ഡിസംബർ 25, 2007

ചില യാത്രാക്കുറിപ്പുകള്‍ - പോണ്ടിച്ചേരി

Buzz This

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ്. ഇതാണ് ഇഴാണ്.. ഇഴു തന്നെഴാ....ണ്.

ബാക്കി പറയാന്‍ നാക്കു പൊന്തുന്നില്ല. സ്ഥലം പോണ്ടിച്ചേരി. സമയം സന്ധ്യയോടടുക്കുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പോണ്ടിച്ചേരിപ്പതിപ്പ് ഒരു ബാറില്‍ പിച്ചര്‍ എന്നറിയപ്പെടുന്ന ബിയര്‍ കുടം മോന്തുന്നു. കുടം കണക്കിനു കള്ളുകുടിച്ചിരുന്ന പ്രപിതാമഹന്മാരെ സ്മരിച്ചു ധന്യനാകുന്നു. അവരോടു മത്സരിക്കാന്‍ സ്വയം തയ്യാറെടുക്കുന്നു. അതിലൊരു ഓള്‍ഡ്മാന്‍ നൂറുവര്‍ഷം മുന്‍പ് ഒരു കുടം കള്ളു പ്രതിഫലമായി വാങ്ങി നാടകങ്ങള്‍ എഴുതുമായിരുന്നു. ജീവിതത്തില്‍ പാര്‍ട്ട് ടൈമായി ആ മാന്‍ വിമണില്ലാത്ത ഒരു സന്യാസിയുമായിരുന്നു. ഓരോ ബാറും ഒരു നാടകമാണ്. ഓരോ കുടിയന്‍മാരും ഓരോ കഥാപാത്രങ്ങളും. കേരളത്തിലെ ബാറുകള്‍ മദ്യാസക്തനമാരുടെ കൂത്തരങ്ങാകുമ്പോള്‍ പോണ്ടിച്ചേരിയിലെ ബാറുകള്‍ രുചിയറിഞ്ഞു മദ്യപിക്കുന്നവരുടെ കോണെസേര്‍സിന്‍റെ ആരാധനാലയങ്ങളാണ്. വെറും കുടിയനു ആല്‍ക്കഹോളിന്‍റെ മണവും സ്വഭാവഗുണവും മാത്രം മതി. അത് ഒരു ദൈനംദിനാടിസ്ഥാനത്തില്‍ ലഭിക്കണമെന്ന പിടിവാശി അവനെ ധന്യനാക്കുന്നു. രണ്ടാമതു പറഞ്ഞ വംശം ദൈനംദിനാടിസ്ഥാനത്തിലുള്ള മദ്യസേവയില്‍ വിശ്വസിക്കുന്നില്ല. വെറും മദ്യമോ കൂതറ സരസനോ അവനെ ആവേശഭരിതനാക്കുന്നില്ല. മദ്യം അവനു ഭക്ഷണമല്ല. പകരം ഓണസദ്യ പോലെ നീണ്ട ഇടവേളകളില്‍ സംഭവിക്കുന്ന ആഘോഷമാണ്. രുചിയില്ലാത്ത മദ്യം അവനെ നിരുത്സാഹനാക്കുന്നു. പോണ്ടിച്ചേരിയും മാഹിയും യാനവും കാരയ്ക്കലും പോലുള്ള സ്ഥലങ്ങളില്‍ അവന്‍ സുന്ദരികളുടെ ഇടയില്‍ തുറന്നു വിടപ്പെട്ട ഞരമ്പു രോഗിയായ മധ്യവയസ്സനെ പോലെ കുപ്പികള്‍ നോക്കി സ്തബ്ദനാകുന്നു. പിശുക്കരില്‍ പിശുക്കനെ പോലെ രുചി നഷ്ടപ്പെട്ടു പോകുമോ എന്ന ഭയത്തില്‍ മദ്യം നുണയുന്നു.

അരബിന്ദോ ആശ്രമം. സാവിത്രി എന്ന മുത്തുകളില്‍ മുത്തായ ക്ലാസ്സിക് ഇവിടെയാണ് പിറവി കൊണ്ടത്. പ്രാര്‍ത്ഥനയുടെ നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ശവകുടീരങ്ങള്‍. പൂക്കള്‍. ചിന്തയുടെ ആഢ്യത്വം. അരബിന്ദഘോഷ് എന്ന എക്സ് വിപ്ലവകാരിയുടെ ശ്രീകൃഷ്ണ ദര്‍ശനവും ആത്മീയ പരിണാമവും. ആശയങ്ങളുടെ സ്വത്വ സാക്ഷാത്കാരങ്ങളുടെ പുസ്തക സാക്ഷ്യങ്ങള്‍.

റൂയി എന്ന പേരിലവസാനിക്കുന്ന റോഡുകളുടെ ഇരുവശവും അകംകാഴ്ച മറയ്ക്കുന്ന ചുറ്റുമതിലുകള്‍. അവന്യൂമരങ്ങള്‍. റിക്ഷകള്‍. ഇടയ്ക്കൊക്കെ പുറത്തു കാണുന്ന ഫ്രഞ്ച് ജന്മങ്ങള്‍. നിരത്തുകളോട് ചേര്‍ന്നു കനാലുകള്‍. തുട ആരംഭിക്കുന്നിടത്തു നിന്നും രണ്ട് ഇഞ്ച് മാത്രം താഴ്ന്ന നിക്കര്‍ പോലുള്ള കാക്കി യൂണിഫോമിടുന്ന സൈക്കിള്‍ ചവിട്ടി അതിവേഗം പോകുന്ന സ്കൂള്‍ കുട്ടികള്‍.

ഒരു വളവു തിരിയുമ്പോള്‍ തമിഴകശബ്ദഷോഷം ഫ്രഞ്ചു നിശബ്ദതയെ മൂടുന്നു. സ്വപ്നലോകം ചുവടുകള്‍ മാത്രം പിറകില്‍ അവശേഷിപ്പിച്ച് തമിഴ് പോണ്ടിച്ചേരിയുടെ ശബ്ദവിന്യാസത്തിലേക്ക് നിങ്ങള്‍ കാലെടുത്തു വെക്കുന്നു. അഴുക്കുകളും ഒച്ചവെക്കലുകളും മറ്റു ദൈനദിന മാലിന്യങ്ങളും നിറഞ്ഞ മറ്റേതു നഗരവും പോലെ ഈ തമിഴ് പതിപ്പും നിങ്ങളെ മോഹിപ്പിക്കുന്നില്ല.

ഓറഞ്ചുനീരും ഫ്രഞ്ച് ബ്രേക്ഫാസ്റ്റും കഴിഞ്ഞ് ഓറോവില്ലെ -(കൃഷ്ണന്‍നായര്‍ സാറിന്‍റെ ആത്മാവ് മാപ്പുതരട്ടെ. ഉച്ചാരണമെന്താണാവോ?) സന്ദര്‍ശനം. മനുഷ്യരാശിയുടെ ഉന്നമനത്തിനു വേണ്ടി സമര്‍പ്പണം ചെയ്ത കുറെ ജന്മങ്ങള്‍. അള്‍ട്ടര്‍നേറ്റീവ് ലൈഫ് സ്റ്റൈല്‍. ആ ആത്മസമര്‍പ്പണത്തിനു സ്തുതി. ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടിയതാണോ എന്ന സംശയം ബാക്കി നില്‍ക്കുന്നെങ്കിലും ആ സേവനത്തെ അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കുന്നില്ല.

നിഴലും വെളിച്ചവും ഇടകലര്‍ന്ന പോണ്ടിച്ചേരി ഒരു അനുഭവമാണ്. മോഹിപ്പിക്കുന്ന തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്ന ഒരു അനുഭവം


Share/Save/Bookmark

0 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP