ഫെബ്രുവരി 28, 2008

രുചിയുടെ അധിനിവേശം

Buzz This

എല്ലാ കഥയിലും ഒരമ്മൂമ്മയുണ്ടാകും. ഒരമ്മൂമ്മയുള്ളവരേ ധന്യര്‍. ദൈവം സഹായിച്ച് അമ്മൂമ്മമാര്‍ രണ്ടായിരുന്നു. ഓള്‍ഡ്മാന്‍ ടു ഇന്‍ വണ്‍ സിസ്റ്റത്തില്‍ വിശ്വസിച്ചിരുന്നിരിക്കാം. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ട അനുഭവം. പേരക്കുട്ടികള്‍ക്കു മാത്രമല്ല, മക്കള്‍ക്കെല്ലാവര്‍ക്കും. രുചിയുടെ പൊളിറ്റിക്സ് കണ്ടാണ് ബാല്യം കടന്നത്. പാചകമത്സരവും. തുടക്കത്തിലെന്നോ ഒരു പോസ്റ്റില്‍ പറഞ്ഞതു പോലെ ഓള്‍ഡ്മാന്‍ അഞ്ചുനേരം ഭക്ഷണം കഴിക്കാനുള്ള പ്രകോപനങ്ങളിലൊന്ന് ഈ രുചിയായിരിക്കണം. നന്ദി. രുചിമുകളങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നത് അവരുടെ പാചകത്തിലാണ്. ഒരമ്മൂമ്മ സ്നേഹം നിറഞ്ഞ ഓര്‍മ്മകളവശേഷിപ്പിച്ച് യാത്രയായി. അവേശേഷിക്കുന്ന അമ്മൂമ്മ പാചകത്തിലും വാചകത്തിലും താരമായി തുടരുന്നു. കോമണ്‍സെന്‍സിന്‍റെ കൊടുമുടിയായും. ഒരു മുളക് പൊട്ടിച്ചു തന്നാലും രുചിയുടെ പാരാവാരം. കൈപ്പുണ്യം! മീന്‍ വറത്ത് കഴുകി തരുന്നതിനു വാശി പിടിച്ച ബാല്യവും ഉണക്ക ചെമ്മീന്‍ പ്രിയം വളര്‍ന്ന കൌമാരവും കോഴിയില്‍ സ്പെഷ്യലൈസ് ചെയ്ത യൗവ്വനത്തിന്‍റെ തുടക്കവും തിരികെ മീനിലേക്കും പച്ചക്കറിയിലേക്കും വന്ന സമീപഭൂതകാലവും എല്ലാം ഇവരുടെ കരസ്പര്‍ശം നിറഞ്ഞതായിരുന്നു. പല ദേശങ്ങളിലെ രുചികളും വിഭവങ്ങളും അനുഭവിക്കാന്‍ സാധിച്ചെങ്കിലും അതിനോടു കിടപിടിക്കാന്‍ മറ്റൊന്നില്ല. വൈകാരികത ക്ഷമിക്കുക. രുചിയെക്കുറിച്ചു പറയുമ്പോള്‍ ഇവരെക്കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല. സ്കോച്ച് പോലെ പ്രായത്തോടൊപ്പം അമൂല്യമാകുന്ന അവരുടെ സ്നേഹത്തിനു മുന്‍പില്‍, കൈപ്പുണ്യത്തിനു മുന്‍പില്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

രുചിയുടെ അധിനിവേശം.
കേരളത്തില്‍ അരി എന്നെത്തിയെന്നതിനെക്കുറിച്ചു സൂചനകളൊന്നുമില്ല. കേരളീയമെന്നു കരുതുന്ന പലതും വിദേശീയമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വാഴ, കാപ്പി, മരച്ചീനി, ഉള്ളി ഇതെല്ലാം വിദേശിയാണ്. ചീനമുളത് അല്ലെങ്കില്‍ കപ്പല്‍മുളക് എന്ന പേരില്‍ തന്നെ വൈദേശികത്വം കാണാവുന്നതാണ്. പറങ്കിയണ്ടി എന്ന പേരും തഥൈവ. ഇതില്‍ ഏറ്റവും അടുത്ത കാലത്ത് കുടിയേറിയത് മരച്ചീനിയാണ്. മഹാക്ഷാമത്തെ നേരിടാനുള്ള ഉപാധി. സി.വി.യുടെ നോവലുകളില്‍ പഴയ ഭക്ഷണക്രമത്തെക്കുറിച്ച് അവ്യക്തമായ സൂചനകളുണ്ട്. വി.കെ.എന്‍ ഡിലനോയിയുടെ പട്ടാളത്തിന്‍റെ റേഷന്‍ പുട്ടായിരുന്നുവെന്ന് വിവരിച്ചിട്ടുണ്ട്. പാലക്കാടന്‍ ഭക്ഷണരീതികളാലും ഉത്തരേന്ത്യന്‍പാചകവിധികളാലും പൊതുവെ രുചിപ്രിയത്താലും സമൃദ്ധമാണ് വി.കെ.എന്‍ കൃതികളോരോന്നും.

കേരളത്തിനു തനതായ വിത്തിനങ്ങളും പാചകരീതിയും അരിയുടെ കാര്യത്തില്‍ നിലനില്‍ക്കുമ്പോഴും അരിയുടെ ചരിത്രത്തെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നു. പക്ഷെ ഗോതമ്പ് കേരളത്തിലെ ജീവിതത്തിലേക്ക് കുടിയേറുന്നത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ ശിപായിമാരായും അരിവെപ്പുകാരായും കേരളത്തിനു പുറത്തു പോയവരിലൂടെയാണ്. ഗുണസമൃദ്ധമായ ചപ്പാത്തി എന്ന അപരിഷ്കൃതനു പകരം ഗോതമ്പിന്‍റെ നിര്‍ഗുണ വകഭേദങ്ങളിലൊന്നായ മൈദയും അതിന്‍റെ പാചകരൂപമായ പൊറോട്ട എന്ന പറാത്തയും കേരളത്തിലെത്തുന്നതും അവരിലൂടെയായിരിക്കണം. അര്‍ദ്ധസഹോദരനായ ചപ്പാത്തിയെ ബഹുദൂരം പിന്തള്ളി പൊറോട്ട ഹോട്ടലുകളിലെ വിഭവങ്ങളില്‍ സ്ഥാനം പിടിച്ചപ്പോള്‍ പടിയിറങ്ങിയത് പഴയ പുട്ടും, അപ്പവും ഒക്കെയാണ്. കൂടെ അട എന്നറിയപ്പെടുന്ന പ്രാദേശിക വിഭവവും അതു പോലെ തന്ന പത്തിരിയുടെ വകഭേദങ്ങളും. പൊറോട്ടയുടെ അതിപ്രസരം കേരളത്തില്‍ വ്യാപകമായി. പുഴുങ്ങിയ പഴം കിട്ടുന്ന ഹോട്ടലുകള്‍ കാണാനില്ല. പുട്ട് കിട്ടുന്ന കടകളും. എഴുപതുകളുടെ അവസാനത്തോടെ വ്യാപകമാകാനാരംഭിച്ച പൊറോട്ട മലയാളിയുടെ പുട്ടും കടലയും ദോശയും ചമ്മന്തിയും ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവും (അമേരിക്കന്‍ സഹായം) പഴവും ശീലത്തെയാണ് മാറ്റി മറിച്ചത്. ഏതു കറിയുടെ കൂടെയും കഴിക്കാവുന്ന പുട്ട് എന്ന കഥാപാത്രം ബാച്ച് പ്രൊഡക്ഷനുള്ള ബുദ്ധിമുട്ട് കാരണം പതിയെ തിരശ്ശീലയ്ക്കു പുറകിലായി. വെള്ളയപ്പം, അപ്പം തുടങ്ങിയവയ്ക്കും ഈ വിധി തന്നെയായിരുന്നു. പൊറോട്ട മലയാളിയെ ഉദരോഗിയാക്കി മാറ്റി എന്നു പറയുന്നതിലും അതിശയോക്തിയുടെ അംശം കുറവാണ്. ഫില്‍റ്ററിങ് ബ്ലീച്ച് തുടങ്ങിയ കലാപരിപാടികള്‍ക്കു ശേഷം പോഷകാംശങ്ങളെല്ലാം ചോര്‍ന്ന ഈ നിര്‍ഗുണ പരബ്രഹ്മം മലയാളിക്കു പരിചയമില്ലാത്ത ക്രിസ്പ് ആന്‍ഡ് സോഫ്റ്റ് ശ്രേണിയില്‍ പെടുന്നതിനാലാകണം പ്രചാരമാര്‍ജ്ജിച്ചത്. പൊതുവേ വലിയ ദോഷഫലങ്ങളില്ലാത്ത ബ്രെഡ് അഥവാ റൊട്ടി പോലും മലയാളി ഇത്ര കണ്ട് നെഞ്ചേറ്റിയിട്ടില്ല. അടുത്ത കുടിയേറ്റം തമിഴ് രുചി വിളമ്പുന്ന വെജിറ്റേറിയന്‍ ഹോട്ടലുകളായിരുന്നു. മസാല ദോശ, നെയ്റോസ്റ്റ്, ഊത്തപ്പം തുടങ്ങിയ വിഭവങ്ങള്‍. സമാനരുചിഭേദങ്ങളുള്ള വിഭവങ്ങള്‍. ഫലമോ പിശുക്കി എണ്ണയും നെയ്യും ഉപയോഗിച്ചു പോന്ന മലയാളി ഭക്ഷണസമയത്ത് എണ്ണയില്‍ മുങ്ങിക്കുളിക്കാന്‍ തുടങ്ങി. അതിനു ഉപോദ്ബലകമായി പാമോയില്‍ വന്നെത്തി. രുചിയുടെ ഈ രണ്ടു കുടിയേറ്റങ്ങളുടെയും കാലക്രമവും രോഗാതുരനാകുന്ന മലയാളിയുടെ വര്‍ദ്ധനയും വിവരിക്കുന്ന ഒറു ഗ്രാഫ് വരച്ചാല്‍ മലയാളി എങ്ങനെ ഉദരരോഗിയായെന്നും ഹൃദ്രോഗിയായെന്നും മനസ്സിലാകും.

രുചിയുടെ കാര്യത്തിലും ചരിത്രം വീണ്ടുമുരുളുന്നു. ഏറ്റവും പുതിയ അധിനിവേശം ചൈനീസ് ഫുഡാണ്. നല്ല വെളിച്ചെണ്ണയില്‍ വറത്തെടുത്ത കോഴിയും തേങ്ങാപ്പാലു ചേര്‍ത്തുകൊഴുപ്പിച്ച കോഴിക്കറിയും തിന്നവന്‍ അജിനോ മോട്ടോയും മറ്റു രാസവസ്തുക്കളും ചേര്‍ന്ന ചില്ലി ചിക്കനും ചിക്കന്‍ നൂഡില്‍സും ചിക്കന്‍ റൈസും തിന്നുന്നു. ഡെക്കറേഷന് സോസും!. ഈ അധിനിവേശം തുടങ്ങുന്നതു ടൂ മിനിട്ട് നൂഡിലുകളിലൂടെയാണ്. സ്കൂള്‍ കുട്ടികളുടെ ഉച്ച ഭക്ഷണത്തിന്‍റെയും വൈകുന്നേരത്തെ ലഘുഭക്ഷണത്തിന്‍റെയും നല്ലൊരു ശതമാനം ഇന്ന് നൂഡിലുകളാണ്. യഥാര്‍ത്ഥ ചൈനീസ് ഭക്ഷണവും കേരളത്തില്‍ ലഭിക്കുന്ന ചൈനീസ് ഭക്ഷണവും തമ്മില്‍ അജഗജാന്തരമുണ്ട്.

ഉദാരവത്കരണത്തിന്‍റെ നാളുകള്‍ക്കു ശേഷം മലയാളിയുടെ പാനീയ ശീലത്തില്‍ പ്രഥമസ്ഥാനം വഹിക്കുന്ന ഒന്നാണ് കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍. ഭക്ഷണക്രമത്തിലെ മാറ്റത്തിനോടൊപ്പം പുതുപാനീയം കൂടെയായപ്പോള്‍ അപചയം പൂര്‍ണ്ണമായി. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി.

പുതുതായി വന്നെത്തുന്ന രുചിസാമ്രാജ്യങ്ങളേറെയാണ്. പോപ്കോണിന്‍റെ വകഭേദങ്ങള്‍. സ്നാക്സ്. കോണ്‍ഫ്ലേക്സ്..സോയ..ഏറ്റവും പുതിയ പ്രവണത ബര്‍ഗറുകളും ഹോട്ഡോഗുകളുമാണ്. ബേക്കറിയുടെ തലശ്ശേരിപ്പഴമയിലൂടെ നൂറ്റാണ്ടോളമായി ബേക്കറി വിഭവങ്ങള്‍ കേരളത്തിലുണ്ടായിരുന്നെങ്കിലും അവ ആസുരഭാവമാര്‍ജ്ജിക്കുന്നതും നിത്യഭക്ഷണമാകുന്നതും കഴിഞ്ഞ ദശകത്തിലാണ്. മറ്റെന്തുമെന്നതു പോലെ മലയാളി ഭക്ഷണവും അന്ധമായി അനുകരിക്കുന്നു. സായിപ്പ് കൊക്കക്കോള കുടിച്ചാലും കാലി ടിന്‍ വേസ്റ്റ് ബിന്നിലേ കളയൂ. ബര്‍ഗര്‍ പൊതു സ്ഥലത്തു വെച്ചു തിന്നാലും അവശിഷ്ടം കളയാന്‍ അടുത്ത കുപ്പത്തൊട്ടി നോക്കി നടക്കൂം. അരക്കഷണം ബ്രെഡിലും ഒരു മുട്ടയിലും പ്രാതലും ഉച്ചഭക്ഷണവും ഒതുക്കും. നമ്മള്‍ മലയാളികളോ? പൊതു നിരത്ത് നമുക്ക് വേസ്റ്റ് ബാസ്കറ്റാണ്. മൂക്കുമുട്ടെ അരിഭക്ഷണം കഴിച്ചു ശീലിച്ചവര്‍ക്ക് അരക്കഷണം ബ്രഡും ഒരു മുട്ടയും കൊണ്ട് എന്താകാനാണ്?


ഓരോ ദേശത്തെയും സ്വാഭാവിക ഭക്ഷണ ക്രമം ആ നാട്ടിലെ കാലാവസ്ഥയ്ക്കും ജനങ്ങളുടെ ശരീരപ്രകൃതിക്കും അനുസരിച്ച് നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞതാണ്. അതില്‍ വരുന്ന വ്യതിയാനങ്ങള്‍ ശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്നു. ആര്‍ജ്ജിത രീതികളില്‍ തനിമ മറക്കുകയും ഗുണദോഷങ്ങള്‍ നോക്കാതെ ഭക്ഷണം സ്വായത്തമാക്കുകയും ചെയ്യുന്ന മലയാളി സ്വയം വിപത്ത് ക്ഷണിച്ചു വരുത്തുകയാണ്. വിധേയത്വവും അടിമ മനോഭാവവും മലയാളിയുടെ രസമുകുളങ്ങളില്‍ പൊള്ളലായി തിണര്‍ത്തു കിടക്കുന്നു.


Share/Save/Bookmark

17 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

നിഷാന്ത് 2008, ഫെബ്രുവരി 28 11:13 PM  

“ഇഷ്ടഭക്ഷണം പുട്ടാണല്ലെ?!”

“എങ്ങനെ മനസ്സിലായി?”

“അതൊക്കെ മനസ്സിലായി!”

.......

മാഷു പിടിയും കോഴിക്കറിയും കഴിച്ചിട്ടുണ്ടോ?


പനങ്കുറുക്ക്?

കൂവപ്പൊടി?

റോബി 2008, ഫെബ്രുവരി 29 1:45 AM  

എന്തൊക്കെ പറഞ്ഞാലും കോഴിക്കോടന്‍ പൊറോട്ടയും മീന്‍‌കറിയും എനിക്കിഷ്ടമാണ്...:)

ഈ പോസ്റ്റ് എന്നോടു ചെയ്ത കൊടും ചതിയായി പോയി. കേരളത്തിലെ ഭക്ഷണത്തെപറ്റിയോര്‍ത്തിട്ട് ഇരിക്കപ്പൊറുതിയില്ല.

കഴിഞ്ഞാഴ്ച ബോസ്റ്റണില്‍ പോയി. ഇന്ത്യന്‍ സാധനങ്ങള്‍ വാങ്ങാന്‍. ഫ്രീസ് ചെയ്ത മുരിങ്ങയും ഉണക്കമീനും ഒക്കെ വാങ്ങി. മലേഷ്യയില്‍ നിന്നുള്ള ചക്കപ്പഴത്തിന്റെ ടിന്നും. വെറും ഏഴു ചുളയ്ക്ക് 4$.
എന്റെ ഗ്രഹാതുരത്വത്തിന്റെ വില...:)

നമതു വാഴ്വും കാലം 2008, ഫെബ്രുവരി 29 6:09 AM  

നന്ദി നിഷാന്ത് :-)
പിടയും പൂവനുമായ കോഴി കഴിച്ചിട്ടുണ്ടെന്നല്ലാതെ പിടി എന്നാദ്യമായി കേള്‍ക്കുകയാണ്. കണ്ണൂരു മുതല്‍ തിരുവനന്തപുരം വരെയുള്ള ഒരു മാതിരി ഭക്ഷണമെല്ലാം കഴിച്ചിട്ടുണ്ട്. ചിലപ്പോള്‍ പേരു കൊണ്ട് തിരിച്ചറിയാന്‍ സാധിക്കാത്തതാകാം. പനങ്കുറുക്ക്, കൂവപ്പൊടി ഇതൊക്ക ഒരു സമയത്തെ നിര്‍ബന്ധിത ഭക്ഷണമല്ലേ.. കൂവപ്പൊടി ഇപ്പോഴും ചിലപ്പോഴൊക്കെ കഴിക്കാറുണ്ട്. ഏത്തക്കാക്കുറുക്കും ഇഷ്ടമാണ്. മാതാവ് എന്ന പ്രസ്ഥാനം സീനിയര്‍ ലേഡി പാരവെക്കുന്നതുകൊണ്ട് നടക്കുന്നില്ല.

കോഴിക്കോടന്‍ പൊറോട്ട രുചികരം തന്നെയാണ് റോബി. :-)

നിഷ്ക്കളങ്കന്‍ 2008, ഫെബ്രുവരി 29 8:53 AM  

എനിയ്ക്ക് പൊറോട്ട വെറുപ്പാണ്. എന്നിട്ടും കഴിയ്ക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്റ്റുണ്ട്.
ഒറിജിനല്‍ ചൈനീസ് ഭ‌ക്ഷണം മുന്നില്‍ വെച്ചാല്‍ മ‌ല‌യാളി മൂക്കും പൊത്തി ഓടും (മിക്കതും). പിന്നെ അറേബ്യന്‍ ഭക്ഷണ‌ത്തിന്റെ അധിനിവേശം വിട്ടുക‌ള‌ഞ്ഞതെന്തേ? ഷെവ‌ര്‍മ്മ സ‌‌ര്‍‌വ്വസാധാര‌ണ‌ം ഇപ്പോ‌ള്‍.
എനിയ്ക്ക് അറേബ്യന്‍ കബ്സയും (ഒരു തരം പ്ലെയിന്‍ ബിരിയാണി), അല്‍ ഫഹവും (ചുട്ട കോഴി) ഹര‌മായിരുന്നു, സൗദിയില്‍ വെച്ച്. "ഉന്നൂസ് അല്‍ ഫഹം കബ്സ" (പാതി കോഴിയും ചോറും താ മൊയിലാളി) എന്ന് ഓര്‍ഡ‌ര്‍ ചെയ്തിരുന്നത് ഓര്‍ക്കുന്നു ഇപ്പോ‌ള്‍. അറബിക് ഫുഡ്ഡിന് അഫ്ഗാനിക‌ളോട് ഒരുപാട് കടപ്പാടുണ്ടെന്ന് തോന്നുന്നു.

പക്ഷേ .... പുട്ടും വേള്ളേപ്പോം ദോശേം ഉപ്പുമാവും ഇഡ്ഡലിയും കൊഴക്കട്ടേം സ‌ര്‍‌വ്വോപരി പത്തുപന്ത്രണ്ടു കൂട്ടാനും കൂട്ടിയുള്ള സദ്യയും ഒക്കെ ചിന്തിച്ചാല്‍ .... ച്ചാല്‍ മ‌റ്റൊന്നും ഇവന്മാരുടെ മേലെ വരില്ലാന്ന്

പ്രിയംവദ-priyamvada 2008, ഫെബ്രുവരി 29 9:48 AM  

മഹാന്മാരൊരുപോലെ ചിന്തിക്കുന്നു.(excluding സൗന്ദര്യലഹരിസ് & കുമാരി സംഭവംസ്) ;)))
ഒരു സിംഹപൂരിയന് അനുഭവസാക്ഷ്യം

രജീഷ് || നമ്പ്യാര്‍ 2008, ഫെബ്രുവരി 29 12:50 PM  

കഞ്ഞിയും ചമ്മന്തിയും വിട്ടുകളഞ്ഞതില്‍ അമര്‍ഷം രേഖപ്പെടുത്തുന്നു!


"അപ്പോള്‍, അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ?" - വി.കെ.എന്‍

ഹാരിസ് 2008, ഫെബ്രുവരി 29 12:57 PM  

കര്‍ക്കിടകത്തിലെ അടമഴയില്‍ കപ്പ ചെണ്ടമുറിയനും ഉണക്കമുളക് ചമ്മന്തീം.

ഡിസംബറിന്റെ രാവ് പുലരെ, പറമ്പില്‍ കരിയില കൂട്ടിയിട്ട് കത്തിച്ച് തീ കാഞ്ഞ് കട്ടന്‍ കാപ്പിയും കൂട്ടിന് കശുവണ്ടി ചുട്ട് തല്ലിപ്പൊട്ടിച്ചതും.

നിലാവുള്ള സന്ധ്യകളില്‍ ബാല്‍ക്കണിയിലെ ചാരുകസേരയും റിച്ച് കോഫിയും സിഗരറ്റും ഗസലും.

നല്ലവേനലില്‍ ഉച്ച്ക്ക് ചോറും മോരു കറിയും അയല വറുത്തതും.

രാത്രി റമ്മടിച്ച് കുഴതെറ്റിയാല്‍ പിറ്റേന്ന് രാവിലെ തൈര് പഴങ്കഞ്ഞിയില്‍ ഒഴിച്ച് അല്പം പച്ചമുളകും കൂട്ടി ഒറ്റ വലി.
ബ്രാന്‍ഡിയായിരുന്നെങ്കില്‍,ഒരു മണ്‍കുടം നിറയെ തണുത്ത വെള്ളം.
വിസ്കിയാണങ്കില്‍ ഒരു പെയിന്‍‌കില്ലര്‍.

വടകര കരിമ്പനപാലത്തെ വയല്‍ വരമ്പത്തെ കള്ളുഷാപ്പിലാണങ്കില്‍ ഞണ്ട് കറിയും കപ്പപുഴുങ്ങിയതും അപ്പുറത്തെ മേശയില്‍ താളമിട്ടു പാടുന്ന താടിനീട്ടിയ നിരാശ കാമുകനോ ഒരു പഴയ നക്സലേറ്റോ.

ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി ഫൂട്ബോള്‍ കളീച്ചാല്‍ ഒരു പാക്കറ്റ് ഗ്ലൂക്കോസും തണുത്ത കാറ്റും.

കോളെജില്‍ അടിപിടി കഴിഞ്ഞ് ഹോസ്റ്റലില്‍ വന്ന് വീരവാദം പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഒരു ബോട്ടില്‍ കോളയും ഇരന്നു വാങ്ങിയ സിഗരറ്റ് പുകയും.

മുംബൈ മാഹി ഈസ്റ്റില്‍ പരേഖ് മഹലിന്റെ തൊട്ട്പുറകിലെ ഗലിയില്‍ വഴിവക്കത്തിരുന്ന് മീന്‍പൊരിച്ചു തരുന്ന സര്‍ദാര്‍ജിയും ഒളിച്ച് വെച്ച് കുടിക്കുന്ന കിങ്ങ്ഫിഷറും.

നേപ്പാളില്‍ ബേഹട്ടാര്‍ കുന്നിന്റെ മുകളില്‍ പരസ്പരം കാണാന്‍ പറ്റാത്തത്ര കോടമഞ്ഞില്‍ ഒരു മേശക്കപ്പുറവുമിപ്പുറവുമിരുന്ന് അവള്‍ ഓര്‍ഡര്‍ ചെയ്ത മോമോയും ചൌ ചൌവ്വും പിന്നെ ചുവന്നു തുടുത്ത കവിളും.....അങ്ങനെ അങ്ങനെ......

ഇതിപ്പോഴൊന്നും തീരില്ല മാഷെ.
രുചിയാല്‍ ഓര്‍മ്മകളുണര്‍ത്തിയതിന് നന്ദി.





നമതു വാഴ്വും കാലം 2008, ഫെബ്രുവരി 29 4:59 PM  

നന്ദി നിഷ്ക്. സമാന ചിന്താഗതി വലിയ ഒരു കാര്യമാണ്.
പ്രിയംവദ - ഒരേതൂവല്‍ പക്ഷിയാണെന്നറിഞ്ഞതില്‍ സന്തോഷം. സാധനം കണ്ടു. രസമുള്ള ഭാഷ. എല്ലാ കുരുത്തക്കേടുമില്ലെങ്കിലെന്തോന്ന് ലൈഫ് മാഡം. ഇടവം. ക്ഷമീര്!
രജീഷ് - അമര്‍ഷം വരവു വെച്ചിരിക്കുന്നു.
ഹാരിസ് - കവിത കണ്ടു. ബ്ലോഗും. ഞെട്ടിച്ചു കളഞ്ഞു. സംഭവം കൊള്ളാം. പക്ഷെ ഒരുപാട് കാടു കയറുന്നോന്നൊരു സംശയം. ചില ജിബ്രാന്‍, അയ്യപ്പന്‍ നിഴലുകള്‍. സ്ഥിരമായി എഴുതാത്തതില്‍ ഖേദിക്കുന്നു.

റോബി 2008, ഫെബ്രുവരി 29 6:59 PM  

വി.കെ.എന്നാണ് എഴുത്തില്‍ മലയാളത്തിന്റെ രുചികളെ അവതരിപ്പിച്ചതെങ്കില്‍ സിനിമയില്‍ അത് അടൂരാണ്. അദ്ദേഹത്തിന്റെ പല സിനിമകളിലും സുദീര്‍ഘമായ ഭക്ഷണരംഗങ്ങളുണ്ട്. അതിന്റെ സാംസ്കാരികപ്രാധാന്യം അറിയാത്തതു കൊണ്ട് സാദാ മലയാളി പ്രേക്ഷകന് അതു ബോറടിയാണ്.

നാലുപെണ്ണുങ്ങളിലെ ആ ഊണ് ഞാനും ശരിക്കാസ്വദിച്ചു.

പ്രശാന്ത് കളത്തില്‍ 2008, ഫെബ്രുവരി 29 7:15 PM  

ഹൊ കാലം മാഷെ !
ഇക്കണക്കിനാണെങ്കില്‍ കാലന്‍ എന്നും വിളിപ്പിക്കുമോ ? :)

പലപ്പോഴും തോന്നാറുണ്ട്, നമ്മളൊക്കെ ജീവിക്കുന്നത് തന്നെ ഭക്ഷണത്തിനുവേണ്ടിയാണെന്ന്. ഏറ്റവും സ്വീകാര്യമായ അധിനിവേശം ഭക്ഷണത്തിന്റെതാണ്. ഒരു തായ്ചായ കുടിക്കാന്‍ കിലോമീറ്ററുകള്‍ ഡ്രൈവ് ചെയ്യുന്ന ഒരു മല്ലു സുഹൃത്തുണ്ട്. ബംഗാളി മീന്‍കറിയ്ക്കായി ചാവാന്‍ തയ്യാറുള്ള വേറൊരു രാമന്‍‌കുട്ടി. ഇവിടത്തെ മല്ലു ജൊയിന്റില്‍ സ്ഥിരം സന്ദര്‍ശകനായ ബംഗാളി - മലബാര്‍ ബിരിയാണിയും നെയ്മീനും കല്ലുമ്മക്കായയും ബാബുവിന് പ്രിയം. ദേശീയോദ്ഗ്രധനത്തിനുള്ള കുറുക്കുവഴി ഇതാവണം.

)മൂക്കുമുട്ടെ അരിഭക്ഷണം കഴിച്ചു ശീലിച്ചവര്‍ക്ക്...

തെലുങ്കര് ഉണ്ണുന്നത് കണ്ടിട്ടില്ലെ ? മലയാളി കഴിക്കുന്നതിന്റെ നാലിരട്ടി അവര്‍ വീശും, നമ്മുടെ ഹെവി പുഴുങ്ങിയ/ചുവന്ന അരി അല്ല, നല്ല തുമ്പപ്പൂപോലത്തെ പച്ചരി.

നമതു വാഴ്വും കാലം 2008, ഫെബ്രുവരി 29 8:59 PM  

റോബി - പാവം വെമ്പായം മണിയെക്കൊണ്ട് (ശശിയാണോ മണിയാണോ എന്നോര്‍മ്മയില്ല. കപ്പടാമീശ) പത്തു പന്ത്രണ്ട് തവണ കോഴിമുട്ട തീറ്റിച്ചിട്ടുണ്ട് അടൂര്‍. അതു പോലെ മമ്മുട്ടിയെക്കൊണ്ട് പത്തില്‍ കൂടുതല്‍ തവണ പല്ലും തേപ്പിച്ചിട്ടുണ്ട്. റീടേക്കിന്‍റെ അയ്യരുകളി!അടുരിന്‍റെ സിനിമകളും ഫ്രോയ്ഡിന്‍റെ വദനസിദ്ദാന്തവും തമ്മിലെന്തോ ബന്ധമുള്ളതു പോലെ തോന്നുന്നു. :-)

നന്ദി പ്രശാന്ത്. ആദിയില്‍ ഒരു ശങ്കരന്‍ പറഞ്ഞതു തന്നെ പ്രസക്തം. ഉദരനിമിത്തം ബഹുകൃത വേഷം.

കല്ലുമ്മേക്കായ് ഇഷ്ടമാണ്. ബംഗാളികളുടെ മത്സ്യ പ്രേമം പ്രശസ്തവും.

വേണു venu 2008, മാർച്ച് 1 12:35 AM  

രുചിയാല്‍ ഓര്‍മ്മകളുണര്ത്തപ്പെടുന്നു. മുത്തശ്ശിമാരില്‍ നിന്നോ കൈപ്പുണ്യ്മുള്ള കൈകളില്‍ നിന്നോ രുചിമുകുളങ്ങള്‍ രൂപാന്തരപ്പെടുന്നു. വളരെ സത്യം.
മാഷേ, ഈ നൊര്‍ത്തിന്‍ഡ്യയിലെ ഡിസംബര്‍ ജാനുവരി തണുപ്പിലും തണുപ്പിനു പറ്റില്ല ചോറെന്നു പറഞ്ഞാലും. അല്പം ചോറുണ്ടില്ലെങ്കില്‍ ഇതെന്തരു ഊണാണെന്നു തോന്നാറുണ്ടു്. :)
എന്‍റെ മുത്തശ്ശി, അല്ലെങ്കില്‍ എന്‍റെ അമ്മ വയ്ക്കുന്ന അവിയല്‍, സാമ്പാറു്, ചമ്മന്തി, അതിന്‍റെ ഒക്കെ അടുത്തു വയ്ക്കാന്‍ കൊള്ളാമോ ,എന്നു പറഞ്ഞതിനു് , ചരിത്രത്തില്‍ ഭാര്യമാരുമായി എത്രയോ കലഹങ്ങള്‍ ഉണ്ടായി കാണും. ഹഹഹാ....
ഭക്ഷണ രുചി മാറ്റത്തിന്‍റെ ക്രമാനുഗതമായ വളര്‍ച്ചയോ ഇകഴ്ചയോ വിശകലനം ചെയ്തിരിക്കുന്നതു ഇഷ്ടമായി.
ഓ.ടോ. അപ്പോള്‍ ചക്ക മാത്രമേയുള്ളൊ മലയാളിയുടേതു്. അതോ ചക്കയും വരുത്തനാണോ.
പ്രധാന കറികളില്‍ അവിയലുമാത്രമേ മലയാളിയുടേതെന്നു പറയാനൊക്കൂ എന്നെവിടെയോ വായിച്ചു.

nalan::നളന്‍ 2008, മാർച്ച് 1 5:00 PM  

അന്തിക്കള്ളു മാറി ബീയറും സ്കോ‍ച്ചും കടന്നുവന്നതിനെപ്പറ്റി ഒന്നും കണ്ടില്ലല്ലോ.
പയ്യെ മതി... ഒഴിച്ചതു ഫിനിഷ് ചെയ്തിട്ടു മതി :)

നമതു വാഴ്വും കാലം 2008, മാർച്ച് 2 5:27 AM  

ഹഹഹ..നളന്‍. ബ്ലോഗു തുടങ്ങിയ കാലത്ത് തന്നെ തങ്കലിപികളിലതിനെക്കുറിച്ച് ഒരു പോസ്റ്റിട്ടിട്ടുണ്ട്. http://disorderedorder.blogspot.com/2007/08/blog-post_6298.html

കണ്ണൂസ്‌ 2008, മാർച്ച് 2 1:53 PM  

വെറുതേ പുട്ട്, കപ്പ എന്നൊക്കെ പറയാമെന്നല്ലാതെ വെറെ കഥയൊന്നുമില്ല. തമിഴന്റെ ഉച്ചയൂണിനടുത്തു കൂടി പോവില്ല, മലയാളിയുടെ പാരമ്പര്യ സദ്യ.

(എന്നു വിചാരിക്കുന്ന ആള്‍ക്കാരും ഉണ്ട് എന്ന് പറയാന്‍ മാത്രം ഉദ്ദേശം. ഭക്ഷണത്തിനെന്ത് പ്രാദേശികത? വിശന്നാല്‍ എന്ത് പുണ്ണാക്കും കഴിക്കും.)

വിശാഖ് ശങ്കര്‍ 2008, മാർച്ച് 3 1:56 AM  

ഗള്‍ഫില്‍ ചൈനീസ് ഭക്ഷണം വമ്പന്‍ ഹിറ്റാക്കിയത് എരിവില്ലാത്ത ഇറച്ചി ആണെന്നാണ് കരുതിയിരുന്നത്.നാട്ടിലും ഇതു വന്‍ ഹിറ്റായതോടെ ആ തെറ്റിദ്ധാരണ മാറി.എന്തായാലും എനിക്ക് ഇതത്ര ഇഷ്ടമല്ലെന്ന് ഇപ്പൊ പുറത്തു പറയാറില്ല.കാരണം പറഞ്ഞാല്‍ ഞാന്‍ ഒരു ‘കണ്ട്രി’ ആയി വിശകലനം ചെയ്യപ്പെടും എന്നതല്ല.(അതിനൊരു അന്തസ്സൊക്കെ ഇല്ലേ..)മറിച്ച് “അളിയാ, എനിക്കു ജിലേബി വലിയ ഇഷ്ടമാ..,എന്തു ചെയ്യാന്‍...,ബുദ്ധിജീവി ആയിപ്പോയില്ലെ, പരിപ്പുവട കഴിച്ച് ജീവിക്കുക തന്നെ” എന്ന ലൈനില്‍ തെറ്റിദ്ധരിക്കപ്പെടും എന്നതാ പ്രശ്നം.അപ്പൊ ഒരു അഡ്ജസ്റ്റ്മെന്റില്‍ പാര്‍ട്ടി തീര്‍ക്കുക.വീട്ടില്‍ വന്ന് തലേന്നത്തെ മീങ്കറിയൊ,രസമോ കൂട്ടി അല്പം ചോറുണ്ട് കിടക്കുക എന്നതാ കോമ്പ്രമൈസ് ഫോര്‍മുല.(കൊളസ്ട്രോല്‍ സമ്പന്നന്മാര്‍ രാത്രി ചോറൊഴിവാക്കി ചപ്പാത്തി ആക്കണമെന്നതില്‍ കാര്യമുണ്ട് എന്ന് അനുഭവത്തില്‍ അറിയാം.അരക്കലം ചോറുണ്ണുന്ന എനിക്ക് 2 ചപ്പാത്തി കഷ്ടിച്ചേ കഴിക്കാനാവു.അതു തന്നെ ഡോക്ടറും പറഞ്ഞത്.ചെയ്യുന്ന അദ്ധ്വാനത്തിനനുസരിച്ചുള്ള ഊര്‍ജ്ജം സംഭരിച്ചാല്‍ മതി..:))
ചുക്കിനെ കുറിച്ചുള്ള പോസ്റ്റിനു കൊക്കുകറിയെ കുറിച്ചുള്ള കമന്റ് ആയിപ്പോയോ നമതേ...:)

~*GuptaN*~ 2008, മാർച്ച് 4 12:21 AM  

feb 28 last post, innnu march 4. enthu patti oru unusually long gap ??

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP