ജാതകത്തില്‍ ജന്മനക്ഷത്രം പൂച്ചയായതുകൊണ്ടായിരിക്കും വാഷിങ്മെഷീന്‍ എലി തിന്നതെന്നാശ്വസിച്ചാണ് പുതിയ വീടന്വേഷണം തുടങ്ങിയത്. മൃഗം പൂശകനായതുകൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമുണ്ടായിട്ടല്ല. പല നിര്‍ണായക ഘട്ടങ്ങളിലും ഇപ്പോഴും ചിലപ്പോഴൊക്കെ പാര്‍ട്ടികള്‍ക്കു ശേഷവും നാലു കാലില്‍ നില്‍ക്കാന്‍ സഹായിച്ചത് ഈ മാര്‍ജ്ജാര ഗുണമായിരിക്കും.
വീടെന്നു പറയുന്നത് ഒരു സംഭവമാണ്. കുഴിക്കാനും കിടക്കാനും മുറി ഓരോന്നു വീതം. അപൂര്‍വ്വം ചില സമയങ്ങളില്‍ പാചകം ചെയ്യാന്‍ കുക്കിങ് റേഞ്ച്‍ ഒന്ന്. ഇലക്ട്രിസിറ്റി ബില്ലു കൂടുമോ എന്ന ഭയത്തില്‍ കിളവന്‍ കല്യാണം കഴിച്ചതു പോലെ കണ്ടു കൊണ്ടിരിക്കാന്‍ ഗ്രില്‍ ഒന്ന്. ഭക്ഷണം സൂക്ഷിച്ചു വെക്കാന്‍ ഫ്രിജിഡയര്‍ ഒന്ന്. തിന്നാനും നീചന്‍ ഒന്ന്. വസ്ത്രം കഴുകാന്‍ മാത്രം കുറയ്ക്കണ്ട എന്ന സുന്ദരമനോഹര ചിന്തയിലാണ് യന്ത്രവത്കരണത്തിനു നാന്ദി കുറിച്ചത്. പ്രാസം ഒപ്പിക്കാന്‍ യന്ത്രം കണ്ടു പിടിച്ചവനു മനസ്സില്‍ നന്ദിയും പറഞ്ഞു.
ഒരേയൊരബദ്ധം. ഹൌസ് മെയ്ഡ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു മഹിളാമണിയെ അപ്പോയിന്‍റു ചെയ്തു. ഇനി അങ്ങനെ ഒരു കുരിശു വേണ്ടെന്നു കരുതിയതാണ്. തൊട്ടു മുന്‍പുണ്ടായിരുന്ന കഥാപാത്രം കണ്ണുകൊണ്ട് പ്രണയകാവ്യമെഴുതാന്‍ തുടങ്ങിയപ്പോഴാണ് പായ്ക്കു ചെയ്തത്. സ്ത്രീപ്രിയാ കാമശീല എന്നു കിട്ടക്കണിയാന്‍ വെറുതെ എഴുതിപ്പിടിപ്പിച്ചതാണെന്നു ഗസറ്റ് നോട്ടിഫിക്കേഷന്‍ കൊടുത്താലെന്തെന്നു വരെ ചിന്തിച്ചു. അന്ധനും ബധിരനും നടിച്ച് ആ അത്യാഹിതത്തില്‍ നിന്നൊഴിവായി. ഹൌസ് മെയ്ഡ് രണ്ടാമിയെ അപ്പോയിന്‍റ് ചെയ്യുമ്പോള്‍ കഥാപാത്രത്തിന് പ്രേമം തോന്നാനുള്ള പ്രായമില്ലായിരുന്നു. ചരിത്രം ആവര്‍ത്തിക്കുകയും കാലക്രമത്തില്‍ വീണ്ടും അന്ധനും ബധിരനും നടിക്കേണ്ടി വരുമോ എന്ന സംശയം ഉത്ഭവിക്കുകയും ചെയ്യുമ്പോഴാണ് മാഡത്തിന്‍റെ നല്ല നടപ്പു കാരണം പലതും അപ്രത്യക്ഷമാകുകയും എലി രക്ഷകനായി അവതരിക്കുകയും ചെയ്തത്. മാസം പകുതിക്ക് കാശു കൊടുത്തു പായ്ക്കു ചെയ്തു. ബ്ലഡി ഫൂള്‍സ്! സുജനമര്യാദ കാണിക്കുന്നത്, മനുഷ്യനെന്ന പരിഗണന നല്‍കുന്നത് ദൌര്‍ബല്യമായി കണക്കാക്കുന്നത് ലോകസ്വഭാവമാണ്. ഒരു ബാച്ചിലറുടെ ജീവിതപ്രശ്നങ്ങള്‍ ഈ മെയ്ഡുകള്‍ മാത്രമല്ല..ക്രൂരമായ വിവേചനത്തിന്‍റെ എപ്പിസോഡുകളേറെയാണ്.
അവസാന എപ്പിസോഡ് കുറച്ചു വര്‍ഷം മുന്‍പായിരുന്നു. നെറ്റ് കണക്ഷന്‍ ഒന്നു മാറ്റണമെന്നു കരുതുമ്പോഴാണ് ഒരു പ്രമുഖ കമ്പനിയുടെ ഓഫര്‍ കണ്ണില്‍ തടഞ്ഞത്. ഡിപ്പോസിറ്റ് രഹിത സുന്ദര വാഗ്ദാനം. ചാടി വീണു. ആപ്ലിക്കേഷന്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ പുലിവാല്‍. ബാച്ചിലര്‍ ഡിപ്പോസിറ്റ് തന്നേ പറ്റൂ. നോ അതര്‍ ഗോ. കൊടുത്തു. രസീത് വാങ്ങി കയ്യില്‍ വെച്ചു. തിരിച്ചു ചോദ്യങ്ങള്‍ ഷൂട്ട് ചെയ്തു.
സപ്പോസ് ഇഫ് അബ്ദുള്‍ കലാം ഈസ് ഗോയിങ് ടു ടേക് എ കണക്ഷന്‍ വില്‍ യൂ ആസ്ക് ഡിപ്പോസിറ്റ്?
കസ്റ്റമര്‍ കെയറിലെ വെടി കൊണ്ട പെണ്ണിന്‍റെ അമ്പരപ്പും ഞെട്ടലും കണ്ടു പുറത്തിറങ്ങി. സമയം കിട്ടിയപ്പോള്‍ ഒരു ഘടിതം ഡ്രാഫ്റ്റു ചെയ്തു. വാദമുഖങ്ങള്‍ ഇനി പറയുന്നവ.
ടു ഗെറ്റ് മാരീഡ് ഓര്‍ നോട് ടു ഗെറ്റ് മാരീഡ് ഈസ് പെര്‍സണല്‍ പ്രിഫറന്‍സ്. എക്സ് ഒര്‍ വൈ കാനോട് ഡിമാന്‍റ് മാര്യേജ് ടു പ്രൊവൈഡ് എ സര്‍വീസ്.
വയലേഷന്‍ ഓഫ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ റൈറ്റ്സ് അന്‍ഡ് പ്രിവിലേജസ് ആസ് ആന്‍ ഇന്‍ഡിവിജ്വല്‍. നണ്‍ കാന്‍ ഡിസ്ക്രിമിനേറ്റ് ആന്‍ ഇന്‍ഡിവിജ്വല്‍ ബേസ്ഡ് ഒണ്‍ മരീറ്റല്‍ സ്റ്റാറ്റസ്..
കഥ നീണ്ടു. പേജുകളും. രജിസ്റ്റേര്‍ഡ് പോസ്റ്റും മെയിലും ഫാക്സുമായി ഘടിതം പലയിടത്തും ചെന്നെത്തി. അടുത്ത ദിവസം 9 മണിക്ക് ഫോണടിച്ചു. സേവന ദാതാവിന്‍റെ ലീഗല്‍ വിങ്ങ്. പുലിവാലു പിടിച്ച ലക്ഷണം അവന്‍റെ വാചകത്തില്‍. ശ്രോതാവായി. നമ്പറുകള്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തുകയും ആ സൈസ് ഇപ്പോള്‍ എടുക്കിന്നില്ല, പ്രസ്സ് ചെയ്യുന്നു എന്നു മറുപടി നല്‍കുകയും ചെയ്തു. 10 മണിക്ക് അടുത്ത ഫോണ്‍. മേലാവില്‍ നിന്നും. തിരക്കിലാണെന്നു നടിച്ചു. അടുത്ത ദിവസം വിളിച്ചു നോക്കാന്‍ പറഞ്ഞു. അടുത്ത ദിവസം തുടര്‍ക്കഥ. ഫോണുകളുടെ അനുപാതത്തില്‍ ഭീകരവര്‍ദ്ധന. മറുപടി സ്റ്റാന്‍ഡേര്‍ഡ്.
നിങ്ങള്‍ വിളിക്കുന്ന ബാച്ചിലര്‍ പരിധിക്കു പുറത്താണ്. ദയവായി ഹോള്‍ഡു ചെയ്യുക അല്ലെങ്കില്‍ വീണ്ടും വിളിക്കുക.
അതിനടുത്ത ദിവസം വീണ്ടും ഫോണ്‍ കോളുകള്‍. മധുരമനോജ്ഞ ചൈന പോലെ കളകള നാദത്തില്‍ സ്ത്രീ ശബ്ദങ്ങള്‍. ഒന്നു കാണണം. പൊതുപ്രദര്‍ശനം ലഭ്യമല്ല എന്നു മറുപടി പറഞ്ഞില്ല. തിരക്കു നടിച്ചു. തിങ്സ് സ്റ്റാര്‍ട്ടഡ് റോളിങ് ഇന്‍ എ പെര്‍സണല്‍ ലെവല്‍. ഭക്ഷണം കഴിച്ചോ ഉറങ്ങിയോ...
ഇങ്ങനെ വിളിച്ചാല്‍ കാനിബാളായി മാറും എന്നു ഭീക്ഷണി പെടുത്തി. കളകള ശബ്ദമുള്ള ലേഡികളോട് ചിലപ്പോള്‍ ആന്തമാനിലെ ആദിവശജനായ നരഭോജിയാകാറുണ്ടെന്നും പറഞ്ഞു. ആ ലേഡി ദിവംഗതയായിക്കാണും. അന്നത്തെ ദിവസം പിന്നീട് കമലാഹാസന്‍റെ പുഷ്പകവിമാനം എന്ന സിനിമയായിരുന്നു.! നിശബ്ദം!
അടുത്ത ദിവസം രാവിലെ കണികാണുന്നത് സുന്ദരികളും സുന്ദരന്മാരുമായ നാലു പേരെയാണ്. ഇടിച്ചു കയറി വന്നിരിക്കുന്നു. ബര്‍മൂഡാലംകൃതനായി തന്നെ സ്വീകരിച്ചു. ഇടിച്ചു കയറുന്നവര്‍ക്കിതൊക്കെ മതി. പുഷ്പപാദുകം അഴിച്ചു വെച്ചു സുന്ദരികളും സുന്ദരന്‍മാരും അകത്തു കടന്നു. ഉപചാരമൊന്നുമില്ലാതെ ഉപവിഷ്ടരാക്കി. ഫോണ്‍ എന്ന ഉപകരണം ഔപചാരികമായി സന്ദര്‍ശനം നിശ്ചയിക്കാന്‍ ഉപയോഗിക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിച്ചു. നീരസം വുഡ് കോട്ടിട്ടു പോളിഷു ചെയ്തു പ്രദര്‍ശിപ്പിച്ചു. സാധാരണ സന്ദര്‍ശകരുള്ളപ്പോള്‍ പുകവലിക്കാത്തതാണ്. പ്രതിഷേധ സൂചകമായി ചങ്ങല വലിച്ചു. ചെയിന്‍ സ്മോക്കര്‍. മൂന്നാമത്തെ സിഗരറ്റില്‍ ആദ്യം പറഞ്‍ഞ പൂച്ച പുറത്തു ചാടി. പൂച്ചും!
പരാതി പിന്‍വലിക്കണം. തുക ബില്ലില്‍ അഡ്ജസ്റ്റു ചെയ്യാം. ആലോചിക്കണമെന്നു പറഞ്‍ഞു തിരികെ അയച്ചു. ഫോളോ അപ്പ് കോളുകളുടെ ചാകര. പതിവു പോലെ ആഴ്ചയിലോരിക്കല്‍ നടക്കുന്ന അവാര്‍ഡു സിനിമ സങ്കേതത്തില്‍ പിതാവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയ്ക്ക് സംഭവവിവരണം നടത്തി. കണ്‍സ്യൂമര്‍ കോര്‍ട്ടു വഴിയോ അല്ലാതെയോ ചാലഞ്ചു ചെയ്താല്‍ നഷ്ടപരിഹാരമടക്കം വാങ്ങാമെന്നു പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെ..
ആവിശ്യമില്ലാത്ത പരിപാടിക്കൊന്നും പോകണ്ട. വിട്ടേക്ക്!
വിട്ടു. ജാമ്യം കൊടുത്തു. വിത് ഡ്യൂ അപ്പോളജീസ് ഫ്രം ദ അതര്‍ എന്‍ഡ്! ബാച്ചലര്‍ ഡിപ്പോസിറ്റ് ബ്ലില്ലില്‍ അഡ്ജസ്റ്റു ചെയ്തു. ഓള്‍ഡ്മാന്‍ കാരണം നമത് വെഴ്സസ് സോ അന്‍ഡ് സോ എന്ന ഒരു കേസ് ഹിസ്റ്ററി ഡിലീറ്റായി പോയി. ഇപ്പോള്‍ ആദ്യ വാചകത്തിലെ പ്രശ്നം. വീട്. എപ്പോഴും സംഭവിക്കാറുള്ളതു പോലെ ആദ്യ സന്ദേഹത്തിനു ശേഷം വീട്ടുടമസ്ഥനെന്ന നീചന് എക്സ് കുടിയനായ കുടിയാന്‍ ഒഴിവായി പോകരുതെന്ന ആഗ്രഹം. ശരീരം പോലെ ഫര്‍ണിച്ചറും വളര്‍ന്നതു കൊണ്ട് മാറിയേ തീരു..സത്യം രേഖപ്പെടുത്തി. തുടര്‍ന്നും വെല്‍വിഷറായി തുടരുമെന്നും. അടുത്ത വീട്ടുടമയെ തേടി അലച്ചില്‍ ആരംഭിച്ചിരിക്കുന്നു. ഒരു ബാച്ചിലറായി തുടരുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരേയൊരു ഭാഗം. ഓരോ തവണ വീടുമാറുമ്പോഴും ബാച്ചിലറായി തുടരുന്നതിന്‍റെ അഗ്നി പരീക്ഷണങ്ങളെ അതിജീവിക്കേണ്ടതുണ്ട്. ആ പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുകയും വേണം!

ക്രോണിക് ബാച്ചിലര്‍മാരുടെ ജീവിതപ്രശ്നങ്ങള്‍!