ഒക്ടോബർ 03, 2007

മാധ്യമ സഭ്യതയുടെ അതിരുകള്‍

Buzz This

വ്യവസ്ഥിതിയോടുള്ള കലഹവും കലാപവും അഗ്നി പകര്‍ന്ന തൂലികയിലൂടെ സഹൃദയനായ മലയാളിയുടെ ബൌദ്ധിക ജീവിതത്തില്‍ നിരന്തരമായി ഇടപെട്ട പ്രതിഭയായിരുന്നു അന്തരിച്ച ശ്രീ വിജയന്‍ മാഷ്. വാക്കുകളും ചിന്തകളും നൃത്തം വെച്ച വാങ്മയത്തിലൂടെ വിജയന്‍ മാഷ് കേരളത്തിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി. അന്തരിച്ച മഹാപ്രതിഭയോടുള്ള ആദരവ് ചില ചാനലുകള്‍ കാണിച്ചത് ഗുരുസ്ഥാനീയനായ ആ ഋഷിയുടെ മരണസമയത്തിന്‍റെ സംപ്രേക്ഷണത്തിലൂടെയാണ്. ഉച്ചയ്ക്കുള്ള ഏഷ്യാനെറ്റ് വാര്‍ത്ത ഒരു ദൃശ്യമാധ്യമം ഇത്തരം ഒരു സാഹചര്യത്തില്‍ ചെയ്യരുതാത്തതെന്തൊക്കെയാണെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്ന വിജയന്‍ മാഷ് കുഴഞ്ഞു വീഴുന്നത്തിന്‍റെയും അന്ത്യനിമിഷങ്ങളുടെയും ആവര്‍ത്തിച്ചുള്ള ദൃശ്യങ്ങള്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഗുരുനിന്ദയും ഔചിത്യരാഹിത്യവുമായി മാറി. ആവര്‍ത്തിച്ചു പറഞ്ഞ കമന്‍ററി (ക്ഷീരബല പോലെ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ അബദ്ധജടിലമായ വാക്കുകള്‍ അമൃതാകുമോ?) ഔചിത്യരാഹിത്യത്തിന്‍റെ മകുടോദാഹരണമായിരുന്നു. അച്ചടി ഭാഷയ്ക്കു പോലും അനുയോജ്യമല്ലാത്ത വാങ്മാലിന്യം കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്ത വായനക്കാരിയായ അളകനന്ദയെ കൊണ്ട് തത്ത പറയുന്നതു പോലെ ആവര്‍ത്തിച്ചു പറയിപ്പിക്കുന്നത് കാണാമായിരുന്നു. ആരുടെയൊക്കെയോ നിര്‍ബന്ധത്തിനു വഴങ്ങി ഫോണിന്‍ നടത്തിയ മങ്ങാട് രത്നാകരനും പ്രിയഗുരുവിന്‍റെ വിരഹത്തില്‍ പതിവില്ലാത്തവിധം വാക്കുകള്‍ക്കായി പരതുകയായിരുന്നു. ഒരു ഇടതു സഹയാത്രികനും ചിന്തകനുമായ വിജയന്‍ മാഷിന്‍റെ ഉച്ചസമയത്തുള്ള അന്ത്യം ഒരു പക്ഷെ വിശദമായ ഒരു റിപ്പോര്‍ട്ടിനോ കമന്‍ററിക്കോ ഉള്ള സമയം അനുവദിച്ചിരിക്കില്ല. എന്നിരുന്നാലും വാക്കുകളിലും ദൃശ്യങ്ങളിലും മിതത്വവും ഔചിത്യവും പ്രകടിപ്പിക്കാമായിരുന്നു. കാളമൂത്രമൊഴിക്കുന്നതു പോലെ വാക്കുകള്‍ തുന്നിപ്പിടിപ്പിക്കുന്നതും പാപ്പരാസികളെ പോലെ നല്ലവരില്‍ നല്ലവനായ ഒരു മഹാപ്രതിഭയുടെ അന്ത്യനിമിഷം മത്സരോപാധിയാക്കുന്നതും നല്ല മാധ്യമപ്രവര്‍ത്തനമല്ലെന്നും ചാനലുകള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ചിന്തയുടെ കുലീനതയും വ്യക്തിജീവിതത്തിന്‍റെ ശുദ്ധിയും വീക്ഷണത്തിന്‍റെ തെളിമയും മാഞ്ഞു പോയിരിക്കുന്നു. നമ്മുടെയൊക്കെ ജിവിതത്തില്‍ നിന്നും സൗമ്യദീപ്തമായ ഒരു വെളിച്ചം കെട്ടു പോയിരിക്കുന്നു. പ്രിയ വിജയന്‍ മാഷിന് വിട. നന്ദി സര്‍. വാക്കു കൊണ്ടും ജീവിതം കൊണ്ടും വരച്ചിട്ട ചിത്രങ്ങള്‍ക്ക് നന്ദി.


Share/Save/Bookmark

6 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

മൂര്‍ത്തി 2007, ഒക്ടോബർ 3 9:21 PM  

ഞാന്‍ ഏഷ്യാനെറ്റിലെ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. ആ ഭാഗം പിന്നീടവര്‍കാണിച്ചില്ല എന്നാണ് പറഞ്ഞത്..ടി.വി നോക്കിയില്ല.

അനില്‍_ANIL 2007, ഒക്ടോബർ 3 10:17 PM  

ശരിയാണ്‌, ചാനലുകള്‍ ആ രംഗം കാണിക്കാന്‍ പാടില്ലായിരുന്നു. ക്രൂരമായിപ്പോയി.

ആദരാഞ്ജലികള്‍.

SV Ramanunni 2007, ഒക്ടോബർ 5 8:03 PM  

മാധ്യമങ്ങളെ കുറിച്ചു എന്തു പറയാന്‍....മരണം ഷൂട് ചെയ്യാന്‍ പറ്റാത്തതില്‍ മറ്റു ചാനലുകാര്‍ ദുഖിക്കുന്നുണ്ടാകും..താങ്കള്‍ ചൂണ്ടിക്കാണിച്ചതു പോലെ ഗുരുനിന്ദ...ഗുരുനിന്ദ ബ്രഹ്മഹത്യാ പാപത്തിനു തുല്ല്യമെന്നു പുരാണങ്ങള്‍....

ചിത്രകാരന്‍chithrakaran 2007, ഒക്ടോബർ 5 9:14 PM  

ആദരാഞ്ജലികള്‍.
മരണത്തിന്റെ ആ ദൃശ്യം മനോരോഗത്തിലേക്ക് വഴുതി നില്‍ക്കുന്നവരില്‍ ദോഷ ഫലങ്ങള്‍ സൃഷ്ടിക്കുമെങ്കിലും, മരണം അത്ര ഭയപ്പെടുത്തുന്ന പീഢ്നമല്ല എന്ന ഒരു അറിവു നല്‍കുന്നതായി തോന്നി. ഓരോ മനസ്സും ഓരോ വിധമായിരിക്കുമല്ലോ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.

Raji Chandrasekhar 2007, ഒക്ടോബർ 6 11:17 PM  

മരണം ഇങ്ങനെയായിരിക്കണം എന്ന പോസ്റ്റിലേയ്ക്ക് ലിങ്ക് ചെയ്യുകയാണ്.
സദയം അനുവദിക്കുക.
സ്നേഹത്തോടെ
രജി മാഷ്

നമതു വാഴ്വും കാലം 2007, ഒക്ടോബർ 7 12:35 AM  

Please Raji. Feel Free

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP