ജൂൺ 02, 2009

ആരവമൊടുങ്ങുമ്പോള്‍

Buzz This

പഴയ ഒരു ഓര്‍മ്മ. സേഠ് നാഗ്ജി ട്രോഫി. കോഴിക്കോട്ടെ വഴികളെല്ലാം സ്റ്റേഡിയത്തിലേക്കൊഴുകുന്നു. എല്ലാ വഴികളും സ്റ്റേഡിയത്തിലേക്ക്! നാഗ്ജിയാണെങ്കിലും നെഹ്രുട്രോഫിയാണെങ്കിലും ജില്ലാ ലീഗാണെങ്കിലും സെവന്‍സാണെങ്കിലും മലബാറിന്‍റെ മണ്ണില്‍ ആരവമുയരും. മുഖങ്ങള്‍ വികാരത്താല്‍ വലിഞ്ഞു മുറുകും. ആവേശത്തള്ളിച്ചയില്‍ പുറംകളി നടക്കും. ഫു‍‍ട്ബോള്‍ കോഴിക്കോടിന്‍റെ രതിയാണ്. ഗോളുകള്‍ രതിമൂര്‍ച്ഛയും. രാത്രി സെക്കന്‍ഡ് ഷോ കണ്ട് ഫുട്ബോളിന്‍റെ ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ ക്യൂവില്‍ കിടുന്നുറങ്ങി, രാവിലെ എണീറ്റു ടിക്കറ്റു വാങ്ങി, പണിക്കു പോയി വീട്ടിലെത്തിക്കുളിച്ച് വൃത്തിയായി സ്റ്റേഡിയത്തിലേക്കിറങ്ങുന്നു. മീന്‍കാരന്‍ കോയയുണ്ടായിരുന്നു. രാവിലെ സൈക്കിളിലെ ജീവിതവൃത്തിക്കുശേഷം വൈകുന്നേരം കടും നിറങ്ങളിലുള്ള ഷര്‍ട്ടും സ്വര്‍ണ്ണനിറമുള്ള വാച്ചും ധരിക്കുന്ന അത്തര്‍ മണക്കുന്ന കോയ. ട്രോഫി നടക്കുമ്പോള്‍ ഒരു ദിവസം പോലും നഷ്ടപ്പെടുത്താത്തവര്‍. അതുപോലെ മലപ്പുറത്തു നിന്നും കൊണ്ടോട്ടിയില്‍ നിന്നും അരീക്കോടു നിന്നും വടകര നിന്നും തലലശ്ശേരിയില്‍ നിന്നും അനേകായിരങ്ങള്‍.

സ്റ്റേഡിയത്തില്‍ കാലു കുത്തുമ്പോള്‍ വാതുവെപ്പ് തുടങ്ങുന്നു. ആദ്യം സ്റ്റേഡിയത്തിലിറങ്ങുന്ന ടീമും, ടോസ്സ് നേടുന്ന ടീമും മുതല്‍, ആദ്യം ഏതു പോസ്റ്റില്‍ ഗോളുവീഴും എന്നതു വരെ ആകസ്മികതയുടെ വാതുവെപ്പുകള്‍. കളിജ്ഞാനമുള്ളവര്‍ നടത്തുന്ന കളിശാസ്ത്രവിശകലത്തിനു ശേഷം നടത്തുന്ന വിശകലനാധിഷ്ടിത വാതു വെപ്പുകള്‍ വേറെ. കളി തുടങ്ങുമ്പോഴേ സ്റ്റേഡിയം വികാരഭരിതമാകുന്നു. അവേശം മൂത്തോടി നടക്കുന്നവര്‍. പന്തിന്‍റ ചലനത്തിനനുസരിച്ച് ഇരിക്കുന്നിടത്തു നിന്നും കൈകാലുകള്‍ അനക്കുന്നവര്‍. ആവേശം മൂത്തടുത്തിരിക്കുന്നവനെ ഫ്രീകിക്കെടുക്കുന്നവര്‍. കളിതുടങ്ങുമ്പോഴേക്കും ചേരിതിരിയുന്നവര്‍ ഓരോ ചലത്തിലും ഗാലറി കുലുക്കുന്നു. ഓരോ ഗോളിനും കുന്നമംഗലം ചാത്തമംഗലം ഹൊയ്യ് ഹൌയ്യ് ഹൊയ്യ്. കറുത്തു കോഴിടെ വെളുത്ത മുട്ട ഹൊയ്യ്, ഹൊയ്യ്, കറുത്ത പശുവിന്‍റെ വെളുത്ത പാല് ഹൌയ്യ്, ഹൌയ്യ്.. ആവേശഹാസ്യം, ആക്ഷേപഹാസ്യം!

നഗരം സംസാരിക്കുന്ന ഭാഷ ഫുട്ബോള്‍ മാത്രമായ ഈ കായിക ഭൂമികയിലാണ് ക്രിക്കറ്റ് അധിനിവേശം നടത്തുന്നത്. ആദ്യം ടിവിയുടെ സാംസ്കാരികാധിനിവേശം. അതില്‍ തെളിയുന്ന ദൃശ്യങ്ങള്‍. പക്ഷെ ജനമധ്യത്തിലേക്ക് ക്രിക്കറ്റിറങ്ങി വന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. വര്‍ഷം ഓര്‍മ്മയില്ലെങ്കിലും. ഒരു ബെനിഫിറ്റ് മാച്ച്. ഗുണ്ടപ്പ വിശ്വനാഥ്, ഗവാസ്കര്‍, ശ്രീകാന്ത്, രവിശാസ്ത്രി ഇവരെയൊക്കെ ഓര്‍മ്മ നില്‍ക്കുന്നു. രവി ശാസ്ത്രിയെ ഘോരഘോരം പിന്തുണച്ച പ്രോവിഡന്‍സിലെ സുന്ദരികളെയും.രവിശാസ്ത്രി കടിച്ച് ഗാലറിയിലേക്കെറിഞ്ഞ ആപ്പിളിനു വേണ്ടി നടന്ന കടിപിടിയും. പ്രസ്ഥാനം ഒന്ന് പിതാവെന്ന മഹാപുരുഷന്‍റെ പ്രത്യയശാസ്ത്രത്തില്‍ കളികള്‍ പ്രതിലോമമായതു കൊണ്ട് കാണുന്നതിനുള്ള സാധ്യത അതിവിദൂരമെന്നോര്‍ത്ത് പോകുന്നവരെക്കുറിച്ചോര്‍ത്തു നെടുവീര്‍പ്പിടുമ്പോഴാണ് ദൂരെ കക്ഷത്തില്‍ ഒരു ബാഗും വെച്ച് അമ്മാവന്‍ നടന്നെഴുന്നളളുന്നത്. സാധാരണ പിതാവിനോടൊപ്പം സ്മോളടിക്കാനും ചാര്‍ജ്ജു ചെയ്യാനും രാത്രിയാണീ വരവ്. രണ്ടു ടിക്കറ്റും കൊണ്ടാണ് വരുന്നത്. നിബന്ധന ക്രിക്കറ്റ് എന്താണെന്നും എങ്ങനെയാണ് കളിക്കുന്നതെന്നും പറഞ്ഞുകൊടുക്കണം. ഓട്ടോയില്‍ കുലുങ്ങിക്കുലുങ്ങി യാത്രയാകുമ്പോള്‍ ഇടതുവശത്തുള്ള ചാരായക്കടകളിലെല്ലാം കയറി കഥാപാത്രം ഇന്ധനം നിറച്ചു കല്‍ക്കരി വണ്ടി പോലെ പുകയൂതി തിരികെയെത്തുന്നു.മോണ്‍സ്റ്റര്‍ പരുവത്തിലെ നിക്കര്‍ധാരിക്ക് വറുത്തകായ എന്നു പറയപ്പെടുന്ന നേന്ത്രക്കാ വറുത്തതിന്‍റെ പായ്ക്കറ്റുകള്‍. തംസപ്പിന്‍റെ തന്നെ പേരു മറന്ന ചുവന്ന നിറത്തിലുള്ള കോള.

ജനത്തിന്‍റെ പൊതുവിലുള്ള സമീപനം എന്താ കളിയെന്നൊന്നു കാണാമെന്നുള്ളത് മാത്രം. അപൂര്‍വ്വം ചില ഇളമുറക്കാരൊഴികെ ആര്‍ക്കും കളി വലിയ പിടിയില്ല.സഹജമായ ആവേശത്തോടെ കാല്‍പ്പന്തിന്‍റെ ചടുലതയില്ലാത്ത നീക്കങ്ങളെയും കളി മനസ്സിലായാലും ഇല്ലെങ്കിലും കാണികള്‍ കരഘോഷത്തോടെ സ്വാഗതം ചെയ്തു. കടുത്ത ഫുട്ബോള്‍ പ്രാന്തന്‍മാര്‍ ഹുശ് പോലുള്ള ശബ്ദങ്ങളില്‍ നീരസം പ്രകടിപ്പിക്കുന്നു. ചിലര്‍ വോക്കൌട്ട് നടത്തി പ്രതിഷേധിക്കുന്നു.ഉച്ചഭക്ഷണത്തിനു കളി അവസാനിക്കുമ്പോള്‍ ഹോട്ടലുകളില്‍ കാലുകുത്താന്‍ പറ്റാത്ത തിരക്ക്. അമ്മാവന്‍ അടുത്ത ജലസേചന കേന്ദ്രത്തിനു പുറത്തു നിര്‍ത്തി അകത്തു പോയി തിരിച്ചു വന്നപ്പോഴേക്കും കളി തുടങ്ങിയിരുന്നു. നിക്കര്‍ധാരിക്കു ട്രൌസര്‍ വാസുവിനു ശര്‍ക്കരവരട്ടിയുടെ ഒരു പായ്ക്കറ്റും വീണ്ടും കോളയെന്ന ചുവന്ന വെള്ളവും. ഗാലറികള്‍ പകുതി ശൂന്യം. ആവേശത്തിര വെയിലില്‍ നിശ്ചലമായിരുന്നു.

കാലത്തിന്‍റെ ഗോള്‍ പോസ്റ്റില്‍ ഗോള്‍വര്‍ഷങ്ങള്‍ നിറഞ്ഞപ്പോള്‍ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന അമ്മാവന്‍ രണ്ടു വര്‍ഷം മുന്‍പ് കാലം ചെയ്തു. അതിനു മുന്‍പൊരിക്കല്‍ കാണാന്‍ ചെന്നപ്പോള്‍ കട്ടിക്കണ്ണടയിലൂടെ ക്രിക്കറ്റ് കാണുന്നു. ആധികാരികമായി കണക്കുകള്‍ നിരത്തി സംസാരിക്കുന്നു. അനന്തരവന്‍ ക്രിക്കറ്റും ഫുട്ബോളും പോലുള്ള കളികളുപേക്ഷിച്ച് ജീവിതത്തില്‍ പന്തു തട്ടാനും അതിരുകടക്കാനും തുടങ്ങിയിരുന്നതിലെ വേവലാതിയേക്കാളും മുഴച്ചു നിന്നത് ക്രിക്കറ്റാണ്. ഒരു പൊട്ടിച്ചിരിയില്‍ അനന്തരവന്‍ ഗുരുവായി നിവര്‍ന്നു. ഗുരുദക്ഷിണ ആവശ്യപ്പെട്ടപ്പോഴും കാര്‍ന്നോര്‍ ചിരിച്ചു. ഫുട്ബോളില്‍ നിന്നും ക്രിക്കറ്റിലേക്കുള്ള ജനസാമാന്യത്തിന്‍റെ ട്രാന്‍സിഷന്‍റെ ഏകദേശ രൂപമാണിത്.ടിവി പഠിപ്പിച്ച കളി. അനുകരണം എന്ന മനുഷ്യസ്വഭാവത്തിന്‍റെ ഉത്തുംഗദൃഷ്ടാന്തം. കാടാറുമാസം മഞ്ഞുമൂടിക്കിടന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നാടാറുമാസം വെയിലുകൊള്ളാന്‍ പുരുഷന്‍മാര്‍ രാവന്തിയോളം ക്രിക്കറ്റുകളിക്കുകയും മൂടിപ്പൊതിയുന്ന വസ്ത്രങ്ങളുടെ രേഖകള്‍ ശരീരത്തില്‍ പതിഞ്ഞതു നീക്കം ചെയ്യാന്‍ സ്ത്രീകള്‍ സണ്‍ബാത്തു നടത്തുകയും ചെയ്തിരുന്ന ശീലം കാലാവസ്ഥയ്ക്കനുസൃതമായിരുന്നു. നാടന്‍ സായിപ്പ് യഥാര്‍ത്ഥ സായിപ്പിനെ അനുകരിച്ചപ്പോള്‍ ക്രിക്കറ്റിനു ശുക്രന്‍ തെളിഞ്ഞു. പരസ്യവരുമാനം, ടൈംസ്ലോട്ട് തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ അതിനുമാറ്റുകൂട്ടി. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ മദാമ്മിണികളുടെ സണ്‍ബാത്ത് ആരും അനുകരിച്ചതുമില്ല.

സന്തോഷ് ട്രോഫി നടക്കുന്ന കോയമ്പത്തൂരിലെ ഗാലറിയിലെ ആളില്ലാക്കസേരകള്‍ കണ്ടപ്പോള്‍, കോഴിക്കോട്ടെ ചൂളമരഗാലറികള്‍ കുലുക്കിയുയരുന്ന ആരവമോര്‍ത്തു പോയി.നാടന്‍താരങ്ങളുടെ മുഖം. ചെറുപ്പകാല ഹീറോകള്‍. വിക്ടര്‍ മഞ്ഞില, പ്രസന്നന്‍, സേവ്യര്‍ പയസ്സ്, തല മൊട്ടയടിച്ച് ഗ്രൌണ്ടില്‍ പ്രാക്ടീസ് ചെയ്യുന്ന താരങ്ങള്‍. കള്ളിലും കഞ്ചാവിലും ഫുട്ബോളിലും പൊലിഞ്ഞു പോയ ചില യൌവ്വനങ്ങള്‍. നെടുംതൂണു പോലെ സത്യന്‍, കോട്ട പോലെ ഷറഫലി, പാപ്പച്ചന്‍റെ പന്തടക്കത്തിന്‍റെ വിസ്മയം, ജീജു, വിജയന്‍. മനസ്സില്‍ എന്തിനെന്നില്ലാതെ ഖേദം നിറയുന്നു.പഴയ ഫുട്ബോള്‍ ഭ്രാന്തനെ പോലെ ബെറ്റു വെക്കാന്‍ തോന്നുന്നു.ഇനി കാല്‍പ്പന്തു കളിയുടെ ചടുല നൃത്തത്തില്‍ കേരളത്തിലെ സ്റ്റേഡിയങ്ങള്‍ ഉണരുമോ? ജനത ഗോള്‍മൂര്‍ച്ഛ അനുഭവിക്കുമോ? ബെറ്റുണ്ടോ?


Share/Save/Bookmark

10 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

ജയരാജന്‍ 2009, ജൂൺ 2 9:30 AM  

അങ്ങനെ ഒരു കാലം വരുമായിരിക്കും; വരാതെ എവിടെപ്പോകാൻ. ഇപ്പോൾത്തന്നെ ഫിഫ ഇന്ത്യയെ കൂട്ടുതൽ ശ്രദ്ധിക്കാൻ പോകുന്നു എന്നൊക്കെ കേൾക്കുന്നു.
“കാല്‍പ്പന്തു കളിയുടെ ചടുല നൃത്തത്തില്‍ കേരളത്തിലെ സ്റ്റേഡിയങ്ങള്‍ ഉണരുമോ” അത്രയ്ക്ക്‌ മോശമാണോ കാര്യങ്ങൾ? നിലവാരമുള്ള കളികാണാൻ കേരളത്തിലെങ്കിലും കാണികൾ ഉണ്ട് എന്ന് തന്നെയാണ് എന്റെ അറിവ്‌

അനില്‍ശ്രീ... 2009, ജൂൺ 2 11:57 AM  

ശരിയാണ് നമതേ.. പണ്ടൊക്കെ റേഡിയോയുടെ മുന്നില്‍ ഇരുന്നിട്ടുണ്ട്, കമന്ററി കേള്‍ക്കാന്‍.. ഗോ......................ള്‍ എന്ന നീട്ടിയുള്ള വിളി കേള്‍ക്കാന്‍ കാതോര്‍ത്ത്.... മിമിക്രിക്കാര്‍ ഒക്കെ അവതരിപ്പിച്ചിരുന്ന ആ പഴയ കമന്ററി..

ഓര്‍മയില്‍ നില്‍ക്കുന്ന ഒരു പേരു കൂടി.. തോമസ് സെബാസ്റ്റ്യന്‍‍... കാരണം ഞാന്‍ ഓര്‍ക്കുന്ന ഒരു കേരളാ ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു.

ഹാരിസ് 2009, ജൂൺ 2 12:38 PM  

ഓ നമത്.
വായിച്ച് മനസ് നിറഞ്ഞു

അതൊരു കാലം.
കോഴിക്കോട്ടെ എന്റെ ചെറിയ ഗ്രാമത്തില്‍ നിന്നു തന്നെ അക്കാലത്ത് അഞ്ചിലധികം ജീപ്പുകള്‍ പോയിരുന്നു എറണാകുളത്ത് നടന്ന നെഹ്രു ട്റോഫി കാണാന്‍.ഇപ്പോഴും ഞാനോര്‍ക്കുന്നു,ഞങ്ങളുടെ നാട്ടില്‍ സെവന്‍സ് കളിയ്ക്കാനെത്തിയ സത്യന് കൈ കൊടുത്ത ദിവസം രാത്രി എനിയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.മുക്കം മൈക്കോ ക്ലബ്ബിന് വേണ്‍ടി കളിയ്ക്കാന്‍ ഷറഫലിയും വന്നിരുന്നു.കളി കഴിഞ്ഞ് അവര്‍ പോയപ്പോള്‍ ജീപ്പിന് പിന്നാലെ ഞാന്‍ കുറെ ദൂരം ഓടി.അടുത്ത കളിയ്ക്ക് എന്തോ കാരണത്താല്‍ ഷറഫലിയ്ക്ക് എത്താന്‍ കഴിഞ്ഞില്ല.ഷറഫലി വരില്ല എന്നറിഞ്ഞ് എനിയ്ക്ക് കരച്ചില്‍ വന്നത് ഇന്നും ഒര്‍ക്കുന്നു.അരീയ്ക്കോട് തെരട്ടുമ്മല്‍ അടുത്തു തന്നെ ആരംഭിയ്ക്കുന്ന ടൂര്‍ണമെന്റിന് എന്നെ കൊണ്‍ടു പോകാം എന്ന് ഇക്കാക്ക പറഞ്ഞപ്പോളാണ് ആ സംങ്കടം മാറിയത്.പിന്നീട് ഞാനും കളിച്ച് തുടങ്ങി.ഇന്നും നാട്ടില്‍ പോകുമ്പോള്‍ പഴയ ബൂട്ട് പൊടി തട്ടിയെടുക്കുന്നു.ഒരിയ്ക്കല്‍ കൂടിയെന്നിപ്പൊഴും മനസ് കൊതിയ്ക്കുന്നു,

R. 2009, ജൂൺ 2 3:35 PM  

നിര്‍ഭാഗ്യത്തിനു തന്നെ. സംശ്യല്ല! ;-)

തഥാഗതന്‍ 2009, ജൂൺ 2 5:10 PM  

കാൽ‌പന്ത് വിളയാട്ട പോട്ടി വലിയ ഇഷ്ടമായിരുന്നു. അഞ്ച് കൊല്ലം മുൻപ് വരെ ഇടക്ക് ഞായറാഴ്ചകളിൽ കളിക്കുമായിരുന്നു. ഇപ്പോൾ വയസ്സായി.

“ഇയ്യാൾ ഇവടന്ന് പോകുന്നതല്ലേ സൂസി നമുക്ക് എല്ലാവർക്കും നല്ലത്?

ഇല്ലാ അച്ചൻ പോകുന്നില്ല

സൂസിയെ ജബ്ബാർ ഉപദ്രവിക്കാൻ ശ്രമിച്ചതും കുന്നംകുളത്തെ ഏതോ ഒരു വയലിൽ സെവൻസ് കളി കാണുകയായിരുന്ന ജനം “ഗീവറീതേ ഗീവറീതേ“ എന്ന് ആർത്തതും ഒരുമിച്ചായിരുന്നു..
(ഹിഗ്വിറ്റ - ഓർമ്മയിൽ നിന്ന്)

Jithendrakumar/ജിതേന്ദ്രകുമാര്‍ 2009, ജൂൺ 2 8:59 PM  

തോമസ്‌ സെബാസ്റ്റ്യനെ മറന്നു പോയോ?
വിങ്ങിലെ വരയിലൂടെ പിടികൊടുക്കാതെ പായുന്ന കുതിര. അതുപോലെ ഏറെ ടാലണ്റ്റ്‌ ഉണ്ടായിരുന്ന ഒരു താരമാണ്‌ജോ പോള്‍ ആഞ്ചേരി (പരിക്ക്‌ ആ പ്രതിഭയെ എന്നും നിഴലിലൊളിപ്പിച്ചു).

പിന്നെ, കോയമ്പത്തൂരിനു പകരം മലപ്പുറം ജില്ലയിലായിരുന്നെങ്കില് ‍ഗ്യാലറി ഇന്നും നിറഞ്ഞു കവിയുമായിരുന്നു.

Ifthikhar 2009, ജൂൺ 3 9:33 AM  

:)

ബിനോയ്//Binoy 2009, ജൂൺ 3 12:16 PM  

ഓണത്തിന് പതിവായി നടന്നിരുന്ന സെവന്‍സ് ടൂര്‍ണമെന്‍റ്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന വലിയ ആഘോഷമാണ് നാട്ടില്‍. ഞങ്ങള്‍ കുട്ടിച്ചാത്തന്‍‌മാര്‍ക്ക് "ഔട്ട് പെറുക്കി"കളാകാനുള്ള മഹാഭാഗ്യം വീണുകിട്ടും ചിലപ്പോഴൊക്കെ. പേരുകേട്ട കളിക്കാരെയൊക്കെ അടുത്തുകാണാം, പറ്റിയാലൊന്നു തൊടാം ഇതൊക്കെ ഗുണങ്ങള്‍. ബോള്‍ കൈമാറമ്പോള്‍, ത്രോ തെയ്യാന്‍ സൈഡ് ലൈനില്‍ വരുമ്പോള്‍ കളിക്കാരുടെ വിയര്‍പ്പിന്‍റെ മണം മൂക്കിലടിക്കും. പലര്‍ക്കും പല മണമാണ്. എല്ലാത്തിലും സമാനമായ ഒന്നുണ്ട്, കരുത്തിന്‍റെ ത്രസിപ്പിക്കുന്ന ഗന്ധം. ആര്‍ത്തിയോടെ, ആരാധനയോടെ മൂക്കുവിടര്‍ത്തി വലിക്കും. അടുത്ത വര്‍ഷം വരെ ആവേശം നിലനിര്‍ത്താന്‍ ആ മണങ്ങളുണ്ടാകും ഓര്‍മ്മയില്‍...

നന്നായി മാഷേ ഈ ഓര്‍മ്മപ്പെടുത്തല്‍. നന്ദി

Santosh 2009, ജൂൺ 4 11:52 PM  

"തംസപ്പിന്‍റെ തന്നെ പേരു മറന്ന ചുവന്ന നിറത്തിലുള്ള കോള..." - Gold Spot!!

അതൊരു കാലം മൌലവീ...

clash 2009, നവംബർ 2 2:15 PM  

ഞാന്‍ ഇന്നും നല്ലപോലെ ഓര്‍ക്കുന്നത് സത്യന്‍, പാപ്പച്ചന്‍, വിജയന്‍, ഷറഫലി, കെ. ടി. ചാക്കോ എല്ലാം അടങ്ങുന്ന കേരള പോലീസ് ടീമാണ്. അവര്‍ കേരളത്തിന്റെ ഫുട്ബോള്‍ പെരുമ മറ്റൊരു തലത്തില്‍ എത്തിച്ചു. അവര്‍ നേടിയ സന്തോഷ്‌ ട്രോഫി കാരണം സ്കൂളുകള്‍ക്ക് ഒരു ദിവസം അവധി ലഭിച്ചതും ഞാന്‍ എന്നും അയവിറക്കുന്നു. അതായിരുന്നു കാലം.

എന്റെ അച്ഛന്റെ പഴയ മര്‍ഫി റേഡിയോയില്‍ സന്തോഷ്‌ ട്രോഫ്യുടെ കമന്റി കേള്‍ക്കാന്‍ സ്കൂള്‍ കഴിഞ്ഞു വന്നുടന്‍ ഞാന്‍ ആകാംഷയോടെ കുതിയിരിക്കുനതും ഞാന്‍ ഓര്‍ത്തു പോകുന്നു.

ഫുട്ബോള്‍ ഇനി മുതല്‍ ഇമോഷണല്‍ ആയി കൈകാരിയും ചെയ്യേണ്ട ഒന്നല്ല. മറ്റെല്ലാ മേഘലകളിലും വന്ന മാറ്റങ്ങള്‍ ഫുട്ബോളിനും വന്നിരി‌ക്കുന്നു. ഫുട്ബോളിന്‌ തിരിച്ചു വരാന്‍ ഒര് സാധ്യത ഒരുങ്ങി കഴിഞ്ഞിരി‌ക്കുന്നു, എനിക്കറിയാം നമ്മള്‍ ഇതു പോലെന്തോക്കെ കേട്ടതാ? എന്നാല്‍ ഇപ്പോളുള്ള ചുറ്റുപാട് വ്യത്യസ്തമാണ്, ഇന്ത്യന്‍ ഫുട്ബോളില്‍ ഉണ്ടാകുന്ന ചലനങള്‍ ചെറുതൊന്നുമല്ല, അതിന്റെ ഭാഗഭാക്കായി കേരളത്തിലും ഫുട്ബോളിന്‌ വളരാന്‍ എന്ന് സാദ്ധ്യതകള്‍ ഉണ്ട്. ഇതു കണ്ടറിഞ്ഞു അധികാരികള്‍ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ മെച്ച്ചപെടും.

പണ്ടത്തെ പോലീസിന്റെ നാലയലത്ത്‌ പോലും വരാത്ത വിവ കേരളയെ നിറഞ്ഞ മനസ്സോടെയാണ് ഈ എഡിഷന്‍ ഐ-ലീഗ‌ില്‍ വീണ്ടും കോഴിക്കോട്ടുകാര്‍ വരവേറ്റത്. ചിരഗുമായുള്ള ആദ്യ കളിയില്‍ 15000 , സ്പോര്‍ട്ടിംഗ് ക്ലബ്‌ ഗോയുമായുള്ള രണ്ടാം കളിയില്‍ 2൦,000 പരം ആളുകള്‍ കളി കാണാന്‍ എത്തിയിരുന്നു. ഞാനും ഒരു കളി കാണാന്‍ ഞമ്മടെ കോയിക്കോട്ട്‌ പോണം എന്ന് ബിജാരിക്കുന്നു.

കളി കാണാന്‍ ആളുണ്ട്, നല്ല കളിക്കാറുണ്ട്, പക്ഷെ പ്രശ്നം എവിടയാണ്? എല്ലാവര്‍ക്കും അതറിയാം, അധികാര വടം വലികളില്‍, ദുര്‍നടത്തിപ്പിലും ബിരുദങ്ങള്‍ നേടിയ പല ആളുകളാണ് ഈ മനോഹരമായ കളിയുടെ അധികാര കേന്ദ്രങ്ങള്‍ പിടിച്ചു വച്ചിരിക്കുനത് അവരുടെ കഴിവുകേട് കേരള ഫുട്ബോളിനെ സാരമായി തന്നെ ബാധിച്ചു.

വരും കാലങ്ങള്‍, സക്കീറിന്റെതും, ശഹിന്‍ ലാല്‍ മേലോളിയുടെതും, സമീലിന്റെതും ആവെനും എന്ന് കേരളത്തിന്നു ആഗ്രഹം ഉണ്ടെകില്‍, ഫുട്ബോളില്‍ വമ്പന്‍ മാറ്റങ്ങള്‍ വന്നെ തീരു.

ഇന്ന് വൈകുന്നേരം വീണ്ടും ആവേശകരമായ മറ്റൊരു ഐ-ലീഗ് മാച്ച് കോഴിക്കോട്ടു നടക്കും. വിവ ഈസ്റ്റ്‌ ബംഗാളിനെ നേരിടും. ഗാലറി നിറയും, വീണ്ടും. മോശമായി കളിക്കുനം ഇ ബിയെ തകര്‍ക്കാന്‍ പറ്റിയ നല്ലൊരു സന്ദര്‍ഭം ഇനി വിവയ്ക്ക് ലബിച്ചന്നു വരില്ല.

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP