ഗണിത ഗോവണിപ്പടി
അറബികള്‍ ഹിന്ദുസ്ഥാനി അക്കങ്ങളെന്നും നമ്മള്‍ അറബി അക്കങ്ങളെന്നും പറയുന്ന സാധനം വലതു വശത്തു പൂജ്യം വന്നാല്‍ മാത്രം ഗുണമുള്ള കാര്യം ചാലകവും ചോദകവുമാണ്. പ്രചോദനം. പണത്തിനു മീതെ പരന്തും പറക്കില്ലെന്നു പഴമൊഴി. പിന്നെയും മൊഴിയുണ്ട്. പണമുണ്ടെങ്കില്‍ കിളവനും ചെറുപ്പക്കാരനാണ്. ഇല്ലെങ്കില്‍ ചെറുപ്പക്കാരനും കിളവനാണ്. സംഭവം സത്യം. ഏതൊരു പൊതുസ്ഥലത്തും ചടങ്ങിനും പണത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരുവന് മതിപ്പ് കൂടുതലാണ്. അവന്‍റെ വാക്കിനു വിലയും. പോക്കറ്റില്‍ ജോര്‍ജ്കുട്ടിയുള്ളവന്‍റെ തെറ്റും അതില്ലാത്തവന്‍റെ തെറ്റും തമ്മില്‍ അജഗജാന്തരം. ചിക്കിലി ഉള്ളവന്‍റെ വിഡ്ഡിത്തം വിജ്ഞാനവും അതില്ലാത്തവന്‍റെ വിജ്ഞാനം വിഡ്ഡിത്തവും. അത് അവന്‍ കമാന്‍റ് ചെയ്യുന്ന പണത്തിന്‍റെ ഗുണം. എന്തൊക്കെ കാര്യങ്ങളെകുറിച്ചറിവുള്ളവനായാലും ആ അറിവ് ലിക്വിഡേറ്റു ചെയ്തു പണമോ തത്തുല്യമോ ആക്കാന്‍ പറ്റിയില്ലെങ്കില്‍ അവന്‍ പിണം. അവനു വോയ്സില്ല. മതിപ്പും. ആരാധന നിറഞ്ഞ പ്രണയം നിറഞ്ഞ കണ്ണുകള്‍ അവനെ ചുഴുന്നു നില്‍ക്കില്ല. അവന്‍റെ ജ്ഞാനം അവന്‍റെ നിത്യജീവിതക്കുരുക്കുകളില്‍ പിടിവള്ളിയാകില്ല. ജ്ഞാനമെടുത്തുകുത്തിയാലും പണമില്ലെങ്കില്‍ പരിപ്പ് വേവില്ല. ദാരിദ്ര്യം കിളിവാതിലൂടെ കടന്നു വരുമ്പോള്‍ പ്രണയം വാതില്‍പ്പടിയിലൂടെ പുറത്തേക്കു കടക്കുന്നുവെന്ന് പഴമൊഴി. അനന്തമജ്ഞാതമവര്‍ണ്ണനീയമായ ഈ ലോകം കറങ്ങുന്ന് പണത്തിനു ചുറ്റുമാണ്.
ചിന്തിച്ചാല്‍ ഒരന്തവും ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ലാത്ത ഈ സാധനത്തിന്‍റെ മാര്‍ജിനല്‍ വാല്യു ഗണ്യമാണ്. ഇല്ലാത്തപ്പോള്‍ ഇല്ലാത്തതിന്‍റെ വിലയറിയുന്നതും ഉള്ളപ്പോള്‍ ഉള്ളതിന്‍റെ വിലയറിയുന്നതുമായ ഒരപൂര്‍വ്വത. ക്ഷാമം അനുഭവപ്പെടുമ്പോഴും ധാരാളിത്തം അനുഭവപ്പെടുമ്പോഴും ഒരേ പോലെ അറിയുന്ന ഒന്ന്. ജീവിതരീതിയെ മനോഭാവത്തെ എല്ലാം ഇതു നിര്‍വചിക്കുന്നു. നാട്ടുഭാഷയില്‍ കാശുള്ളവനേ അതുള്ളവന്‍റെ ദണ്ഡമറിയൂ എന്ന ലൈന്‍. മാസം ആയിരം രൂപ ചിലവാക്കി ജീവിക്കുന്നവനും ലക്ഷം ചിലവാക്കി ജീവിക്കുന്നവനും ഈ ദണ്ഡത്തില്‍ നിന്നൊരു മോചനമില്ല. അമ്പതു രൂപയുടെ കേബിള്‍ ടിവി കൊണ്ട് ആദ്യം പറഞ്ഞവന്‍ തൃപ്തിയടയുമ്പോള്‍ രണ്ടാമതു പറഞ്ഞവന് ഡിടിഎച്ച് രൂപത്തില്‍ അതിന്‍റെ തലവര അഞ്ഞൂറാകും. ആനുപാതികമായ വര്‍ദ്ധന. പാലക്കാടന്‍ മട്ട കഞ്ഞിവെച്ചു കുടിച്ചാല്‍ അടങ്ങുന്ന വിശപ്പ് ക്ലാസ്സ് മാറുമ്പോള്‍ കെല്ലോഗ്സാകും. രണ്ടു രൂപ ടിക്കറ്റില്‍ ബസ്സില്‍ യാത്ര ചെയ്യാവുന്ന ദൂരം താണ്ടുന്നതിനുള്ള തലവര നൂറു കടക്കും. ജീവിതരീതി മാറുകയും ദണ്ഡം സ്ഥായിയായി നില്‍ക്കുകയും ചെയ്യുന്ന സവിശേഷത.
പണത്തിന്‍റെ ആദിപുരാവൃത്തങ്ങള്‍ പുരുഷോന്മുഖം. സ്വന്തമായുള്ള കന്നുകാലികളും സ്ത്രീകളും ഒരുകാലത്ത് ഒരുത്തനെ സമ്പന്നനാക്കിയിരുന്നു. പണത്തിന്‍റെ ഏകകങ്ങളും ദേശാനുസൃതം. പഴയ ഒരു കഥ. ചെങ്കോട്ടയ്ക്കടുത്ത് ഒരു തമിഴ് ഗ്രാമം. മുഖത്തു മീശയൊന്നു ഘടിപ്പിച്ചു വെച്ച ഒരു മധ്യവയസ്കന്‍റെ വചനം. ഹൈവേക്ക് ഇന്തപ്പക്കം ഒണ്ണര കിലോമീറ്റര്‍ എന്നുടേത്, അന്തപ്പക്കം എന്നുടെ തമ്പിയുടേത്. ഞെട്ടിത്തരിച്ചു. കേരളത്തില്‍ ദേശഭേദമില്ലാതെ കുറച്ചു സെന്‍റ് സ്ഥലമുള്ളവന്‍ ഭൂഉടമയാകുമ്പോള്‍ അണ്ണാച്ചിക്ക് സമ്പന്നനാകണമെങ്കില്‍ കിലോമീറ്റര്‍ കണക്കിനു സ്ഥലം വേണം. പണം വരുന്നതെവിടെ നിന്നും പോണതെവിടെ നിന്നെന്നതും അജ്ഞാതം. പൊട്ടനു ലോട്ടറിയടിച്ചതു പോലെ കിണറുകുഴിച്ചപ്പോള്‍ കണ്ടെത്തിയ എണ്ണയാണ് മധ്യപൂര്‍വ്വേഷ്യയിലെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല, കേരളം പോലൊരു ഇത്തിള്‍ക്കണ്ണി സമ്പദ് വ്യവസ്ഥയേയും നിലനിര്‍ത്തുന്നത്. മുത്തും മരതകവും രത്നവും വിളവെടുത്തിരുന്ന നാടുകള്‍ പ്രാചീനവ്യാപാരത്തിന്‍റെയും പണമിടപാടുകളുടെയും ലക്‍ഷ്യസ്ഥാനമായിരുന്നു. കണ്ടെടുക്കപ്പെട്ട ഏറ്റവും പഴയ വ്യാപാര ഉടമ്പടി മുസിരിസെന്ന നമ്മുടെ ദേശത്തു നിന്നും വ്യാപാരം നടത്തുന്നതിനു ഒരു വ്യാപാരി എഴുതിയ പണയക്കരാറാണ്. കാലത്തിനും ദേശത്തിനുമനുസരിച്ച് പണം വരുന്ന വഴികളും മാറുന്നു. ആഗ്രഹം ആര്‍ത്തിക്കും ആര്‍ത്തി അത്യാര്‍ത്തിക്കും വഴി മാറുമ്പോള്‍ ആടും തേക്കും മാഞ്ചിയവും പൊട്ടിമുളയ്ക്കുന്നു. വാടിക്കൊഴിയുന്നു. ഭക്തി പണാഗമന മാര്‍ഗ്ഗമാകുന്നത് ഏറ്റവും പുതിയ പ്രവണത. എലസ്സൊന്നു കെട്ടിയാല്‍ പണം പെരുമഴ പോലെ പെയ്യുമെന്ന പരസ്യത്തിന്‍റെ മനശാസ്ത്രം ഈ ആഗ്രഹത്തില്‍ നിന്നും അത്യാര്‍ത്തിയായ മനോഭാവമാണ്.
പണത്തിന്‍റെ ഗുണങ്ങളനേകം. കയറിക്കിടക്കാനൊരു കൂരയില്‍ തുടങ്ങുന്ന ആഗ്രഹം പോക്കറ്റിലെ പണത്തിന്‍റെ അളവനുസരിച്ച് ആഗ്രഹവും വികസിക്കുന്നു. കൊള്ളാവുന്ന ഒരു പുസ്തകം വാങ്ങാന്‍, വാര്‍ത്തകളറിയാന്‍, അല്‍പ്പം സുഖമായി ജീവിക്കാന്‍, സൌകര്യങ്ങളറിയാന്‍ എന്തിനും ഏതിനും ടാഗുകളുള്ള ലോകത്ത് പണം വേണം. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്യാന്‍ സര്‍വ്വോപരി സുരക്ഷിതത്വം അനുഭവപ്പെടാന്‍ എല്ലാം പണം വേണം. ദോഷങ്ങളും അനേകം. പണമുള്ളവന്‍ എപ്പോഴും ഒരു ടാര്‍ജറ്റാണ്. പലരുടെ നാക്കിന്‍തുമ്പത്ത് കിടന്നു തുള്ളിക്കളിച്ച് തുലഞ്ഞുപോയവരനേകം. പണത്തിനു പിന്നാലെ പരക്കം പാഞ്ഞ് സകലതും നഷ്ടപ്പെട്ടവരും. അറുപതുകളിലെയും എഴുപതുകളിലേയും ഒരു സോഷ്യലൈറ്റ് പാര്‍ട്ടി അനിമല്‍ അതും ഹൈഫ്ലയര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത് റെയില്‍വ പ്ലാറ്റ്ഫോമിലാണ്. കുറെ വര്‍ഷം പഴക്കമുള്ള ഹ്യൂമന്‍ സ്റ്റൊറിയാണ്. ഒരിക്കല്‍ സുന്ദരിയായിരുന്ന ആ സാമൂഹികതാരം ജീവനോടുണ്ടോ എന്തോ? അരങ്ങേറപ്പെടുന്ന കുറ്റകൃത്യങ്ങളുടെ ഭൂരിഭാഗവും പണത്തിനു വേണ്ടിയുള്ളതാണ്. പെറ്റതള്ളയെ വഴിയിലറിക്കിവിടുന്നതും മക്കള്‍ വരുന്നതും കാത്ത് അച്ഛന്‍ തോക്കുമായി നില്‍ക്കുന്നതുമെല്ലാം. ഒരു ബന്ധു കോടികളുടെ ആസ്തിയുമായി വയസ്സുകാലത്തെ ഏകാന്തതയില്‍ തിന്നു നിറയുന്നത് വേവിക്കാത്ത പച്ചക്കറികളാണ്. മക്കളും പണമുണ്ടാക്കാനുള്ള യാത്ര തുടങ്ങിയപ്പോള്‍ അനുഭവിക്കുന്ന ഏകാന്തത. ഏകാന്തതയില്‍ അവസാനിച്ച ഡോക്ടറെക്കുറിച്ച് പോസ്റ്റുകളെഴുതിയിട്ടധികമായില്ല. ഇപ്പോഴും ബാല്‍ക്കണിയില്‍ നിന്നു പുഞ്ചിരിക്കുന്ന ആ വൃദ്ധരൂപം മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. പണത്തിന്‍റെ ഉപയോഗം ചുരുങ്ങിയില്ലാതാകുന്ന അത്തരം സാഹചര്യങ്ങളിലും, ഉപകരിച്ചാലും ഇല്ലെങ്കിലും പണത്തിന്‍റെ പ്രസക്തിയില്ലാതാകുന്നില്ല.
പണത്തോടുള്ള പുച്ഛം ജ്ഞാനത്തിന്‍റെ ഭാഗമായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഉപനിഷത്തുകള്‍ പറയുന്നത്, കാര്‍ണിഗിയും ഹില്ലും സ്വപ്നം പോലും കാണുന്നതിനു മുന്‍പ് ഭഗവദ്ഗീത പറയുന്നത് ഈ ലോകത്തിലെ ജീവിതം നശ്വരമാണെന്നും ജീവിതമെന്താണെന്നും മനസ്സിലാക്കി തിരികെ ജീവിതത്തിലേക്കു പോയി കൊന്നുംതിന്നും സമ്പദ്സമൃദ്ധനായി വാഴാനാണ്. ആത്മീയത എന്നതു ഭൌതിക ജീവിതത്തോടുള്ള വിരക്തിയാണെന്നതു സുവിധതം. പണം അല്ലെങ്കില്‍ ഭൌതികമൂല്യത്തിനു പകരം ആത്മീയ മൂല്യങ്ങള്‍ വരുന്നു, പക്ഷെ അവനവന് വിലപിടിച്ചതായി തോന്നുന്ന അഭിനിവേശ തീവ്രത അതു പണമായാലും ശാന്തിയാണെങ്കിലും മാറ്റമില്ലാതെ തുടരുന്നു. വിരക്തിയും ഒരു തരം ആസക്തിയാണെന്നതു സത്യം. പണം കൊണ്ടു പ്രത്യക്ഷമാകുന്ന ഭൌതികതയ്ക്കു പകരം മനം കൊണ്ടു പ്രത്യക്ഷമാകുന്ന ആത്മീയത അഭിനിവേശത്തിന്‍റെ സെന്‍റര്‍ ഫോക്കസാകുന്നു. സൂക്ഷിച്ചുനോക്കിയാല്‍ വ്യത്യസ്തമല്ലാത്ത ഒന്ന്.
എഴുതിവന്നപ്പോള്‍ മനസ്സിലായ ഒന്നുണ്ട്. പണത്തെക്കുറിച്ചെഴുതിയാലും അന്തവും കുന്തവുമില്ല. പണത്തിനു ഒരു നേരുണ്ടെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. കൈക്കൂലി വാങ്ങിയും തെറ്റായ മാര്‍ഗ്ഗത്തിലും സമ്പാദിക്കുന്ന പണം ആരുമനുഭവിക്കാതെ പാഴാകുന്നതും അതിന്‍റെ ഭാഗമായിരിക്കും. കഥയെന്തായാലും വല്ലവന്‍റേം പോക്കറ്രില്‍ കിടക്കുന്ന പണം സ്വന്തം പോക്കറ്റില്‍ വരുത്തുന്നതിന് ഗണിതമറിയണം, പരേംഗിതജ്ഞാനം വേണം. സമ്പാദ്യം സ്ഥായിയാകണമെങ്കില്‍ നേരും നെറിയും വേണം. അറിവിന്‍റെയും പരിചയത്തിന്‍റെയും ഏതേകകം വെച്ചളന്നാലും പണം ഇഷ്ടമാണ്. നേരും നെറിയുള്ളതാണെങ്കില്‍, അര്‍ഹതപ്പെട്ടതും നേടിയെടുത്തതുമാണെങ്കില്‍. അതു തരുന്ന സുരക്ഷിതത്വവും സുഖവും അതിലുമേറെ ഇഷ്ടമാണ്. ലോകം പണം എന്ന അച്ചുതണ്ടില്‍ കറങ്ങുന്നിടത്തോളം കാലം അതങ്ങനെ തന്നെ! തദേസ്തു.



9 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:
wealth- if you have it enjoy the comforts , if do not have it enjoy the freedom (quote)
സ്വർണ്ണധനം സർവ്വ ധനാൽ പ്രധാനം..
സ്വർണ്ണത്തിനു തീ വില.. എല്ലാ വർഷവും ദീപാവലിക്ക് എന്തെങ്കിലും സ്വർണ്ണം വാങ്ങും. ചിലപ്പോൾ ഒരു ഗ്രാം ചിലപ്പോൾ രണ്ട്.(.നാട്ടിലാണെങ്കിൽ ഒരു പവൻ വാങ്ങാതെ മകൾ സമ്മതിക്കില്ല)…
ഇത്തവണ വാങ്ങുന്നില്ല. എന്തൊരു വിലക്കയറ്റം.. ഗ്രാമിന് 1500 രൂപയായി വില
Love you namath.come on,say get out to modesty yaa.If you are searching for a partner,please please consider me.
പണം എന്നടാ പണം പണം ഗുണം താനെടാ നിരന്തരം എന്നു ഏതോ ഒരു ശീവാജി ഗണേശന്‍ പടത്തില്‍ ടീ എം സൌന്ദര രാജണ്റ്റെ ഒരു പാട്ടുണ്ട് അതില്‍ എല്ലാം അടങ്ങും പണ്ട് ഒരു നൂറു രൂപ കൊണ്ടൂ കിട്ടുന്ന സൌഭാഗ്യം ഇപ്പോള്‍ കിട്ടുന്നില്ല മാതാ പിതാക്കള്‍ തരുന്ന അല്ലെങ്കില്‍ അവരില്‍ നിന്നും പറ്റിച്ചു വാങ്ങിയ പണം ചെല്വാക്കുന്ന സുഖം ഇപ്പോള്‍ നമ്മള്‍ ഉണ്ടാക്കിയ ധാരാളം പണം ചെലവാക്കുമ്പോള്‍ കിട്ടൂന്നില്ല
ഒരു പഴയ കഥ
ഒരു ദിവസം.. 1973 ഇലൊ മറ്റൊ..
മദ്രാസ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഒരു മനുഷ്യൻ ഒരു ടാക്സി വിളിച്ചു.
“എവിടേയ്ക്ക് പോകണം”?
“മൈലപ്പൂർ”
ഓ ക്കെ
മൈലാപ്പൂർ എത്തിയപ്പോൾ യാത്രക്കാരൻ ഒരു നൂറു രൂപയുടെ നോട്ട് കൊടുത്തു. അന്ന് നൂറ് രൂപയുടെ കള്ള നോട്ടുകൾ പ്രചാരത്തിൽ ഉണ്ടായിരുന്ന സമയമായിരുന്നു. നോട്ട് കൊടുക്കുന്ന ആളിൽ നിന്ന് “ഈ നോട്ട് ഞാൻ കൊടുത്തതാണ്” എന്ന് എഴുതി വാങ്ങാം എന്ന് നിയമം ഉണ്ടായിരുന്നു. ടാക്സി ഡ്രൈവർ ഒരു വെള്ള പേപ്പറിൽ അങ്ങനെ എഴുതി യാത്രക്കാരനോട് ഒപ്പിടാൻ പറഞ്ഞു. യാത്രക്ക്കാരൻ ഒപ്പിട്ടു കൊടുത്തു. അതു നോക്കി ടാക്സി ഡ്രൈവർ പറഞ്ഞു
നോട്ടിൽ ഉള്ള ഒപ്പിടാനല്ല,നിങ്ങളുടെ ഒപ്പിടാനാണ് പറഞ്ഞത്
യാത്രക്കാരൻ : അത് എന്റെ ഒപ്പു തന്നെ
ആ നൂറു രൂപ നോട്ടിൽ ഒപ്പിട്ടിരുന്ന എസ്.ജഗന്നാഥൻ തന്നെയായിരുന്നു ആ യാത്രികൻ.. അദ്ദേഹം റിസർവ് ബാങ്ക് ഗവർണ്ണറായിരുന്നു
ഈ നമതിനോട് എനിക്ക് അസൂയ
ഈ വയസ്സാൻ കാലത്തും എത്ര പ്രേമാഭ്യർത്ഥനകൾ
ഭാഗ്യവന്തം പ്രസൂയാഥാ: മാ ശൂരം മാ ച പണ്ഢിതം
പണം ഇല്ലാത്തവന്‍ പിണം. അതാണ് കാര്യം.
Thathhagathji - be the name sir (love personified)- why choose to be frowny or ONIDA-N
എല്ലാവര്‍ക്കും നന്ദി. തഥാഗതരെ അസൂയയല്ലാത്ത ആ അസൂയ പറഞ്ഞ ആ മനസ്സിനോട് എനിക്കും അല്‍പ്പം അസൂയ:-) ശുദ്ധരില്‍ ശുദ്ധനായി നീണാള്‍ വാഴട്ടെ! വയസ്സാന്‍കാലം - ഐ ഒബ്ജക്ട്. നിത്യഹരിതകുമാരന്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ