ഏകാകികളുടെ മരണം
ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ചെറിയ ചാറ്റല്‍ മഴയത്ത് ഇന്‍ഡിക്കേറ്ററിട്ടു ഇടതു വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുകയായിരുന്നു. മഴ നനയാതിരിക്കാനുള്ള പരക്കം പാച്ചിലില്‍ ഒരു പെണ്‍കുട്ടി ഇടതുവശത്തു കൊണ്ടു വന്നിടിച്ചു. താഴെ വീണ കുട്ടിയുടെ കൈമുട്ടില്‍ ചില്ലറ മുറിവ്. നോക്കിയപ്പോള്‍ മുന്‍പില്‍ ഒരു ലേഡി ഡോക്ടറുടെ ബോര്‍ഡ്. നേരെ അകത്തേക്കു കൊണ്ടു ചെന്നു. തലമുഴുവന്‍ നരച്ച വെളളികമ്പി കെട്ടിയ ഒരു ലേഡി ഡോക്ടര്‍. സൌമ്യമായി സംസാരിച്ചുകൊണ്ട് കട്ടിക്കണ്ണടയിലൂടെ നോക്കി കുട്ടിയെ പരിശോധിച്ചു. കണ്ടു നിന്നവരില്‍ ചിലര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായി അടുത്തു കൂടിയിരുന്നു. അവര്‍ക്കു മനസ്സിലാകാതിരിക്കാനായിരിക്കണം. ഇംഗ്ലീഷില്‍ പറഞ്ഞു. ഇവരെ സൂക്ഷിച്ചോളൂ, പ്രശ്നമാകും. പറഞ്ഞത് സത്യമായി. കുഴപ്പമായി. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചവരുടെ പക്ഷത്ത് നിന്നു പണം പിടുങ്ങാന്‍ ശ്രമിച്ചവരോട് അത്യാവശ്യം തറവേലകളും ഗുണ്ടായിസവും കാണിക്കേണ്ടി വന്നുവെന്നത് കഥയുടെ മറുപുറം. എന്നാലും ആ വൃദ്ധ മനസ്സ് ! ആ സ്നേഹം, വാല്‍സല്യം എല്ലാം മനസ്സില്‍ പതിഞ്ഞിരുന്നു.
കഥയതല്ല. ഇന്ന് വൈകുന്നേരം വീട്ടില്‍ നിന്നും ഒരു മീറ്റിങ്ങിനായി പുറത്തേക്കിറങ്ങിയതായിരുന്നു. അതേ വളവിലെത്തിയപ്പോള്‍ കണ്ടു പോലീസ് വണ്ടികളും ആംബുലന്‍സും പാര്‍ക്കു ചെയ്തിരിക്കുന്നു. കാക്കിക്കുപ്പായക്കാരുടെയും പൊതുജനങ്ങളുടെയും ബഹളം. എതിര്‍വശത്തുള്ള കടയരുകില്‍ വണ്ടി നിര്‍ത്തി ചോദിച്ചു. എന്താണ് സംഭവം? ആ ലേഡി ഡോക്ടര്‍ മരിച്ചിരിക്കുന്നു. മൂന്നു ദിവസത്തോളമായി മരിച്ചിട്ട്. ഇന്ന് ദുര്‍ഗന്ധം കടുത്തപ്പോഴാണ് സംശയം തോന്നി ആരോ പോലീസിലറിയിച്ചത്. പോലീസ് വന്നു വീടു തുറന്നു അളിഞ്ഞു കഴിഞ്ഞ ബോഡി പുറത്തെടുത്തു. മരണമാണോ കൊലപാതകമാണോ എന്ന ചര്‍ച്ച പുരോഗമിക്കുന്നു. അതെന്താന്നു ചോദിച്ചപ്പോഴാണ് മറ്റു ചില കാര്യങ്ങള്‍ അറിഞ്ഞത്. ഡോക്ടറുടെ വീടിനു ഒരു പത്തുകോടിയെങ്കിലും കുറഞ്ഞത് മതിപ്പു വരും. നെഞ്ചത്തു കൈ വെച്ചു പോയി. പത്തുകോടി വിലയുള്ള സ്ഥാവരത്തിന്‍റെയും ഒട്ടും മോശമല്ലാത്ത ജംഗമങ്ങളുടെയും ഉടമയാണ് ആത്മഹത്യയാണെങ്കിലും കൊലപാതകമാണെങ്കിലും ഒരിറ്റു വെള്ളം കുടിക്കാതെ, അടുത്തു നില്‍ക്കാന്‍ ആരുമില്ലാതെ ഇഹലോകവാസം വെടിഞ്ഞത്. മനുഷ്യന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം. വിധി. വിധിവിഹിതം.
ഡോക്ടര്‍ ഒറ്റയ്ക്കായിരുന്നു പോലും താമസിച്ചിരുന്നത്. കുട്ടികള്‍ പറക്കമുറ്റിയപ്പോള്‍ എവിടേക്കൊക്കെയോ പറന്നു പോയി. ഡോക്ടര്‍ ഒറ്റയ്ക്കായി. സൌമ്യയും കുലീനയുമായ ഡോക്ടര്‍ ഏകാന്തതയില്‍ രോഗങ്ങളും ഒറ്റപ്പെടലും നിറഞ്ഞ ജീവിതം തള്ളിനീക്കി. അവസാനം ആരുമറിയാതെ ആരുമില്ലാതെ സ്വന്തം ഇച്ഛയാലോ പരേച്ഛയാലോ കാലയവനികയില്‍ മറഞ്ഞു. നിമിഷാര്‍ത്ഥം കൊണ്ടു സന്തോഷിക്കുകയും നിമിഷാര്‍ത്ഥം കൊണ്ടു വെറുക്കുകയും അവനവന്‍റെ ചുറ്റുമാണ് ലോകം ചരിക്കുന്ന മാര്‍ഗ്ഗമെന്നു വിശ്വസിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യര്‍ക്കിടയില്‍ സ്വഭാവഗുണം കൊണ്ട് വേറിട്ടു നിന്ന ഒരു സ്ത്രീയുടെ ഗതി! അവര്‍ കണ്ട ആയിരം പൂര്‍ണ്ണചന്ദ്രനും അളവറ്റ സമ്പത്തിനും അവരെ ഏകാകിയുടെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചില്ല.
ചിലന്തിയെ പോലെ സ്വന്തം ലോകവും ശരി തെറ്റുകളും നെയ്തുകൂട്ടുന്ന മനുഷ്യരൊന്നും തന്നെ ക്ഷണഭംഗുരമായ ജീവിതത്തെക്കുറിച്ച് നിമിഷാര്‍ത്ഥം പോലും ചിന്തിക്കുന്നില്ല. കണ്ണാടിയില്‍ നോക്കുമ്പോള്‍ തെളിയുന്നത് ആരോപിതവും സങ്കല്‍പ്പസിദ്ധവുമായ സ്വര്‍ഗ്ഗത്തിലെ സുസ്മേര രൂപം മാത്രമാണ്. കാലം എല്ലാ ശരികളെയും തെറ്റുകളെയും മായ്ക്കുന്നു. മരണവും. ഏകാകിയുടെ മരണം ഈ ലോകത്തെ എല്ലാവരെയും കാത്തിരിക്കുന്നു. പണക്കാരനായാലും പാമരനായാലും. ബുദ്ധിമാനായാലും മണ്ടനായാലും. ഇരുണ്ട മുറിയുടെ ഏകാകിതയോ തെരുവോരമോ വൃദ്ധസദനമോ എന്തൊക്കെയോ? ഈശ്വരോ രക്ഷതു! ഡോക്ടറുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. മരണസമയത്ത് ഒരിറ്റു ദാഹജലം തരാന്‍ ആശ്വാസത്തിനായി അമര്‍ത്തിപ്പിടിക്കാന്‍ ഒരു കൈയുള്ളവര്‍ മുജ്ജന്മ സുകൃതം ചെയ്തവര്‍.



4 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:
NICE POST...
കുട്ടികള്‍ പറക്കമുറ്റിയപ്പോള്‍ എവിടേക്കൊക്കെയോ പറന്നു പോയി. ഡോക്ടര്‍ ഒറ്റയ്ക്കായി. സൌമ്യയും കുലീനയുമായ ഡോക്ടര്‍ ഏകാന്തതയില്‍ രോഗങ്ങളും ഒറ്റപ്പെടലും നിറഞ്ഞ ജീവിതം തള്ളിനീക്കി
നോവുകള്‍ എല്ലാര്‍ക്കും ഒരു പോലെ ല്ലേ വളരെ മനോഹരം ആശംസകള്‍
:(
വായിച്ചു. വേദനിച്ചു.
ആ തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍...
without being hippocratic...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ