കര്‍ത്താവേ ഒരു പുസ്തകം
പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കുകയും തുമ്മുകയും ചെയ്തോണ്ടിരുന്നപ്പോഴാണ് സാധനം വീണ്ടും കണ്ണില്‍ തടഞ്ഞത്. പണ്ടെന്നോ ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയില്‍ നിന്നും സ്വന്തമാക്കിയ സാധനം. സംഭവം സ്റ്റൈല്‍, സത്യം. ഒരു സുപ്പീരിയര്‍ വ്യക്തി ഉപയോഗിക്കേണ്ട, അല്ലങ്കില്‍ ഉലകനായകര്‍ ഉപയോഗിക്കേണ്ട വാക്കുകള്‍. ഇത്തരം വാക്കുകളുടെ നിരന്തര ഉപയോഗത്തിലൂടെ മാത്രമേ ബുജികളായി വാഴ്ത്തപ്പെടുകയുള്ളൂ. ഒരു സുപ്പീരിയര്‍ ബുജിയാകാന്‍ നടത്തിയ ശ്രമങ്ങളിലൂടെ. കിതാബ് ഇതാണ്.
The Superior Persons Second Book of Weird and Wondrous Words,
Peter Bowler,
Dell Publishing Group Inc. New york.
പുസ്തകത്തില്‍ നിന്നും.
Apostate. a. മറ്റൊരാളുടെ വിശ്വാസം അല്ലെങ്കില്‍ മൂല്യങ്ങള്‍ തടഞ്ഞതിനു ഉത്തരവാദി. പോസ്റ്റുകളെഴുതുന്നവരും കമന്‍റിടുന്നവരും പൊതുവെ ഇതാരിക്കും. ഇല്ലേ പിന്നെ ഈ ഒടുക്കത്തെ സെല്‍ഫ് അടിക്കുമോ? പ്രത്യേകിച്ചും കള്ളു നിറഞ്ഞ പോസ്റ്റിടുന്നവര്‍
Bezonian, n. ഒരു തെമ്മാടി, നീചന്‍, കശ്മലന്‍ അല്ലെങ്കില്‍ തെണ്ടി. ഈ വാക്കുകള്‍ ഉപയോഗിക്കുന്നവനും ഈ ഗണത്തില്‍ വരുമോ എന്തോ?
Carrack, n ആള്‍ക്കുരിശ്. തലങ്ങും വിലങ്ങും മരം വെച്ച കുരിശല്ല. കുരിശിന്‍റെ ആള്‍രൂപം. പുരാണത്തിലെ മന്ഥര, പാഷാണം വര്‍ക്കി, എഷണി വാസു, അയ്യോ ഓടിക്കോ എന്നു പറയേണ്ടി വരുന്ന ഗജകേസരികള്‍. ഇവരുടെ സാന്നിദ്ധ്യം നിത്യജീവിതത്തില്‍ എങ്ങും നിറഞ്ഞിരിക്കുന്നു.
Demersal, a. അടിത്തട്ടിലേക്ക് പോകുന്ന അവസ്ഥ. ചില മത്സ്യങ്ങള്‍ എന്നു പുസ്തകം. ഖേദിക്കുന്നു. വെള്ളമടിച്ചു സമാധിയായി കസേരയില്‍ നിന്നും ഭൂസ്പര്‍ശം ചെയ്ത് സ്ഥലകാലബോധം നഷ്ടപ്പെടുന്നവനെയും മുറ്റ് അമ്മായിഅമ്മമാരുള്ള ഭാര്യമാരെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന പദം.
Eumoirus, a. നല്ല കുട്ടിയായിരിക്കുന്നതിനു പ്രതിഫലമായി ലഭിക്കുന്ന സന്തോഷം. കള്ളു കുടിക്കാതെ വീട്ടില്‍ ചെല്ലുന്ന കണവന് പെണ്ണുമ്പിള്ള കൊടുക്കുന്ന ഉമ്മ ഈ വിഭാഗത്തില്‍ പെടുമോ എന്തോ? അതെഴുതിയപ്പോഴാണ് അടുത്ത വാക്ക്. ഓരോ അക്ഷരത്തിനും ഒരു വാക്കു മതിയെന്നു കരുതിയതാരുന്നു. പക്ഷെ പ്രലോഭനം. Emorphous, a. സംഭവം അഴകളവുകള്‍ തികഞ്ഞ അവസ്ഥ. വെല്‍ ഫോംഡ്. ഗുഡ്സും ഹില്‍പ്രൊഡ്യൂസുമൊക്കെ ഈ വിഭാഗത്തില്‍ പെടുമാരിക്കും.
Forficula, n. ഞെട്ടണ്ട. സാധനം നമ്മുടെ കത്രിക തന്നെ. ബുജികളും അതിബുജികളും ഇങ്ങനെ വേണം ഇനി മുതല്‍ കത്രികയെ വിവക്ഷിക്കേണ്ടത്. കാക്ക വായസമാകുന്നതു പോലെ ഒന്ന്. ഇത്തരം വാക്കുകളുടെ നിരന്തര ഉപയോഗമാണ് ബുജിയെ നിര്‍വചിക്കുന്നത്.
Grapholagnia, n, ഹും. ഉച്ചപ്പടം കാണാന്‍ കയറുന്നവനും തുണ്ടു പടം കാണുന്നവനുമൊക്കെ ഈ മാനസികാവസ്ഥയാണ്. ഇന്നത്തെ സമൂഹത്തില്‍ മൊബൈലു കൊണ്ടു നടക്കുന്ന തുണ്ടുകള്‍ കൈമാറുന്ന എല്ലാവര്‍ക്കും ചേര്‍ത്ത് ഒരു വെടി.
Habromania, n. ഓഫീസില്‍ അടുത്ത സീറ്റില്‍ പുതിയ ഒരു സുന്ദരി വരുമ്പോള്‍ കോളറൊക്കെ പിടിച്ചു വെടുപ്പാക്കി ടൂത്ത് പേസ്റ്റിന്‍റെ പരസ്യം പോലെ ചിരിച്ച് ഇംപ്രസ്സു ചെയ്യിക്കാന്‍ നടത്തുന്ന ആ പരിപാടിയില്ലേ. നമ്മളു സപ്പോര്‍ട്ടു ചെയ്തില്ലേല്‍ നിന്‍റെ കാര്യം പോക്കാന്നുള്ള ആ വ്യംഗം? ചൂണ്ടയിടല്‍, അതു തന്നെ. മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്നതു വിവരിക്കുന്നതിനും ഉപയോഗിക്കാം.
Idioglossia, n, സഇ സത് സഒ സരു സര സഹ സസ്യ സഭാ സഷ സയാ സണ്. ഈ വാചകത്തിലെ സ എടുത്തു കളഞ്ഞാല്‍ സംഭവം പിടികിട്ടും. മോണ്‍സ്റ്റര്‍ പ്രായത്തിലെ ആയുധം.
Jumentous, a, സ്കുളുകളിലെയും കോളേജുകളിലെയും പൊതുസ്ഥലങ്ങളിലെയും മൂത്രപ്പുരകള്‍ ഉപയോഗിക്കുമ്പോള്‍ അനുഭവിക്കുന്ന അവസ്ഥ. മൂത്രഗന്ധത്തിന്‍റെ ഭാഗമായിരിക്കുന്ന ഗതികേട്. ഇതറിയാതെ വാക്കു നിര്‍മ്മിച്ച സായിപ്പ് കുതിരമൂത്രമെന്നാണ് കണക്കുകൂട്ടിയത്. കഴുതയാണെന്നതു മറന്നു. ഒരു തെറ്റൊക്കെ ഏതു സായിപ്പിനും പറ്റാം.
Kippage, n, ബോയ്സ് സ്കൂളില്‍ പഠിച്ചവന്‍ ആദ്യമായി വിമണ്‍സ് ഒണ്‍ലി കോളേജിന്‍റെ അകം കാണുന്ന അവസ്ഥ. എവിടെ നോക്കണമെന്ന ശങ്ക. ആശയക്കുഴപ്പം.
Latebricole, a. ഗുഹാമനുഷ്യനെയും പാമ്പുകളെയും ചില പറവകളെയും പോലെ മാളത്തില്‍ ജീവിക്കുന്ന അവസ്ഥ. അതു ഡ്യൂപ്ലെക്സ് ഫ്ലാറ്റാണേലും വഴിയോരത്തെ പൈപ്പാണേലും പെണ്‍കോന്തന്‍ ഭര്‍ത്താവാണേലും തഥൈവ!
Maritodespotism, n, വിവരിക്കാന്‍ വാക്കുകളില്ലാത്തതു കൊണ്ട് പരിഭാഷ. ക്രൂരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന, ശ്വാസം വിടാന്‍ അനുവദിക്കാത്ത ഭര്‍ത്താവ്, അങ്ങനേം സംഭവിക്കുമോ?
Necromorphous, a. കരടിക്കഥ എന്ന പോസ്റ്റിലെ നായകനും പണ്ടു കരടി പിടിക്കാന്‍ വന്നപ്പോള്‍ മാതേവനും ചെയ്ത കാര്യം, രക്ഷപെടാന്‍ മരണം നടിക്കുക. ചില സദസ്സുകളില്‍ ചിലരെ കണ്ടു മുട്ടുമ്പോള്‍ ഇതു സംഭവിക്കാതിരിക്കണമെങ്കില്‍ മൊബൈല്‍ ദൈവങ്ങള്‍ പ്രസാദിച്ചു മണിയടിക്കണം.
Onychophagy, n, പണ്ടു ശകുന്തളയുടെ കാലില്‍ ദര്‍ഭമുന കൊണ്ടതിന്‍റെ നസീര്‍ ഷീല കാലഘട്ടത്തിലെ പുനരാഖ്യാനമായ നഖം കടി. നെയില്‍ പോളീഷിനിപ്പോ എന്താ വില എന്നു ചിന്തിക്കുന്നതു കൊണ്ടാരിക്കും നാമാവശേഷമായി വരുന്നു.
Pantophagy, n. ചിലരുടെ വായനാശീലത്തെ വിളിക്കാവുന്ന പേര്. തിരിച്ചു കടിക്കാത്ത എന്തും കഴിക്കുന്നവരേയും ഇങ്ങനെ വിളിക്കാം. എന്തും എപ്പോഴും കഴിക്കാന്‍ സദാ സന്നദ്ധര്‍.
Quaintise, n. തിരിച്ചും മറിച്ചും സമയവും കാലവും തെറ്റിച്ചും ചോദിക്കുന്ന വിദ്യ. വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനുപയോഗിക്കുന്ന ചെപ്പടിവിദ്യ.
Resupinate, a. വളച്ചും ഒടിച്ചും കാര്യങ്ങള്‍ പറയുമ്പോള്‍ തലയും കുത്തിവീഴുന്ന അവസ്ഥ. സംസാരിച്ചു വഷളാക്കുന്നതിന്‍റെ ഉദാഹരണം.
Struthious, a. ഒട്ടകപക്ഷി സിന്‍ഡ്രോം. പൂച്ച പാലുകുടിക്കുന്ന അവസ്ഥയുമായി ബാന്ധവം.
Tragomaschalia, n. ഡിയോപരസ്യങ്ങളുടെയും ഉത്പന്നങ്ങളുടെയും മൂലകാരണം. കക്ഷം ദുര്‍ഗന്ധ പൂരിതമാകുന്നത്. നെപ്പോളിയനെ പോലുള്ള അപൂര്‍വ്വം ചിലരുടെ പ്രിയം. അങ്ങേരുടെ പെണ്ണുമ്പിളളേ കുളിക്കാന്‍ അനുവദിക്കാറില്ലാരുന്നെന്നു പഴമ.
Unasinous, a. ചക്കിക്കൊത്ത ചങ്കരന്‍. മണ്ടത്തരത്തില്‍ ഇരുവരും മത്സരിച്ചു പുലര്‍ത്തുന്ന നിലവാരം.
Vibrissa, n. പുരുഷ ലക്ഷണത്തില്‍ പറയാത്ത രോമം. തെറ്റിദ്ധരിക്കാന്‍ വരട്ടെ. ഇതു പൊടിപടലങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്നതിനു മൂക്കിനകത്തുണ്ടാകുന്നതാണ്. അല്ലാതെ ചെവിയില്‍ പൂടയല്ല.
Witzelsucht, n. കഷ്ടപ്പെട്ടു തമാശ പറഞ്ഞ് അതിലെ ഫലിതം കാറ്റില്‍ പറന്നു പോകുമ്പോള്‍ അല്ലെങ്കില്‍ കരുതിക്കൂട്ടി തമാശ പറയാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ.
Xanthopsia, n. മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാ മഞ്ഞയാണെന്നും മഞ്ഞക്കണ്ണാടിയിലൂടെ നോക്കുന്നെന്നും പറയുന്ന അവസ്ഥ.
Yesterfang, n. നോസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന കാര്യങ്ങള്‍. കോളേജും മരത്തണലും പോലെയുള്ള കഴിഞ്ഞ നല്ല കാലം എന്നു നെടുവീര്‍പ്പിടുന്ന സെറ്റപ്പ്.
Zoilism, n. നാശോന്മുഖ വിമര്‍ശനം. നിലംപരിശാക്കുന്ന വാചകങ്ങള്‍. പുല്‍ക്കൊടികളും വെള്ളിനക്ഷത്രങ്ങളും കാരണം ചിലരെങ്കിലും മനസ്സു മടുത്തെഴുത്തു നിര്‍ത്തിയിട്ടുണ്ടെന്ന് അപവാദപ്രചരണങ്ങള്‍.
സുപ്പീരിയര്‍ ബുജിയാകാനുള്ള ശ്രമത്തിനു ശേഷം ഒരു വാക്കിന്‍റെ അര്‍ത്ഥം പെട്ടന്നു കത്തി. Weird = ജീവിതത്തോളം Weird ആയ എന്തുണ്ട്?
.
--------
അടിക്കുറിപ്പ്. വാക്കുകളുടെ കമന്‍ററി സ്വന്തം. കൃത്യമായ അര്‍ത്ഥം തേടുന്നവര്‍ പുസ്തകം വായിക്കുക. അന്യായമണ്ണാ, അന്യായ സ്റ്റഫ്.
Recommended reading: The Superior Persons Second Book of Weird and Wondrous Words,
Peter Bowler,
Dell Publishing Group Inc. New york.
ചിലപ്പോ ഫസ്റ്റ് ബുക്കും കാണുമാരിക്കും. പഴയ പുസ്തകക്കടകള്‍ പ്രസാദിക്കട്ടെ!



1 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:
അതിഗംഭീരം.
എല്ലാം ഒന്നു കോപ്പിയെടുത്തു വെച്ചിട്ടുണ്ട്. അത്രക്കങ്ങിഷ്ടപ്പെട്ടതുകൊണ്ടാ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ