ജനുവരി 03, 2008

അസ്തമിക്കുന്ന വസ്ത്ര വേര്‍തിരിവുകള്‍

Buzz This

പഴയ ആല്‍ബങ്ങളോ ഫോട്ടോകളോ ഒന്നു ശ്രദ്ധിച്ചു നോക്കൂ. ചിലപ്പോഴെങ്കിലും നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്നു നില്‍ക്കുന്ന ഒരു ഫോട്ടോ കാണാന്‍ സാധിക്കും. അവരുടെ വസ്ത്രങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഓള്‍ഡ്മാന്‍ അന്നൊക്കെ സ്റ്റുഡിയോകളില്‍ ലഭ്യമായ കോട്ടു ധരിച്ച് ഇല്ലാത്ത ഗൌരവം നടിച്ചു നില്‍ക്കുകയായിരിക്കും. ലേഡി കാഞ്ചീപുരത്തിലോ നേര്യതിലോ പൊതിഞ്ഞ് ഫോട്ടോയില്‍ എന്നെ കാണാനെങ്ങനെയിരിക്കും എന്ന സ്ത്രീസഹജമായ ആകാംക്ഷയോടെ ക്യാമറയെ ഉറ്റു നോക്കുകയായിരിക്കും. വസ്ത്രത്തിലെ സ്ത്രീപുരുഷ വേര്‍തിരിവ് വ്യക്താണ്. അടുത്ത തലമുറയുടെ ഫോട്ടോയില്‍ പുരുഷന്‍ ഷര്‍ട്ടും പാന്‍റും കായ്യില്‍ വാച്ചും ഒരു പക്ഷെ എരിയുന്ന സിഗരറ്റും റെയ്ബാന്‍ കൂളിങ്ഗ്ലാസ്സും ധരിക്കുന്നു. സ്ത്രീ വലിയ വാവട്ടമുള്ള കമ്മലും കൈകയറ്റിവെട്ടിയ ബ്ലൌസും ധരിച്ചിരിക്കും. അല്ലെങ്കില്‍ കൈ തന്നെ അപ്രത്യക്ഷമായിരിക്കും. ഒരു പക്ഷെ പുരുഷന്‍റെ കോട്ടിനു ഒരു ടൈ സ്ഥാനം പിടിച്ചിരിക്കും. എന്നാലും പുരുഷ വസ്ത്ര ശൈലിയും സ്ത്രീ വസ്ത്രശൈലിയും വ്യതിരിക്തമാണ്. ഇനി നിങ്ങളുടെ സ്കൂള്‍ കോളേജ് ഫോട്ടോകളിലേക്കൊന്നു നോക്കൂ. ചെറിയ ഒരു ശതമാനം ആളുകള്‍ പരമ്പരാഗതമല്ലാത്ത വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കും. നിങ്ങളും ഒരു പക്ഷെ അവരിലൊരാളായിരിക്കും..

ഇനി നിങ്ങള്‍ പുറത്തു പോകുമ്പോള്‍ ചുറ്റും കണ്ണോടിക്കൂ. കുറഞ്ഞത് ഇരുചക്ര വാഹനയാത്രക്കാരെയെങ്കിലും. പിന്‍ഭാഗദൃശ്യത്തില്‍ നിന്നും ആണോ പെണ്ണോയെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വസ്ത്രരീതി മാറി മറിഞ്ഞിരിക്കുന്നു. ഒരു പക്ഷെ നമ്മള്‍ ലിംഗവ്യത്യാസമില്ലാത്ത വസ്ത്രങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ പാതിയിലായിരിക്കാം. പ്രകടമായി എന്നാല്‍ ആശ്ചര്യകരമായി ഈ വിപ്ലവം ആദ്യം സംഭവിക്കുന്നത് അടിവസ്ത്രങ്ങളിലാണ്. സാധാരണയായി പുരുഷന്‍മാര്‍ നെടുകെയും കുറുകെയും സ്റ്റിച്ചുകളുള്ള വലിയ ഇലാസ്റ്റിക്കുകളുള്ള ബ്രീഫുകളും സ്ത്രീകള്‍ പരുത്തിയുടെ സുഖസൌകര്യം പകരുന്ന പാന്‍റികളും ധരിച്ചുപോന്നു. ബ്രീഫിനെ ഒരു കൊടുങ്കാറ്റിലെന്ന പോലെ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഫ്രെഞ്ചിയെന്ന അപരനാമത്തില്‍ പ്രത്യക്ഷപ്പെട്ട നപുംസക അടിവസ്ത്രം അപ്രസക്തമാക്കി. ശ്രദ്ധിക്കാതെ പോയ ഒന്നുണ്ട്. ഈ സാഹചര്യത്തില്‍ പുരുഷന്‍ സ്ത്രീയുടെ പരമ്പരാഗത അടിവസ്ത്രത്തിലേക്ക് മാറുകയെന്ന വൈപരീത്യമാണ് സംഭവിച്ചത്. ഇതിന്‍റെ പ്രസക്തമായ കാരണം അടിവസ്ത്രം അപൂര്‍വ്വം സാഹചര്യത്തിലല്ലാതെ പൊതുപ്രദര്‍ശനത്തിനു വെക്കാറില്ലെന്നതായിരിക്കും. ശരിക്കും നിശബ്ദമായ വിപ്ലവം, ലിംഗേതര വസ്ത്രധാരണത്തിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടം ഇങ്ങനെ സംഭവിച്ചു.

കേബിള്‍ ടിവിയും ചാനലുകളും രംഗപ്രവേശം ചെയ്തതോടെ പരമ്പരാഗത സ്ത്രീപുരുഷ വസ്ത്രധാരണരീതിയിലുള്ള വ്യത്യാസം ന്യായീകരിക്കപ്പെട്ടു. കൊച്ചു സ്ക്രീനിലെ ലിംഗേതര വസ്ത്രധാരണത്തിന്‍റെ തുടര്‍ച്ചയായ പ്രദര്‍ശനം ഇതിനു ഹേതുവായി. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഏതു നുണയും സത്യമാകുന്നതു പോലെ മനുഷ്യസഹജമായ കാരണങ്ങള്‍ കൊണ്ട് ഈ വസ്ത്രവ്യതിയാനം എതിര്‍പ്പുകളില്ലാതെ സ്വീകരിക്കപ്പെട്ടു. ചാനലുകളുടെ രംഗപ്രവേശത്തിനു ശേഷം സമൂഹമനസ്സ് വസ്ത്രവ്യതിയാനങ്ങളുടെ തരംഗദൈര്‍ഘ്യം സ്വായത്തമാക്കാന്‍ പരുവപ്പെട്ടു. മുന്‍പൊക്കെ ആധുനിക വേഷവിതാനം വളരെ അപൂര്‍വ്വവും സമൂഹത്തിലെ ചില വിഭാഗങ്ങളില്‍ മാത്രം പരിമിതവുമായിരുന്നു. പൊതു സ്ഥലങ്ങളില്‍ അത്തരം പ്രദര്‍ശനങ്ങള്‍ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തു. ചാനലുകളും പരസ്യങ്ങളും നമ്മെ നിരന്തരമായി പ്രബോദിപ്പിച്ചതിനു ശേഷം അല്ലെങ്കില്‍ വസ്ത്രവിപ്ലവങ്ങള്‍ സ്വീകരിക്കാന്‍ പ്രാപ്തമാകുന്ന വിധം നമ്മളെ മെരുക്കിയതിനു ശേഷം വിപണിയിലെ പുതിയ വസ്ത്ര വസന്തങ്ങള്‍ക്കു സാക്ഷിയായി ഗാലറിയില്‍ സ്ഥാനം പിടിച്ചു.

ഇന്ന് ലിംഗേതര വസ്ത്രങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. സ്ത്രീപുരുഷ വ്യത്യാസം പരമ്പരാഗത വസ്ത്രങ്ങളില്‍ മാത്രമായി പരിമിതപ്പെടുന്നു. പുരുഷന്‍ സാരി ധരിക്കുന്നത് തീര്‍ത്തും അസാധ്യവും സ്ത്രീ മുണ്ട് ധരിക്കുന്നത് കുറച്ച് സ്വീകാര്യവുമാകുമ്പോള്‍ തന്നെ മറ്റു വസ്ത്രങ്ങളിലേക്ക് വരുമ്പോള്‍ സ്ത്രീപുരുഷന്മാരുടെ പരമ്പരാഗത വസ്ത്രരീതികള്‍ വേര്‍തിരിച്ചറിയുന്നത് ദുഷ്കരമായിക്കൊണ്ടിരിക്കുന്നു

ആധുനിക സ്ത്രീകള്‍ സാരിയേയും മറ്റു പരമ്പരാഗതവസ്ത്രങ്ങളെയും എതിര്‍ക്കുന്നതിനുള്ള കാരണം മാറ്റമില്ലാതെ തുടരുന്നുവെന്നത് പ്രസക്തമാണ്. സാരി സ്ത്രീ ശരീരത്തെ വളരെയധികം വെളിപ്പെടുത്തുന്നു അല്ലെങ്കില്‍ പൂര്‍ണ്ണമായി മറയ്ക്കുന്നില്ലെന്നതാണ് ആരോപണങ്ങളില്‍ പ്രധാനം. ആധുനികമെന്നു വിവക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ കുറച്ച് വിശദമായി നിരീക്ഷിക്കൂ. വസ്ത്രം ശരീരത്തെ മൂടുന്നു എന്ന ന്യായത്തില്‍ അത് പൂര്‍ണ്ണമായും ശരീരത്തെ മറയ്ക്കുന്നു. അതേ സമയം തന്നെ ആ വസ്ത്രങ്ങള്‍ ഏതു പരമ്പരാഗത വസ്ത്രം വെളിപ്പെടുത്തിന്നതിനേക്കാളധികം സ്ത്രീശരീരം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് സ്ത്രീകള്‍ ധരിക്കുന്ന മിക്കവാറും എല്ലാ വസ്ത്രങ്ങളും ചുരീദാറൊഴികെ ശരീരത്തിന്‍റെ വളവു തിരിവുകളും ഭൂമിശാസ്ത്രവും വെളിപ്പെടുത്തുകയും സങ്കല്‍പ്പിക്കാന്‍ ഒന്നും അവശേഷിപ്പിക്കാതിരിക്കുയും ചെയ്യുന്നു. സായിപ്പിന്‍റെ ഭാഷയില്‍ പാന്‍റി ലൈന്‍ അല്ലെങ്കില്‍ നിതംബവടിവുകള്‍ പോലും വ്യക്തമാണ്.

ഒരു മുതിര്‍ന്ന സ്ത്രീപ്രജയോടും സംശയം പ്രകടിപ്പിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്. വാമൊഴിയുടെ നൈസര്‍ഗ്ഗിക സ്വഭാവം നഷ്ടപ്പെടുത്താതിരിക്കാനായി ഇംഗ്ലീഷില്‍ തന്നെ ഉദ്ധരിക്കുന്നു. “when it was sari, it’s the real stuff for dressing, because if you want to wear it neatly, that is a very decent dress, or if you want to make it vulgar, just make the waist line little bit lower. If you want to provoke somebody you just bend down casually or raise your hands up. But even then there will be something left for imagination. But with this modern outfits, there is not that much to hide, then how comes something to reveal? They cover everything in full but show everything in detail and there is no need of any such imagination.”

ആ ലേഡിയോട് യോജിക്കുമ്പോള്‍ തന്നെ വിയോജിക്കാതിരിക്കാനും സാധിച്ചില്ല. കാരണം വസ്ത്രധാരണം മാനസിക സംസ്കാരത്തിന്‍റെ വിളംബരമാണ്. പക്ഷെ ആ സംഭാഷണം കുറച്ചു ചിന്തകള്‍ക്കു കാരണമായി. ഒരു പക്ഷെ ശരീരം പുറത്തു കാണിക്കുന്നതും അല്ലാത്തതുമായ എല്ലാ തരത്തിലുമുള്ള വസ്ത്രങ്ങളോടുള്ള സാമൂഹിക സഹിഷ്ണതയുടെ ബാരോമീറ്ററിലെ രസനിരപ്പ് ഉയരുകയായിരിക്കാം. ഏതു തരം വസ്ത്രത്തെയും വെറും വസ്ത്രധാരണരീതി മാത്രമായി കാണാനുള്ള ഒരു മാനസിക സംസ്കാരം നാം നേടിയെടുത്തിരിക്കാം. വസ്ത്രധാരണത്തെ ലൈംഗിക പ്രസ്താവനയായി കാണുന്ന രീതി മാറിയിരിക്കാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങളെല്ലാം തന്നെ ലൈംഗിക പ്രസ്താവനയായോ ലൈംഗിക ക്ഷണമായോ കണക്കാക്കപ്പെട്ടിരുന്നു. പക്ഷെ ഇന്ന് വസ്ത്രങ്ങള്‍ക്ക് സാമൂഹിത തലത്തില്‍ ലൈംഗികപ്രസ്താവനകളുമായി ബന്ധമൊന്നും കല്‍പ്പിക്കപ്പെടുന്നില്ല. ക്ലിയോപാട്രയുടെ കാലത്ത് ലിപ്സ്റ്റിക് ഒരു പ്രത്യേ ലൈംഗികമുന്‍ഗണനയുടെ അല്ലെങ്കില്‍ ലൈംഗികശീലത്തിന്‍റെ വിളംബരമായി കണക്കാക്കിയിരുന്നു. കാലം ചെന്നപ്പോള്‍ സൌന്ദര്യപരമായ കാരണങ്ങള്‍ കൊണ്ടും കാലാവസ്ഥാപരമായ കാരണങ്ങള്‍ കൊണ്ടും ലിപ്സ്റ്റിക് സ്ത്രീയുടെ മേക്കപ്പിന്‍റെ പ്രധാനഭാഗമായി മാറി. ലിപ്സ്റ്റിക്കിനോടുള്ള മനോഭാവത്തിലെ മാറ്റം നൂറ്റാണ്ടുകള്‍ കൊണ്ടാണ് സംഭവിച്ചത്. പക്ഷെ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ലൈംഗികപ്രസ്താവന എന്നതിലുപരിയായി ജീവിതശൈലിയായി സ്വീകരിക്കുന്നതിനുള്ള സാമൂഹിക മാനസിക പക്വത നാം ആര്‍ജ്ജിച്ചിരിക്കുന്നു. നൂറ്റാണ്ടുകളുടെ മാറ്റം വര്‍ഷങ്ങള്‍ കൊണ്ട് സംഭവിച്ചിരിക്കുന്നു


Share/Save/Bookmark

11 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

നമതു വാഴ്വും കാലം 2008, ജനുവരി 3 11:10 AM  

പണ്ടെന്നോ ഇംഗ്ലീഷിലെഴുതിയ ഒരു ലേഖനമായതു കൊണ്ട്, രണ്ടു ഭാഷകളില്‍ ചിന്തിക്കുന്നതിന്‍റ വ്യത്യാസം വാക്കുകളുടെയും പദങ്ങളുടെയും ശൈലിയില്‍ പ്രകടമാണ്. എഴുതിയ കാലത്തെ മനോഭാവം വര്‍ഷങ്ങള്‍ കൊണ്ട് വ്യത്യാസ്സപ്പെട്ടതു കൊണ്ട് ഉള്ളടക്കത്തിലും ചില ചെറിയ വ്യത്യാസം വന്നിട്ടുണ്ട്.

എഡിറ്റു ചെയ്തു നീക്കിയ ഒരു ഭാഗമുണ്ട്. ലോവേസ്റ്റ് ജീന്‍സും പൊക്കിളിനു മുകളില്‍ നില്‍ക്കുന്ന ടോപ്പും ധരിച്ചു വന്ന സഹപ്രവര്‍ത്തക സംഭാഷണ ശേഷം തിരിഞ്ഞു നിന്നപ്പോള്‍ നേര്‍ച്ചപ്പെട്ടി പോലെ ശരീരത്തിനും ജീന്‍സിനും ഇടയ്ക്ക് അല്‍പ്പം ഗ്യാപ്പ്. സഹിച്ചില്ല. പോക്കറ്റില്‍ കൈയ്യിട്ടു. തെറ്റിദ്ധരിക്കരുത്. എന്‍റെ സ്വന്തം പോക്കറ്റില്‍. ഒരു രൂപ നാണയമെടുത്തു. കാണിക്കവഞ്ചിയില്‍ ‍ നിക്ഷേപിക്കുന്നതു പോലെ നാണയം നിക്ഷേപിച്ചു. ആ സ്റ്റൈല്‍ ഡ്രസ്സു കണ്ടപ്പോള്‍ മുതലുള്ള ചിരകാല അഭിലാഷമായിരുന്നു. പിഗ്മി ബാങ്ക് പോലെ കാണപ്പെടുന്ന സ്ഥലത്ത് ഒരു നാണയിമിടണമെന്ന്. തല്ലുകൊള്ളാതെ നാണയം നിക്ഷേപിക്കാന്‍ കിട്ടിയ ആദ്യ അവസരം. നാരീരത്നം തിരിഞ്ഞു നോക്കിയപ്പോള്‍ കൂപ്പുകൈകളുമായി നില്‍ക്കുന്ന ഭക്തന്‍. കാര്യം പറഞ്ഞപ്പോള്‍ നാരീരത്നം ചിരിക്കുന്നു. എന്നാലും കിട്ടി. നോട്ടീ എന്ന അകമ്പടിയോടെ ഒരു കിഴുക്ക്. സുന്ദരികള്‍ക്ക് സ്തുതിയായിരിക്കട്ടെ. വസ്ത്രങ്ങള്‍ കൂടുതല്‍ ഹ്രസ്വവും മാദകവുമാകട്ടെ!

രജീഷ് || നമ്പ്യാര്‍ 2008, ജനുവരി 3 12:06 PM  

പോസ്റ്റിനല്ല, കൈയടി കമന്റിന‍് ! :-D

പേര്.. പേരക്ക!! 2008, ജനുവരി 3 2:41 PM  

നൈറ്റ് ഡ്രസായി മദാമ്മ ഉപയോഗിച്ച നൈറ്റി അഥവാ മാക്സി കേരളത്തിലിന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു വേഷമായി മാറിയിട്ടുണ്ട്. നൈറ്റി പകല്‍ വെളിച്ചത്തിലുടുത്താലെന്താ അല്ലേ? :)

Priya 2008, ജനുവരി 3 2:58 PM  

ഈ സ്ത്രിവേഷം പറഞ്ഞാലും പറഞ്ഞാലും തീരാത്ത subject ആണല്ലേ? സാരി എന്ന വസ്ത്രം മനോഹരം ആണ്. പറഞ്ഞപോലെ ഉടുക്കേണ്ടത് പോലെ ഉടുത്താല് ഒരു വൃത്തികേടും ഇല്ല. പക്ഷെ അത് ഉടുത്തത് പോലെ തന്നെ ഒരു വര്ക്കിംഗ് ഡേ ഫുള് കൊണ്ടുനടക്കാന് ഒരു സ്ഥലത്തു തന്നെ ഇരുന്നു ജോലിചെയ്ന്നവര്ക്കും നിവര്ന്നു നിന്നു ക്ലാസ്സ് എടുക്കുന്ന അധ്യപികമാര്ക്കുമേ സാധിക്കു എന്നാ എന്റെ അനുഭവം.

മുന്നിലും പിന്നിലും piggybox വയ്ക്കുന്ന വസ്ത്രധാരണരീതി വൃത്തികേട് തന്നെയാണ്. അത് അത്ര കോമണ് ഒന്നും അല്ല.(ഈ ലോ waist ജീന്സ് & സ്ലീവേലെസ് t-shirt ആണ്കുട്ടികളുടെയും ഫാഷന് ആണല്ലോ )

മറിച്ചു ചുരിധാരും ലോങ്ങ് ട്രൌസര് & ഷര്ട്ട് combinationum വിമര്ശനം ആവശ്യം ഉള്ള വസ്ത്രം ആണെന്ന് തോന്നുന്നില്ല. ഉണ്ടോ? അത് അണിഞ്ഞു നടക്കാന് ഉള്ള സൌകര്യം , ഏത് ജോലിസ്ഥലത്തും അത് നല്കുന്ന കംഫോര്ട്ട് അത് അനിയുന്നവര്ക്കല്ലേ അറിയൂ.

ഈ പാകിസ്ഥാനി പെണ്ണുങ്ങളും ചെക്കന്മാരും ഈ ചുരിദാര് തന്നെയാണല്ലോ ധരിക്കുന്നത് . അറബി ചെക്കന്സും പെണ്ണുങ്ങളും ആ നീണ്ട ഒറ്റയുടുപ്പാ ഇടുന്നതും . അതും പണ്ടു തൊട്ടേ.

അതിനാല് ഒരേ തരം ഉടുപ്പിടുന്നതിനെ അത്ര വല്യ കാര്യം ആക്കേണ്ടാതുണ്ടോ എന്തോ?

നമതു വാഴ്വും കാലം 2008, ജനുവരി 3 10:23 PM  

രജീഷിന് - ജീവനോടുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍? പോസ്റ്റിനു കമന്‍റിടാതെ കമന്‍റിനു കമന്‍റിടുന്ന പ്രതിലോമശക്തികളെ ബുക്ക് ചെയ്തിരിക്കുന്നു. പിഴപ്പിച്ചേ അടങ്ങുന്നുണ്ടോ? നവവത്സരം ആശംസിക്കുന്നു.

പേരയ്ക്കയക്ക് - കമന്‍റിനു നന്ദി. ഐഡന്‍റിറ്റി കണ്ടു. എന്‍റെ തട്ടകം ഈ ബ്ലോഗ് വരമ്പായതുകൊണ്ട് പുറത്തു പോകാറില്ല. ചിരിച്ചു. അല്ലെങ്കില്‍ ചിരിപ്പിച്ചു. നന്ദി. പേരില്ലാതെ എഴുതുമ്പോള്‍ വായിക്കാനാളുണ്ടാകുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. രണ്ട് രചനയ്ക്കു ശേഷം മൂന്നാമത്തേത് വായിക്കാനാളുണ്ടാകുന്നത് അതിനേക്കാള്‍ വലിയ വെല്ലുവിളിയും. അഭിനന്ദനങ്ങള്‍. മാക്സി മറന്നു പോയ ഒരു സംഭവമാണ്. ചൂണ്ടിക്കാണിച്ചതിനു നന്ദി. സംഭവം ട്രാന്‍സ്പെരന്‍റാണെങ്കില്‍ വെളിച്ചത്തുടുത്താലും കേമമായി. ധന്യനും കൃതാര്‍ത്ഥനുമായി.

പ്രിയക്ക് - അനുഭവ സാക്ഷ്യത്തിനു നന്ദി. ജീവിതത്തിലിന്നു വരെ ഇതൊന്നും ഉടുക്കാത്തതു കൊണ്ട് അപരിചിതമായ ഒരു മേഖലയാണ് പ്രാക്ടിക്കലായുള്ള ഉപയോഗം.

സ്ത്രീവേഷം തീര്‍ത്താലും തീരാത്ത സബ്ജക്ടല്ല. ആദി മാതാവ് ഹവ്വ മുതല്‍ എല്ലാ സ്ത്രീരത്നങ്ങളുടെയും ഒരു ആരാധകന്‍റെ കൈക്കുറ്റപ്പാട്. അതേലൊരെണ്ണത്തിനെ സഹിക്കാനുള്ള മനക്കരുത്തില്ലെങ്കിലും. കഴമ്പുള്ള കുറെ പോയിന്‍റുകള്‍ക്ക് നന്ദി.

റോബി 2008, ജനുവരി 4 7:32 AM  

"എന്‍റെ തട്ടകം ഈ ബ്ലോഗ് വരമ്പായതുകൊണ്ട് പുറത്തു പോകാറില്ല."
എല്ലാവരും അങനെ അതിര്‍വരമ്പുകള്‍ വെയ്ക്കുകയാണെങ്കില്‍..?

ബ്ലോഗ് എന്ന മാധ്യമത്തില്‍ പ്രതികരണങ്ങളുടെ പ്രാധാന്യത്തെ പറ്റി താങ്കള്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നു ഒരിക്കല്‍. താങ്കള്‍ മറ്റ് ബ്ലോഗുകളില്‍ കമന്റിടുന്നത് ഒരിക്കലേ കണ്ടിട്ടുള്ളൂ...

ഞാന്‍ ഈ ബ്ലോഗ് സ്ഥിരം വായിക്കാറുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാറുമുണ്ട്. ഞാനും ഒരു ബ്ലോഗ് എഴുതുന്നുണ്ട്. അതിലോ മറ്റു ബ്ലോഗുകളിലോ താങ്കള്‍ എന്താണ് പ്രതികരണങ്ങള്‍ അറിയിക്കാത്തത്..? ഇതൊന്നു വിശദീകരിക്കാമോ..

(കമന്റിടുന്നത് തീര്‍ച്ചയായും നിങ്ങളുടെ സ്വാതന്ത്ര്യം, എങ്കിലും എഴുത്തില്‍ നിന്ന് ഒരു സുഹൃത്തിന്റെ രൂപം കണ്ടതിനാല്‍ ഒരു സുഹൃത്തിനോടെന്ന പോലെ ചോദിക്കുന്നു.)

നമതു വാഴ്വും കാലം 2008, ജനുവരി 4 9:11 AM  

റോബി തെറ്റിദ്ധരിച്ചുവെന്ന് തോന്നുന്നു. ഒരുപാട് മാനങ്ങളുള്ള ഒരു ചോദ്യമാണിത്.

ആദ്യത്തെ പ്രശ്നം സമയപരിമിതി എന്ന ഭീകരനാണ്. അതുകാരണം വായന പോലും പരിമിതമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ വിശാലമായ ഒരു വായന ബ്ലോഗിലും പുറത്തും സാധിക്കുന്നില്ല. മനപൂര്‍വ്വമല്ല. ആഗ്രഹമില്ലാഞ്ഞിട്ടുമല്ല. പലപ്പോഴും സാധിക്കാറില്ല. ക്ഷമിക്കുക. പോസ്റ്റിടാനുള്ള അരമണിക്കൂര്‍ കണ്ടെത്തുന്നതു തന്നെ പലപ്പോഴും കഷ്ടപ്പെട്ടാണ്.

ചിലപ്പോഴൊക്കെ ചിലതു കാണും. എനിക്കെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ മാത്രം കമന്‍റിടും. പലപ്പോഴും കമന്‍റുകളുടെ ബാഹുല്യം കമന്‍റിടുന്നതില്‍ നിന്നും പിന്തിരിപ്പിക്കാറുമുണ്ട്.

പിന്നെ സുഹൃത്ത് എന്ന രീതിയില്‍ പറഞ്ഞാല്‍ ഇപ്പോള്‍ വളരെയധികം ഒതുങ്ങിക്കഴിയുന്ന സമയമാണ്. ആള്‍ക്കൂട്ടം മടുത്തു. പിന്‍വലിയല്‍ ഒരു സ്വഭാവമായി വളരുന്നു എന്നത് സത്യമാണ്. സ്വയം പരിമതിപ്പെടുത്തുന്നതില്‍ ഒരു പ്രത്യേക സുഖം. പൊതുവെ മറ്റുള്ളവരെ വിമര്‍ശിക്കാനൊരു വൈമുഖ്യമുണ്ട്. പിന്നെ വ്യക്തിഗതമായ അഭിരുചികളിലുള്ള കടുംപിടുത്തം.

റോബിയുടെ പോസ്റ്റ് കണ്ടു. മുന്‍പും കണ്ടിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ കമന്‍റുകള്‍ പ്രതീക്ഷാതിരുന്ന ഒരു പോസ്റ്റില്‍ കമന്‍റു കണ്ടപ്പോള്‍ ശ്രദ്ധിച്ചു. നല്ല ഭാഷ. കൈയ്യൊതുക്കം. മറ്റുവിഷയങ്ങളുമെഴുതാമായിരുന്നു. സിനിമ എനിക്ക് ചൊവ്വാഗ്രഹം പോലെ ഒരു വിദൂരസ്ഥലമാണ്. കുറെ കണ്ടിട്ടുണ്ട്, എന്നാലും കമന്‍റിടാനുള്ള അറിവില്ല. ബാക്കി ഒരു ചിയേഴ്സില്‍ ഒതുക്കുകയോ വിപുലപ്പെടുത്തുകയോ ചെയ്യുന്നു.

റോബി 2008, ജനുവരി 4 2:34 PM  

നമത്,(അങ്ങനെ വിളിക്കട്ടെ)
മറുപടിക്കു നന്ദി. എന്റെ ബ്ലോഗിലേക്കുള്ള അഭിപ്രായം മാത്രമല്ല ഞാനുദ്ദേശിച്ചത്.(അങ്ങനെ ഒരു ധ്വനി വന്നുവോ...എന്റെ ഭാഷയില് എനിക്കു തന്നെ വിശ്വാസമില്ല)
ഒരുപാടു നല്ല കവിതകളും രാഷ്ട്രീയ സാമൂഹിക ചര്ച്ചകളുമെല്ലാം ബ്ലോഗില് നടക്കുമ്പോള് താങ്കളെ പോലൊരാളെ അവിടെ മിസ് ചെയ്യുന്നതായി തോന്നി. ഒരു ചര്ച്ചയിലോ സംവാദത്തിലോ വന്ന് കനപ്പെട്ട എന്തെങ്കിലും പറയാനും ഗതി തിരിച്ചു വിടാന്‍ വരെ കഴിവുള്ള ചിലരില്ലേ….ലാപൂട, ദേവന്‍, കണ്ണൂസ് തുടങ്ങി ചിലര്. അതു പോലൊരാളായി ഞാന് നമതിനെ വിലയിരുത്തി എന്നേയുള്ളു..
സമയത്തിന്റെ പരിമിതി എനിക്കു നന്നായി മനസ്സിലാകും. ഏതായാലും പോസ്റ്റുകള് പോരട്ടെ...ബ്ലോഗ് റോളില്‍ ചില പേരുകള് കാണുമ്പോള് മനസ്സ് ഞാനറിയാതെ അര്‍മാദിക്കാന്‍ തുടങ്ങും.

ചിയേഴ്സ്...

Vinoj 2008, ജനുവരി 4 2:59 PM  

“....ഇന്ന് സ്ത്രീകള്‍ ധരിക്കുന്ന മിക്കവാറും എല്ലാ വസ്ത്രങ്ങളും ചുരീദാറൊഴികെ ശരീരത്തിന്‍റെ വളവു തിരിവുകളും ഭൂമിശാസ്ത്രവും...”
ഇന്നത്തെ ചുരിദാറുകള്‍ താങ്കള്‍ ശ്രദ്ധിക്കാത്തതാണോ ? മറ്റേതൊരു വസ്ത്രത്തെക്കാളും ശരീരം (അടിവസ്ത്രങ്ങളുള്‍പ്പെടെ) പുറത്തു കാട്ടുന്നവയാണ് ഇന്നത്തെ ചുരിദാറുകള്‍. അരയൊപ്പം വെട്ടിക്കളഞ്ഞാണല്ലോ പുതിയ ഫാഷന്‍. വലിയ ലജ്ജാശീലരായ സ്ത്രീകള്‍പോലും ഒരു ലജ്ജയുമില്ലാതെ ശരീരം തുറന്നു കാട്ടുന്നു. എന്റെ എല്ലാ സ്ത്രീ സുഹൃത്തുക്കളെയും ഞാന്‍ ഇക്കാര്യത്തില്‍ ഉപദേശിച്ചിട്ടുണ്ട്‌. ചുരിദാറിന് പാന്റ്സ്‌ തയ്ക്കുമ്പോള്‍ ഒന്നുകില്‍ ലൈനിംഗ്‌ തയ്പ്പിക്കുക അല്ലെങ്കില്‍ കട്ടിയുള്ള പാന്റ്സ് ധരികുക (ജീന്‍സായാലും മതി). ഒരിക്കല്‍ ഒരു മാഗസിനില്‍ വായിച്ചപോലെ .. “കുപ്പി ഭരണിയില്‍ മിഠായി ഇട്ടതു പോലെ” സ്വന്തം ശരീരം ഇങ്ങിനെ പ്രദര്‍ശിപ്പിക്കരുത്‌.

നമതു വാഴ്വും കാലം 2008, ജനുവരി 4 4:51 PM  

റോബി.പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത് സത്യസന്ധമായാണ്. കോംപ്ലക്സും ടെക്നിക്കലി കോംപ്ലിക്കേറ്റഡും വ്യത്യസ്ത വീക്ഷണങ്ങള്‍ കണ്ടേക്കാവുന്നതുമായ വിഷയം കൈയ്യൊതുക്കത്തോടെ കൈകാര്യം ചെയ്തതു കൊണ്ടാണ് ഭാഷ നന്നായിരിക്കുന്നുവെന്ന് പറഞ്ഞത്. മറ്റു വിഷയങ്ങളെഴുതുമെന്ന് കരുതുന്നു.
താങ്കളുടെ പോസ്റ്റിനെക്കുറിച്ചെഴുതുന്നതാണ് വിവക്ഷിച്ചതെന്ന തെറ്റിദ്ധാരണ ആദ്യം തന്നെയില്ലായിരുന്നു. ലാപുട.. പണ്ടു മുതലേ ചിയേഴ്സ് പറയുന്ന സുമനസ്സാണ്. :-)

വിനോജിന് - ആദ്യ കമന്‍റില്‍ പറഞ്ഞതു പോലെ കുറച്ചു കാലം മുന്‍പ് എഴുതിയതാണിത്. അതും ഇംഗ്ലീഷില്‍. അന്ന് തുന്നല്‍ മെഷീനില്‍ കിടത്തി തയ്ച്ചെടുത്ത പോലെയുള്ള ചുഡീദാറുകള്‍ ഇറങ്ങിയില്ലായിരുന്നുവെന്ന് തോന്നുന്നു. കമന്‍റിന്‍റെ വിഷയം സത്യമാണ്. ചിലരെയൊക്കെ കാണുമ്പോള്‍ ഇവരെങ്ങനെ ഇതിനകത്ത് കയറി എന്ന് തോന്നാറുണ്ട്. അത് ധരിക്കുന്നത് അവരവരുടെ സ്വാതന്ത്ര്യമാണ്. പോസ്റ്റ് കള്‍ചറല്‍ പോലീസിങ്ങല്ലായിരുന്നു. വസ്ത്ര പരിണാമ സിദ്ധാന്തമെഴുതി ‍ഡാര്‍വിനായതല്ലേ:-)

സുന്ദരികള്‍ സുന്ദരികളായും ഗുഡ്സ് എന്ന വാക്കിന്‍റെയും ഹില്‍പ്രൌഡ്യൂസ് എന്ന വാക്കിന്‍റെയും മലയാള വിവര്‍ത്തനങ്ങളായും തുടരട്ടെ. നയനാന്ദകരമായ ലോകം വിടരട്ടെ. ചിയേഴ്സ്!!

പേര്.. പേരക്ക!! 2008, ജനുവരി 4 5:34 PM  

നാമത്,
ഐഡന്റിറ്റി പോസ്റ്റ് വെറുമൊരു തമാശ. ഇടക്കൊക്കെ ചിരിക്കുന്നത് നല്ലതല്ലേ.അതുവെച്ച് എന്നെ അളക്കല്ലേ.:)ആര്‍ട്ട് & ഡിസൈനാണ് എന്റെ താല്പര്യ മേഖല. ഭാരതീയ വേഷവിധാനങ്ങളുടെ വൈവിധ്യം എനിക്കേറേയിഷ്ടമുള്ള ഒരു വിഷയവുമാണ്. സാരിയെക്കുറിച്ച് തുടങ്ങിയ ഒരു രേഖാചിത്ര പരമ്പര
ആദ്യപോസ്റ്റോടെ നിന്നു പോയെന്നു മാത്രം. തിരക്കൊന്നുമല്ല, മടി.
വീണ്ടും വരാം.

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP