ജനുവരി 27, 2008

കലയെക്കുറിച്ചും കലാകാരനെക്കുറിച്ചും പിക്കാസോ

Buzz This

എല്ലാവര്‍ക്കും കല മനസ്സിലാകണം. ആളുകള്‍ എന്തുകൊണ്ട് പക്ഷിയുടെ സംഗീതം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല? എന്തുകൊണ്ടാണവര്‍ രാത്രിയെയും പുഷ്പങ്ങളെയും തങ്ങള്‍ക്കു ചുറ്റുമുള്ള മറ്റുള്ളവയേയും മനസ്സിലാക്കാന്‍ ശ്രമിക്കാത്തത്?
പാബ്ലോ പിക്കാസോ

കലയുടെയും സാഹിത്യത്തിന്‍റെയും വിശകലനത്തിന് സൌന്ദര്യശാസ്ത്ര മാനദണ്ഡങ്ങളും ദര്‍പ്പണങ്ങളും ഉപയോഗിക്കുന്നതിന്‍റെ ഫലശൂന്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പിക്കാസോയുടെ ഈ വാക്കുകള്‍. സൃഷ്ടി സൃഷ്ടാവാകുന്നതെന്തും കലയാണ്. സര്‍ഗ്ഗപ്രക്രിയയും. സൃഷ്ടാവിന്‍റെ, സൃഷ്ടിയുടെ വൈകല്യങ്ങളും ന്യൂനതകളും സൌന്ദര്യവും വശ്യതയുമെല്ലാം കലയിലും നിറയുന്നു.

ഓരോ കലാകാരനും പൂര്‍ണതയുടെയും വിലയിരുത്തലിന്‍റെയും അവസ്ഥകളിലൂടെ കടന്നു പോകുന്നു. കലയുടെ ഏകരഹസ്യവും അതു തന്നെയാണ്.

രചനയില്‍ മുഴുകുമ്പോള്‍, ബ്രഷ് കൈയ്യിലെടുക്കുമ്പോള്‍, ടൈപ്പ് ചെയ്യുമ്പോള്‍ പൂര്‍ണത കണ്ണെത്തും ദൂരത്ത് പ്രത്യക്ഷപ്പെടുന്നു. കൈയ്യെത്തും ദൂരത്ത് വഴുതിക്കളിക്കുന്നു. മോഹിപ്പിക്കുന്ന കൊതിപ്പിക്കുന്ന വികാരം ജ്വലിപ്പിക്കുന്ന സുന്ദരിയെ പോലെ പ്രകോപിപ്പിക്കുന്നു. ഒരിക്കലും കൈയ്യെത്തിപ്പിടിക്കാനാവാത്ത മായക്കാഴ്ച.

കലാകാരന്‍ എന്തു ചെയ്യുന്നുവെന്നതല്ല, അയാള്‍ എന്താണെന്നതാണ് പ്രധാനം. ....വാന്‍ഗോഗിന്‍റെ ദുരിതങ്ങളാണ് ആ കലാകാരനിലേക്ക് നമ്മളെ പിടിച്ചുവലിക്കുന്നത് മനുഷ്യനിലെ യാഥാര്‍ത്ഥ്യം അത്രമാത്രമാണ്. ബാക്കിയൊക്കെ വെറും ജാട മാത്രം.

ആത്മസഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും തീച്ചൂളകളിലൂടെയാണ് യഥാര്‍ത്ഥ കലാകാരന്‍ കടന്നു പോകുന്നത്. കഷ്ടകാണ്ഡത്തിലെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ വാക്കുകളില്‍ കവിത നിറച്ചത് ആ അനുഭവങ്ങളായിരിക്കണം. സുഭിക്ഷകാണ്ഡത്തില്‍ കവിത അസ്തമിച്ചതും അതുകൊണ്ടു തന്നെയായിരിക്കണം. എ.അയ്യപ്പന്‍, ജോണ്‍ ഇവരെല്ലാം അനുവാചകന്‍റെ മനസ്സില്‍ പ്രതിഷ്ഠ നേടുന്നത് അങ്ങനെയായിരിക്കാം. ബഷീര്‍ ബേപ്പൂരിലെ സുല്‍ത്താനായി അവരോധിക്കപ്പെട്ടതിനു ശേഷം ഗണ്യമായതൊന്നും ഒരു പരിധി വരെ സംഭവിക്കാതിരുന്നതും ഇതു കൊണ്ടു തന്നെയാകാം. ജാടയുടെ അങ്കവസ്ത്രങ്ങള്‍ സുതാര്യമാണെന്നും അധികാരചിഹ്നങ്ങള്‍ തരിശുനിലങ്ങളിലെ ശിലകളാണെന്നും തിരിച്ചറിയുന്ന യഥാര്‍ത്ഥ അനുവാചകന്‍ ഭൌതികമാകണെന്നു നിര്‍ബന്ധമില്ലാത്ത പ്രതിസന്ധികളുടെ സ്വത്വാന്വേഷണത്തില്‍ ദിഗംബരനായി അലയുന്ന യഥാര്‍ത്ഥ കലാകാരനെ കണ്ടെത്തുന്നു. രക്തം രക്തത്തെ തിരിച്ചറിയുന്നതു പോലെ തേടുന്ന, തിരയുന്ന ആത്മാവിനെ തിരിച്ചറിയുന്നു.

എന്‍റെ ചിത്രത്തിന്‍റെ അര്‍ത്ഥം പറയാന്‍ കാഴ്ചക്കാരന് എങ്ങനെ കഴിയും? മൈലുകള്‍ക്കപ്പുറത്തു നിന്നാണ് എന്‍റെ ചിത്രങ്ങള്‍ പിറവിയെടുക്കുന്നത്. അവ എത്ര അകലെ നിന്നാണ് ഒഴുകി വരുന്നതെന്ന് എനിക്കല്ലാതെ മറ്റൊരാള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും? എന്‍റെ സ്വപ്നങ്ങളിലേക്ക് ചേതനയിലേക്ക് ആഗ്രഹങ്ങളിലേക്ക് വികാരങ്ങളിലേക്ക് ചിന്തകളിലേക്ക് കടന്നു കയറി രചനയിലൂടെ ഞാന്‍ എന്താണാവിഷ്കരിക്കാന്‍ ഉദ്ദേശിച്ചതെന്ന് പറയാന്‍ മറ്റൊരാള്‍ക്ക് എങ്ങനെ കഴിയും?.. കലാകാരന്‍റെ ആന്തരിക സത്ത എന്തെന്നറിയാതെ നമ്മള്‍ ഏതോ കല്പനാസൃഷ്ടിയില്‍ കുരങ്ങിക്കിടക്കുന്നു....

(ക്യൂബിസത്തെക്കുറിച്ചും പെയിന്‍റിങ്ങിനെക്കുറിച്ചും പിക്കാസോ നടത്തിയ പ്രസ്താവന)


Share/Save/Bookmark

28 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

സിമി 2008, ജനുവരി 27 12:51 PM  

കലയ്ക്ക് ആത്മസഹനം, ത്യാഗം തുടങ്ങിയ ചേരുവകള്‍ വേണോ എന്നു സംശയമാണ്. പിക്കാസോ ജീവിതകാലം മുഴുവന്‍ പ്രശസ്തനും പണക്കാരനുമായിരുന്നല്ലോ. മാര്‍ക്കേസ് - കഷ്ടപ്പാടുകള്‍ക്കിടയിലിരുന്നല്ല എഴുതുന്നത്.

ആത്മസഹനം, ത്യാഗം തുടങ്ങിയവ മനസ്സിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നതാവാം, പാകപ്പെടുത്തുന്നതാവാം. ഒരു പനിവരുമ്പോള്‍ എഴുത്ത് വളരെ നന്നാവുന്നതായി തോന്നി പനിവരാന്‍ ആശിച്ചിട്ടുണ്ട്. മനസ്സിലെ ഫ്രിക്ഷന്‍ എഴുത്തിലും പ്രതിഫലിപ്പിക്കാന്‍ എളുപ്പമാവും - ഖസാക്കിന്റെ ഇതിഹാസം രചിക്കാന്‍ ഈ ഫ്രിക്ഷന്‍ വേണം. പയ്യന്‍ കഥകള്‍ക്ക് വേണോ? എനിക്കു തോന്നുന്നില്ല.

നമതു വാഴ്വും കാലം 2008, ജനുവരി 27 1:46 PM  

സിമി.
വസ്തുതാപരമായ ചില പൊരുത്തക്കേടുകളുണ്ട്. മാര്‍കേസ് ഏതോ നോവല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതനായത് വീടിന്‍റെ വാടക കൊടുക്കാന്‍ താമസിച്ചതു കൊണ്ടായിരുന്നു. നോവല്‍ ഓര്‍മ്മയില്ല. അറിയണമെന്നാഗ്രഹമുണ്ടെങ്കില്‍ റെഫര്‍ ചെയ്തു പറയാം.
പിക്കോസോ ദാരിദ്ര്യത്തോടടുത്തു നില്‍ക്കുന്ന അവസ്ഥയിലാണ് ആരംഭിക്കുന്നത്. മറ്റൊരു സമാനത എം.എഫ് ഹുസൈനാണ്.
ഏതു സര്‍ഗ്ഗകൃതിയും എഴുതാന്‍ ഫ്രിക്ഷന്‍ വേണം. ചില ഫ്രിക്ഷന്‍ നോവിപ്പിക്കുന്നു. ചിലത് രസിപ്പിക്കുന്നു. അത്രമാത്രം. ഒരു നോവലെഴുതാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും തടഞ്ഞു നില്‍ക്കുന്നത് ആ ഫ്രിക്ഷന്‍ രാഹിത്യം കാരണമാണ്.

റോബി 2008, ജനുവരി 28 12:50 AM  

നമതു പറഞ്ഞ വഴിയ്ക്ക് ഉദാഹരണങ്ങളൊരുപാടുണ്ട്.
ഹെര്‍മന്‍ മെല്‍‌വിലും, പാസ്റ്റര്‍‌നാക്കും, ഡിക്കന്‍സും, ദസ്തയെവ്സ്കിയും എല്ലാം...

ഈ കുന്ദേര ആളെങ്ങനെയാ...കാശുള്ള പാര്‍ട്ടിയാണോ..?
സരമാഗോയുടെ തുടക്കം അറിയില്ല. പക്ഷെ നോബലൊക്കെ കിട്ടിയിട്ടും എഴുത്തിന് ഒരിടിവുമില്ല...എല്ലാം ഒന്നിനൊന്ന് കിടിലം. (സാധാരണ നോബലൊക്കെ കിട്ടിയാല്‍ ആളൊന്നൊതുങ്ങും.) പിന്നെ എനിക്കു തോന്നുന്നു സരമാഗോയുടെ എഴുത്ത് ഒരു ആനന്ദ് മോഡലാണെന്ന്...ആ എഴുത്തിന് കാശുണ്ടോ വിശപ്പുണ്ടോ എന്നൊന്നും വിഷയമല്ല...തലച്ചോറുകൊണ്ട് എഴുതുന്നവര്‍.

ജോണും അയ്യപ്പനും ദസ്തയെവ്സ്കിയുമൊക്കെ വേറൊരുതലത്തിലാണ്...ഹൃദയം കൊണ്ടെഴുതുന്നവര്‍.

ആ..എനിക്കൊരാളെ കിട്ടി..ദാലി.
ആളത്ര പഞ്ഞനൊന്നുമല്ലായിരുന്നു.

ഗുപ്തന്‍ 2008, ജനുവരി 28 2:33 AM  

പണമുണ്ടായിരുന്നെങ്കിലും ദലീക്ക് ‘ഫ്രിക്ഷന്’ കുറവുണ്ടായിരുന്നു എന്ന് തോന്നുന്നില്ല റോബീ..


പുതിയകാലത്തെ ഉദാഹരണം റൌളിംഗ് ആണെന്ന് തോന്നുന്നു --though apart from the obvious talent in conjuring the first book, which was written during those 'friction' years, her literary talent is yet to be ascertained.

ഗുപ്തന്‍ 2008, ജനുവരി 28 2:35 AM  

Coelho as well, has gone through tough times.


wexlvqlw വേ വെ. :((

നമതു വാഴ്വും കാലം 2008, ജനുവരി 28 7:38 AM  

ദാലി- ഉന്മാദത്തിന്‍റെ ഉത്തുംഗശൃംഘങ്ങളില്‍ നിന്നുള്ള കലയാണത്. പീഢനത്തില്‍ നിന്നുരുത്തിരിഞ്ഞ കല. ആ കഷ്ടപ്പാടൊരു പക്ഷെ മറ്റുള്ളവെക്കാള്‍ ഭീകരമായിരിക്കും.

അരുണ്ഡതി റോയി മറ്റൊരുദാഹരണമാണ്. ഗോവ എപ്പിസോഡും ഹിപ്പി യുഗങ്ങളും! അവരിനി ഒരു നോവല്‍ എഴുതുമെന്നു തോന്നുന്നില്ല.

റോബി 2008, ജനുവരി 28 9:47 AM  

ഞാനല്പം 1ഡി ആയാണ് കമന്റിട്ടത്...ഒന്നു ലൈറ്റ് വെയ്റ്റ് ആകട്ടെയെന്നു കരുതി..:)

ആ madness അല്ലേ നമ്മള്‍ ജീനിയസെന്നു വിളിക്കുന്നത്..ദസ്തയെവ്സ്കിയുടെയും ഹെര്‍മന്‍ മെല്‍‌വിന്റെയും ഒക്കെ ദാരിദ്ര്യം ആ ജീനിയസ്സിനൊരു കാറ്റലിസ്റ്റായെന്നു മാത്രം.
നഥാനിയേല്‍ ഹോതോണിനെ പോലെ ചിലര്‍ പട്ടിണി വന്നില്ലായിരുന്നുവെങ്കില്‍ എഴൂതുക കൂടി ഇല്ലായിരുന്നു.അങ്ങനെ വരുമ്പോള്‍ ദാരിദ്ര്യം ഒരു കാറ്റലിസ്റ്റു മാത്രമല്ല, ignitor തന്നെയാണ് ചിലപ്പോഴെങ്കിലും.
സിനിമയിലേക്ക് വരുമ്പോള്‍...(ക്ഷമിക്കണേ, ഇതൊരു ദു:ശീലമാണ്) സിനിമയെടുക്കാന്‍ സാമ്പത്തികസഹായം കിട്ടാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച (സ്വന്തം കൈ 48 തവണ മുറിയ്ക്കുകയുണ്ടായി ആള്‍)കുറസോവയ്ക്ക് മറ്റൊരു സമാനത സാഹിത്യലോകത്തുണ്ടോ..?
ബൈദവേ, നമതോ ഗുപ്തരോ ദാലിയും സുഹൃത്ത് ബുനുവലും കൂടി സംവിധാനം ചെയ്ത ‘അണ്‍‌ഷീന്‍ അണ്ടാലു’ കണ്ടിരുന്നോ..

പേര്.. പേരക്ക!! 2008, ജനുവരി 28 11:38 AM  

സിമി പറഞ്ഞതു പോലെ “കലയ്ക്ക് ആത്മസഹനം, ത്യാഗം തുടങ്ങിയ ചേരുവകള്‍ വേണോ എന്നു സംശയമാണ്.” എന്നാണെനിക്കും തോന്നുന്നത്.
പ്രതിഭ ഉള്ളവര്‍ക്ക് ഈപ്പറഞ്ഞ ഫ്രിക്ഷനും സ്പാര്‍ക്കും ഒക്കെ തനിയെ വരില്ലേ? കലാസൃഷ്ടി സൌന്ദര്യശാസ്ത്ര മാനദണ്ഡങ്ങളും ദര്‍പ്പണങ്ങളും ഉപയോഗിച്ച് വിശകലനം ചെയ്യുന്നതുപോലെ ഫലശൂന്യമല്ലേ സൃഷ്ടിക്കു പിന്നിലെ ചേതോവികാരങ്ങളെയും ഇങ്ങനെ പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നത്?
(ലോകമഹായുദ്ധങ്ങള്‍ അനുഭവിക്കേണ്ടി വന്നവരുടെ വേദനകളില്‍ നിന്നും പല മഹത്തായ രചനകളും ഉണ്ടായി എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്)

~*GuptaN*~ 2008, ജനുവരി 28 11:58 AM  

സിനിമയുടെ കാര്യത്തില്‍ ഞാന്‍ വളരെ മോശമാണ് റോബി. വര്‍ഷത്തില്‍ ഒന്‍പതുമാസവും ആവശ്യത്തിനു സ്ട്രെയ്ന്‍ ഉള്ളതുകൊണ്ട് വളരെ ലൈറ്റ് വെയ്റ്റ് എന്റര്‍റ്റെയ്ന്മെന്റ് തേടിപ്പോകുന്നതാണ് ഒരു പ്രധാനകാരണം. നല്ല പടം എന്ന് ആരെങ്കിലും പറഞ്ഞറിഞ്ഞാല്‍ ഡിസ്ക് വാങ്ങിവച്ച് സമ്മര്‍ വെക്കേഷന് കാണുകയാണ് പതിവ്. ദൃശ്യകലകളോട് പൊതുവേ വലിയ ആഭിമുഖ്യം ഇല്ല എന്നതും സത്യം.

ബെനുഎലിന്റെ അന്ഡലോഷ്യന്‍ പട്ടിയെക്കുറിച്ച് കേള്‍‍ക്കുന്നതുതന്നെ ലോര്‍ക അതിനെ പ്രതി ദലീയോട് കലഹിച്ചിട്ടുണ്ട് എന്നതുകൊണാണ്.

ഉന്മാദം എന്ന് പറയുന്നത് ദലീയുടെകാര്യത്തില്‍ സാധാരണ സര്‍ഗാത്മക ഉന്മാദമായിരുന്നില്ല. വാന്‍ഗോഗിന്റെ കാര്യത്തിലെന്നപോലെ സെല്‍ഫ് ഡിസ്ട്രക്റ്റീവ് ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ഗല എന്ന യക്ഷി തന്റെ മായാലോകത്തില്‍ കുടുക്കി ജീവിക്കാനുള്ള വക കൊടുത്തില്ലായിരുന്നെങ്കില്‍ വളരെ ചെറുപ്പത്തിലേ ഒടുങ്ങിയേനെ ദലീ എന്ന പ്രതിഭ.

(ദലീയുടെ പണം ഉണ്ടാക്കിയതും ചിലവാക്കിയതും ലവള്‍ തന്നെ: കല വില്‍ക്കാനറിയാമായിരുന്നില്ല ദലീക്ക്. സുഹൃത്തുക്കളെ അകറ്റിയതും കിടക്കയില്‍ മിടുക്കരായവരെ അടുപ്പിച്ചു നിറുത്തിയതും അവള്‍ തന്നെ. ദലീ നോക്കിയാ ബ്രാന്‍ഡ് ആയിരുന്നു കാമകലയില്‍. )

റോബി 2008, ജനുവരി 28 12:28 PM  

എങ്കിലും പേര്യ്ക്കേ...സെന്‍സിബിലിറ്റിയ്ക്ക് ചില അളവുകോലുകള്‍ ഉണ്ടാവുന്നത് വര്‍ഗീകരണത്തെ സഹായിക്കുകയില്ലേ. സാഹിത്യവും അകാദമികമായി സമീപിക്കാമല്ലോ. അതിനാല്‍ കലാസൃഷ്ടി സൌന്ദര്യശാസ്ത്ര മാനദണ്ഡങ്ങളും ദര്‍പ്പണങ്ങളും ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് ഫലശൂന്യമാണോ..?
ഏതൊരു സംഭവത്തിന്റെയും വിഷയത്തിന്റെയും ചരിത്രം അറിയുന്നതു പോലെ പ്രധാനമല്ലേ ഒരു എഴുത്തുകാരന്റ്റെയും കൃതിയുടെയും ചരിത്രം അറിയുന്നതും. ഹിറ്റ്ലറുടെ മെയിന്‍‌കാംഫ് തന്നെയെടുക്കൂ. അത് എഴുതിയ സാഹചര്യങ്ങള്‍, ഹിറ്റ്ലറുടെ മാനസികാവസ്ഥ എല്ലം അറിയുന്നത് സമാനമായ മറ്റൊരു കൃതിയെ ഫലപ്രദമായി നിര്‍വചിക്കാന്‍ സഹായിക്കുകയില്ലേ.
പൊളന്‍‌സ്കി ഒലിവര്‍ ട്വിസ്റ്റ് എന്ന സിനിമയെടുത്തു. ആ പ്രായത്തില്‍ ഒലിവറിനും പൊളന്‍‌സ്കിക്കും അതെഴുതിയ ഡിക്കന്‍സിനും സമാന അനുഭവങ്ങാളായിരുന്നു (മൂന്നു പേരും അനാഥരായിരുന്നു)എന്നത് ആ കൃതിയുടെ ആഴം വര്‍ദ്ധിപ്പിക്കൂന്നില്ലേ...?

ഗുപ്തരെ, ഇതിനാലാണോ ദാലിയുടെ ആത്മസുഹൃത്ത് ബുനുവെല്‍ ഗലയെ വെറുത്തിരുന്നത്?
(ആ നോകിയ പ്രയോഗം മനസ്സിലായില്ല, ഞാനൊരു ട്യൂബ് ലൈറ്റാണേ..:) നോകിയ കണ്ടിട്ടുണ്ടെങ്കിലും ഈ മൊബൈല്‍ എടപാട് വലിയ പിടിയില്ല.)

നമതു വാഴ്വും കാലം 2008, ജനുവരി 28 1:09 PM  

പേരയ്ക്ക നന്ദി.
വേര്‍തിരിവല്ല. ഒരു ലസാഗു അതോ ഉസാഗയോ. അത്രമാത്രം. തീഷ്ണമായ അനുഭവമുള്ള മനുഷ്യര്‍ കൂടുതല്‍ കണ്ടീഷന്‍ഡ് ആകുന്നതു പോലെ സര്‍ഗ്ഗപ്രക്രിയയും അത്തരമൊരു പ്രവണത കാണിക്കുന്നു. ദാരിദ്ര്യം രോഗം ഇവയ്ക്ക് സര്‍ഗ്ഗപ്രക്രിയയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതലായി പഠനം നടക്കുന്നു. വി.രാജകൃഷ്ണന്‍ എന്തോ ചിലതെഴുതിയിട്ടുണ്ട്. മലയാളത്തില്‍ ഡോ.രാജശേഖരന്‍ പലപ്പോഴും എഴുതാറുണ്ട്.

റോബി. സിനിമയുടെ കാര്യത്തില്‍ ഞാന്‍ ബിഗ് സീറോ ആണ്. 92നു ശേഷം ഒട്ടും അപ്ഡേറ്റഡല്ല.
ഓടോ. പരാമര്‍ശിച്ച പിണക്കത്തിനു കാരണം രണ്ടിലാരോ ഒരാള്‍ക്ക് മനുഷ്യന്‍റെ ശാസ്ത്രീയ നാമത്തിലെ സാപ്പിയന്‍സ് ഇല്ലാതിരുന്നതാണെന്നും കേള്‍ക്കുന്നു.

ഗുപ്തരേ. ജലം കൊണ്ടു മുറിവേറ്റ ലോര്‍ക്കയെ ആണോ ഉദ്ദേശിക്കുന്നത്?

കമന്‍റുകള്‍ക്കു നന്ദി. ബ്ലോഗുകള്‍ പലപ്പോഴും വിസ്മയങ്ങള്‍ സമ്മാനിക്കുന്നു. പലപ്പോഴും അണ്ടര്‍ എസ്റ്റിമേഷന്‍റെ വൈക്ലബ്യവും. നെവര്‍ എക്സ്പറ്റ‍ഡ് ദിസ് ടു റീച്ച് ദിസ് ലെവല്‍. കമന്‍റുകള്‍ ആഗ്രഹിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല! എന്തായാലും പ്രേരണ കൂടിയായി. നന്ദി.

~*GuptaN*~ 2008, ജനുവരി 28 3:57 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
~*GuptaN*~ 2008, ജനുവരി 28 4:01 PM  

@ ന.വാ.കാലം... ലോ ലവന്‍ തന്നെ :)

@റോബി. ബുന്യുവെലുമായി തെറ്റിയത് വിശ്വാസത്തെപ്രതി ആണെന്ന് ദലീ ‘സീക്രട്ട് ലൈഫി’ല്‍ പറയുന്നു (ദലീ രാഷ്ട്രീയമായെങ്കിലും കത്തോലിക്കന്‍ ആയിരുന്നു. ബുന്യൂവല്‍ ആന്റി കത്തോലിക്കന്‍ നിലപാടുകളെപ്രതി പീഡിപ്പിക്കപ്പെട്ട ആളും). ലോര്‍കയും ദലീയും തമ്മില്‍ ന.വാ.കാലം പറഞ്ഞ സാപിയെന്‍സ് ഇല്ലാത്ത അട്രാക്ഷന്‍ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.

പിന്നെ നോക്കിയ.അതൊരു തമാശയാണ്. മുന്‍പ് വണ്‍ സ്വാളോ എഴുതിയിരുന്നു.

ന.വാ.കാലം എടുത്തിട്ടടിക്കുമോ എന്ന് പേടിയുള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. പഞ്ച് ലൈന്‍ ‘നോക്കിയാ മതി’ എന്നാണ് എന്ന് മാത്രം പറയാം. ദലീക്കും ‘നോക്കിയാ മതി‘യായിരുന്നു എന്ന് വ്യംഗ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വിക്കി പേജ് http://en.wikipedia.org/wiki/Candaulism നോക്കിയാ മതി. (അവിടെ ചെന്നപ്പോല്‍ ഗലയുടെ പടം അവിടെയും. ഹഹഹ... )

നമതു വാഴ്വും കാലം 2008, ജനുവരി 28 5:55 PM  

ഡാലിയന്‍ ഉന്മാദത്തിന്‍റെ പല ഘടകങ്ങളിലൊന്നായിരുന്നു ഈ പറഞ്ഞ ദര്‍ശനം പുണ്യം, സ്പര്‍ശനം പാപം ലൈന്‍. ഗല ഔട്സോഴ്സ് ചെയ്യുന്ന കൂട്ടത്തിലുമായിരുന്നു. ഡാലിയുടെ ടേസ്റ്റ് അത്ര കിടിലം എന്നു പറയാനും വയ്യ. പിക്കാസോയുടെ ഫ്രോങ്കോയിസ് ഒരു സംഭവമാണ്. വൈബ്രന്‍റ്. ഡോണ ഐസ്ബര്‍ഗു പോലെയും.

വെറുതെയല്ല, പിക്കാസോ ചിലപ്പോള്‍ വയലന്‍സ് കാണിക്കുന്നതും, മറ്റു ചിലപ്പോള്‍ നിരാസക്തനാകുന്നതും.

പാരീസിലേക്കു കുടിയേറാനുള്ള ഒരു പ്രചോദനം. :-)

വിശാഖ് ശങ്കര്‍ 2008, ജനുവരി 28 7:27 PM  

ചിന്തോദ്ദീപകമായ പോസ്റ്റിനു നന്ദിയും അഭിനന്ദനങ്ങളും.
ഇതു വായിച്ചപ്പൊ എനിക്കു തോന്നിയ ചില സംശയങ്ങള്‍ താഴെ കുറിക്കുന്നു.
“വാന്‍ഗോഗിന്‍റെ ദുരിതങ്ങളാണ് ആ കലാകാരനിലേക്ക് നമ്മളെ പിടിച്ചുവലിക്കുന്നത് മനുഷ്യനിലെ യാഥാര്‍ത്ഥ്യം അത്രമാത്രമാണ്. ബാക്കിയൊക്കെ വെറും ജാട മാത്രം.“

എന്നു പറയുമ്പോള്‍ വാന്‍ ഗോഗിന്റെ ജീവിതത്തെക്കുറിച്ച് മുന്നറിവില്ലാത്ത ഒരാള്‍ക്ക് അയാളുടെ ചിത്രങ്ങളെ ആസ്വദിക്കാനാവില്ല എന്നും പറയേണ്ടിവരില്ലേ..?
ആ ചിത്രങ്ങള്‍ കഴ്ച്ചക്കാരനില്‍ ഉണ്ടാക്കുന്ന തീവ്രമായ ദൃശ്യാനുഭവത്തിനപ്പുറം അയാള്‍ കൊടും ദാരിദ്ര്യത്തില്‍ ജീവിച്ചവനായിരുന്നു എന്നും കാമുകിക്ക് സമ്മാനമായി കാത് മുറിച്ച് കൊടുത്തവനാണെന്നും ഒക്കെയുള്ള അറിവുകളാണ് വാന്‍ ഗോഗിന്റെ ചിത്രങ്ങളിലേയ്ക്ക് ആസ്വാദകനെ വലിച്ചടുപ്പിക്കുന്നത് കരുതാനാകുമോ?

കലാകാരന്റെ ജീവിതത്തെ കുറിച്ചുള്ള അറിവ് അയാളുടെ കലയെ മനസിലാക്കാന്‍ സഹായിക്കും എന്നതു ശരിയാണ്.പക്ഷെ കലയുടെ ആസ്വാദനത്തിനു കലാകാരന്റെ വ്യക്തിജീവിതം (ഭൌതീകമൊ ഇതരമോ ആയ)‍ഒരു ബാധ്യതയാണോ?

ഒരു കലാകാരന്റെ പ്രതിഭ അയാളുടെ അനുഭവങ്ങളെ തന്റെ കലയിലേയ്ക്ക് നേരിട്ട് കടത്തിവിടുകയല്ല, മറിച്ച് സങ്കീര്‍ണ്ണമായ ഒരു സര്‍ഗ്ഗപ്രക്രിയയിലൂടെ അതിലെയ്ക്ക് സന്നിവേശിപ്പിക്കുകയാണ്.അതുകൊണ്ട് തന്നെ കൃതിയിലൂടെ ആസ്വാദകന്‍ കണ്ടെടുക്കുന്ന അതിന്റെ കര്‍ത്താവായിരിക്കില്ല അതിന്റെ സൃഷ്ടാവായ ഭൌതീക മനുഷ്യന്‍.ഒരു കലാകാരന്റെ വ്യക്തിജീവിതത്തിലൂടെ അയാളുടെ കലയെയോ, കലയിലൂടെ അയാളുടെ വ്യക്തിജീവിതത്തെയൊ നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ എല്ലായിപ്പോഴും വിജയിക്കില്ല എന്നാണ് എന്റെ പക്ഷം.

ദൊസ്തയെവ്സ്കീയെ പോലെ ഉള്ളവര്‍ ദുരിതപൂര്‍ണ്ണമായ ഒരു വ്യക്തിജീവിതം നയിച്ചുകൊണ്ട് സൃഷ്ടി നടത്തിയെങ്കില്‍ റ്റോള്‍സ്റ്റോയി,തുര്‍ഗനേവ് തുടങ്ങിയവര്‍ക്ക് അത്തരം ഒരു ഭൌതീകമായ ദാരിദ്ര്യത്തിന്റെ പശ്ചാത്തലം ഇല്ലായിരുന്നു.എന്നുവച്ച് അവരുടെ കൃതികള്‍ മഹത്തരമല്ലാതാകുന്നില്ല.

റോബി,അണ്‍ഷേഅണ്ടാലു പത്തുപന്ത്രണ്ട് കൊല്ലം മുന്‍പ് കണ്ടതാണ്.എങ്കിലും ആ പേരു കേട്ട ഉടന്‍ കണ്ണ് മുറിഞ്ഞ് ബുള്‍സൈ പോലെ കൃഷ്ണമണി പുറത്തുവരുന്ന ആ രംഗം ഓര്‍മിച്ചു...(നീ എന്റെ ഉറക്കം കളഞ്ഞു ചങ്ങാതി..:))
പിന്നെ സരമാഗുവിന്റെ ‘അന്ധത‘ കേവലം ബൌദ്ധികം മാത്രമായ ഒരു വായനാനുഭവമായിരുന്നു എന്നാണോ?

നമതു വാഴ്വും കാലം 2008, ജനുവരി 28 7:40 PM  

നന്ദി. വിശാഖ്.
വിസ്തരിച്ചു മറുപടിയെഴുതണമെന്നുണ്ട്. കാര്‍ത്ത്യവീരാര്‍ജ്ജുനനു പഠിക്കുന്നു. കൃതാന്തരബഹുലന്‍. മള്‍ട്ടിടാസ്കിങ്ങ് ബ്ലോഗിനെ ബാധിക്കുന്നതെങ്ങിനെ എന്നൊരു പോസ്റ്റെഴുതാവുന്ന സ്ഥിതിയിലാണ്. നാളെ മറുപടിയെഴുതാം.;-) ഇല്ലെങ്കില്‍ റോബിയോ ഗുപ്തരോ കുറച്ചു കഴിയുമ്പോള്‍ രംഗപ്രവേശം ചെയ്യും.

ഡാലി 2008, ജനുവരി 28 9:49 PM  

വിശാഖിനോട് യോജിക്കുന്നു. അപ്പോള്‍ തത്ത്വത്തില്‍ ഇവിടത്തെ അവസാനത്തെ ഖോട്ടിനോട് വിയോജിക്കേണ്ടി വരുന്നു. പിക്കാസോ പറഞ്ഞതനുസരിച്ച് പിക്കാസോ ചിത്രങ്ങള്‍ എത്ര പേര്‍ക്ക് ആസ്വദിക്കാന്‍ കഴിയും? അഥവാ അത് അദ്ദേഹത്തിന്റെ ആസ്വാദനത്തിനു വേണ്ടി മാത്രം വരച്ചതെന്നു വരുന്നു. കല കലാകാരന്റെ ആത്മസംതൃപ്തിയ്ക്കു വേണ്ടി മാത്രമാണെന്ന വാദത്തോട് യോജിപ്പില്ല.ഏതൊരു കലയ്ക്കും കലാകാര്‍ന്റെ വ്യക്തിജീവിതത്തില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പുണ്ടാവണം. അങ്ങനെ ചിന്തിക്കാത്ത ആസ്വാദകരാണു എല്ലാ സൃഷ്ടികളിലും സൃഷ്ടാവിന്റെ ഭൂതകാലം തിരക്കി നടക്കാന്‍ പ്രേരിതരാകുന്നത്. അത് പക്ഷേ ആസ്വാദകന്റെ ജോലിയല്ല, ചരിത്രഗവേഷകന്റേതാണ്.

~*GuptaN*~ 2008, ജനുവരി 28 9:58 PM  

ഇതു കൂടി കിടക്കട്ടെ (ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന ഭാവം):

ഈ ആസ്വാദകനെ സഹൃദയന്‍ എന്ന് പറയുന്നതെന്തിനാണോ ആവോ?

നമതു വാഴ്വും കാലം 2008, ജനുവരി 29 12:23 AM  

വിശാഖ്
സാധാരണ ഇത്തരം സംഭാഷണങ്ങളില്‍ റോബിയോ ഗുപ്തരോ പങ്കു ചേരുന്നതാണ്. ബിസിയായിരിക്കും.

“വാന്‍ഗോഗിന്‍റെ ദുരിതങ്ങളാണ് ആ കലാകാരനിലേക്ക് നമ്മളെ പിടിച്ചുവലിക്കുന്നത് മനുഷ്യനിലെ യാഥാര്‍ത്ഥ്യം അത്രമാത്രമാണ്. ബാക്കിയൊക്കെ വെറും ജാട മാത്രം.“
പിക്കാസോയുടെ വരികളാണത്. ആത്മാവിഷ്കാരമായിരിക്കാം. പരമ്പരാഗതവും ആര്‍ജ്ജിതവുമായ സാഹചര്യങ്ങളുടെ ആകെത്തുകയുടെ സര്‍ഗ്ഗപരിണാമമായിരിക്കാം വിവക്ഷ. ഒരു പക്ഷെ ക്രാഫ്റ്റില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന മനുഷ്യാവസ്ഥയുമാകാം. വാന്‍ഗോഗ് എന്ന വ്യക്തിയുടെ രൂപാന്തരത്തില്‍ നിന്നും അനുഭവത്തില്‍ നിന്നുമാണ് കലയുണ്ടായതെന്നും സൂചിപ്പിക്കുന്നുണ്ടായിരിക്കാം.

എന്നു പറയുമ്പോള്‍ വാന്‍ ഗോഗിന്റെ ജീവിതത്തെക്കുറിച്ച് മുന്നറിവില്ലാത്ത ഒരാള്‍ക്ക് അയാളുടെ ചിത്രങ്ങളെ ആസ്വദിക്കാനാവില്ല എന്നും പറയേണ്ടിവരില്ലേ..?

പ്രാഥമിക സ്വഭാവമുള്ള ആസ്വാദകന്, അല്ലെങ്കില്‍ പരിശീലനം സിദ്ധിക്കാത്ത ആസ്വാദകന് പശ്ചാത്തലം നിര്‍ബന്ധമില്ല. സത്ത പൂര്‍ണ്ണമാകുന്നത് പശ്ചാത്തലം കടന്നു വരുമ്പോഴാണ്. സൂര്യകാന്തിപ്പാടങ്ങളില്‍ ഉന്മാദം വിളയുന്നതും ചോരപ്പാടുകള്‍ കാണുന്നതും അപ്പോഴാണ്. പശ്ചാത്തലമറിയുന്നതിനു മുന്‍പുള്ള ആസ്വാദനവും പിന്‍പുള്ള ആസ്വാദനവും അങ്ങനെ വ്യത്യസ്തമാകുന്നു. ആസ്വദിക്കുന്നതിന് പശ്ചാത്തലവും പരിശീലനവും അക്കാഡമിക ജാഡയുമൊന്നും വേണ്ട. ഏതു കലാസൃഷ്ടിയും പോലെ കാണാന്‍ മനസ്സുള്ള ആര്‍ക്കും മുന്‍പില്‍ തുറന്നു കിടക്കുന്നു.


കലാകാരന്റെ ജീവിതത്തെ കുറിച്ചുള്ള അറിവ് അയാളുടെ കലയെ മനസിലാക്കാന്‍ സഹായിക്കും എന്നതു ശരിയാണ്.പക്ഷെ കലയുടെ ആസ്വാദനത്തിനു കലാകാരന്റെ വ്യക്തിജീവിതം (ഭൌതീകമൊ ഇതരമോ ആയ)‍ഒരു ബാധ്യതയാണോ?

മുകളില്‍ പറഞ്ഞത് ഒരു പരിധി വരെ ഇതിനും ബാധകമാണെന്നു തോന്നുന്നു. സഹനത്തെയും കഷ്ടപ്പാടുകളെയും കുറിച്ചുള്ള അറിവുകള്‍, അവബോധം ഇതൊക്കെ മാനസികമായ ഒരടുപ്പം സൃഷ്ടിക്കും. കലയുടെ ആസ്വാദനത്തിനു ശേഷമാണ് ഇത്തരം അന്വേഷണങ്ങള്‍ സംഭവിക്കുകയോ താല്‍പ്പര്യം ജനിക്കുകയോ ചെയ്യുന്നുവെന്നത് അത്തരം ബാധ്യതയുടെ സാധ്യത ഇല്ലാതാക്കുന്നു. അതേ സമയം തന്നെ സഹനകാണ്ഡങ്ങള്‍ ലസാഗുവായി കാണപ്പെടാറുമുണ്ട്.

ഒരു കലാകാരന്റെ പ്രതിഭ അയാളുടെ അനുഭവങ്ങളെ തന്റെ കലയിലേയ്ക്ക് നേരിട്ട് കടത്തിവിടുകയല്ല, മറിച്ച് സങ്കീര്‍ണ്ണമായ ഒരു സര്‍ഗ്ഗപ്രക്രിയയിലൂടെ അതിലെയ്ക്ക് സന്നിവേശിപ്പിക്കുകയാണ്.അതുകൊണ്ട് തന്നെ കൃതിയിലൂടെ ആസ്വാദകന്‍ കണ്ടെടുക്കുന്ന അതിന്റെ കര്‍ത്താവായിരിക്കില്ല അതിന്റെ സൃഷ്ടാവായ ഭൌതീക മനുഷ്യന്‍.ഒരു കലാകാരന്റെ വ്യക്തിജീവിതത്തിലൂടെ അയാളുടെ കലയെയോ, കലയിലൂടെ അയാളുടെ വ്യക്തിജീവിതത്തെയൊ നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ എല്ലായിപ്പോഴും വിജയിക്കില്ല എന്നാണ് എന്റെ പക്ഷം.

സന്നിവേശം എന്നതിനേക്കാള്‍ സ്വാംശീകരണവും പുനസൃഷ്ടിയുമായിരിക്കാം കുറച്ചുകൂടി ചേരുകയെന്നു തോന്നുന്നു. വിശാഖിന്‍റെ അഭിപ്രായത്തെ ബഹുമാനിക്കുന്നു. കൂടുതല്‍ പഠനവും കൂടുതല്‍ വിശകലനവും ആവശ്യമായ വിഷയങ്ങളാണിവ.

ദൊസ്തയെവ്സ്കീയെ പോലെ ഉള്ളവര്‍ ദുരിതപൂര്‍ണ്ണമായ ഒരു വ്യക്തിജീവിതം നയിച്ചുകൊണ്ട് സൃഷ്ടി നടത്തിയെങ്കില്‍ റ്റോള്‍സ്റ്റോയി,തുര്‍ഗനേവ് തുടങ്ങിയവര്‍ക്ക് അത്തരം ഒരു ഭൌതീകമായ ദാരിദ്ര്യത്തിന്റെ പശ്ചാത്തലം ഇല്ലായിരുന്നു.എന്നുവച്ച് അവരുടെ കൃതികള്‍ മഹത്തരമല്ലാതാകുന്നില്ല.

ടോള്‍സ്റ്റോയിക്ക് ദാരിദ്ര്യത്തേക്കാള്‍ വലിയ പീഢനമായിരുന്നു പത്നി. ;-) എന്നാണു ഓര്‍മ്മ.

നല്ല കമന്‍റിന് നന്ദി.


വിശാഖിനോട് യോജിക്കുന്നു. അപ്പോള്‍ തത്ത്വത്തില്‍ ഇവിടത്തെ അവസാനത്തെ ഖോട്ടിനോട് വിയോജിക്കേണ്ടി വരുന്നു. പിക്കാസോ പറഞ്ഞതനുസരിച്ച് പിക്കാസോ ചിത്രങ്ങള്‍ എത്ര പേര്‍ക്ക് ആസ്വദിക്കാന്‍ കഴിയും? അഥവാ അത് അദ്ദേഹത്തിന്റെ ആസ്വാദനത്തിനു വേണ്ടി മാത്രം വരച്ചതെന്നു വരുന്നു. കല കലാകാരന്റെ ആത്മസംതൃപ്തിയ്ക്കു വേണ്ടി മാത്രമാണെന്ന വാദത്തോട് യോജിപ്പില്ല.ഏതൊരു കലയ്ക്കും കലാകാര്‍ന്റെ വ്യക്തിജീവിതത്തില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പുണ്ടാവണം. അങ്ങനെ ചിന്തിക്കാത്ത ആസ്വാദകരാണു എല്ലാ സൃഷ്ടികളിലും സൃഷ്ടാവിന്റെ ഭൂതകാലം തിരക്കി നടക്കാന്‍ പ്രേരിതരാകുന്നത്. അത് പക്ഷേ ആസ്വാദകന്റെ ജോലിയല്ല, ചരിത്രഗവേഷകന്റേതാണ്.

ഡാലിയുടെ അഭിപ്രായം ഡിറ്റാച്ചു ചെയ്തു നിന്നു കൊണ്ടുള്ള ഒന്നാണ്. സത്യമാണ്. പൊതുസ്വഭാവമുള്ളത്. പ്രിയപ്പെട്ടതും അഭിരുചിക്കിണങ്ങിയതും ആഴത്തില്‍ പഠിക്കുന്നു. ഡാലിയുടെ ബ്ലോഗിലും അങ്ങനെയുള്ള വിഷയങ്ങളില്ലേ? അത് ആസ്വാദകന്‍ എത്രമാത്രം ഗൌരവമായാണ് സമീപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. പിന്നെ പിക്കാസോ പറഞ്ഞത് അയാളനുഭവിച്ചതാണ്. പുറത്തെത്തിയ കൃതിക്ക് ഒരു പൊതു ഡീകോഡിങ്ങ് സംഭവിച്ചിട്ടുണ്ടോ? ഇല്ല. ആസ്വാദനവും വ്യക്തിപരമാണ്.

ഗുപ്തരെ.. ഒളിവിലുള്ള ആ തെളിവ് - സഹൃദയന്‍ സുഖിച്ചു. . വിശാലമാക്കാമായിരുന്നു!

ഗുപ്തന്‍ 2008, ജനുവരി 29 2:04 AM  

മാഷേ പോകുംതോറും പോസ്റ്റ് ഫോര്‍മുലേറ്റ് ചെയതതിലെ ഒരു ബലഹീനത വെളിപ്പെടുകയാണെന്ന് തോന്നുന്നു.കലാകാരന്റെ അസ്വസ്ഥതയെ ഭൌതികമായി മാത്രം സമീപ്പിക്കുന്നു എന്ന ഒരു ധാരണ ഉണ്ടാക്കി എഴുത്ത്. മിക്കപ്പോഴും ഭൌതികവും ബാഹ്യവുമായ ഘടകങ്ങള്‍ (എപ്പോഴും ശ്രദ്ധേയമാവണമെന്നുതന്നെയില്ല. തുര്‍ഗനേവിന്റെ കാര്യത്തില്‍ അബ്യൂസീവ് ആയ അമ്മ ആയിരുന്നു വേദനയുടെ നിമിത്തം) സൂചകങ്ങള്‍ ആവുന്നു എന്നേ പറയാനാവൂ.

റ്റോള്‍സ്റ്റോയ്‌യുടെ ജീവിതം എടുക്കുക. ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് റ്റോള്‍സ്റ്റോയ്‌യുടെ പ്രസിദ്ധമായ മാനസാന്തരത്തിനു ശേഷമാണ്. അക്കാലത്താകട്ടെ ക്രിയാത്മകസാഹിത്യം പൂര്‍ണമായും ഉപേക്ഷിച്ചു അദ്ദേഹം. സുവിശേഷം വെജിറ്റേറിയനിസം അഹിംസ തുടങ്ങിയ ആശയങ്ങളെക്കുറിച്ച് ഉപന്യസിക്കുകയേ ചെയ്തിട്ടുള്ളൂ കുറേക്കാലം. ഈവാന്‍ ഇലിച്ചിന്റെ മരണം മാത്രമാണ് മരണത്തോടടുത്ത് സാഹിത്യത്തിലേക്കുള്ള തിരിച്ചുവരവിനു ശേഷം ഞാന്‍ ഓര്‍ത്തിരിക്കുന്ന കൃതി.

ഭാര്യയെക്കുറിച്ച്: ആദ്യകാലത്ത് വളരെ സന്തുഷ്ടരാരിയുരുന്നു ടോള്‍സ്ടോയും ഭാര്യയും. അന്നാകരെനീനയും യുദ്ധവും സമാധാനവും അവസാന ഡ്രാഫ്റ്റ് പകര്‍ത്തിയെഴുത്തിയതുപോലും (15 കൊല്ലത്തിനിടയില്‍ ഏതാണ്ട് അത്രത്തോളം പ്രസവത്തിനിടെ എന്ന് വായിച്ചതോര്‍ക്കുന്നു)ആ സ്ത്രീയാണ്. കുഴപ്പങ്ങള്‍ തുടങ്ങിയത് ‘മാനസാന്തരത്തിനു’ ശേഷം ലെവ് നിക്കൊലായെവിച് റ്റോള്‍സ്റ്റോയ് പ്രഭു കര്‍ഷകരെപ്പോലെ വേഷം ധരിച്ച് മലക്കറിയൂം തിന്ന് ജീവിക്കാന്‍ തുടങ്ങിയതോടെയാണ്. ആ‍ഡ്യമായി ജീവിച്ചിരുന്ന കുടുംബാംഗങ്ങ്ങള്‍ക്ക് താങ്ങാവുന്നതില്‍ അധികമായിരുന്നു കണ്‍‌വേഷന്റെ റേഞ്ച്.

ചുരുക്കത്തില്‍ റ്റോള്‍സ്റ്റോയുടെ മാസ്റ്റര്‍ പീസുകള്‍ ഉണ്ടാകുന്നത് സുഭിക്ഷമായും സുരക്ഷിതമായും ജീവിച്ചിരുന്ന കാലത്താണ് എന്നു പറയാം.

ജീവിതം ആസ്വദിച്ചകാലം എന്ന് 1860 കളെക്കുറിച്ച് റ്റോള്‍സ്റ്റോയ് തന്നെ പറയുന്നു. പക്ഷേ അതിനു മുന്നില്‍ ഉള്ള അമിതമായ ചൂതാട്ടത്തിലും പിന്നീട് ചുരുങ്ങിയകാലത്തെ അലച്ചിലിലും സ്വയം ഏറ്റെടുത്ത സൈനികസേവനത്തിലും ഒക്കെ ഒരു ഇളകിയ ആണി ഉള്ളിലെവിടെയോ ഉള്ളത് കാണാനാവുന്നുണ്ട്. നിലയ്ക്കാത്ത അന്വേഷണങ്ങളിലേക്ക് അരക്ഷിതനായി നടന്നു പോകുന്ന ഒരു ആത്മാവിനെ ആ ജീവിതത്തില്‍ ഉടനീളം കാണാനുണ്ട് (മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധിയോട് ഇത്രയേറെ സാമ്യമുള്ള മറ്റൊരുജീവിതം ഉണ്ടാകാന്‍ ഇടയില്ല). 1870 നു ശേഷം മുന്‍പെഴുതിയതിനെ ഒക്കെ ചവറെന്ന് വിളിച്ച റ്റോള്‍സ്റ്റോയ് ആത്മനിന്ദയിലേക്കും ഡിപ്രഷനിലേക്കും വഴുതി വീണു. തുര്‍ഗനേവ് മരണക്കിടക്കയില്‍ നിന്നു പോലും സാഹിത്യത്തിലേക്ക് മടങ്ങിവരാന്‍ കേണപേക്ഷിക്കുന്നുണ്ട് ‘ശത്രു’ ആയിരുന്ന റ്റോള്‍സ്റ്റോയീയോട്. . എന്താണെന്ന് പറയാനറിയില്ല. സ്വസ്ഥമായിരുന്നു ആ ജീവിതം എന്നു മാത്രം സമ്മതിക്കാനാവില്ല: 1870നു മുന്‍പ് പോലും.

വിശാഖ് ശങ്കര്‍ 2008, ജനുവരി 29 2:05 AM  

ന.വ.കാലം,
മറുപടിക്ക് നന്ദി.വളരെ പ്രിയപ്പെട്ടതും ഒരുപാട് സാധ്യതകളുള്ളതുമായ വിഷയമായതുകൊണ്ട് ഇവിടുന്ന് വിട്ടുപോകാന്‍ തോന്നുന്നില്ല.

സൃഷ്ടിയില്‍നിന്നും തുടങ്ങി കലാകാരനിലേയ്ക്ക് വളര്‍ന്ന് കലാസൃഷ്ടിയിലേയ്ക്ക് മടങ്ങിയെത്തുന്ന ഒരു പൂര്‍ണ്ണവൃത്തമാണെന്ന് തോന്നുന്നു ആസ്വാദനപ്രക്രിയ.വാന്‍ ഗോഗിന്റെ ചിത്രങ്ങള്‍,പ്രത്യേകിച്ച് സെല്‍ഫ് പോട്രൈറ്റുകള്‍ അവയുടെ സര്‍ഗപരമായ സന്നിഗ്ധത കൊണ്ട് കൊളുത്തിവലിക്കുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്.പിന്നിട് ലെറ്റേര്‍സ് റ്റു തിയോ,ലസ്റ്റ് ഫോര്‍ ലൈഫ് എന്നി പുസ്തകങ്ങള്‍ കൂടി വായിച്ചപ്പൊ
മുഖത്തെ ഓരോ ചുളിവും നിവര്‍ന്നുവന്ന് സംവദിക്കുന്നത് പോലെ തോന്നി.എക്സ്പ്രഷനിസത്തെ ഏറ്റവും സുതാര്യമായി നിര്‍വ്വചിക്കുന്നതു വാന്‍ ഗോഗിന്റെ സെല്‍ഫ് പോര്‍ട്രൈറ്റുകള്‍ ആണെന്ന് തോന്നിപ്പിക്കും വിധം തീവ്രമായിരുന്നു ആ അനുഭവം.പിക്കാസോയും സൂചിപ്പിച്ചത് ഒരുപക്ഷെ വാന്‍ ഗോഗിന്റെ കലയും അയാളുടെ വിക്ഷുബ്ധമായ ഭൌതീക, മാനസിക വ്യാപാരങ്ങളും തമ്മിലുള്ള ഈ വേര്‍പെടുത്താനാവാത്ത ബന്ധത്തെയായിരിക്കും.

ദാലിയെ പോലെയുള്ള സര്‍ റിയലിസ്റ്റുകള്‍ സൈകടെലിക് സ്വപ്നങ്ങള്‍ നല്‍കുന്ന സര്‍ഗ്ഗ ത്വരണങ്ങള്‍ക്ക് സ്വന്തം ശരീരത്തെ സജ്ജമാക്കാനായി സെല്‍ഫ് ഇന്‍ഫ്ലിക്റ്റെഡ് ആയ പീഡനങ്ങളുടെ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്നു എന്ന വസ്തുത നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ മറ്റൊരു സാധ്യതയിലെയ്ക്ക് വിരല്‍ ചൂണ്ടുന്നു.പട്ടിണി എന്തെന്നറിയാന്‍ ദാരിദ്ര്യം തന്നെ വേണമെന്നില്ല.അറിയുവാനുള്ള ഒരു മനസുണ്ടായാല്‍ മതി.

ടോത്സ്റ്റോയിയെ കുറിച്ച് പറഞ്ഞത് വലരെ പ്രസക്തമാണ്.തീരെ ആഘോഷിക്കാന്‍ പറ്റാത്ത ഒരു പീഡയായിരുന്നു അയാളുടേത്,ഒട്ടും സാമാന്യവല്‍ക്കരിക്കാനാവാത്തത്.(വയസുകാലത്ത് പുള്ളി ഭാര്യയിലേയ്ക്ക് മടങ്ങിയെത്തിയെന്നും
let us make up in the bed room

for the time we have wasted in the brothels
എന്ന ലൈനില്‍ ശിഷ്ടകാലം ആഘോഷിച്ചു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്...:))

നമുക്ക് പറ്റുന്നിടത്തോളം ഇതിനെ കുറിച്ച് സംസാരിക്കാം.മനുവും റോബിയും ഒക്കെ ചര്‍ച്ച തുടരും എന്ന് കരുതുന്നു.
(ഹരിയെ കാണുമ്പോള്‍ ഈ പോസ്റ്റിനെ കുറിച്ച് പറയണമെന്നും ചര്‍ച്ച ചെയ്യണമെന്നും ഉണ്ടായിരുന്നു.വീട്ടിലെത്തിയപ്പൊ വൈകിപ്പോയി.വിളിച്ചപ്പൊ അവന്റെ ഭാ‍ര്യ പറഞ്ഞു പികാസൊയെ കുറിച്ചുള്ള ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാനെന്ന്!വല്ലാത്തൊരു കോഇന്‍സിഡന്‍സ് തന്നെ..ഞാന്‍ പിന്നെ വിളിക്കാന്‍ പോയില്ല..:))

വിശാഖ് ശങ്കര്‍ 2008, ജനുവരി 29 2:27 AM  

മനു പറഞ്ഞത് സത്യം.ഓരൊ സര്‍ഗപ്രക്രിയയ്ക്കും പിന്നില്‍ ഓരോ അശാന്തി പര്‍വ്വങ്ങളുണ്ട്.പക്ഷെ അവ ഭൌതീകമായി നിര്‍വചിക്കപ്പെടാന്‍ പോന്ന വണ്ണം ലളിതമോ, സുതാര്യമോ ആയിക്കൊള്ളണം എന്നില്ല.ആനന്ദിന്റെ എഴുത്തിനു പിന്നിലും അത്തരം ഒരു അശാന്തി ഉണ്ടാവാതിരിക്കാന്‍ തരമില്ല.അത് റോബി പറഞ്ഞതു പോലെ ബൌദ്ധികമായ ഒരു അശാന്തിയാണെന്നു മാത്രം.ബൌദ്ധികം എന്നു പറയുമ്പോള്‍ ബൌദ്ധികമായ സത്യസന്ധത ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം അത് മാനസികവും ആയിരിക്കണം.അങ്ങനെ വരുമ്പോള്‍ ആനന്ദിന്റെ രചനയ്ക്കു പിന്നില്‍ ബാഹ്യമായ ഒരു ഫ്രിക്ഷന്‍ ഇല്ലെങ്കിലും ആന്തരികമായ ഒന്ന് അതിന് ഹേതുവായിരിക്കണം എന്ന് തോന്നുന്നു.

റോബി 2008, ജനുവരി 29 4:56 AM  

രാവിലെ സ്കൂളില്‍ വന്നയുടനെ കമന്റുകള്‍ വായിച്ചിരുന്നു. കമന്റിടാന്‍ സമയം ​കിട്ടിയില്ല...

വിശാഖ്,
'അന്ധത' കേവലം ബൌദ്ധികം മാത്രമായ ഒരു വായനാനുഭവമായിരുന്നു എന്നല്ല. അതിന്റെ സങ്കേതം ബൌദ്ധികമായിരുന്നു എന്നാണ്‌. എന്നാല്‍ ബൌദ്ധികം മാത്രമല്ല താനും.അദ്ദേഹത്തിന്റെ മറ്റു രചനകളും അങ്ങനെ തന്നെ.മനുഷ്യന്റെ അസ്ഥിത്വത്തെക്കുറിച്ചും(ദി ഡബിള്‍, അന്ധത, കാഴ്ച) ചരിത്രത്തെക്കുറിച്ചും(ഗോസ്പല്‍) സമൂഹത്തെക്കുറിച്ചും(അന്ധത, കാഴ്ച) ഒക്കെയുള്ള അശാന്തി തന്നെയാണ്‌ ആ എഴുത്തില്‍ നിറയുന്നതും.
വിശാഖ് തന്നെ ഈ ആശയത്തിലേക്ക് വരുന്നുണ്ട്..ആനന്ദിന്റെ എഴുത്തിനെക്കുറിച്ച് പറയുമ്പോള്‍. ആനന്ദിന്റെ എഴുത്തിനെക്കുറിച്ച് ഒരു പഠനം വന്നിരുന്നു...വേദനയുടെ ചില ഉപയോഗങ്ങള്‍ എന്ന പേരില്‍. (ആരാണെഴുതിയതെന്നോര്‍ക്കുന്നില്ല.) മനസ്സിലെ അശാന്തി ആനന്ദിന്റെ രചനകളിലുടനീളം കാണാം. അദ്ദേഹത്തിന്റെ ശില്പങ്ങളിലും കവിതകളിലും അതുണ്ട്. വിജയന്റെ എഴുത്തിലും ഈ വ്യഥ വ്യക്തമായി കാണാം.
വിശാഖ് പറഞ്ഞതു പോലെ ഭൌതികമായ ദുരിതങ്ങള്‍ മാത്രമെ പലപ്പോഴും ആഘോഷിക്കപ്പെടാറുള്ളൂ.

@ ഡാലി
എല്ലാ സൃഷ്ടികളിലും സൃഷ്ടാവിന്റെ ഭൂതകാലം തിരക്കി നടക്കണമെന്നല്ല. വിശാഖ് പറഞ്ഞതു പോലെ, സൃഷ്ടിയില്‍നിന്നും തുടങ്ങി കലാകാരനിലേയ്ക്ക് വളര്‍ന്ന് കലാസൃഷ്ടിയിലേയ്ക്ക് മടങ്ങിയെത്തുന്ന ഒരു പൂര്‍ണ്ണവൃത്തമാണ്‌ ആസ്വാദനപ്രക്രിയ. ഇതു സംഭവിക്കാത്തതു കൊണ്ടല്ലേ ഒരുപാട് ദാസന്മാരെ സ്രഷ്ടിച്ചിട്ട് സായിപ്പിനു വിടു പണി ചെയ്തു എന്നൊക്കെ മുകുന്ദന്‍ ആരോപണം കേള്‍ക്കേണ്ടി വരുന്നത്...:)
(നമതേ, ചുള്ളിക്കാട് ഇവിടെയും നല്ല ഉദാഹരണമാണു കേട്ടോ...:))


ഗുപ്തരെ, 'നോകിയ' കഥ മനു മെയിലായി അയച്ചു തന്നു...(നന്ദി മനു.)
ഇതിനാലാണോ ദാലി ഗലയുടെ അനേകം നഗ്നചിത്രങ്ങള്‍ വരച്ചത്‌..? :)

സിനിമയിലേക്ക് തന്നെ വരാം.
തര്‍കോവ്സ്കിയുടെ 'സാക്രിഫൈസ്' പൂര്‍ത്തിയാക്കി അധികം കഴിയുന്നതിനു മുന്‍പേ അദ്ദേഹം കാന്‍സര്‍ ബാധിച്ച് മരിച്ചു. തന്റെ മരണം മുന്നില്‍ കാണാന്‍ കഴിഞ്ഞിരുന്നതു കൊണ്ടല്ലേ സാക്രിഫൈസ് ഇത്ര തീവ്രമായ ഒരു അനുഭവമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്..?
അതിലെ പ്രാര്‍ഥന, സമാധാന ദാഹം എല്ലാം ഇത്ര തീവ്രമാകുന്നതെന്താണ്‌...? 'പിയാനിസ്റ്റ്' പൊളന്‍സ്കിയുടെ മാസ്റ്റര്‍പീസാകുന്നത് സ്വന്തം ജീവിതാനുഭവങ്ങളുടെ തീക്ഷ്ണത അതിലുള്ളതു കൊണ്ടല്ലേ...

നമ്മുടെ കൈയില്‍ നിന്നും വഴുതി പോകുന്ന ഒരാള്‍ ഹിച്‌കോക്കാണ്‌. പുള്ളിയ്ക്ക് ഈ പറയുന്ന ഭൌതികമോ ആന്തരികമോ ആയ വ്യഥകളൊന്നുമുണ്ടായിരുന്നതായി കേട്ടിട്ടില്ല. എന്തോ സിനിമ ഒരു വ്യവസായമെന്ന നിലയില്‍ ഒരുപാട് കോംപ്രമൈസ് ചെയ്തിരുന്നതു കൊണ്ടാവും. അവസാന കാലത്ത് സ്വന്തം മരണത്തെ ഒരുപാട് ഭയപ്പെട്ടിരുന്നു അദ്ദേഹം എന്നു കേട്ടിട്ടുണ്ട്.

നമതു വാഴ്വും കാലം 2008, ജനുവരി 29 9:23 AM  

ഗുപ്തരെ, അത് ബലഹീനതയല്ല. ഭൌതികമാകണമെന്ന് നിര്‍ബന്ധമില്ലെന്ന് പോസ്റ്റില്‍ തന്നെ വ്യക്തമായിട്ടുണ്ട്. മറിച്ചായാലും അത് സജീവമായ ഒരു ചര്‍ച്ചയിലേക്ക് നയിച്ചു. അതു പോരെ? ആത്മഭാഷണത്തേക്കാളും ഏകഭാഷണത്തേക്കാളും എന്തുകൊണ്ടും നല്ലതാണ് ചര്‍ച്ചയിലെ ബഹുഭാഷ. ലസാഗു ഉസാഗു സങ്കല്‍പ്പത്തിന്‍റെ വെളിപ്പെടുത്തലായാണ് ഓരോ ചര്‍ച്ചയും മുന്നോട്ട് പോകുന്നതെന്നു തോന്നുന്നു.
നന്ദി വിശാഖ്.
ആസ്വാദനപ്രക്രിയ പ്രായപൂര്‍ത്തിയാകുന്നത്, വയസ്സറിയിക്കുന്നത് വിശാഖ് പറഞ്ഞ ചാക്രികതയിലൂടെയാണ്. ഒരു പ്രൌഡസ്ത്രീ രസിക ലൈന്‍ :-) ഏതു സര്‍ഗ്ഗസൃഷ്ടിയും
വിക്ഷുബ്ധമായ (ശാന്തതയോ - അരബിന്ദ ഘോഷ് - സാവിത്രി)) ഭൌതീക, മാനസിക വ്യാപാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്
ദാലി അലിയാസ് ഡാലി സര്‍ഗ്ഗപരമായ മാനസികവൈകൃതങ്ങളുടെ സ്പെസിമെന്‍ ആയിരുന്നു. ചിലപ്പോള്‍ കുരിശ് മാടിവിളിക്കുന്നു. മറ്റു ചിലപ്പോള്‍ കൃത്രിമകുരിശിലേറുന്നു. അതുമല്ലെങ്കില്‍ കുരിശ് സങ്കല്‍പ്പിച്ചുണ്ടാക്കുന്നു. ചില ധ്യാനരീതികളും ഇതുമായുള്ള ബന്ധം ചിന്തനീയമാണ്. ഗരുഡന്‍ തൂക്കവും ശൂലക്കാവടിയും കുരിശുമരണവും ഈ സാഡോമസോക്കിസ്റ്റ് ധാരയാണ്.
ആനന്ദിന്‍റെ എഴുത്ത് മറ്റൊരു തലമാണ്. എഴുത്തുകാരന്‍ ഭാഷ ഉപയോഗിച്ചു സംസാരിക്കുമ്പോള്‍ ആനന്ദ് ബുദ്ധി ഉപയോഗിക്കുന്നു. വിരസവും പരായണക്ഷമവുമല്ലാത്ത ഭാഷയാണെങ്കിലും ഉള്ളടക്കത്തോട് വിയോജിക്കാന്‍ സാധിക്കില്ല. ചിന്തകനാണെന്നും അക്കാഡമിക് ഭാഷ്യകാരനാണെന്നും സമ്മതിക്കാം. പക്ഷെ തീര്‍ച്ചയായും എഴുത്തുകാരനല്ല. ചിന്ത മാത്രമാണ് അതിന്‍റെ ഫ്രിക്ഷനും സ്പാര്‍ക്കും. കുട്ടനാട്ടുകാരനോട് സംസാരിക്കുമ്പോള്‍ എന്നാരംഭിക്കുന്ന ജോണ്‍ ശകലം ഇവിടെയും പ്രസക്തമാണ്.
റോബി.
മുത്തുച്ചിപ്പിക്കകത്ത് മണല്‍ അകപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഫ്രിക്ഷനാണ് എഴുത്തുകാരന് സംഭവിക്കുന്നതെന്നു തോന്നുന്നു.
റോബിയുടെ സ്ത്രീപ്രജ ഉച്ചയ്ക്കു കൂട്ടാനെന്താ വേണ്ടേന്നു ചോദിക്കുമ്പോള്‍
തര്‍ക്കോവ്സ്കി, പോളെന്‍സ്കി, ഹിച്കോക്ക് എന്നു പറയുന്ന സ്ഥിതിയായിരിക്കും.:-)പുവര്‍ ലേഡി!!

റോബി 2008, ജനുവരി 29 11:30 PM  

"വിരസവും പരായണക്ഷമവുമല്ലാത്ത ഭാഷയാണെങ്കിലും ഉള്ളടക്കത്തോട് വിയോജിക്കാന്‍ സാധിക്കില്ല.ആനന്ദ് പക്ഷെ തീര്‍ച്ചയായും എഴുത്തുകാരനല്ല."

ഇത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രമായി ഞാന്‍ കാണുന്നു. കാരണം എനിക്ക് മലയാളത്തില്‍ ആവര്‍ത്തിച്ച് ആസ്വദിച്ച് വായിക്കാനാകുന്നവര്‍ ആനന്ദും സക്കറിയയുമാണ്‌. (പട്ടത്തുവിളയും എം.സുകുമാരനും ഞാന്‍ വായിച്ചിട്ടില്ല..! മേതില്‍ അല്പം കൂടിയ കക്ഷിയാണെനിക്ക്). ആനന്ദ് എഴുത്തുകാരനല്ല എന്നു പറയുന്നത് എഴുത്തിനെ ഒരു ഫ്രെയിമിനകത്താക്കാന്‍ ശ്രമിക്കുന്നതു കൊണ്ടല്ലേ...

അവസാനത്തെ ആ കൊട്ട് ഇഷ്ടപ്പെട്ടു. ഞാന്‍ 24 മണിക്കൂറും സിനിമയിലൊന്നുമല്ല കേട്ടോ...:)
പിന്നെ സ്ത്രീപ്രജയും അത്യാവശ്യം സിനിമയൊക്കെ കാണും.

ഒരിക്കല്‍ വീട്ടില്‍ വന്ന, ഞങ്ങള്‍ രണ്ടു പേരുടെയും സഹപാഠിയായ മറ്റൊരു സ്ത്രീപ്രജ, എന്റെ DVD Collection കണ്ടിട്ട് പെമ്പ്രന്നോത്തിയോടു പറയുന്നതു കേട്ടു....നീ പെട്ടു പോയല്ലോ എന്ന്..:)

നമതു വാഴ്വും കാലം 2008, ജനുവരി 30 8:08 AM  

റോബി.
കൊസാംബിയും, സ്റ്റീഫന്‍ ഹോക്കിങ്സും, ഏത്രത്തോളം എഴുത്തുകാരനാണോ അത്രത്തോളം എഴുത്തുകാരനാണ് ആനന്ദും. ആദ്യം പറഞ്ഞ രണ്ടിനും എഴുത്തിന്‍റെ അടിസ്ഥാനഗുണമുണ്ട്. പരായണ ക്ഷമത. അതുമാത്രമാണ് എന്‍റെ ചട്ടക്കൂടിന്‍റെ അടിസ്ഥാനം. എന്തെഴുതിയാലും വായിക്കാന്‍ പ്രേരിപ്പിക്കുന്നതോ, വായിക്കാന്‍ സാധിക്കുന്നതോ ആയിരിക്കണം. ആനന്ദിന്‍റെ ധിഷണയെ ചോദ്യം ചെയ്യുന്നില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

പിന്നെ സ്ത്രീ പ്രജ. പട്ടരു വളര്‍ത്തുന്ന പട്ടി ഫോര്‍സ്ഡ് വെജിറ്റേറിയനായ കഥയാരിക്കും സിനിമ കാണല്‍. അല്ലെങ്കില്‍ നിര്‍ബന്ധിത സൈനിക സേവനം ലൈന്‍ :-)

കണ്ടിരിക്കേണ്ട പത്ത് സിനിമകളപറ്റി ഒരു പോസ്റ്റിട്- ജനങ്ങളെ ജ്ഞാനിയാക്ക്!

റോബി 2008, ജനുവരി 30 11:52 AM  

ഞാന്‍ കേസു വിട്ടു....(ആനന്ദിന്റെ)

പിന്നെ അത് നിര്‍ബന്ധിത സൈനിക സേവനമല്ല കേട്ടോ. യൂണിവ്വേഴ്സിറ്റിയില്‍ ഒന്നിച്ചു പഠിച്ചിരുന്ന കാലത്തു തന്നെ ഫിലിം ഫെസ്റ്റിവലിനൊക്കെ പോകുമായിരുന്നു...(അത് ക്ലാസു കട്ട് ചെയ്യാനായിരുന്നു എന്നൊക്കെ ഇപ്പോള്‍ പറയും:))

ആ...താങ്ങിക്കോ..എന്തു ചെയ്യാം..ഇങ്ങനെയായിപോയില്ലേ..!

പത്തിലൊതുക്കാന്‍ പറ്റാത്തതുകൊണ്ടല്ലേ ലിസ്റ്റിടാന്‍ ഒരുങ്ങാത്തത്. എന്റെ ഈ ബ്ലോഗ് കണ്ടിട്ടുണ്ടോ..?
ഒറ്റവരി വിശേഷണം സാധിക്കുന്ന ചിലതൊക്കെ എടുത്ത് ബ്ലോഗിംഗ് പഠിച്ചതായിരുന്നു. പിന്നെ ഡിലീറ്റ് ചെയ്തില്ല.

നമതു വാഴ്വും കാലം 2008, ജനുവരി 30 12:07 PM  

ശിക്ഷ സ്വീകരിച്ചിരിക്കുന്നു. സ്വമനസ്സാ.. ഈ വിക്കെന്‍ഡാകട്ടെ! നിരത്തിയേക്കാം :-)

-----------------------
അനുബന്ധം

മറ്റൊരു ഗോപാല്‍ജിയുടെ പടം. അനന്തരമാണെന്നു തോന്നുന്നു. കാണാനൊരു ക്ഷണം നിവര്‍ത്തിയതായിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍റെ പടത്തിനു കയറിയിട്ട് നീ പറയുന്ന മറ്റേ ഗോപാലകൃഷ്ണനു പഠിക്കാനല്ലേ.. ഞാനില്ല!

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP