വാക്പാരുഷ്യവും വാക്കുകളും!
മസൂറിയില്‍ പരിശീലനകേന്ദ്രവും തൃശിവപേരൂര്‍ പോലീസ് അക്കാഡമിയും വരുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഭരണപരിശീലനം നല്‍കിയിരുന്നത് ഗുരുക്കന്‍മാരായിരുന്നു. ഗുരുഗ്രന്ഥങ്ങളും. ഭാഷ ഉറയ്ക്കാന്‍ അമരം പഠിക്കണമെന്ന ക്ലാസ്സിക് ലൈനിന്‍റെ പൂര്‍വ്വരൂപം. ക്ലാസ്സിക്കുകളിലൊന്നും അപൂര്‍വ്വ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതുമായ പഞ്ചതന്ത്രം അത്തരമൊരു വിഭവമായിരുന്നു. വിമുഖനും ഗ്രഹിക്കാന്‍ കാലതാമസമുള്ളവനുമായ ഒരു കുമാരന് ജ്ഞാനം ഓതിക്കൊടുക്കാന്‍ വിരചിതമായ കഥാസാഗരം. പഞ്ചതന്ത്രം വ്യക്തിഗത ഉള്‍ക്കാഴ്ചകള്‍ നല്‍കുകയാണ്, പക്ഷെ രാജ്യതന്ത്രം നിയതമായ രൂപങ്ങളും ആചാരങ്ങളും ആവശ്യപ്പെടുന്നു. അതിനായാണ് അര്‍ത്ഥശാസ്ത്രം വിരചിതമായത്.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ജോസഫ്സാര്‍ വ്യാഖാതാവ് ആയ അര്‍ത്ഥശാസ്ത്രത്തില്‍ നിന്നും-
വാക്പാരുഷ്യം
പരുഷമായ വാക്ക് മൂന്ന് വിധം. 1) ഉപവാദം 2)കുത്സനം 3)അഭിഭര്‍ത്സനം
ഉപവാദം - ഒരു വ്യക്തിയുടെ അംഗവൈകല്യത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള നിന്ദ. ശരീരം, പ്രകൃതി (ലിംഗം), അറിവ്, വൃത്തി (ക്ലീന്‍ലിനെസ്സ് അല്ല തൊഴില്‍), നാട് ഇവയില്‍ ശരീരത്തെക്കുറിച്ച് ഒറ്റക്കണ്ണന്‍, മുറിപ്പല്ലന്‍ എന്നിങ്ങനെ ഉപവദിക്കുന്നത് സത്യമെങ്കില്‍ (സത്യമെന്നു തെളിഞ്ഞാല്‍ എന്നായിരിക്കും വിവക്ഷ) 3 പണം ദണ്ഡം (ശിക്ഷ). അസത്യമെങ്കില്‍ 6 പണം. കുരുടനെ അഴകിയ കണ്ണുള്ളവനെന്നും മുറിപ്പല്ലനേ മനോഹരമായ പല്ലുകളുള്ളവന്‍ എന്നും വ്യാജസ്തുതി ചെയ്താല്‍ 12 പണം.
അതായത് ഒരു ഒറ്റക്കണ്ണനെ ഒറ്റക്കണ്ണാന്നു വിളിച്ചാല്‍ മൂന്നു പണവും, രണ്ടു കണ്ണുമുള്ള സുന്ദരനെ ഒറ്റക്കണ്ണാന്നു വിളിച്ചാല്‍ ആറു പണവും. നിന്ദാസ്തുതി അല്ലെങ്കില്‍ കണ്ണേ ഇല്ലാത്തവനെ ലോഹിതാക്ഷാന്നു വിളിക്കുന്നത് അതിഭീകരകുറ്റം. പന്ത്രണ്ട് പണം ഗോവിന്ദ!
കുഷ്ഠം, ഭ്രാന്ത്, ക്ലൈബ്യം (ഇത് ലൈംഗിക ഉത്തേജകങ്ങളുടെ വിപണിയാണ്) ഇത്യാദി പറഞ്ഞാക്ഷേപിച്ചാല്‍ സത്യമെങ്കില്‍ 12 പണം. കളളമെങ്കില്‍ ഇരട്ടി. സ്തുതിനിന്ദയ്ക്ക് മുമ്മടങ്ങ്. ഇതെല്ലാം സമാനരില്‍. തന്നില്‍ വിശിഷ്ടരോടെങ്കില്‍ പിഴ ഇരുമടങ്ങ്. (അതായത് ഗുരസ്ഥാനത്ത് നില്‍ക്കുന്നവരോടോ വയോധികരോടോ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരോടോ എങ്കില്‍) ഹീനരെ വാക്പാരുഷ്യം ചെയ്താല്‍ പകുതി (ഒരു കള്ളനെ കള്ളാന്നു വിളിച്ചാല്‍). പരസ്ത്രീകളെ നോക്കി ചെയ്താല്‍ ഇരുമടങ്ങും (ദാണ്ടെ കിടക്കുന്നു, ചരിത്രത്തിലെ സ്ത്രീസംരക്ഷണ നിയമം, പക്ഷെ ക്ലോസ് വേറെയുണ്ട്, സബ്സെക്ഷനും - കുഷ്ഠോന്മാദാദി വൈദ്യരെ കൊണ്ടും ക്ലീബത്വം സ്ത്രീകളെകൊണ്ടും അറിയണം).
വിശദീകരണം കാണുന്നില്ലെങ്കിലും കുത്സിതം എന്നത് കുപ്രചരണത്തിന്‍റെ ഫുള്‍ഫോമായ കുത്സിതപ്രരണത്തിലെ അതേ കുത്സിതമാണ്. ദുഷ്ടലാക്കോടെയുള്ള പ്രചരണം.
അഭിഭര്‍ത്സനം - ഭീഷണിയുടെ ചുവയുണ്ടെന്നു സംശയം. നിന്‍റെ കൈ മുറിക്കും, കാലുമുറിക്കും എന്നിങ്ങനെയുള്ള ഭീഷണികള്‍ അപ്രകാരം ചെയ്താല്‍ എന്തു ശിക്ഷ ലഭിക്കുമോ അതിന്‍റെ പകുതി ശിക്ഷ അര്‍ഹിക്കുന്നു. അങ്ങനെ ചെയ്യാനശക്തനായവന്‍ കോപം കൊണ്ടു പറഞ്ഞാല്‍ 12 പണം. വൈരം ജനിച്ചിട്ട് ശക്തനായ ഒരുവന്‍ പറഞ്ഞാല്‍ ആജീവനാന്ത ജാമ്യം.
അര്‍ത്ഥശാസ്ത്രകാലമല്ലിത്. ശ്രീനിവാസന്‍ ഏതോ സിനിമയില്‍ പറയുന്നതു പോലെ മനുഷ്യന്‍ ശൂന്യാകാശത്തു വരെ അപ്പാര്‍ട്ടുമെന്‍റ് കെട്ടിത്തുടങ്ങി. പക്ഷെ എന്നും എല്ലാ കാലത്തും വാക്കുകളുടെ വിനിയോഗം അല്ലെങ്കില്‍ ഉപയോഗം ഉത്തരവാദിത്വം ആവശ്യപ്പെടുന്നു. സ്വയം പാലിക്കേണ്ട സംയമനം. പക്വത. അത്തരമൊരു പക്വതയ്ക്കും സംയമനത്തിനും വേണ്ടിയാകണം അര്‍ത്ഥശാസ്ത്രം മുതലിങ്ങോട്ട് വാക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളും സംഹിതകളും ഉപയോഗനിബന്ധനകളും വന്നത്. പറയുന്ന വാക്ക് സാധാരണ ഗതിയില്‍ ഡോക്യമെന്‍ററി അല്ലാത്തതു കൊണ്ടും എഴുതപ്പെടുന്ന വാക്ക് സത്യമാണെന്ന വിചാരധാര എഴുത്ത് ഉപകരണമാക്കിയ ശ്രേഷ്ഠന്‍മാര്‍ പുലര്‍ത്തിയിരുന്നതു കൊണ്ടും വാക്കുകള്‍ എഴുതുന്നവന്‍റെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു.
വാക്കുകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നത് പവിത്രമായ ഒരു കടമായാണ്. ചുമതലയും. ടൂത്ത് പേസ്റ്റ് ഞെക്കുന്നതു പോലെയാണ് വാക്കുകളുടെ ദുരുപയോഗവും. അകം വെളിപ്പെടുത്തുന്നതും തിരികെ അകത്തുകേറ്റാന്‍ സാധിക്കാത്തതുമായ ഒരു ദുര്‍വിനിയോഗം. എഴുത്തുകാരന്‍റെ വാക്കും രാഷ്ട്രീയക്കാരന്‍റെ വാക്കും രണ്ടും രണ്ടാണ്. രാഷ്ടീയക്കാരന് അനുകൂലസാഹചര്യങ്ങളെ സൃഷ്ടിക്കാനും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുമുള്ള ഉപകരണം. എഴുത്തുകാരന് ആത്മപ്രകാശനം. വാക്കുകളുടെ അന്തസ്സിനോടുള്ള പവിത്രമായ ഉത്തരവാദിത്വം നിറവേറ്റുന്നത് അക്ഷരങ്ങളെ നെഞ്ചിലേറ്റുന്ന എല്ലാവരുടെയും ചുമതലയാണ്.



10 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:
"അകം വെളിപ്പെടുത്തുന്നതും തിരികെ അകത്തുകേറ്റാന്‍ സാധിക്കാത്തതുമായ ഒരു ദുര്‍വിനിയോഗം"! ഹ്‌മ്‌മ്‌ഉം കൊള്ളാം!
ജഗതി ഏതാണ്ടൊരു സിനിമയില്‍ പറഞ്ഞതു പോലെ “ ഈമഹാന്റെ ശിരസു പിളര്‍ന്ന് അന്തരിക്കണെ” എന്നു പറഞ്ഞാലും കുറ്റമാകുമൊ.
“യെവന്‍ തൊലഞ്ഞു പോട്ടെ “ എന്നു പറഞ്ഞാലല്ലെ പ്രശ്നമുള്ളു..;)
ഈ ബൂലോകവാടിയിൽ ക്രമപ്രവൃദ്ധമായ ആരോഹണത്തിനനിവാര്യമായ കരചരണാദ്യവയവങ്ങളെല്ലാം കരസ്ഥമായ ഈ നമതനാമധാരിയുടെ ഇതഃപര്യന്തമുള്ള ലേഖനങ്ങൾ സർവ്വവും അക്ലിഷ്ടമെങ്കിലും അനൽപ്പമായ ഔചിത്യബോധം പരിലസിക്കകൊണ്ട് അനുഗൃഹീതമായി ചേതോഹരമായി ഭവിക്കുന്നു എന്ന പരമാർത്ഥം ഈ സഹബൂലോകമുഖം അങ്ങയെ ഗ്രഹിപ്പിച്ചുകൊള്ളട്ടെ.
ഈ ഭാഷക്ക് ശിക്ഷയേൽക്കേണ്ടി വരുമോ,നമതേ?
ഇത് വ്യക്തിനിഷ്ഠമോ ബ്ലോഗ് നിഷ്ഠമോ അല്ല റിയാസ്. വസ്തുനിഷ്ഠം. വാചകനിഷ്ഠം. :-)))
ഒന്നും മനസ്സിലായില്ല :-( കണ്ണിലാകെ ഇരുട്ടു കയറുന്നതു പോലെ. അപ്പൊ, പറഞ്ഞതുപോലെ അടുത്ത പോസ്റ്റില്‍ കാണാം.
നന്ദി ജയരാജന്‍
അതാണതിന്‍റെ ഗുട്ടന്‍സ് യാരിദ്. അര്‍ക്കശുഷ്ക കോമളസ്തനീ എന്ന ലൈനില്‍ ടോപ്ഗിയറിലിടുന്ന സംഭവം!
വികടന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കു മറുപടി പറയാന്‍ ഒരു മാസം സമയം വേണം.ഇത്രേം നേരമായിട്ടും രണ്ടു വാക്കാണ് വായിച്ചു തീര്‍ന്നത്!
നന്ദി. സെബു. ചില മൂഡ്. ചില നേരങ്ങളില്‍ ചില മനിതര്‍
പൊതുനിഷ്ഠം.
N.V.K. (സോറി, ശരിപ്പേര് അറിയില്ല),
തികച്ചും പ്രാധാന്യമുള്ള ഒരു പോസ്റ്റ്. വിശേഷിച്ചും, ഈ ബൂലോഗത്തില്‍ ഈ പോസ്റ്റിന് കൂടുതല്‍ അര്‍ത്ഥം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. ഈ ഒരു ദോഷത്തിനെപ്പറ്റി ഭൂരിഭാഗം പേര്‍ക്കും അറിയില്ല എന്ന് തോന്നും, പലപ്പോഴും ആളുകളുടെ പെരുമാറ്റം കണ്ടാല്‍, അല്ല കേട്ടാല്‍.
Good one.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ