളൂ. വിലാസിനിയെന്നതു ഒരു മേനോനാണെന്നും കൌമാരഹൃദയങ്ങളുടെ രോമാഞ്ചം പമ്മന്‍സാര്‍ മറ്റൊരു മേനോനാണെന്നും അയ്യനേത്ത് ആരാണെന്നും അറിയാതെ പറയാതെ വായിച്ചു കൂട്ടിയവര്‍ക്കൊക്കെയാണ് ബ്ലോഗ് കാണുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ഐഡിയും കണ്ടില്ലെങ്കില്‍ ചൊറിയുന്നത്. വായന കയറുന്ന അവയവത്തില്‍ അലര്‍ജിക് റിയാക്ഷനുണ്ടാകുന്നത്. റിയാക്ഷന്‍ മൂത്ത് മാരകമാകുന്നത്. വായിച്ചുവളര്‍ന്നവര്‍ക്കൊന്നും തന്നെ തൂലികാനാമധാരികളെ തള്ളിക്കളയാനാകില്ല. സ്കൂപ്പ് തേടി നടക്കുന്നവരെങ്കിലും സ്കൂപ്പുകളുടെ കുലപതികളിലൊരാള്‍ നരേന്ദ്രന്‍ എന്ന തൂലികാ നാമത്തിലാണ് എഴുതിയിരുന്നതെന്നെങ്കിലും ഓര്‍ക്കേണ്ടതല്ലേ? കടല്‍ കടന്നുളള സാഹിത്യവും എഴുത്തും അവിടെ നില്‍ക്കട്ടെ! മലയാളത്തിലും മറ്റിന്ത്യന്‍ ഭാഷകളിലും ഔദ്യോഗികവും അനൌദ്യോഗികവുമായ കാരണങ്ങളാല്‍ തൂലികാനാമത്തില്‍ മറഞ്ഞിരുന്നവരേറെയാണ്. തിരിച്ചറിയില്‍ കാര്‍ഡും ഐഡിയും ഒരു ലേബലാണ്. വേര്‍തിരിവുകളും വകതിരിവുകളും നടത്തുന്നതിനുള്ള ലേബല്‍. ആ ലേബലിനനുസൃതമായി ഇടതനെന്നും വലതനെന്നും സ്ത്രീപക്ഷനെന്നും വിരുദ്ധനെന്നും പ്രവാസിയെന്നും ആയാസിയെന്നും കുബേരനെന്നും കഞ്ഞിയെന്നും വേര്‍തിരിക്കപ്പെടുന്നു. അക്ഷരങ്ങളുടെ ഒരു ഗതികേട്! സര്‍ഗ്ഗപ്രക്രിയയുടെയും!

കുറ്റം പറയരുത്. സ്വന്തം പേരിലെഴുതാനുള്ള പ്രലോഭനങ്ങളും പഴയ കാലത്ത് കുറവായിരുന്നു. വാരിക വായിക്കുന്നവനും ആനുകാലികം വായിക്കുന്നവനും കാശുമുടക്കി മിനക്കെട്ടു വായിക്കുന്നവനായിരുന്നു. ഓഫീസിലെ നെറ്റില്‍ ജോലിയില്‍ നിന്നും ഒളിച്ചോടി വായിക്കുന്നവനല്ലായിരുന്നു. അല്ലെങ്കില്‍ കട്ടുവായിക്കുന്നവനല്ലായിരുന്നില്ല. സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി വായിക്കുന്ന സംഭവം പ്രതിബദ്ധതയുടെയും കൂടെ പ്രശ്നമാണ്.അന്ന് ദൃശ്യമാധ്യമങ്ങളോ അച്ചടി മാധ്യമങ്ങളോ പരസ്പരമത്സരത്തിന്‍റെ കഴുത്തറപ്പന്‍ ഭീക്ഷണി് ഒരു പരിധി വരെ നേരിട്ടിരുന്നില്ല. സ്വന്തം തട്ടകങ്ങളില്‍ പോക്കറ്റുകളില്‍ ഒതുങ്ങിയിരുന്നു. കടുത്ത റോമന്‍ കത്തോലിക്കര്‍ ദീപികയും അല്ലാത്ത നസ്രാണികള്‍ മനോരമയും നാലപ്പാട് കുടുംബം ഓഹരി വിറ്റഴിക്കുന്ന വരെ നായന്‍മാര്‍ മാതൃഭൂമിയും ഈഴവര്‍ കേരളകൌമുദിയും മുസ്ലീങ്ങള്‍ ചന്ദ്രികയും മറ്റൊരു വിഭാഗം മാധ്യമവും സഖാക്കന്‍മാര്‍ ദേശാഭിമാനിയും വായിക്കുകയെന്ന പതിവിനാണ് കാലം കത്തിവെച്ചത്. വായനക്കാരുടെതായ ഈ വിഭാഗങ്ങള്‍ പരസ്പരം പുലര്‍ത്തിയിരുന്ന ശത്രുതയോളം വരുന്ന അകല്‍ച്ചയാണ് അതിലസ്തമിച്ചത്. മിഡിയോക്രസിയുടെ അരിയിട്ടു വാഴ്ചയില്‍ നിന്നും വെല്‍ ബിലോ മിഡിയോക്രസി എന്ന പരിതാപകരമായ അവസ്ഥയായി. മഹാമേരുക്കളുടെ അസ്തമനത്തോടെ പ്രസ്സിദ്ധീകരണക്ഷമത അല്ലെങ്കില്‍ പരായണക്ഷമത എന്ന മൂല്യം ഇടിഞ്ഞു. കിടമല്‍സരകോലാഹലങ്ങളില്‍ എന്തും വാര്‍ത്തയായി വാളെടുത്തവനെല്ലാം വെളിച്ചപാടുമാരുമായി. മാധ്യമത്തിന്‍റെ രാഷ്ട്രീയ മൂല്യം തിരിച്ചറിയപ്പെട്ടതോടെ കഥ വീണ്ടും മാറി. വിഭാഗീയത എഴുത്തിലും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലും കടന്നു വന്നു. ഒപ്പം സര്‍വ്വജ്ഞപീഠം കയറിയവരും.

ബ്ലോഗെന്ന മാധ്യമത്തിന്‍റെ പരസ്പരവിനിമയ സ്വഭാവം വീണ്ടും കാര്യങ്ങള്‍ മാറ്റി മറിച്ചു. എഴുത്തുകാരനു സ്വന്തമായി നട്ടെല്ലു പോയിട്ടൊരു പുറം പൊലുമില്ലാതായി, ചൊറിയാന്‍ നഖവും. തനിക്കു പുറം ചൊറിയുന്നവരുടെ പുറം ചൊറിഞ്ഞു ചൊറിഞ്ഞു നഖം തേഞ്ഞവരെമ്പാടും. പുറം ചൊറിച്ചിലിന്‍റെ ബാര്‍ട്ടര്‍ സിസ്റ്റം. കൂട്ടപ്രാര്‍ത്ഥനയുടെ ആരവങ്ങളില്‍ രോഗശാന്തി. സ്വാതന്ത്ര്യം എന്നത് ബഹുമുഖമാണ്. എഴുതാനും വായിക്കാനും പുറം ചെറിയാനും ചൊറിയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം. എഴുത്തുകാരന്‍ ഒളിക്കുകയോ തെളിയുകയോ ചെയ്യട്ടെ, മലയാള പാഠാവലി ഒന്നു മുതല്‍ പത്തു വരെ പഠിച്ചവര്‍ക്കാര്‍ക്കെങ്കിലും അപരനാമധാരികളുട വായന ആശാസ്യമല്ലെന്നു പറയാനൊക്കുമോ? അദ്ധ്യയന മാധ്യമം ഇംഗ്ലീഷാണെങ്കില്‍ മഴയത്തേലും ഒരു വായനശാലയുടെ തിണ്ണയില്‍ കയറി നിന്നവന്? സാലിഞ്ജറുടെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നു. കൊളോണിയല്‍ വിദ്യാഭ്യാസം തന്നത് ഇരുപത്തി ആറക്ഷരങ്ങള്‍ മാത്രമാണെന്നും അതിനു സഹജമായ സുജനമര്യാദ അല്ലെന്നും തെളിയിക്കുന്നവരേറെയാണ്. ഇവിടെയാണ് പ്രശസ്തിയോടും വെള്ളിവെളിച്ചത്തോടും മുഖം തിരിഞ്ഞു നില്‍ക്കുന്ന സാലിഞ്ചരേ പോലുള്ളവരുടെ സര്‍ഗ്ഗജീവിതം പ്രസക്തമാകുന്നത്.


Share/Save/Bookmark

ജൂലൈ 29, 2009

പുല്ലു തിന്നണോ എല്ലു തിന്നണോ?

Buzz This

ജ്ഞാനി അനോണി അന്തോണി സ്ട്രൈക്സ് ബാക്. തുരുതുരാ പോസ്റ്റു വരുന്നതിനു കാരണം അങ്ങേര്‍ക്ക് സാമ്പത്തിക മാന്ദ്യം കാരണം പണിയൊന്നുമില്ലാത്തതോ എന്ന ശങ്ക കാരണം ശങ്കരനായി ബ്ലോഗു നോക്കിയപ്പോള്‍ ദാ കിടക്കുന്നു വിഷയം, ഭക്ഷണം. തദവസരത്തില്‍ മറ്റൊരു ശങ്കര്‍ജി ചിന്തിച്ചതു വീണ്ടും ചിന്തിച്ചു. ഉദരനിമിത്തം ബഹുകൃതവേഷം. വേഷം പലവിധം, ഭക്ഷണം പലവിധം. ആടിന്‍റെ കരളു തിന്നുന്നവനും മനുഷ്യന്‍റ കരളു തിന്നുന്നവനും അടിസ്ഥാനപരമായി രുചിപ്രിയരാണ്. രുചിഭേദം മാത്രം കാരണം. പ്രതിപാത്രം ഭക്ഷണഭേദം. അതു തിന്നു നിറയുമ്പോള്‍ ഭാക്ഷണ ഭേദം. പോസ്റ്റിനു ഹേതു മറ്റൊന്നുകൂടെ! സ്ഥിരം ചുവന്ന താടി തഥാഗതനെ കണികാണാനില്ല. അങ്ങേര്‍ക്കു വാചകം തൊടുക്കുന്നതിനുള്ള പ്രകോപനം.

ഭക്ഷണവും ശരീരവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ ശ്രീമൂലസ്ഥാനത്തു നിന്നും തുടങ്ങുന്നു. പല്ലിന്‍റെ ഘടന. ഹോമോ സാപിയന്‍സ് അവന്‍ ഹോമോ ആണേലും അല്ലേലും അവന്‍റെ പല്ലിന്‍റെ ഘടന അടിസ്ഥാനപരമായി സസ്യഭുക്കിന്‍റേതാണെന്നൊരു മതം. വിമതന്‍മാരുമുണ്ട്. രാഷ്ട്രീയം വായിക്കുന്നവരാണെങ്കില്‍ വിഭാഗീയതയും കടന്നു വരാം. സംശയം ഷേണായി പക്ഷെ സമ്മതിക്കുന്നില്ല. ഫലമൂലാദികള്‍ പലതും കണ്ഠമാര്‍ഗ്ഗേ ചരിക്കുന്നതിനു പാചകം ചെയ്തതോ അല്ലാത്തതോ ആയ മാംസം തിന്നുന്നതിനേക്കാള്‍ ആയാസം ആവശ്യമാണ്. കരിമ്പു തിന്നുന്ന സ്ട്രയിന്‍ മുട്ടനായൊരു മട്ടണെ തിന്നുന്നതിനില്ല തന്നെ! ഇതൊന്നും തിന്നില്ലെങ്കില്‍ പിന്നെ എന്തോന്നു വര്‍ത്തുളാകാരം? നേര്‍വരകളുടെ നിത്യവത്തി.

എന്തായാലും സസ്യഭുക്കിനു ചേര്‍ന്നതാണ് മനുഷ്യന്‍റെ ദന്തത്തിന്‍റെയും ദഹനവ്യവസ്ഥയുടെയും ഘടന എന്നു കണ്ടു പിടിച്ചവര്‍, പണ്ടെങ്ങാണ്ട് തീ കണ്ടു പിടിച്ച കാര്യവും, കല്‍ക്കരി അടുപ്പും മണ്ണെണ്ണ സ്റ്റൌവ്വും ഗ്യാസടുപ്പും കുക്കിങ്ങ് റേഞ്ചും കണ്ടുപിടിച്ച കാര്യവും. കല്യാണം കഴിച്ച കുക്കുടപുംഗവന്‍മാരെ പോലെ പോലെ ഫ്രീസ് ചെയ്ത അല്‍ ഖോബറിന്‍റെയും റിയല്‍ഗുഡിന്‍റെയും കുക്കുടങ്ങളും സാറാസിന്‍റെ റെഡി ടു കുക്ക് ഗ്രേവിയും കണ്ടുപിടിച്ച കാര്യം മറന്നു. മിതശീതോഷ്ണ കാലാവസ്ഥയില്‍ ജീവിക്കുന്നവന് പുല്ലും തിന്നിരിക്കുമ്പോള്‍ വരുന്ന വികല്‍പ്പം മാത്രമാണ് മനുഷ്യദന്തം സസ്യഭുക്കിന്‍റേതാണെന്നത്. നായാടിപ്പിടിച്ചു പച്ചയ്ക്കു തിന്നുന്ന മൃഗത്തിന്‍റെ ഭക്‍ഷ്യപേയ മാര്‍ഗ്ഗങ്ങളല്ല മുകളില്‍ പറഞ്ഞവയുടെ ഉടമയ്ക്ക്. പിന്നെ കാശ്മീരി ബ്രാഹ്മണന്‍ സസ്യഭുക്കല്ലാത്തതിന്‍റെ ലോജിക്ക് കണക്കിലെടുത്താല്‍ കാലാവസ്ഥാനുസതമായി സസ്യഭുക്കും റെയില്‍ഭേഭാഷയില്‍ സസ്യേതരനും രൂപപ്പെടുന്നുവെന്നും പറയാം. സസ്യന്‍ പോലും യാഗങ്ങളില്‍ പത്നീസമേതനായി അജവപയെന്ന ആടിന്‍റെ പ്രത്യേക ശരീരഭാഗം മുക്തകണ്ഠം ഭക്ഷിക്കുന്നുവെന്നു പുരാണം. ചരകസംഹിതയും മഹാകഥയും എല്ലാ പുരാണങ്ങളും വേട്ടയാടല്‍‍, അസസ്യഭക്ഷണം എന്നിവയുടെ വിവരണം നിറഞ്ഞതാണ്. നാടകീയ സന്ദര്‍ഭങ്ങള്‍ ഇഴ ചേര്‍ക്കാന്‍ നായാട്ടും ഉപയോഗിച്ചു വന്നു. പുരാണപ്രണയബന്ധങ്ങളില്‍ നായാട്ടിന്‍റെ സ്ഥാനം പ്രസക്തമാണ്.

സസ്യനോ അസസ്യനോ എന്നതല്ല വിഷയം. കുക്കുടം തിന്നുന്നവനും പപ്പടം തിന്നുന്നവനും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നേരിടുന്ന പ്രശ്നങ്ങളാണ് വിഷയം. പഞ്ചാരയടിക്കാത്തവനും ഷുഗര്‍, മാസം തിന്നാത്തവനും കൊളസ്ട്രോള്‍. കാലം കലിയുഗം, ദൃഷ്ടാന്തം എന്നൊക്കെ വേണേല്‍ ആശ്വസിക്കാം. നിസ്സാര ഉദാഹരണത്തില്‍ കഥ വ്യക്തമാകും. കാലം ചെയ്ത ഗ്രാന്‍ഡ് ഓള്‍ഡുമാന്‍റെ ദിനചര്യ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ആവര്‍ത്തന വിരസത കാവ്യഗുണമല്ലെന്നു ഉപബോധന്‍ വിലക്കുന്നതു കൊണ്ട് നിയമഭാഷയില്‍ ടി കഥാപാത്രം ബ്രഹ്മമുഹൂര്‍ത്തത്തിലുണരുകയും ആ മുഹൂര്‍ത്തില്‍ കട്ടന്‍കാപ്പിയില്‍ ആരംഭിക്കുന്ന ഭക്ഷണം അതിരാവിലെ ആറുമണിക്കുള്ള ഇഡ്ഡലി ദോശ പുട്ടാദി കഥാപാത്രങ്ങളെ മറികടന്നു ഒമ്പതു മണിക്കു കഞ്ഞിയും പുഴുക്കും പന്ത്രണ്ടു മണിക്കു മത്സ്യം തൊട്ടു കൂട്ടി ഉച്ചഭക്ഷണം, മൂന്നു മണിക്കു ചായ, കടി, രാത്രി ഏഴുമണിക്കു അത്താഴം എന്ന രീതിയില്‍ പുരോഗമിക്കുന്നു. അതേ ഭക്ഷണം രാവിലെ താമസിച്ചെണീക്കുകയും ഇരുചക്രത്തിലോ അതിന്‍റ ഇരട്ടി ചക്രത്തിലോ മാത്രം ആസനസ്ഥനാകുകയും ഇരുന്ന ഇരുപ്പില്‍ നേരം വെളുപ്പിക്കുകയും ചെയ്യുന്ന ബ്ലോഗന്‍ കഴിച്ചാല്‍? അതേ അതു മാത്രമാണ് കാര്യം. പേലോഡില്‍ കൂടുതല്‍ ലോഡെഡുക്കുന്ന വണ്ടി കാലാന്തരത്തില്‍ ഷെഡ്ഡില്‍ കയറുന്നു. മൂന്നു വേണ്ടിടത്തു മുപ്പതു ചെലുത്തിയാലുള്ള അവസ്ഥ.

കൊളസ്ട്രോള്‍ സമീപകാലത്തു മാത്രം വെളിപ്പെട്ട ഒരു രോഗവസ്ഥയാണ്. അത് വളരെ ശ്രദ്ധാപൂര്‍വ്വം നടത്തപ്പെട്ട ഒരു പ്രൊഡക്ട് ലോഞ്ച് ആയിരുന്നുവെന്നും അഭിപ്രായമുള്ളവരുണ്ട്. എഴുപതുകള്‍ക്കു മുന്‍പ് ഈ രോഗവും ചികിത്സയും ഉണ്ടായിരുന്നില്ല പോലും. കാലഗണന‍ വ്യതിയാനവിധേയമാണെങ്കിലും പശ്ചാത്തലം പലയിടത്തും ലഭ്യമാണ്. ആദ്യം രോഗവും പിന്നെ ചികിത്സയും വരുന്നതിനു പകരം ഇത് ആദ്യം മരുന്നും പിന്നെ രോഗവുമായാണ് പ്രത്യക്ഷപ്പെട്ടതെന്നും കേള്‍ക്കുന്നു. കഥയെന്തായാലും ഒന്നു സത്യമാണ്. ഏതു മരുന്നുകടയിലും ഏറ്റവുമധികം വിറ്റു പോകുന്ന ഒരു വിഭാഗമാണ് കൊളസ്ട്രോള്‍ മരുന്നുകള്‍. ഏറ്റവും സമീപകാലപ്രവണത ബൈപ്പാസ് സര്‍ജ്ജറിയും. വെറുതെ റെഫര്‍ ചെയ്യുന്നവനു നാല്‍പ്പതിനായിരം വീട്ടിലെത്തുമെന്നും അശരീരി. പനിയും ജലദോഷവും പോലല്ല, കൊളസ്ട്രോളും ഷുഗറും. നിത്യനേയുള്ള മരുന്നുകളുടെ ഉപയോഗം. രക്തപരിശോധനകള്‍, കണ്‍സള്‍ട്ടേഷനുകള്‍. ആവര്‍ത്തിത ഉപഭോഗം. ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്സിന്‍റെ സ്വഭാവസവിശേഷതകള്‍.

ആയുര്‍വേദത്തില്‍ കൊളസ്ട്രോള്‍ എന്ന രോഗാവസ്ഥയുണ്ടോ എന്നത് അതറിയുന്ന ജ്ഞാനകള്‍ തന്നെ പറയണം. ഇല്ലെന്ന ഊഹം വെച്ചാണെങ്കില്‍ ഇപ്പോള്‍ വിപണി സാധ്യത തെളിഞ്ഞപ്പോള്‍ ആയുര്‍വേദ കൊളസ്ട്രോള്‍ സംഹാരികളുടെ ചാകര. സ്ക്രിപ്റ്റ് എന്താണാവോ? എവിടെയാണാവോ യോഗവും വിധിയും നല്‍കിയിരിക്കുന്നത്? ഔഷധമൂല്യമുള്ള സത്ത് വറ്റാതെ കാച്ചിക്കുറുക്കിയെടുക്കുന്ന കുറിപ്പടികളോളം വരുമോ ഗ്രാന്യൂളും, ടാബ്‍ലറ്റും? നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും ഉടുക്കുന്ന വസ്ത്രവും നിങ്ങളുടെ ചിന്തയും ജീവിതവും രതിയും എല്ലാം പരസ്യവാചകങ്ങള്‍ നിര്‍വചിക്കുന്നു. നിങ്ങളുടെ വസ്ത്രം ആഡ്യതയുടെ അടയാളമല്ലെന്നും അടിവസ്ത്രം പൌരുഷം പ്രകടിപ്പിക്കുന്നില്ലെന്നും നിങ്ങളുടെ രതിക്കു ദൈര്‍ഘ്യമില്ലെന്നും നിങ്ങളോടു പറയുന്ന വാചകങ്ങളോടൊപ്പം പ്രതിവിധികളും വിപണനം ചെയ്യപ്പെടുന്നു. അതേ പരസ്യവാചകങ്ങള്‍ തന്നെ വെളിച്ചെണ്ണ ഹൃദയത്തിനുത്തമമാണെന്നും അല്ലെന്നും കടുകെണ്ണ കൊളസ്ട്രോളുണ്ടാക്കില്ലെന്നും ഉണ്ടാക്കുമെന്നും നിങ്ങളോടു പറയുകയും അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്യുന്നു. അനിശ്ചിതത്വം എന്നും ഏറ്റവും വലിയ വിപണി സാധ്യതയാണ്.

ശിഷ്ടം പുല്ലു തിന്നണോ എല്ലു തിന്നണോ എന്നതാണ്. അവിടെയാണ് ശതകങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഭക്ഷണശീലത്തിന്‍റെ പ്രസക്തി. ഇത് പൊറോട്ടയും മറ്റ് വൈദേശിക ഭക്ഷണങ്ങളും നടത്തിയ അധിനിവേശത്തിനു മുന്‍പുളള ഭക്ഷണശീലമാണ്. അനാരോഗ്യകരമായ സങ്കീര്‍ണ്ണതകളില്‍ നിന്നും പൂര്‍വ്വികരെ അകറ്റി നിര്‍ത്തിയ ഭക്ഷണശീലങ്ങള്‍. പുല്ലോ എല്ലോ എന്നത് കാലവാസ്ഥാനുസൃതമായി പ്രസക്തമോ അപ്രസക്തമോ ആകുന്നു. ഓരോ ദേശത്തെയും തനതു ഭക്ഷണക്രമങ്ങള്‍ അതാതു ദേശത്തിന്‍റെയും മനുഷ്യരുടെയും കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. അവ അനുവര്‍ത്തിക്കുന്നത് ആരോഗ്യകരവും. അവേശഷിക്കുന്നത് സ്വന്തം ശാരീരികാദ്ധ്വാനത്തിനനുസൃതമായ ഭക്ഷണം കഴിക്കുകയോ അതിനു സാധിക്കില്ലെങ്കില്‍ ഭക്ഷണത്തിനുസൃതമായി ശാരീരികഅദ്ധ്വാനം കൂട്ടുകയോ ചെയ്യുക എന്നതാണ്.


ഭരതവാക്യം എന്നെഴുതി ബോറഡിച്ചതു കൊണ്ട് നമതുവാക്യം തനതു വാക്യം
ആവശ്യമെങ്കില്‍ നാണ്വാര് ഒരു കഥയില്‍ പറഞ്ഞ പോലെ എല്ലു വിളമ്പല്ലേ നങ്ങേം എന്നു നാണ്വാര്
ഇതും കൂടി ഇതും കൂടി എന്നു നങ്ങേം
നാണ്വാരും നങ്ങേമും തീരുമാനിക്കട്ടെ!


Share/Save/Bookmark

ജൂലൈ 21, 2009

വേര്‍പാടിന്‍റെ വാര്‍ഷികം

Buzz This

ജീവിതം ഒരു പ്രഹേളികയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. സമസ്യാപൂരണം. ആകസ്മികതയില്‍ നിന്നും ഉരുവാകുന്ന ജീവിതം. മറ്റൊരാകസ്മികതയില്‍ അസ്തമിക്കുന്നു. വേര്‍പാടിന്‍റെയും വിരഹത്തിന്‍റെയും ശൂന്യസ്ഥലികള്‍ സൃഷ്ടിച്ചുകൊണ്ട്. വെയില്‍പ്പരപ്പില്‍ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോള്‍ കണ്ണീര്‍ പോലെയുളള മഴനൂലുകള്‍ സ്വപ്നം കണ്ടു. മഴയില്‍ നനഞ്ഞ് വീടിന്‍റെ ഗെയ്റ്റ് തുറക്കുമ്പോള്‍ പച്ച നിറമുളള പഴയ മുറിയുടെ ഏകാന്തത കാത്തിരിക്കുന്നു. പണ്ടെന്നോ ഭിത്തിയില്‍ വരച്ച കടല്‍ക്കാക്കകളുടെ ചിത്രം പെയിന്‍റിന്‍റെ അടരുകള്‍ക്കടിയിലെവിടെയോ മറഞ്ഞു കിടക്കുന്നുണ്ടായിരിക്കും. പറക്കാത്ത, ആകാശം കാണാത്ത, ശബ്ദമുതിര്‍ക്കാത്ത പക്ഷികള്‍ക്കും അലയടിക്കാത്ത സമുദ്രത്തിനും മുകളില്‍ വീണ്ടും പച്ച പെയിന്‍റിന്‍റെ അടരുകള്‍. പെയിന്‍റില്‍ സമാധി കൊള്ളുന്ന പക്ഷികള്‍.

കണ്ണാടിയില്‍ വെള്ളി നൂലുകള്‍ ഇഴ നെയ്തു തുടങ്ങുന്ന മുടിയില്‍ നോക്കുമ്പോള്‍ പുറത്ത് ഉമ്മറത്തെ കസേരയിലിരിക്കുന്ന ഘനഗംഭീരനായ മഹാശിരസ്സ് ഓര്‍മ്മ വരുന്നു. ക്യാരക്ടര്‍ എന്നു സായു പറയുന്ന വാഗ് പൂര്‍ണ്ണതയുടെ ആള്‍രൂപം. മാന്യന്‍മാരില്‍ മാന്യന്‍. പിതാവ്, പൈതൃകം. പുറത്ത് മഴ ശബ്ദത്തോടെ പെയ്തു നിറയുന്നു. മഴയുടെ ജ്ഞാനസ്നാനം. ഒരു പുരുഷായുസ്സിന്‍റെ ശിഷ്ടം ഓര്‍മ്മകള്‍ മാത്രമായിരിക്കുമോ? നിത്യവൃത്തികളുടെ വേലിയേറ്റത്തില്‍ തിരയെടുത്തു പോകുന്ന ഓര്‍മ്മകള്‍? ആരാണീ ആത്മാവ്? ആരാണോ ബുദ്ധി രൂപം കൈക്കൊണ്ട് പ്രാണന്മാരില്‍ ഹൃദയത്തിനുള്ളിലായി തേജസ്സായി കാണപ്പെടുന്ന പുരുഷന്‍.

ഈ ഗാഢനിദ്രയിലെ ജീവന്‍ ഈ ദേഹത്തില്‍ നിന്നും വിട്ടു ജ്യോതിസ്സിനെ പ്രാപിച്ച് സ്വസ്വരൂപം കൈക്കൊണ്ടു വിളങ്ങുന്നു. (ഛന്ദോഗ്യം, എട്ടാം അദ്ധ്യായം പന്ത്രണ്ടാം ഖണ്ഡം മൂന്നാം മന്ത്രം)
ജ‍ഢശരീരം ഓര്‍മ്മകളുടെ അവേശഷിപ്പാണ്. ജീവന്‍റെയും. ചിതയില്‍ വിറകും ചാണകവറളിയും അടുക്കുമ്പോള്‍ അന്ത്യനിദ്രയില്‍ ജീവന്‍ വേര്‍പെട്ട ശരീരം അഗ്നിയുടെ നാളങ്ങള്‍ക്കായി കാത്തിരിക്കുന്നു. വീണ്ടും ഛന്ദോഗ്യം - ഇനി ഇവിടെ ഈ ശരീരം വിട്ടു പോകുമ്പോള്‍ ഈ സൂര്യരശ്മികളില്‍ കൂടിത്തന്നെ മുകളിലേക്കു കടന്നു ചെല്ലുന്നു. രശ്മികളിലൂടെ പ്രഭാമയനായ ആദിത്യനിലെക്കുളള തിരിച്ചു പോക്കും ലയനവും. ഉരുവയായിടത്തേക്കുള്ള യാത്ര. മോക്ഷച്ഛുവിന്‍റെ സൂര്യപ്രാപ്തി.

അച്ഛന്‍റെ മുറി. അസംഖ്യം പുസ്തകങ്ങളില്‍ അവശേഷിക്കുന്നത് ഒരു നിഘണ്ടു. വാക്കുകള്‍ പിടി തരാതെ ഓടി മറയുമ്പോള്‍ ഫോണ്‍ ചെയ്ത് പപ്പാ വുഡ് യൂ പ്ലിസ് ഗെറ്റ് മീ ദി മീനിങ്ങ് ഓഫ് .....
പരതാതെ പതറാതെ നൊടിയിട പോലും ചിന്തിക്കാതെ നിര്‍മ്മലവും നിര്‍മ്മമവുമായ അര്‍ത്ഥവ്യാഖ്യാനം. ആടയാഭരണങ്ങളോ കൊടിതോരണങ്ങളോ പരിവാരഘോഷങ്ങളോ ഇല്ലാത്ത ജ്ഞാനവൃദ്ധന്‍റെ ഔന്നത്യം. അടുക്കിലും ചിട്ടയിലുമൊഴുകുന്ന അര്‍ത്ഥാന്തരങ്ങളിലൊന്ന് തിരഞ്ഞെടുത്തു സ്വകൃതരൂപത്തില്‍ ഇഴ ചേര്‍ക്കുമ്പോള്‍ വാക്ക് സൂര്യനെ പോലെ ജ്വലിക്കുന്നു. വാക്കുകളെടുത്തമ്മനമാടുന്നെന്നഹങ്കരിക്കുന്ന അപക്വത നിഷ്പ്രഭനാകുന്നു. റെഫര്‍ ചെയ്യുന്നതിനു സ്വന്തം വ്യാകരണശേഖരം ദാനം ചെയ്തപ്പോള്‍ പറയാതെ പറഞ്ഞ ഒന്നുണ്ട്. ഏട്ടിലെ അക്ഷരങ്ങള്‍ ജ്ഞാനമാകുന്നതു മനനത്തിലൂടെയാണ്. കുഷ്ടരോഗിയുടെ കൈയ്യിലെ വെണ്ണ പോലെ അറിവ് ലോക്കറില്‍ വെക്കുകയും വാക്കുകള്‍ക്കും ചിന്തകള്‍ക്കും തെരുവോരത്തെ വേശ്യയെ പോലെ വിലപേശുകയും ചെയ്യുന്നവന്‍റെ രസനകള്‍ക്ക് അന്യമായ അറിവിന്‍റെ പുണ്യം. സങ്കല്‍പ്പസിദ്ധമായ മായാലോകത്തെ സിംഹാസനത്തില്‍ ആരൂഡനായിരിക്കുന്നവന് അറിവ് റെഫറന്‍സാണ്. അറിവ് വിവരം അഥവാ ഇന്‍ഫര്‍മേഷനാകുന്നു. വിപണനസാധ്യതയുള്ള വിവരം ഡാറ്റയും. അവിടെയും ഇവിടെയും കുറിപ്പുകളും തുണ്ടു കടലാസുകളും നിറഞ്ഞ ആ നിഘണ്ടു വെളിപാടാണ്. ആദിയില്‍ വചനമുണ്ടായി.

മേല്‍വിലാസമെഴുതിയ ഡയറിയില്‍ എനിക്കു പോലും ഓര്‍മ്മയില്ലാത്ത പഴയ ഫോണ്‍ നമ്പറുകള്‍, ഓരോന്നും യഥാകാലം ചരിവും തിരിവുമില്ലാത്ത നേര്‍രേഖയില്‍ വെട്ടിയിരിക്കുന്നു.അതിലവിടിവിടെ അല്‍പ്പം ചരിവില്‍ വ്യക്തിത്വത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന കൈയ്യക്ഷരങ്ങളില്‍ അവിടിവിടെ കുറിപ്പുകള്‍.

കീബോര്‍ഡില്‍ വെറുതെ താളം പിടിക്കുമ്പോള്‍ അനിയന്‍ ഒരു കുപ്പിയുമായി പ്രത്യക്ഷപ്പെടുന്നു. അറിയാതെ രണ്ടു വര്‍ഷം മുന്‍പുള്ള ഓണക്കാലം ഓര്‍ത്തു. പിതാവിനു അവന്‍ നല്‍കിയ കുപ്പികളിലേറെയും ദാനം ചെയ്തപ്പോള്‍ അര്‍ത്ഥം മനസ്സിലായിരുന്നില്ല. മദ്യത്തോടു വിട പറഞ്ഞ് ബാര്‍ലി വെള്ളം കുടിക്കുന്നവനു കുപ്പികള്‍ ദാനം ചെയ്തതെന്തിനെന്നമ്പരന്നു. മുന്‍കോപിയും എടുത്തുചാട്ടക്കാരനുമായവനു കാലവും നിരാസക്തിയും നല്‍കുന്ന പക്വതയ്ക്കുള്ള പാരിതോഷികം. ഓരോ യാത്രയിലും ശേഖരിക്കുന്ന കുപ്പികള്‍ മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ സന്ദര്‍ശിക്കുമ്പോള്‍ കാഴ്ച വെക്കുന്നു. ഒരിക്കല്‍ ഒരു യാത്രയില്‍ വിളിച്ചു.

ടക്കീല എന്നൊരു സാധനം കണ്ടു, വാങ്ങട്ടെ?
നീ കഴിച്ചിട്ടുണ്ടോ?
ഇല്ല
ടേസ്റ്റ് ഇറ്റ്.
ബിയര്‍ മാത്രം
ജസ്റ്റ് ടേസ്റ്റ്. കൊള്ളാമെങ്കില്‍ ഒരു പിന്‍റ് വാങ്ങിക്കോ.
രുചിയറിഞ്ഞു കഴിക്കുന്നവര്‍ക്കു വേണ്ടി എന്തെങ്കിലും വാങ്ങി സൂക്ഷിച്ചിട്ടു കാലമേറെയായി. പുതിയ ഡ്രിങ്കുകള്‍ മാത്രമല്ല. അതിന്‍റെ പശ്ചാത്തലം. ചരിത്രം ഇവയൊക്കെ കുപ്പികള്‍ക്കൊപ്പം കാഴ്ച വെച്ചിരുന്നു.

ഓര്‍മ്മദിവസം. അടുക്കളയില്‍ അമ്മ ഇഷ്ടവിഭവങ്ങളൊരുക്കുന്നു. അനിയനെ വിളിച്ചു അച്ഛനൊരു ഡ്രിങ്ക്, അവനൊന്നമ്പരന്നു. കേട്ടു വന്ന അമ്മ ഇടപെട്ടു. വേണ്ട.

വേണ്ടെങ്കില്‍ വേണ്ട. ഓള്‍ഡ് മാന്‍ തിരിവെക്കുന്ന സമയമായില്ല. അത് സോമമുഹൂര്‍ത്തം. ശബ്ദഘോഷങ്ങളില്ലാതെ നിലക്കടല കൊറിച്ച് ശാന്തമായ ഡ്രിങ്ക്. ഐ ഡോണ്‍ട് ഹാവ് ടു ആസ്ക് അദേര്‍സ് ടു പോര്‍ ഒണ്‍.

സന്ധ്യ, സോമമുഹൂര്‍ത്തം. അനിയന്‍ ദാനം ചെയ്ത വോഡ്ക. വ്യഥകളുടെയും വ്യാകുലതകളുടെയും മാത്രം നരകം പിതാവിനു നല്‍കിയവന്‍. പുത് എന്ന നരകത്തില്‍ നിന്നും രക്ഷിക്കുന്നവന്‍ പുത്രന്‍. ഒഴിച്ചു. കാത്തിരുന്നു. ഒണ്‍ ഫോര്‍ യൂ. ആ ഡ്രിങ്ക് മൊത്തുമ്പോള്‍ മനസ്സിനു പറഞ്ഞറിയിക്കാനാകാത്ത എന്തോ വികാരം.

യസ്മിന്‍ സര്‍വാണി ഭൂതാനി ആത്മൈവാഭുദ് വിജാനതഃ
തത്രകോമോഹഃകഃ ശോക ഏകത്വമനുപശ്യയതഃ
ആരിലാണോ എല്ലാ പ്രപഞ്ച ഘടകങ്ങളും താന്‍ തന്നെയായിത്തീര്‍ന്നത് ആ ജ്ഞാനിക്കിവിടെ പിന്നെ എന്തു മോഹം എന്തു ശോകം. അദ്ദേഹം എല്ലാം ഒന്നായി കാണുന്നു.

പച്ചനിറമുള്ള മുറിയുടെ ഏകാന്തത, സന്ധ്യ. മഴ.
നെഞ്ചെരിച്ചിറങ്ങുന്ന വോഡ്ക പോലെ ഓര്‍മ്മകളുടെ ലാവാപ്രവാഹം.
വേര്‍പാടിന്‍റെ വാര്‍ഷികം.

http://disorderedorder.blogspot.com/2008/07/blog-post.html


Share/Save/Bookmark

ജൂലൈ 18, 2009

ഹോമോ സാപിയന്‍സിലെ അവസാന പദത്തിന്‍റെ അഭാവം

Buzz This

സ്കൂള്‍ ദിനങ്ങളില്‍ ഒരു സഹപാഠിയുണ്ടായിരുന്നു. ധനശബിളിമയുടെയും ആഡംഭരത്തിന്‍റെയും പര്യായം. പല ചെവികളും ചുണ്ടുകളും കൈമാറി അവസാനം ആ ആഡംബര രഹസ്യം പരസ്യമായി. സഹപാഠി ഒരു വ്യാപാരിയുടെ കുണ്ടന്‍ ആയിരുന്നു. ആദ്യമായി ആ പദം കേട്ടപ്പോള്‍ അമ്പരപ്പായിരുന്നു. വടക്കന്‍ കേരളത്തിന്‍റെ ഒരു സാമുഹിക പരിശ്ചേദമായിരുന്നു ഈ പദം. പണക്കാരുടെ പെറ്റ് എന്ന നിലയില്‍ അല്‍പ്പം പരിഗണനകള്‍ ലഭിക്കുന്ന ജീവിതം.

ഏതു ദേശത്തും ഏതു കാലത്തും ഇവരുണ്ട്. ക്രോമോസോമുകളുടെ എക്സ്. വൈ സംയോജനത്തില്‍ പുരുഷന്‍ ഉരുവാകുന്ന ഘട്ടത്തില്‍ ഗര്‍ഭത്തിന്‍റെ ആറാമത് ആഴ്ചയ്ക്കു ശേഷം വൃഷണം രൂപപ്പെടുന്നതിനു കാരണമാകുന്ന ആന്‍ഡ്രോജെന്‍സ് എന്ന പുരുഷ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുകയും പുരുഷസ്വഭാവത്തിലേക്ക് ഭ്രൂണം മാറുകയും ചെയ്യുന്നു. ഈ ഹോര്‍മോണ്‍ ലഭ്യതിയിലെ അപര്യാപ്തത പുരുഷത്വം പൂര്‍ണ്ണമാകുന്നതില്‍ അപര്യാപ്തതകളുണ്ടാക്കുന്നു. ഫലം കൌമാര പൂര്‍ത്തിയോടെ ഗേ അല്ലെങ്കില്‍ ട്രാന്‍സ്ജെന്‍ഡര്‍ രൂപപ്പെടുന്നു. എണ്ണത്തില്‍ തുലോം കുറവാണെങ്കിലും ലെസ്ബിയന്‍ മനോഭാവവും സമാനമായി ഉരുവപ്പെടുന്നതാണ്. സ്വവര്‍ഗ്ഗരതിക്കാരായ പുരുഷന്‍മാരുടെ പത്തു ശതമാനം മാത്രമാണ് സ്വവര്‍ഗ്ഗരതി ഇഷ്ടപ്പെടുന്ന സ്ത്രീകള്‍. സ്വവര്‍ഗ്ഗ രതിയില്‍ ടോപ്പ് എന്നും ബോട്ടം എന്നും വിവക്ഷിക്കപ്പെടുന്നവര്‍ ഇരുവിഭാഗത്തിനും സ്വന്തം. ശരീരം കൊണ്ടും മനസ്സുകൊണ്ടും പുരുഷനായിരിക്കുകയും പുരുഷ ശരീരം ഇഷ്ടപ്പെടുകയും ചെയ്യുന്നവരും ലൈംഗിക ബന്ധത്തില്‍ മേല്‍ക്കൈ ഉള്ളവരും ശരീരം കൊണ്ടു സ്ത്രീ ആയിരിക്കുകയും മനസ്സു കൊണ്ടു പുരുഷനായിരിക്കുകയും ലൈംഗികപ്രക്രിയയില്‍ മേല്‍ക്കൈ ഉള്ളവരും (മനസ്സു കൊണ്ടു പുരുഷനാകണമെന്ന ധാരണ ചോദ്യാര്‍ഹമാണ്. സ്ത്രീ ആയിരിക്കെ തന്നെ ടോപ്പ് ലൈംഗിക ബന്ധത്തില്‍ മേല്‍ക്കൈ ഉള്ളവരുമാകാം) ടോപ്പ് എന്നു വിവക്ഷിക്കപ്പെടുന്നു. ടോപ്പ് എന്നത് ദാതാവാണ്. സ്വീകര്‍ത്താവ് ബോട്ടവും. ജനിതക ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങളിലൊന്നുമാത്രമാണ് ഈ ലൈംഗിക മുന്‍ഗണനയും. കാലദേശവ്യാപിയായ ലൈംഗിക സ്വഭാവം.

ബെബിളില്‍ സൊദോം എന്ന നഗരം ദൈവകോപത്തില്‍ എരിഞ്ഞ കഥയാണ് പുരാവൃത്തങ്ങളിലെ സ്വവര്‍ഗ്ഗ ലൈംഗികതയുടെ തെളിവാണ്. ബെബിള്‍ കഥാപരിസരമായ അറബ് നാടുകളിലെ പുരാതന കവിതകള്‍ കൌമാര പ്രായത്തിലുള്ള ബാലന്‍മാരോടു തോന്നുന്ന ലൈംഗികാകര്‍ഷണം വിഷയമാക്കുന്നുണ്ട്. ശരീര വര്‍ണ്ണനകളും സുഖവര്‍ണ്ണനകളും കവിതയായി പ്രവഹിച്ചിട്ടുണ്ട്. ലെസ്ബോ എന്ന ദ്വീപിലെ അന്തേവാസിയായിരുന്ന സാഫോ എന്ന കവയത്രി സ്ത്രീസ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ മാനസിക തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ ബി.സി 630 ല്‍ രചിച്ചിരിക്കുന്നു.

ഇപ്പോള്‍ നീ വീണ്ടുമെന്നിലണയൂ
ഈ വേദനയില്‍ നിന്നെന്നെ മുക്തയാക്കൂ
എന്‍റെ ആത്മാവ് നിറവേറലിനായി വെമ്പുന്നു
നിറവേറലിനു മാത്രം.
നീ എന്‍റെ സ്നേഹസാമീപ്യമാകൂ.

ജനിതകചേരുവകളില്‍ അനൈച്ഛികമായി സംഭവിക്കുന്ന ഈ വ്യതിയാനം അത് പേറുന്നവരെ സമൂഹത്തിനു മുന്‍പില്‍ കുറ്റക്കാരാക്കുന്നു. ഉപരിപ്ലവമായ സമൂഹത്തില്‍ ചന്ദനമരങ്ങള്‍ സ്ഫോടനമുതിര്‍ക്കുന്നു. സ്വന്തം ലൈംഗികത തിരിച്ചറിയാത്തവരുടെ ബഹുഭൂരിപക്ഷം ഉപരിപ്ലവ ലൈംഗിക അനുപാതങ്ങള്‍ കാത്തുരക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. സാമൂഹികമായി വികസിതമായ പല രാജ്യങ്ങളിലും സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തിന്‍റെ പൊതുധാരയിലെത്തിയപ്പോഴും നമ്മുടെ നാട്ടു നടപ്പില്‍ അത് പരദൂഷണവും അപവാദവും കഥകളുമായി ഉപരിതലത്തിലെത്തുകയും ലൈംഗികസ്വത്വം ഇരുട്ടില്‍ മറയുകയും ചെയ്യുന്നു. കണ്ണുകളുടെ നിറവും ചര്‍മ്മവും രൂപവും പോലെ തിരഞ്ഞെടുക്കാനാകാത്ത ചേരുവകളാണ് ലൈംഗിതയും. ജനനത്തില്‍ സംഭവിക്കുന്ന കലര്‍പ്പ്.

ഒരിക്കല്‍ സന്ധ്യ മയങ്ങുന്ന സമയത്ത് ഒരു നാട്ടിടവഴിയില്‍ കുറേയാളുകള്‍ ചേര്‍ന്ന് ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിക്കുന്നു. ബ്രേക്ക് ചെയ്തു നോക്കിയപ്പോള്‍ കുറ്റാരോപിതന്‍ സ്വവര്‍ഗ്ഗാനുരാഗി. സേവനശേഷമാണു തല്ലുന്നതെന്നവന്‍റെ നിലവിളി. സിനിമാതിയറ്ററുകളിലെ ഇരുട്ടിലും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും തന്‍റെ ലൈംഗിതസ്വത്വത്തിന്‍റെ നിറവേറലിലുള്ള തീവ്രതൃഷ്ണയില്‍ ചുറ്റിത്തിരിയുന്നവരുടെ ജീവിതം. ഹാ കഷ്ടം. സ്വവര്‍ഗ്ഗാനുരാഗി സ്ത്രീയാണെങ്കില്‍ ലോകാവസാനം. ജ്യാമതീയ രൂപങ്ങളോടു എനിക്കും നിങ്ങള്‍ക്കും തോന്നുന്ന ആകര്‍ഷണം സ്വലിംഗത്തിലുള്ളവരോട് തോന്നുന്നുവെന്നത് മാത്രമാണ് അവര്‍ ചെയ്യുന്ന തെറ്റ്. ജ്യോമതീയ രൂപങ്ങളോട് എനിക്കു തോന്നുന്ന ആകര്‍ഷണം ഒരു സ്ത്രീയ്ക്കു തോന്നിയാല്‍ അക്ഷന്തവ്യം. അത്തരമൊരു ആകര്‍ഷണം കുറ്റവും ശിക്ഷാര്‍ഹവുമായിരുന്നു. നീയമം നല്‍കുന്ന പീഢനം അവസാനിച്ചേക്കാമെങ്കിലും സമൂഹം നല്‍കുന്ന പീഢനം അവസാനിക്കുമോ?

-------------

-റെഫറന്‍സ്
വിജു. വി.നായര്‍

ഭരതവാക്യം.ഭരത വാക്യം. ജ്യോമതീയ രൂപങ്ങളോട് എനിക്കും ആകര്‍ഷണം തോന്നാറുണ്ടെന്ന് പ്രസ്ഥാനം. അതാകര്‍ഷണമായി മാത്രം നിലനില്‍ക്കുന്നതു കൊണ്ട് ഒന്നും ലൈംഗികത ആകുന്നില്ല. വെറും ആകര്‍ഷണത്തിലുപരിയായി എന്തെങ്കിലും രംഗപ്രവേശം ചെയ്യുമ്പോഴല്ലേ ലൈംഗികത ഉരുവപ്പെടുന്നത്?
മറുകുറി- ചോദനകളുടെ രസതന്ത്രം. ചോദനകളെ പരിമിതപ്പെടുത്തുന്നത് നൈസര്‍ഗ്ഗിതവും ആര്‍ജ്ജിതവുമായുള്ള സംസ്കാരം


Share/Save/Bookmark

ജൂലൈ 13, 2009

സര്‍ക്കാരംഗീകൃത കുടിയന്‍- പാചകക്കുറിപ്പ്!

Buzz This

അങ്ങനെ അവസാനം അതും സംഭവിച്ചു. 15ല്‍ പരം വര്‍ഷങ്ങളുടെ മദ്യസുരഭിലചരിത്രത്തിലെ കളങ്കം. ആദ്യ മദ്യദുരന്തം. മദ്യപാനം സര്‍ക്കാര്‍ പരിശോധിച്ചു സാക്‍ഷ്യപ്പെടുത്തി.

ചേരുവ
1. ബ്ലോഗന്‍ 1- മുഴുനീളത്തില്‍ ദീര്‍ഘാകാരം.അകാരഹ്രവസ്വവും ആകാരദീര്‍ഘവും.
2. ബിയര്‍ - ആവശ്യത്തിന്
3. ബൈക്ക് - 1 റണ്ണിങ്ങ് കണ്ടീഷനിലായിരിക്കണം
4. ട്രാഫിക്ക് പോലീസ് - ആവശ്യാനുസൃതം

തിരശ്ശീല ഉയരുമ്പോള്‍ ബ്ലോഗന്‍ പതിവു സങ്കേതത്തില്‍ ബിയറാലലംകൃതനായി കഥകള്‍ രചിക്കുന്നു. കഥ ഒന്നു. സാമ്പിള്‍ വെടിക്കെട്ട്.
പശുവിനെ കറന്നു കഴിയുമ്പോള്‍ പശു ദുഖഭാവത്തില്‍ നില്‍ക്കുന്നതെന്തിനെന്നു ചോദ്യം. ഉത്തര ഘോഷയാത്ര
കിടാവിനു കൊടുക്കാനുള്ള പാല്‍ വല്ലവനും കറന്നോണ്ടു പോന്നതിലെ ദുഖം. പശുവിന്‍റെ ശരീരത്തിലെ പോഷണങ്ങള്‍ നഷ്ടപ്പെടുന്ന ദുഖം. ഉത്തരങ്ങള്‍ പലവിധം. പലതരം.
അടുത്ത ബിയറിനു തിരികൊളുത്തി ബ്ലോഗന്‍ (ഉത്തരത്തിനു കടപ്പാട് പ്രസിദ്ധനായ ഒരു മദ്യതിരുവിതാംകൂറുകാരന്‍)ഉവാച.

അര മണിക്കൂറു നേരം സ്തനമര്‍ദ്ദനം നടത്തിയേച്ചൊരുത്തന്‍ നിര്‍ഗുണപരബ്രഹ്മമായി നില്‍ക്കുന്നതിലെ നിരാശ! ഇവനൊന്നും വേറെ പണിയില്ലേന്നു പശുവിന്‍റെ ആത്മഗതം!

അതിനും പൊതുജന സമക്ഷം പറയാന്‍ സാധിക്കാത്ത ഉല്‍പ്രേക്ഷകള്‍ക്കും ഉപമകള്‍ക്കും ശേഷം ബ്ലോഗന്‍ പുറത്തെത്തുന്നു. അടുത്ത തിരക്കഥകള്‍ മനസ്സില്‍ രചിച്ച് യാത്ര തുടരുമ്പോഴാണ് അത്യാഹിതം. വളവില്‍ പൌലോസ് കാത്തു നില്‍ക്കുന്നു. വലയും വിരിച്ച്. ചെന്നു ചാടി. എന്നാ ഇനി കണ്‍ഫ്യൂഷ്യസ് തത്വം. ബലാല്‍സംഗത്തിനു വിധേയമാകുകയും രക്ഷ പെടാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍ കിടന്നു കൊടുത്തു സുഖിക്കുകയും എന്ന എം.പി.നാരായണ പിള്ള ലൈന്‍. പണം കൈവശം കൊണ്ടു നടക്കുന്ന സ്വഭാവമില്ലാത്തതു കൊണ്ടു കൈക്കൂലി എന്ന സുന്ദര മനോഹര വാഗ്ദാനം ഫലിച്ചില്ല. പുറത്തു പറയാന്‍ നാണക്കേടുള്ള സംഭവമായതു കൊണ്ട് ബന്ധങ്ങളും. പെട്ടു. കഥാപാത്രം ഒരു കടലാസെഴുതി തന്നു ആശുപത്രിയിലേക്കു വിട്ടു.

അവിടെ ഡോക്ടര്‍ ഒരുവന്‍ ചോദ്യശരം. പക്ഷെ മാന്യന്‍, അടിച്ചു ആംങ്കിളുതെറ്റിയിരിക്കുവാണെന്നു അവനും പ്രതിക്കും ഉത്തമബോധ്യമുണ്ടായിട്ടും അവനെഴുതിയത് കണ്‍സ്യൂംഡ് ആല്‍ക്കഹോള്‍, ബട്ട് നോട്ട് അണ്ടര്‍ ഇന്‍ഫ്ലുവന്‍സ് ഓഫ് ആല്‍ക്കഹോള്‍. എന്തായാലും കഥ പെറ്റിയായി.

അടുത്ത ദിവസങ്ങളില്‍ മൊബൈല്‍ കോടതിയില്‍ ഹാജരായി, കൂടിനു ബ്ലോഗനെ ഉള്‍ക്കൊള്ളാനുള്ള വലുപ്പമില്ലാരുന്നു. മജിസ്ട്രേറ്റ് ചോദ്യം ഉന്നയിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ? ലറ്റീനിലും സംസ്കൃതത്തിലും ഏറ്റു പറഞ്ഞു. മിയാ കുള്‍പ്പാ, മിയാ മാക്സിമാ കുള്‍പ്പാ.

(വ്യാഖ്യാനം ചെയ്ത പ്രസ്ഥാനം കേള്‍ക്കണ്ട. പ്രശ്നം തീരുന്നതു വരെ പിന്തുണയുടെ ചെങ്കൊടിയുമായി നിന്നവള്‍ പ്രശ്നം തീര്‍ന്നപ്പോള്‍ കലാപക്കൊടി പറത്തി.)

ലൈസന്‍സില്ലാതെയും ഉണ്ടായിട്ടും കേസ് ചാര്‍ജ്ജ് ചെയ്തു ഊഴം കാത്തു നില്‍ക്കുന്നവര്‍ ഗുഡ്സ് എന്നതിന്‍റെയും ഹില്‍സ് പ്രൊഡ്യൂസ് എന്നതിന്‍റെയും മലയാള പര്യായമാകുമോ എന്ന ചിന്ത കോടതി അലക്‍ഷ്യമാകുമോ എന്നോര്‍ത്തമ്പരക്കുമ്പോള്‍ വിധി. പിഴയടിച്ചു സ്ഥലം കാലിയാക്ക്.

അതു ചെയ്തു.
ഗുണപാഠം.
മദ്യപിക്കണം എന്നു നിര്‍ബന്ധമുള്ളപ്പോള്‍ ബൈക്കില്‍ യാത്ര അരുത്. നടന്നോ പൊതു ഉടമസ്ഥതയിലോ സ്വകാര്യ ഉടമസ്ഥതയിലോ ഉള്ളതായ ത്രിചക്ര ചതുര്‍ചക്ര വാഹനങ്ങളില്‍ ചതുര വടിവില്‍ ചരിക്കുക.
സര്‍ക്കാര്‍ അംഗീകൃത കുടിയന്‍റെ പാചകക്കുറിപ്പ് ഈ ഉപദേശം കൈക്കൊള്ളാന്‍ വിമുഖതയുള്ള എല്ലാവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.


Share/Save/Bookmark
Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP